കവിതകൾ

കവിതകൾ
March 29 04:45 2017

ചിലന്തി
തുപ്പലുകൊണ്ട്‌ നീ
നൂലിഴ തീർക്കുന്നു
നൂലിഴ കൊണ്ടൊരു
വീട്‌ പണിയുന്നു
വീടിനു നടുവിൽ
നീ കാവലിരിക്കുന്നു
മൂളിപ്പറക്കുന്ന വണ്ട്‌
കുരുങ്ങുന്നു
എട്ടുകാലും കൊണ്ട്‌
നീ പാഞ്ഞ്‌ ചെല്ലുന്നു

ആയിഷ ഫാത്തിമ
ഹോളി ഫാമിലി പബ്ലിക്‌ സ്കൂൾ, ചിറ്റാർ

 


ഒരു കുട്ടിക്കാഴ്ച
മഞ്ഞുവീണു മരിക്കാതെ
മാവിൻകൊമ്പ്‌
മാങ്കൊമ്പ്‌ പൂക്കുന്നു
കൊച്ചുമനസിൽ
കൊതിയും പൂക്കുന്നു.
മാമ്പൂവ്‌ വിരിഞ്ഞു കാറ്റും വെയിലും തലോടി
ഉണ്ണിമാങ്ങ കൊതിമൂത്തവൻ തള്ളിയിട്ടു.
കണ്ണിമാങ്ങ കണ്ണ്‌ തുറന്ന്‌ ഉപ്പും മുളകും വച്ച്‌
രുചി നുകരുന്ന കാലം അവധിക്കാലം.
ചുന പറ്റിച്ച്‌ പൊളിച്ച മോന്തായവും
കറ പറ്റിച്ച്‌ അടി വാങ്ങിയ കുപ്പായവും
മാവിൻ ചുവട്ടിൽ വട്ടമിട്ടിരുന്ന്‌
കഥ കേൾക്കും കാലം
കുരുന്നുകാലം


അമ്മുവിന്റെ മാവ്‌

അമ്മുവിനുണ്ടൊരു മാവ്‌
നട്ടുനനച്ചൊരു മാവ്‌
നട്ടുവളർത്തിയ മാവ്‌
മാമ്പഴമുള്ളൊരു മാവ്‌
ആടിയുലഞ്ഞുരസിക്കുമ്പോൾ
മാമ്പഴമെല്ലാം താഴത്ത്‌
മാവിലിരിക്കും വിരുതനണ്ണാൻ
മാമ്പഴം തിന്നും വിരുതനണ്ണാൻ

അപർണ ബിജു
ഗവ. എൽപി സ്കൂൾ
ക്ലാസ്‌: 3 എ, പെരുവ


മരിക്കുന്ന ഭൂമി

വൃക്ഷ ലതാതികളാൽ തീർത്ത
മായാ ലോകത്തിൻ സുന്ദര-
ശോഭ മരവിച്ചുപോയ്‌, അവ
മരണത്തിലാഴ്‌ന്നിറങ്ങി
ഭൂമിതൻ ഹൃദന്ദത്തിൽ
ചുറ്റിപ്പടർന്ന വേരുകൾ പൊട്ടി
വരണ്ടുണങ്ങി കിടക്കയാ-
ണിന്നെന്റെ ഭൂമിതൻ മാറിൽ
ഓളപ്പരപ്പിൽ നിറഞ്ഞൊഴുകും
എൻ പുഴകൾ അനാഥമായി
ഭൂമിതൻ നാഡിഞ്ഞരമ്പുകൾ
വറ്റി മരണതുല്യമായി
ഇവിടിനിയെത്ര കാലം നമുക്കീ
ഭൂമിയെ കാണാൻ കഴിയും
ഇനിയെത്രകാലമീ ഭൂമിതൻ
മടിത്തട്ടിൽ തല ചായ്ച്ചുറങ്ങും.
അണയാതെ കാക്കേണം നാം ഈ
ഭൂമിയാം മെഴുകുതിരിയെ
മാനുഷതിന്മകൾ നിറഞ്ഞ
കാറ്റിൻ വികൃതികളിൽ നിന്നും
കാക്കേണം നാം ഈ ഭൂമീ
മാതാവിനെ നമ്മുടെ ജീവൻ
നിലയ്ക്കും വരെ. അറിയണം നാം
ഈ ഭൂമിതൻ മായാ മഹത്വം.
അഥീന സജീവ്‌
സ്റ്റാൻഡേർഡ്‌ -9
വിമല ഹൃദയ
എച്ച്‌ എസ്‌ എസ്‌
പട്ടത്താനം, കൊല്ലം

  Categories:
view more articles

About Article Author