കവി മനസിൽ കളങ്കമില്ല, ഭാവനനിറയെ പൂക്കാലവും

കവി മനസിൽ കളങ്കമില്ല, ഭാവനനിറയെ പൂക്കാലവും
May 11 04:45 2017

സഭാവലോകനം
ജി ബാബുരാജ്‌

മൊബെയിൽ ആപ്പിന്റെയും ഇ-ഗവേണൻസിന്റെയും കാലത്ത്‌ ചിരപുരാതനകാലത്തെ സന്മാർഗസന്ദേശങ്ങൾക്ക്‌ എന്തുപ്രസക്തിയെന്ന്‌ ചിലർക്കെങ്കിലും സന്ദേഹം തോന്നിയേക്കാം. എന്തായാലും പൊതുമരാമത്ത്‌ വകുപ്പുമന്ത്രി ജി സുധാകരന്‌ അത്തരം സംശയങ്ങളൊന്നുമില്ല. ഇനി അഥവാ പ്രതിപക്ഷത്തെ ആർക്കെങ്കിലും സംശയം തോന്നുന്നുവെങ്കിൽ അത്‌ താർക്കാൻ കൗടില്യന്റെ ‘അർത്ഥശാസ്ത്ര’വുമായാണ്‌ മന്ത്രി ഇന്നലെ സഭയിലെത്തിയത്‌. “ധനാപഹരണം നടത്തുന്ന അപഹർത്താവിൽ നിന്ന്‌ മുഴവൻ പണവും ഈടാക്കണം,” “തമ്മിൽ ഒത്തുകൂടി സംസാരിച്ച്‌ രാജാവിന്റെ ധനം അപഹരിക്കരുത്‌” എന്നിങ്ങനെയുള്ള അർത്ഥശാസ്ത്രത്തിലെ വാക്യങ്ങൾ ഉദ്ധരിക്കുകകൂടി ചെയ്തപ്പോൾ അതാരെ ഉദ്ദേശിച്ചാണെന്ന്‌ സഭയ്ക്കാകെ ബോധ്യമായി. ടി ഒ സൂരജിനെപ്പോലെയുള്ള ഉദ്യോഗസ്ഥർക്ക്‌ യഥേഷ്ടം മേയാൻ അവസരം നൽകി കഴിഞ്ഞ സർക്കാരിൽ ആ വകുപ്പിനെ ‘ഭംഗി’യായി നയിച്ച വി കെ ഇബ്രാഹിംകുഞ്ഞ്‌ അടക്കമുള്ളവരെ സാക്ഷിയാക്കിയായിരുന്നു സുധാകരന്റെ അർഥശാസ്ത്ര നിരീക്ഷണം.
എവിടെ തിരിഞ്ഞൊന്നുനോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങൾ മാത്രമെന്ന്‌ ചങ്ങമ്പുഴ പാടിയതുപോലെ നാട്ടിലാകെ നിർമ്മാണപ്രവർത്തനങ്ങളുടെ പൂക്കാലമാണ്‌ വരാൻ പോകുന്നതെന്നാണ്‌ മന്ത്രി സുധാകരൻ പറയുന്നത്‌. അതുകാണാൻ ഈ വർഷം ഡിസംബർ വരെ കാത്തിരുന്നാൽ മതി. ലീഗിലെ എൻ ഷംസുദ്ദീൻ തന്റെ പ്രസംഗത്തിനിടെ കമ്മ്യൂണിസത്തിനെതിരെ ചില പരാമർശങ്ങൾ നടത്തിയത്‌ സുധാകരനെ ചൊടിപ്പിച്ചു. “ആ നവംബർ ഏഴ്‌ ഇല്ലായിരുന്നെങ്കിൽ ലോകമിന്നും ഇരുട്ടിൽ കഴിഞ്ഞേനെ” എന്ന കവിവാക്യമുദ്ധരിച്ചാണ്‌ മന്ത്രി ഷംസുദ്ദീന്‌ മറുപടി നൽകിയത്‌.
കവികൂടിയായ മന്ത്രി ജി സുധാകരന്‌ നല്ല ഭാവനയുണ്ടെന്നും ആ ഭാവനയ്ക്കനുസരിച്ചാണ്‌ മന്ത്രി വകുപ്പിനെ നയിക്കുന്നതെന്നുമാണ്‌ പൊതുമരാമത്ത്‌ വകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്ത്‌ സിപിഐ അംഗം ചിറ്റയം ഗോപകുമാർ പറഞ്ഞത്‌. എവിടെയൊരു പ്രശ്നമുണ്ടായാലും മന്ത്രി ഓടിയെത്തും. പന്തളത്തെ ഒരു പാലത്തിന്റെ നിർമ്മാണം റെക്കാഡ്‌ വേഗതയിൽ പൂർത്തിയാക്കി 70 ലക്ഷം രൂപ മിച്ചംപിടിക്കാനായത്‌ ഈ മന്ത്രി പൊതുമരാമത്തു വകുപ്പിനെ നയിക്കുന്നതുകൊണ്ടാണെന്നും ചിറ്റയം പറഞ്ഞു. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ മുകളിൽ യുഡിഎഫുകാർ അടയിരിക്കുകയാണ്‌ ചെയ്തതെങ്കിൽ മന്ത്രി പി തിലോത്തമൻ ആ നിയമം നടപ്പാക്കാൻ ധീരത കാട്ടുകയാണ്‌ ചെയ്തതെന്നും ചിറ്റയം തുടർന്നു.
രാജ്യത്തെ രക്ഷിക്കാനുള്ള ഇടതുപക്ഷ ബദലിന്റെ പാതയിലാണ്‌ ഈ സർക്കാരെന്നും വൻകിട കരിഞ്ചന്തക്കാരെ സംരക്ഷിക്കാൻ വേണ്ടിയാണ്‌ ഭക്ഷ്യഭദ്രതാ നിയമം യുഡിഎഫുകാർ നടപ്പാക്കാതിരുന്നതെന്നും ജി എസ്‌ ജയലാൽ പറഞ്ഞു. നല്ലൊരു പ്രതിപക്ഷത്തെ കിട്ടാൻ സ്പീക്കർ മുൻകൈയെടുത്ത്‌ ആഗോള ടെൻഡർ വിളിക്കണമെന്ന അഭിപ്രായക്കാരനാണ്‌ സിപിഎമ്മിലെ എ പ്രദീപ്കുമാർ. പ്രതിപക്ഷ നേതാവിന്റെ പദവിപോലും ‘നേമം’ വഴി ഊട്ടിയുറപ്പിച്ചതാണെന്നാണ്‌ പ്രദീപ്കുമാർ പറയുന്നത്‌. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ കൗണ്ടർ സ്ഥാപിച്ചായിരുന്നു ഭക്ഷ്യവകുപ്പ്‌ മന്ത്രിയും കൂട്ടരും പിരിവുനടത്തിയത്‌. അന്ന്‌ അവർ ചെയ്യാൻ മറന്നതൊക്കെയാണ്‌ ഈ സർക്കാരിൽ മന്ത്രി പി തിലോത്തമന്റെ നേതൃത്വത്തിൽ ചെയ്യുന്നതെന്നും പ്രദീപ്‌ പറഞ്ഞു.
സർക്കാരിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന്‌ സംസ്ഥാനത്ത്‌ അരിയുടെ വില ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നു പറഞ്ഞ മന്ത്രി പി തിലോത്തമൻ റേഷൻ കാർഡുകളുടെ വിതരണം മൂന്നാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്നും അറിയിച്ചു. സാധാരണക്കാർ ഏറെ ആവശ്യപ്പെടുന്ന പലവ്യഞ്ജന സാധനങ്ങൾ ഉൾപ്പെടെയുള്ളവ റേഷൻ കടകളിലൂടെ വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ്‌ സർക്കാരെന്നും മന്ത്രി പറഞ്ഞു.
രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം മലയാള ഭാഷയ്ക്കുവേണ്ടിയുള്ള മുറവിളി സഭയിൽ ഇന്നലെ വീണ്ടുമുയർന്നു. കോടതികളിലെ വ്യവഹാരഭാഷ മലയാളമാക്കാൻ നടപടിയെടുക്കുമോ എന്നായിരുന്നു അംഗങ്ങൾക്കറിയേണ്ടിയിരുന്നത്‌. കീഴ്കോടതികളിലെ ഭാഷ മലയാളത്തിലാക്കാൻ പ്രയാസമില്ലെങ്കിലും ഹൈക്കോടതിയുടെ കാര്യത്തിൽ ഏകപക്ഷീയ നടപടി പ്രായോഗികമല്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയും നൽകി. ഇതിനിടെ മലയാളം അധ്യാപകൻ കൂടിയായ പ്രൊഫ. കെ യു അരുണൽ മാസ്റ്ററെ ഇതേവിഷയത്തിൽ ചോദ്യമുന്നയിക്കാൻ സ്പീക്കർ വിളിച്ചു. അഫ്സൽഗുരുവിനെയും അജ്മൽ കസബിനെയും തൂക്കിലേറ്റിയതിന്റെ പിറ്റേന്ന്‌ ഇറങ്ങിയ ഇംഗ്ലീഷ്‌ പത്രങ്ങളുടെ തലവാചകങ്ങൾ ഉദ്ധരിച്ച്‌ തത്തുല്യ മലയാളപദങ്ങളില്ലാത്തതിന്റെ പ്രയാസം വിവരിച്ചുനീങ്ങിയപ്പോൾ മാസ്റ്റർ ചോദ്യംതന്നെ മറന്ന നിലയിലായി. സ്പീക്കർ പലവട്ടം ഓർമ്മപ്പെടുത്തിയപ്പോഴാണ്‌ അരുണൻ മാസ്റ്റർ ചോദ്യത്തിലേയ്ക്ക്‌ മടങ്ങിയെത്തിയത്‌.
ആശുപത്രികളിലെയും സൂപ്പർ മാർക്കറ്റുകളിലെയും ബില്ലുകൾ മലയാളത്തിലാക്കാൻ നിർദ്ദേശം നൽകണമെന്നാണ്‌ വീണ ജോർജ്ജ്‌ അഭിപ്രായപ്പെട്ടത്‌. കോളജ്‌ അധ്യാപകൻ കൂടിയായ പ്രൊഫ. എൻ ജയരാജ്‌ കൂടി ചോദ്യവുമായി എഴുന്നേറ്റതോടെ ഭാഷാ ചർച്ച ഉഷാറായി. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ ഇംഗ്ലീഷ്‌ പദങ്ങൾക്ക്‌ തത്തുല്യമായ മലയാള പദങ്ങൾ കണ്ടെത്താൻ ആ രംഗത്ത്‌ ഗവേഷണം പ്രോത്സാഹിപ്പിക്കണമെന്ന പക്ഷക്കാരനായിരുന്നു മുല്ലക്കര രത്നാകരൻ. ഭാഷാ ചർച്ചയിൽ തന്റെ ചില നിർദേശങ്ങളുമായി ലീഗിലെ പി കെ ബഷീർ എഴുന്നേറ്റപ്പോൾ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നടത്തിയ കമന്റ്‌ സഭയിൽ ചിരി പരത്തി. “ആധുനിക മലയാളഭാഷയ്ക്ക്‌ ഒട്ടേറെ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന ആളാണല്ലോ അങ്ങ്‌” എന്നായിരുന്നു സ്പീക്കറുടെ കമന്റ്‌.
റബറിന്റെയും ഇതര നാണ്യവിളകളുടെയും വിലയിടിവ്‌ പ്രശ്നമുയർത്തി പ്രതിപക്ഷത്തെ സണ്ണി ജോസഫ്‌ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്‌ മന്ത്രി വി എസ്‌ സുനിൽകുമാറിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. ഇതേ തുടർന്ന്‌ പ്രതിപക്ഷം സഭയിൽ നിന്ന്‌ വോക്കൗട്ട്‌ നടത്തി.
കുത്തഴിഞ്ഞുകിടന്ന പുസ്തകം കുത്തിക്കെട്ടുമ്പോളെടുക്കുന്ന കാലതാമസം മാത്രമാണ്‌ ഭക്ഷ്യവകുപ്പിൽ ഇപ്പോഴുള്ളതെന്നും മന്ത്രി പി തിലോത്തമന്റെ നേതൃത്വത്തിൽ ഏറ്റവും ഭംഗിയായാണ്‌ വകുപ്പിന്റെ പ്രവർത്തനം നടക്കുന്നതെന്നുമാണ്‌ കെ ബി ഗണേഷ്‌ കുമാർ പറഞ്ഞത്‌. ബംഗാളിൽ നിന്നുകൊണ്ടുവന്ന അരി മലയാളികൾ രുചിയോടെയാണ്‌ കഴിച്ചതെന്നും അതിന്റെ മണം ഇഷ്ടപ്പെട്ടില്ലെന്നു പറയുന്ന ശബരീനാഥന്റെ വാക്കുകളിൽ വരേണ്യസംസ്കാരമാണ്‌ പ്രതിഫലിക്കുന്നതെന്നുമാണ്‌ ജോർജ്ജ്‌ എം തോമസ്‌ പറഞ്ഞത്‌.

  Categories:
view more articles

About Article Author