കശാപ്പ്‌ നിയന്ത്രണത്തിനെതിരെ ഗോവ സർക്കാർ

കശാപ്പ്‌ നിയന്ത്രണത്തിനെതിരെ ഗോവ സർക്കാർ
June 19 04:45 2017

പനജി : കശാപ്പിനു കന്നുകാലികളെ വാങ്ങുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ വിജ്ഞാപനത്തിനെതിരെ ഗോവയിലെ ബിജെപി സർക്കാർ. ജനങ്ങളുടെ മനസ്സിൽ ഇത്‌ ഒട്ടേറെ സംശയങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും പ്രശ്നം പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടു കേന്ദ്രത്തിനു കത്തെഴുതാനും സംസ്ഥാന സർക്കാർ തീരുമാനിച്ചതായി കൃഷിമന്ത്രി വിജയ്‌ സർദേശായി പറഞ്ഞു.
കശാപ്പിനായുള്ള കന്നുകാലി വിൽപനയ്ക്കു നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ വിജ്ഞാപനത്തിന്മേൽ സുപ്രീം കോടതി കേന്ദ്രസർക്കാരിനു നോട്ടിസ്‌ അയച്ചതിന്‌ പിന്നാലെയാണ്‌ ഗോവൻ സർക്കാരിന്റെ നീക്കം. ഗോവക്കാരിൽ നല്ല പങ്കും ബീഫ്‌ കഴിക്കുന്നവരാണ്‌. എല്ലാവരെയും സസ്യഭുക്കുകളാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ഇപ്പോൾ കന്നുകാലി കശാപ്പിനു നിയന്ത്രണം വരുത്തിക്കൊണ്ടുള്ള സർക്കാർ വിജ്ഞാപനമെന്നു സംശയിക്കുന്നവരുണ്ട്‌. ഇവരുടെ സംശയം പരിഹരിക്കപ്പെടണമെന്നും സർദേശായി പറഞ്ഞു. ജാതി പറഞ്ഞു കലാപത്തിനു ശ്രമിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രശസ്തിക്കുവേണ്ടിയുള്ള ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കശാപ്പ്‌ നിയന്ത്രണ വിഷയത്തിൽ സുപ്രിം കോടതിക്കു കേന്ദ്രം രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം. കേസ്‌ ജൂലൈ 11നു വീണ്ടും പരിഗണിക്കും. കേരള ഹൈക്കോടതിയിലും മദ്രാസ്‌ ഹൈക്കോടതിയിലും കേന്ദ്രവിജ്ഞാപനത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ നിലനിൽക്കുന്നുണ്ട്‌. കേരള, മേഘാലയ നിയമസഭകൾ കേന്ദ്ര വിജ്ഞാപനത്തിനെതിരെ പ്രമേയവും പാസാക്കിയിട്ടുണ്ട്‌.

  Categories:
view more articles

About Article Author