കശ്യപമഹർഷി പൊറുക്കണം, തിരുവഞ്ചൂരിന്‌ എന്തോ കുഴപ്പമുണ്ട്‌

കശ്യപമഹർഷി പൊറുക്കണം, തിരുവഞ്ചൂരിന്‌ എന്തോ കുഴപ്പമുണ്ട്‌
May 13 04:45 2017

സഭാവലോകനം
ജി ബാബുരാജ്‌
വിനോദസഞ്ചാരികൾക്ക്‌ മാത്രമല്ല, പ്രതിപക്ഷത്തിനും മൂന്നാർ പ്രിയപ്പെട്ട ഒരിടമായി മാറിക്കഴിഞ്ഞു. സഭയിൽ മൂന്നാറെന്നു കേൾക്കുമ്പോഴേ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും പി ടി തോമസിന്റെയുമൊക്കെ ചോര തിളയ്ക്കും. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്ക്ക്‌ അത്ര വലിയ പ്രശ്നം കാണുന്നില്ല. കാരണം ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഏതോ ചാനലിൽ മൂന്നാർ കയ്യേറ്റമെന്ന്‌ കേട്ട ശേഷമാണ്‌ മൂന്നാർ എന്നൊരു ദേശമുണ്ടെന്നു തന്നെ ചെന്നിത്തല അറിയുന്നത്‌. പണ്ട്‌ പ്രായപൂർത്തിയാവും മുമ്പ്‌ മന്ത്രിയും പിന്നീട്‌ ദീർഘകാലം എം പിയും ഏറ്റവുമൊടുവിൽ കഴിഞ്ഞ യുഡിഎഫ്‌ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ്‌ മന്ത്രിയുമൊക്കെ ആവാൻ ഭാഗ്യം സിദ്ധിച്ച മഹാനാണെങ്കിലും മൂന്നാറെന്നു കേൾക്കുന്നത്‌ നാലഞ്ച്‌ മാസം മുമ്പാണ്‌. കേട്ടപാടേ അദ്ദേഹം പരിവാരങ്ങളെയും കൂട്ടി മൂന്നാറിലേക്ക്‌ പുറപ്പെട്ടു. ഇ വിയുടെ പഴയ കഥാപാത്രമായ കാച്ചിൽ കൃഷ്ണപിള്ളയെപ്പോലെ ചെന്നിത്തല മൂന്നാറിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ ചോദിച്ചു മനസിലാക്കി മടങ്ങിയെന്നാണ്‌ കഥ. പാവം ചെന്നിത്തല. കയ്യേറ്റക്കാരെ തുരത്താൻ പടയും പടക്കോപ്പുമൊക്കെ കയ്യിലുണ്ടായിരുന്ന കാലത്ത്‌ ഒരുത്തൻ പോലും മൂന്നാറിനെക്കുറിച്ച്‌ അദ്ദേഹത്തോട്‌ ഒരക്ഷരം പോലും പറഞ്ഞില്ലല്ലോ.
മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കുന്നതു സംബന്ധിച്ച്‌ മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചതു ശരിയോ എന്നതായിരുന്നു പി ടി തോമസ്‌ കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന്റെ പൊരുൾ. മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും മറുപടി പറയാവുന്ന വിഷയം. എന്തായാലും അക്കാര്യത്തിൽ സർക്കാരിന്റെ നിലപാട്‌ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ വിശദീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞപ്പോൾ തന്നെ പ്രതിപക്ഷം കാറ്റുപോയ ബലൂൺ പോലെയായി. മുഖ്യമന്ത്രിയും റവന്യു മന്ത്രിയും കൂടിയാലോചിച്ചു തന്നെയാണ്‌ പ്രത്യാക്രമണമെന്ന്‌ ബോധ്യമായതോടെ പി ടി തോമസിന്റെ രക്ഷയ്ക്ക്‌ തിരുവഞ്ചൂരുമെത്തി. എന്നാൽ റവന്യു മന്ത്രി വിട്ടുകൊടുത്തില്ല. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തെക്കുറിച്ചും മൂന്നാർ വിഷയത്തിലെടുത്ത തീരുമാനങ്ങളെക്കുറിച്ചും മന്ത്രി അക്കമിട്ടു വിവരിച്ചതോടെ എന്തു പറഞ്ഞു പിടിച്ചു നിൽക്കുമെന്ന അങ്കലാപ്പിലായി പ്രതിപക്ഷം.
മൂന്നാറിൽ ഇനി കയ്യേറ്റം അനുവദിക്കുന്ന പ്രശ്നമേയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും തിരുവഞ്ചൂരിന്‌ വിശ്വസിക്കാൻ വലിയ പ്രയാസമായിരുന്നു. യുഡിഎഫ്‌ ഭരണകാലത്തെ ഓർമകളായിരിക്കാം അദ്ദേഹത്തിന്റെ മനസിൽ തികട്ടിവന്നത്‌. “സർ, ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടർ വിചാരിച്ചാൽ പോലും മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കാൻ കഴിയില്ല. പിന്നല്ലേ ഈ സർക്കാർ” എന്ന തിരുവഞ്ചൂരിന്റെ വാചകക്കസർത്തിന്‌ പ്രതിപക്ഷത്തിന്റെ കയ്യടി കിട്ടിയെങ്കിലും മുഖ്യമന്ത്രി വിടാൻ ഭാവമില്ലായിരുന്നു. ഇനി ഒരാൾക്കും കയ്യേറ്റം നടത്താൻ തോന്നാത്തവിധം മൂന്നാറിൽ ശക്തമായ നടപടി കൈക്കൊള്ളുമെന്നു പറഞ്ഞ പിണറായി കശ്യപമഹർഷിയുടെ പേര്‌ എടുത്തു പറഞ്ഞില്ലെങ്കിലും സ്പീക്കറോട്‌ ചെറിയൊരു അഭ്യർഥന നടത്തി. “ദേവേന്ദ്രന്റെ അച്ഛനെക്കുറിച്ച്‌ തിരുവഞ്ചൂരിന്‌ എന്തോ ഒരു തെറ്റിദ്ധാരണയുണ്ട്‌. ദയവായി സ്പീക്കറത്‌ തിരുത്തണം”.
മൂന്നാർ കയ്യേറ്റത്തിനൊപ്പം നീലക്കുറിഞ്ഞിപൂക്കുന്ന മലനിരകളും സഭയിൽ ചർച്ചയായി. നീലക്കുറിഞ്ഞി മലനിരകളെ സംരക്ഷിച്ചു നിലനിർത്തുന്നതു സംബന്ധിച്ച്‌ അന്തിമ വിജ്ഞാപനമിറക്കാൻ സർക്കാർ നടപടി സ്വീകരിച്ചതാണ്‌ പ്രതിപക്ഷം പുതിയൊരു ആയുധമാക്കിയത്‌. റവന്യു മന്ത്രിയെ ചൊടിപ്പിക്കാനെന്നോണം പി ടി തോമസും രമേശ്‌ ചെന്നിത്തലയും നടത്തിയ ചില പരാമർശങ്ങൾ തന്നെയാണ്‌ തിരിച്ചടിക്കാൻ മുഖ്യമന്ത്രിയും റവന്യു മന്ത്രിയും കരുവാക്കിയത്‌. വി എസ്‌ മന്ത്രിസഭയിൽ വനം മന്ത്രിയായിരുന്ന ബിനോയ്‌ വിശ്വമാണ്‌ നീലക്കറുഞ്ഞി സംരക്ഷണത്തിന്‌ ആദ്യവിജ്ഞാപനമിറക്കിയതെന്നും പിണറായി സർക്കാർ അത്‌ അട്ടിമറിക്കരുതെന്നുമായിരുന്നു ചെന്നിത്തലയുടെ പരിദേവനം. ഉടൻ മുഖ്യമന്ത്രി എഴുന്നേറ്റു. “ആ സർക്കാർ പോയശേഷം അഞ്ചുവർഷം യുഡിഎഫ്‌ സർക്കാരല്ലേ ഇവിടെയുണ്ടായിരുന്നത്‌. നീലക്കുറിഞ്ഞി മലനിരകളുടെ സംരക്ഷണത്തിന്‌ അന്തിമ വിജ്ഞാപനം എന്തുകൊണ്ട്‌ നിങ്ങൾ ഇറക്കിയില്ല.” പിണറായിയുടെ അപ്രതീക്ഷിത ചോദ്യത്തിന്റെ ഞെട്ടലിൽ പ്രതിപക്ഷ നിര തളർന്നുവീണു. മൂന്നാറിൽ പ്രത്യേക നിയമനിർമാണം വേണമെന്നും ഇടുക്കിയിലെ ഭൂമി പ്രശ്നത്തിന്‌ ശാശ്വത പരിഹാരം കാണാൻ നിയമങ്ങളിൽ ഭേദഗതി വേണമെന്നും റോഷി അഗസ്റ്റിൻ ശ്രദ്ധക്ഷണിക്കലിലൂടെ ആവശ്യമുന്നയിച്ചെങ്കിലും ‘ശ്രദ്ധാപൂർവം നടപടി സ്വീകരിക്കാം’ എന്ന മറുപടി മാത്രമാണ്‌ റവന്യു മന്ത്രി നൽകിയത്‌.
സംസ്ഥാനത്തെ അൺഎയ്ഡഡ്‌, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും വേതനവും തൊഴിൽ സുരക്ഷയും എം രാജഗോപാലൻ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. നിലവിൽ ജസ്റ്റിസ്‌ കെ കെ ദിനേശൻ അധ്യക്ഷനായി ഒരു കമ്മിഷൻ പ്രശ്നങ്ങൾ പഠിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ നിയമനിർമാണം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌ സഭയെ അറിയിച്ചു. പിഎസ്സി റാങ്ക്‌ ലിസ്റ്റിലുണ്ടായിട്ടും ജോലി ലഭിക്കാതെ വലയുന്ന അധ്യാപകരുടെ സ്ഥിതി തൊഴിലുറപ്പ്‌ തൊഴിലാളികളുടേതിനെക്കാൾ കഷ്ടത്തിലാണെന്ന്‌ സബ്മിഷനിലൂടെ സി ദിവാകരൻ പറഞ്ഞു.
ജൂലായ്‌ ഒന്ന്‌ മുതൽ ജിഎസ്ടി രാജ്യവ്യാപകമായി നടപ്പാക്കാനിരിക്കെ കേരളം നിയമനിർമാണം നടത്താൻ വൈകുന്നത്‌ ക്രമപ്രശ്നത്തിലൂടെ പ്രതിപക്ഷ നേതാവ്‌ ഉന്നയിച്ചു. എന്നാൽ ഭരണഘടനാ വ്യവസ്ഥകളും ചട്ടങ്ങളും പാലിക്കാൻ സർക്കാർ ശ്രദ്ധിക്കുമെന്ന്‌ ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌ വ്യക്തമാക്കി.
എടിഎമ്മിലെ ഇടപാടുകൾക്ക്‌ ഓരോന്നിനും ചാർജ്ജ്‌ ഈടാക്കാനുള്ള എസ്ബിഐയുടെ നീക്കത്തിനെതിരെ ഇന്നലെ സഭയിൽ വൻ പ്രതിഷേധമുയർന്നു. എ എൻ ഷംസീറാണ്‌ വിഷയം സബ്മിഷനിലൂടെ ഉന്നയിച്ചത്‌. പി ടി തോമസ്‌, എം സ്വരാജ്‌ എന്നിവർ ഇടപെട്ട്‌ പരാമർശങ്ങളും നടത്തി. കിട്ടാക്കടങ്ങൾ കുത്തനെ ഉയർന്നപ്പോൾ പിടിച്ചുനിൽക്കാനുള്ള തത്രപ്പാടിലാണ്‌ ബാങ്കുകൾ ജനത്തെ ഞെക്കിപ്പിഴിയുന്നതെന്ന്‌ ധനമന്ത്രി പറഞ്ഞു. ബാങ്കുകളിലുള്ള വിശ്വാസം നഷ്ടമായപ്പോൾ ആളുകൾ നോട്ടുകൾ കയ്യിൽ സൂക്ഷിക്കാൻ നിർബന്ധിതരായിരിക്കുകയാണ്‌. ഇത്‌ കറൻസി ക്ഷാമം രൂക്ഷമാകാൻ വഴിയൊരുക്കുമെന്നും ഡോ. ഐസക്‌ പറഞ്ഞു. കേരള സംസ്ഥാന കർഷക ക്ഷേമ ബോർഡ്‌ രൂപീകരിക്കാൻ അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമനിർമാണം നടത്തുമെന്ന്‌ കൃഷിമന്ത്രി വി എസ്‌ സുനിൽ കുമാർ അറിയിച്ചു.
പ്രാദേശിക തലത്തിൽ പത്ര, ദൃശ്യമാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർക്കായി ക്ഷേമനിധി രൂപീകരിക്കണമെന്നാവശ്യപ്പെടുന്ന അനൗദ്യോഗിക ബിൽ കെ രാജൻ സഭയിൽ അവതരിപ്പിച്ചു. 2012-2013 ലെ ബഡ്ജറ്റിൽ അന്നത്തെ ധനകാര്യ മന്ത്രി കെ എം മാണി പ്രാദേശിക പത്ര പ്രവർത്തക ക്ഷേമനിധി പ്രഖ്യാപിച്ച്‌ ഒരു കോടി രൂപ മാറ്റി വച്ചുവെങ്കിലും ക്ഷേമനിധി ഉണ്ടായില്ല. പിന്നീട്‌ കെ വി അബ്ദുൽഖാദർ, വിഷയം സബ്ബ്മിഷനിലൂടെ അവതരിപ്പിക്കുകയും സർക്കാർ ഉറപ്പു നൽകുകയും ചെയ്തു. 2016-2017 ലെ ബഡ്ജറ്റിന്റെ വോട്ട്‌ ഓൺ അക്കൗണ്ടിന്റെ ചർച്ചയിൽ സി കെ ആശയുടെ ചർച്ചക്കു മറുപടിയായി രണ്ടു കോടി രൂപ അനുവദിക്കാമെന്നു ധനമന്ത്രി പ്രഖ്യാപിച്ചു. പിന്നീട്‌ കേരള ജേർണലിസ്റ്റ്‌ യൂണിയന്റെ ജനറൽ സെക്രട്ടറിയായിരുന്ന യു വിക്രമൻ നൽകിയ പരാതിയിൽ പ്രാദേശിക പത്രപ്രവർക്കർക്കായി ക്ഷേമനിധി നടപ്പിലാക്കണമെന്ന്‌ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. ഇത്രയുമായിട്ടും ക്ഷേമനിധി രൂപീകരിക്കപ്പെടാത്ത സാഹചര്യത്തിലാണ്‌ ബിൽ അവതരിപ്പിച്ചത്‌.
അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവർക്കുവേണ്ടി നിലവിലുള്ള ക്ഷേമനിധിയിൽ പ്രാദേശിക പത്ര പ്രവർത്തകർക്കും അംഗമാകാവുന്നതാണെന്ന്‌ വ്യവസായ മന്ത്രി മറുപടി നൽകി. ഈ അനൗദ്യോഗിക പ്രമേയം വേണ്ടത്ര സമയമില്ലാത്തതിനാൽ ഗൗരവമാണെങ്കിലും തുടർന്ന്‌ ചർച്ച ചെയ്യാമെന്ന ചെയറിന്റെ നിർദ്ദേശത്തെ തുടർന്ന്‌ തുടർ ചർച്ചക്ക്‌ വേണ്ടി മാറ്റി വെച്ചു. പി ടി തോമസ്‌, എൻ ഷംസുദ്ദീൻ, ബി സത്യൻ എന്നിവരുടെ സ്വകാര്യ ബില്ലുകളും സഭ ചർച്ചയ്ക്കെടുത്തു.

  Categories:
view more articles

About Article Author