Saturday
26 May 2018

കാടിന്റെ ഹൃദയം തൊട്ടറിഞ്ഞ നസീറിന്റെ സഞ്ചാരപഥങ്ങൾ

By: Web Desk | Tuesday 20 June 2017 4:50 AM IST

കാനനഭംഗിയും വന്യജീവികളുടെ വിഭിന്നഭാവങ്ങളും പകർത്തിയ ആയിരക്കണക്കിന്‌ ചിത്രങ്ങൾ നസീർ നമുക്ക്‌ സമ്മാനിച്ചിട്ടുണ്ട്‌. ഓരോ ചിത്രവും ഓരോ കഥയാണ്‌. അനവധി ദിവസങ്ങൾ നീണ്ട ധ്യാനത്തിന്റെയും കാത്തിരിപ്പിന്റെയും പരിസമാപ്തിയാണത്‌. കാട്ടിലെ ജീവജാലങ്ങളുടെ ഹൃദയത്തിലേക്ക്‌ സ്നേഹത്തോടെയും ധൈര്യത്തോടെയും കടന്നുചെല്ലുന്ന ഒരു ഉൾക്കണ്ണ്‌ നസീറിന്റെ ക്യാമറയുടെ സ്ഫടികചില്ലിനുണ്ട്‌. ഇലച്ചാർത്തുകൾക്കിടയിലൂടെ പാളിവീഴുന്ന ചെറിയൊരു പ്രകാശക്കീറിന്റെ വെളിച്ചത്തിലാവാം ഒരുചിത്രം പിറക്കുന്നത്‌. പ്രമുഖ അഭിഭാഷകനും കമ്മ്യൂണിസ്റ്റ്‌ പാർട്ടി നേതാവുമായ അഡ്വ: കെ ആർ തമ്പാന്റെ പേരിലുള്ള ഇത്തവണത്തെ അവാർഡ്‌ നസീറിന്‌ ജൂൺ 11ന്‌ ഇരിങ്ങാലക്കുടയിൽവെച്ച്‌ സമ്മാനിക്കുകയുണ്ടായി.

ടി കെ സുധീഷ്‌
കാട്‌ എന്നും മനംമയക്കുന്ന ഒരു പ്രഹേളികയാണ്‌. ദുര മൂത്ത മനുഷ്യന്റെ അതിക്രമങ്ങൾക്ക്‌ വിധേയമായിട്ടും, അവന്‌ പിടിതരാത്ത ഇടങ്ങളിൽ തളിർക്കുകയും, പൂക്കുകയും അതിന്റെ സ്വന്തം ജീവജാലങ്ങളെ സുരക്ഷിതമായി പാർപ്പിക്കുകയും ചെയ്യുന്നു. വന്യവും വശ്യവുമായ ആ നിഗൂഢലോകത്തിന്റെ മനോഹാരിതയിലേക്ക്‌ നുഴഞ്ഞുകയറി രഹസ്യങ്ങളുടെ അക്ഷയഖനിയുമായി തിരിച്ചുവരുന്ന ‘ഗൂഢചാര’നെന്നാണ്‌ നസീറിനെ ‘സക്കറിയ’ വിശേഷിപ്പിക്കുന്നത്‌. എൻ.എ. നസീറിന്റെ സഞ്ചാരപഥങ്ങളേയും കാടനുഭവങ്ങളേയും പിന്തുടരുമ്പോൾ ‘സക്കറിയ’ അങ്ങിനെ വിശേഷിപ്പിച്ചതിൽ അത്ഭുതത്തിനവകാശമില്ല.
വൈൽഡ്‌ ലൈഫ്‌ ഫോട്ടോഗ്രാഫർ എന്ന ഒറ്റ ‘സ്നാപ്പി’ലേക്ക്‌ മാത്രമായി അദ്ദേഹത്തെ ചുരുക്കുവാൻ കഴിയില്ല. പരിസ്ഥിതിപ്രവർത്തകൻ, വന്യജീവിസംരക്ഷണത്തിനുവേണ്ടി പോരാടുന്ന ആക്ടിവിസ്റ്റ്‌, ഹൃദയഹാരിയായ കാടനുഭവങ്ങളുടെ എഴുത്തുകാരൻ, ആയോധനകലാകാരൻ ഇങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത ഛായാഗ്രാഹകനാണ്‌ നസീർ. പ്രമുഖ അഭിഭാഷകനും കമ്മ്യൂണിസ്റ്റ്‌ പാർട്ടി നേതാവുമായ അഡ്വ: കെ ആർ തമ്പാന്റെ പേരിലുള്ള ഇത്തവണത്തെ അവാർഡ്‌ നസീറിന്‌ ജൂൺ 11ന്‌ ഇരിങ്ങാലക്കുടയിൽവെച്ച്‌ സമ്മാനിക്കുകയുണ്ടായി.
നസീർ കാടിന്റെ വശ്യമനോഹാരവലയത്തിൽപ്പെട്ട്‌ കറങ്ങുവാൻ തുടങ്ങിയിട്ട്‌ മൂന്നര പതിറ്റാണ്ടിലേറെക്കാലമായി. കേരളം,തമിഴ്‌നാട്‌,കർണ്ണാടക, ഗോവ,മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടമലനിരകളും കാടുകളുമാണ്‌ നസീറിന്‌ ഏറെ പഥ്യം. വനാന്തരങ്ങളിൽ ആഴ്ചകളോളം നീളുന്ന വാസത്തിനിടയിൽ വളരെ കുറച്ചുമാത്രമേ അദ്ദേഹം തന്റെ ക്യാമറക്കണ്ണിലൂടെ നോക്കാറുള്ളു. തനിക്കുചുറ്റുമുള്ള കാടിന്റെ വന്യമായ നിശബ്ദതയിൽ ധ്യാനലീനനായിരിക്കുന്ന നസീർ സുന്ദരവും സങ്കീർണ്ണവുമായ ആ ക്യാൻവാസിൽനിന്നും ഓരോ ചിത്രങ്ങളായി തന്റെ മനോമുകുരത്തിലേക്ക്‌ ‘ക്ലിക്ക്‌’ ചെയ്യുകയാണ്‌ പതിവ്‌. അശ്രദ്ധമായ ഒരുകാൽവെപ്പുപോലും അതിസൂക്ഷ്മമായ ജൈവഘടനയെ ഞെരിഞ്ഞമർത്തുംവിധം സമ്പന്നമാണ്‌ കാടെന്ന ബോധം നസീർ തന്റെ ഓരോ ചലനങ്ങളിലും സൂക്ഷിക്കുന്നു. എറണാകുളത്ത്‌ വൈപ്പിനടുത്തുള്ള പള്ളിപ്പുറത്താണ്‌ നസീർ ജനിച്ചത്‌. കടലിന്റെയും കായലിന്റെയും സാമീപ്യത്തിൽ വളർന്ന നസീറിന്റെ മനസ്സിലേക്ക്‌ ഒരു ‘മുത്തശ്ശിക്കഥ’ പോലെ കാടിന്റെ നിഗൂഢഭാവങ്ങൾ പകർന്നുകൊടുത്തത്‌ ഉമ്മയുടെ എളേമ്മയുടെ മകൻ അദ്ധ്യാപകൻകൂടിയായ ജബ്ബാറാണ്‌. കാടിനെ സ്വപ്നം കാണാൻ തുടങ്ങിയ നസീർ ഒൻപതാം ക്ലാസ്സ്‌ കഴിഞ്ഞുള്ള വേനലവധിക്കാലത്ത്‌ സുഹൃത്തായ ജോഷിയുടെ കൂടെ വാൽപ്പാറയിലേക്കാണ്‌ പോകുന്നത്‌. ആദ്യത്തെ കാനനയാത്ര. പിന്നീട്‌ പലതവണ വീട്ടുകാരറിയാതെ വാൽപ്പാറയിലേക്ക്‌ യാത്ര നടത്തി. പത്താംതരം കഴിഞ്ഞപ്പോൾ ഇനിയുള്ള പഠനം കാട്ടിൽ മതിയെന്ന്‌ ദൃഢനിശ്ചയമെടുത്തു.
കാനനഭംഗിയും വന്യജീവികളുടെ വിഭിന്നഭാവങ്ങളും പകർത്തിയ ആയിരക്കണക്കിന്‌ ചിത്രങ്ങൾ നസീർ നമുക്ക്‌ സമ്മാനിച്ചിട്ടുണ്ട്‌. ഓരോ ചിത്രവും ഓരോ കഥയാണ്‌. അനവധി ദിവസങ്ങൾ നീണ്ട ധ്യാനത്തിന്റെയും കാത്തിരിപ്പിന്റെയും പരിസമാപ്തിയാണത്‌. കാട്ടിലെ ജീവജാലങ്ങളുടെ ഹൃദയത്തിലേക്ക്‌ സ്നേഹത്തോടെയും ധൈര്യത്തോടെയും കടന്നുചെല്ലുന്ന ഒരു ഉൾക്കണ്ണ്‌ നസീറിന്റെ ക്യാമറയുടെ സ്ഫടികചില്ലിനുണ്ട്‌. ഇലച്ചാർത്തുകൾക്കിടയിലൂടെ പാളിവീഴുന്ന ചെറിയൊരു പ്രകാശക്കീറിന്റെ വെളിച്ചത്തിലാവാം ഒരുചിത്രം പിറക്കുന്നത്‌.
ചെറായിയിലെ പി.ജെ. സെബാസ്റ്റ്യൻ മാസ്റ്ററാണ്‌ കാടിനെക്കുറിച്ച്‌ ശാസ്ത്രീയമായ ഒരു അവബോധം നസീറിൽ സൃഷ്ടിക്കുന്നത്‌. പരിസ്ഥ്തിബോധത്തിന്റെ ആദ്യാക്ഷരങ്ങൾ പകർന്നതും അദ്ദേഹമായിരുന്നു. അങ്ങനെ മാസ്റ്ററുടെയും നസീറിന്റെയും ശ്രമഫലമായി 1986ൽ ‘വനസീമ നേച്ചർ ക്ലബ്ബ്‌’ രൂപീകരിക്കപ്പെട്ടു. ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ നേച്ചർ ക്യാമ്പുകളും, പരിസ്ഥിതി പഠനക്ലാസ്സുകളും, വന്യജീവി സെൻസസും ഇടയ്ക്കിടെയുള്ള വനയാത്രകളും കാടിനെ പുതിയഭാവത്തിൽ, രൂപത്തിൽ നോക്കികാണാൻ പ്രാപ്തമാക്കി. 1987ൽ എ. മോഹൻകുമാറിന്റെ നേതൃത്വത്തിൽ നടന്ന ‘പശ്ചിമഘട്ട രക്ഷായാത്ര’ വേറിട്ട അനുഭവമായി. കാട്ടുപുഴയോരങ്ങളിൽ തമ്പടിച്ചും ആദിവാസിക്കുടിലുകളിൽ നിന്ന്‌ ഭക്ഷണം തേടിയും ഏറുമാടങ്ങളിൽ അന്തിയുറങ്ങിയും കാട്ടരുവികളിൽനിന്ന്‌ ദാഹമകറ്റിയും ദിവസങ്ങൾ നീണ്ടുനിന്ന ഈ യാത്രയിൽ സംസ്ഥാനത്തെ നിരവധി പരിസ്ഥിതിപ്രവർത്തകരെ പരിചയപ്പെടാൻ കഴിഞ്ഞു. ഇത്‌ കാടിനെ ആഴത്തിൽ പഠിക്കുവാനും പ്രണയിക്കുവാനും നസീറിനെ പഠിപ്പിച്ചു.
കാടുമായി നിരവധികാലത്തെ ആത്മബന്ധം പ്രാപിച്ച നസീർ പിന്നീടെപ്പെഴോ ആണ്‌ ഫോട്ടോഗ്രാഫറാകുന്നത്‌. കാടിന്റെ വിശാലമായ കാൻവാസിൽനിന്നും എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങൾ മനസ്സിലേക്ക്‌ ക്ലിക്ക്‌ ചെയ്ത്‌ കഴിഞ്ഞിരുന്നു. സുഹൃത്തായ പാണ്ഡ്യനിൽനിന്നും കടം വാങ്ങിയ കാനൺ എടി-1 ക്യാമറയും കൊണ്ടാണ്‌ കാട്ടിലേക്ക്‌ തിരിക്കുന്നത്‌. ആദ്യം ക്യാമറ കയ്യിലേന്തുന്നവന്റെ ഇഷ്ടവിഷയം ആനയാണല്ലോ! മൂന്നാറിലേക്കിറങ്ങിയ നസീറും ആദ്യം വലിയൊരു ആനക്കൂട്ടത്തിന്റെ ചിത്രങ്ങൾ എടുത്താണ്‌ മടങ്ങിയത്‌. എന്നാൽ ആന മാത്രമല്ല കാടെന്നും വൈൽഡ്‌ ലൈഫ്‌ ഫോട്ടോഗ്രാഫിയെ വളരെ സീരിയസായി സമീപിക്കണമെന്നുള്ള അവബോധം സൃഷ്ടിച്ചത്‌ പി കെ തോമസ്‌ നെൽസനാണ്‌.
പൂക്കളോടും ചെടികളോടും ഈ ജീവജാലങ്ങലോടും മനുഷ്യന്‌ സംസാരിക്കുവാൻ കഴിയുമോ! സാധിക്കുമെന്നാണ്‌ ഗുരു നിത്യചൈതന്യയതി വിശ്വസിച്ചിരുന്നത്‌. നസീറും അതേ വിശ്വാസം പുലർത്തിയിരുന്നു. ഗുരുവുമായി ഊഷ്മളമായ ഒരു ബന്ധം നസീർ നിലനിർത്തിയിരുന്നു.
കയ്യിലൊരു ക്യാമറയുണ്ടെങ്കിൽ വന്യജീവി ഫോട്ടോഗ്രാഫറാകാം എന്നു കരുതുന്നവരോട്‌ ചിലതൊക്കെ നസീർ ഓർമ്മിപ്പിക്കുന്നു. ആദ്യം കാടിനെ പ്രണയിക്കാൻ പഠിക്കൂ. പിന്നീടേ ചിത്രങ്ങളെക്കുറിച്ച്‌ ചിന്തിക്കാവൂ. നസീർ ഓർമ്മപ്പെടുത്തുന്നു.
നസീറിന്റെ ഫോട്ടോശേഖരം കാടിന്റെ ജീവസ്പന്ദങ്ങൾ തുടിക്കുന്ന അത്യപൂർവ്വവും മനോഹരങ്ങളുമായ ചിത്രങ്ങളുടെ ശേഖരമാണ്‌. ഫോട്ടോയുടെ ടെക്നിക്കൽ പെർഫെക്ഷനോ സൗന്ദര്യമോ ഒന്നും നസീറിനെ അലട്ടാറില്ല എന്നദ്ദേഹം പറയുന്നു. പറമ്പിക്കുളം റിസർവ്വോയറിൽ നിന്നെടുത്ത കടുവ, ഷോളയാറിലെ മലമുഴക്കി വേഴാമ്പൽ, പറമ്പിക്കുളത്തുനിന്ന്‌ പകർത്തിയ മീൻ പിടിയൻ മൂങ്ങ, ഉണ്ടക്കടവിൽ നിന്നെടുത്ത കരിങ്കുരങ്ങ്‌, നെല്ലായാമ്പതിയിലെ മലയണ്ണാൻ, ചിന്നാറിലെ വെള്ള കാട്ടുപോത്ത്‌, കഴുകന്മാർ, മുതുമലയിൽനിന്നും എടുത്ത മ്ലാവിന്റെ ചിത്രം, മസനഗുഡിയിലെ
പുള്ളിപ്പുലി, നെല്ലായാമ്പതിയിൽനിന്നും പകർത്തിയ ‘നീലഗിരി മാർട്ടെൽ’, ഷോളയാറിലെ തവളവായൻ പക്ഷി, പറമ്പിക്കുളത്തെ രാജവെമ്പാല,
നെല്ലായാമ്പതിയിലെ സിംഹവാലൻ കുരങ്ങുകൾ, പൂയ്യംകുട്ടിയിലെ തീക്കാക്ക, നീലഗിരിയിലെ ചൂളക്കാക്ക ഇങ്ങിനെ വിഭിന്ന ഭാവങ്ങളിൽ നസീറിനായി ‘പോസ്‌ ചെയ്ത’ വന്യജീവികളുടെ ചിത്രങ്ങൾ.
നസീറിന്റെ ‘വ്രണം പൂത്ത ചന്തം’ എന്ന കൃതി, ആനയോട്‌ ചെയ്യുന്ന കൊടുംക്രൂരതകളുടെ നേർചിത്രമാണ്‌.
കാടനുഭവങ്ങളെ ഹൃദയഹാരിയായി പകർത്തുന്ന നാല്‌ പുസ്തകങ്ങൾ നസീർ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കാടിന്റെ നിഗൂഢഭാവങ്ങളിലേക്ക്‌ ഊളിയിട്ടുപോകുന്ന നസീർ ഓരോ വനയാത്ര കഴിയുമ്പോഴും പിന്നെയും പിന്നെയും കാട്‌ തന്നെ മാടിവിളിക്കുന്നതായി പറയുന്നു. അമ്മയുടെ ഗർഭപാത്രത്തിലേക്കെന്നപോലെ ആദിമപ്രകൃതിയിലേക്ക്‌ തിരിച്ചുപോകാൻ വെമ്പുന്ന ഒരു മനസ്സാണ്‌ നസീറിന്റേത്‌. അവിടെ ലഭിക്കുന്ന ശാന്തിയും സമാധാനവും മറ്റൊരിടത്തുനിന്നും അദ്ദേഹത്തിനു ലഭിക്കുന്നില്ല. നസീറിന്റെ ക്യാമറക്കണ്ണുകൾ തുറന്നിരിക്കുകയാണ്‌. അത്‌ കാടിന്റെ മനോഹാരിത പകർത്തുവാൻ മാത്രമല്ല ശിവന്റെ തൃക്കണ്ണ്‌ തുറന്നതുപോലെ… പരിസ്ഥിതിനാശം വരുത്തുന്നവർക്കെതിരായി, വന്യജീവികളെ ഉപദ്രവിക്കുന്നവർക്കെതിരായി.