കാട്‌ കാക്കാം നല്ല നാളേയ്ക്കായി: ഇന്ന്‌ ലോകവനദിനം

കാട്‌ കാക്കാം നല്ല നാളേയ്ക്കായി: ഇന്ന്‌ ലോകവനദിനം
March 21 04:55 2017

അഡ്വ കെ രാജു

മാനവരാശിയുടെ സാമൂഹിക പരിണാമ ചരിത്രത്തിൽ കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങിയ മനുഷ്യന്റെ കഥയുണ്ട്‌. കായ്കനികൾ പറിച്ച്‌ തിന്ന്‌ കാട്ടുജാതിക്കാരായി ജീവിച്ചവർ പ്രകൃതിയോടിണങ്ങി ജീവിക്കാൻ ശീലിച്ചവരായിരുന്നു. അവർ സാമൂഹിക ജീവിതത്തിന്റെ പുതിയ തലങ്ങളിലേക്ക്‌ പരിവർത്തനം ചെയ്യപ്പെട്ടപ്പോൾ കാടുകൾ വെട്ടിമാറ്റപ്പെടുകയും ക്രമേണ വളർന്ന്‌ ആധുനിക യുഗത്തിലെത്തുമ്പോൾ കാടുമായുള്ള ആത്മബന്ധം പോലും വേർപെടുത്തപ്പെട്ടുകൊണ്ടിരിക്കുകയുമാണ്‌. ഇത്തരം പശ്ചാത്തലത്തിലാണ്‌ വനസംരക്ഷണത്തിനായുള്ള ദിനവും പ്രസക്തമായിത്തീരുന്നത്‌. ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും മാർച്ച്‌ 21 ലോകവനദിനമായി ആചരിക്കപ്പെടുന്നു. വനങ്ങളുടെയും സസ്യങ്ങളുടെയും സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളെ കൂടുതൽ ബോധ്യപ്പെടുത്തുന്നതിന്‌ വേണ്ടിയാണ്‌ ഇത്തരം ദിനാചരണങ്ങൾ ലോകവ്യാപകമായി തന്നെ സംഘടിപ്പിക്കപ്പെടുന്നത്‌. ഇന്ന്‌ ലോകത്ത്‌ കരഭാഗത്തിന്റെ ഏതാണ്ട്‌ മുപ്പതു ശതമാനം വനമേഖലയാണെന്ന്‌ കണക്കുകൾ പറയുന്നു. ജൈവവൈവിധ്യങ്ങളുടെ കലവറയാണ്‌ വനമേഖലകൾ. ജന്തു-സസ്യവർഗ്ഗങ്ങളുടെ എൺപത്‌ ശതമാനവും ഈ ആവാസമേഖലയ്ക്കകത്താണ്‌ സുരക്ഷിതമായി കഴിഞ്ഞു കൂടുന്നത്‌. ഔഷധ സസ്യങ്ങളുടെയും, ജലസംരക്ഷണത്തിന്റെയും വിവരിക്കാനാവാത്ത ധർമ്മങ്ങളുടെ കാവൽക്കാർ കൂടിയാണ്‌ നമ്മുടെ വനസമ്പത്ത്‌. വനാശ്രിത സമൂഹമായി കഴിഞ്ഞു കൂടുന്ന മനുഷ്യവിഭാഗങ്ങൾക്കും കാട്‌ അഭയകേന്ദ്രവും, തൊഴിൽദാതാവും സമൃദ്ധമായ ജീവിതചുറ്റുപാടും പ്രദാനം ചെയ്യുന്നുണ്ട്‌. അങ്ങനെയുള്ള വനസമ്പത്ത്‌ നശിപ്പിക്കപ്പെടുക എന്നാൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ തകർക്കപ്പെടുക എന്നതാണല്ലോ അർത്ഥം. വനനശീകരണം ഇന്ന്‌ ഒരു ആഗോളപ്രശ്നമായി മാറിയിരിക്കുകയാണ്‌. ഓരോവർഷവും പതിമൂന്ന്‌ മില്യൻ ഹെക്ടർ വനം നശിപ്പിക്കപ്പടുന്നതായി കണക്കുകൾ പറയുന്നു. മനുഷ്യസമൂഹത്തിന്റെ ദുരാഗ്രഹങ്ങളാണ്‌ പലപ്പോഴും വനസമ്പത്തിന്റെ നശീകരണത്തിലേക്ക്‌ നയിക്കുന്നത്‌. വികസനത്തിന്റെ പേരുപറഞ്ഞാണ്‌ പലപ്പോഴും അമൂല്യങ്ങളായ വനസമ്പത്തിനെ വെട്ടിവെളുപ്പിക്കുന്നത്‌. കേവലമായ കെട്ടിടങ്ങളും കോൺക്രീറ്റ്‌ സൗധങ്ങളും പണിയലാണ്‌ വികസനമെന്ന വികലമായ കാഴ്ചപ്പാട്‌ ദൗർഭാഗ്യവശാൽ ഇപ്പോഴും ചിലരെങ്കിലും സൂക്ഷിക്കുന്നുണ്ട്‌. സുസ്ഥിര വികസനത്തിന്റെ അടിസ്ഥാനാശയങ്ങളെയാണ്‌ ഇവർ തകർക്കുന്നത്‌.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരമായ മുഖം ‘പൊള്ളുന്ന’ യാഥാർത്ഥ്യങ്ങളായി നമുക്ക്‌ ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. മഴയുടെ ലഭ്യതയിലുണ്ടായ ഗണ്യമായ കുറവും, അനുദിനം ഉയർന്നുകൊണ്ടിരിക്കുന്ന അന്തരീക്ഷ താപനിലയുമെല്ലാം വന്നേക്കാവുന്ന വലിയ ദുരന്തത്തിന്റെ സൂചകങ്ങളായി നമുക്ക്‌ മുന്നിലുണ്ട്‌. ഇവരെ പ്രതിരോധിക്കാൻ കേവലം പ്രഭാഷണങ്ങളും, ലേഖനങ്ങളും മാത്രം മതിയാവുകയില്ല. പ്രായോഗികമായ സമീപനങ്ങളുണ്ടാവണം. കാലാവസ്ഥ വ്യതിയാനങ്ങളുടെ അളവ്‌ അന്തരീക്ഷത്തിൽ ക്രമാതീതമായി വർദ്ധിക്കുന്നതിന്റെ കാരണവും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന വനനശീകരണം തന്നെയാണ്‌. ആഗോളതാപനം ശക്തിപ്പെടുന്നതോടെ ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകുകയും അതുവഴി സമുദ്രനിരപ്പുയർന്ന്‌ പല മനുഷ്യവാസകേന്ദ്രങ്ങളെയും കടലെടുക്കുകയും ചെയ്യുമെന്ന ഭീഷണിയും നമുക്ക്‌ മുമ്പിൽ നിലനിൽക്കുന്നുണ്ട്‌. ആഗോളതാപനം മരമാണ്‌ മറുപടി എന്ന മുദ്രാവാക്യം പൂർണമായ അർത്ഥത്തിൽ ഉൾക്കൊള്ളാൻ നമുക്ക്‌ കഴിയണം.
ലോകജനതയുടെ എൺപത്‌ ശതമാനവും ജലസുരക്ഷയുടെ കാര്യത്തിൽ ഭീഷണി നേരിടുന്നതായി റിപ്പോർട്ടുകൾ പറയുന്നുണ്ട്‌. ശുദ്ധജല ലഭ്യതയിലെ കുറവും, കുടിവെള്ള ക്ഷാമവും കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾക്കും വലിയ വെല്ലുവിളിയാണ്‌ സൃഷ്ടിക്കുന്നത്‌. ഇനിയൊരു ലോകമഹായുദ്ധമുണ്ടായാൽ അത്‌ കുടിവെള്ളത്തിനു വേണ്ടിയായിരിക്കുമെന്ന അഭിപ്രായം സാധൂകരിക്കത്തക്ക വിധത്തിലാണ്‌ ശുദ്ധജല ലഭ്യതയുടെ പ്രതിസന്ധി വളരുന്നത്‌. മരങ്ങളാണ്‌ ജലസമ്പത്തിനെ സൂക്ഷിച്ചു വയ്ക്കുന്നതും, ശുദ്ധജലത്തെ പ്രദാനം ചെയ്യുന്നതും. ഒരു ഹെക്ടർ ഹരിതവനത്തിന്‌ രണ്ടരലക്ഷം ലിറ്റർ വെള്ളം സൂക്ഷിച്ചുവയ്ക്കാൻ കഴിയുമെന്ന്‌ വിദഗ്ധർ പറയുന്നു. ദുരാഗ്രഹങ്ങളുമായി നാം നശിപ്പിക്കുന്ന മരങ്ങൾ എത്രവെള്ളം കരുതിവയ്ക്കാമായിരുന്നുവെന്ന്‌ നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ.
വേനൽചൂട്‌ കനത്തതോടെ വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്ന സംഭവങ്ങൾ വർദ്ധിച്ചു വരികയാണ്‌. വനത്തിൽ സ്വൈര്യവിഹാരം നടത്തിയിരുന്ന അവയ്ക്ക്‌ ആഹാരവും ജലവും ലഭിക്കാതെ വരുമ്പോഴാണ്‌ നാട്ടിലേക്കിറങ്ങുന്നത്‌. മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ മുഖ്യകാരണങ്ങൾ ഇത്തരം പ്രശ്നങ്ങളും, വനസമ്പത്തിന്റെ സ്വാഭാവിക ശോഷണവുമാണ്‌.
വനസംരക്ഷണ പ്രവർത്തനങ്ങളിൽ മാതൃകാപരമായ ഇടപെടലുകൾ നടത്താൻ കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റുകൾ എക്കാലവും പരിശ്രമിച്ചിട്ടുണ്ട്‌. അതിന്റെ തുടർച്ചയായ നയങ്ങൾ ആവിഷ്ക്കരിക്കാനാണ്‌ ഈ സർക്കാരും ശ്രമിക്കുന്നത്‌. നമ്മുടെ സംസ്ഥാനത്ത്‌ മൊത്തം ഭൂവിസ്തൃതിയുടെ 29.1 % വനമേഖലയാണ്‌. കയ്യേറ്റക്കാരെയും, കൊള്ളക്കാരെയും തടഞ്ഞ്‌ സംസ്ഥാനത്തിന്റെ വനവിസ്തൃതി വർദ്ധിപ്പിക്കാനുള്ള പരിശ്രമങ്ങൾക്ക്‌ വനം വകുപ്പ്‌ നേതൃത്വം നൽകി വരുന്നുണ്ട്‌. ഭൂമിയിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ച്‌, അതിന്റെ സസ്യാവരണത്തിന്‌ കട്ടികൂട്ടാനും ശുദ്ധജല ലഭ്യതയുടെ തോത്‌ വർദ്ധിപ്പിക്കാനും പദ്ധതിയുണ്ട്‌. വനാശ്രിത സമൂഹത്തിന്റെ ജീവിതനിലവാരം അവരുടെ തനത്‌ ആവാസവ്യവസ്ഥയെ നിലനിർത്തി മെച്ചപ്പെടുത്തുന്നതിനും സർക്കാർ ആലോചിച്ചു വരികയാണ്‌. കുട്ടികളിൽ വനസംരക്ഷണ പ്രവർത്തനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി സ്കൂളുകൾ കേന്ദ്രീകരിച്ച്‌ ഫോറസ്ട്രി ക്ലബുകളും അവയുടെ നേതൃത്വത്തിൽ വിവിധ ബഹുജനങ്ങളുടെ ബോധവൽക്കരണവും നാം ഏറ്റെടുക്കേണ്ട കടമകളിലൊന്നാണ്‌. അലക്ഷ്യമായി നാം ചെയ്യുന്ന പ്രവൃത്തികളാണ്‌ കാട്ടുതീയുൾപ്പെടെ വൻ വിപത്തുകൾക്ക്‌ വഴിവയ്ക്കുന്നത്‌. അശ്രദ്ധമായി നാം ചെയ്യുന്ന പ്രവൃത്തി കൊണ്ട്‌ എത്രയോ വർഷങ്ങളിലൂടെ വളർന്നു വന്ന ഒരു ആവാസ വ്യവസ്ഥ തന്നെ തകർന്നു പോകുന്ന അനുഭവങ്ങൾ ഉണ്ടാകാറുണ്ട്‌. ഈ വർഷവും കാട്ടുതീയുണ്ടായെങ്കിൽ മുൻവർഷങ്ങളെപ്പോലെ ആശങ്കാജനകമായി പെരുകാതെ പോയത്‌ വനം വകുപ്പിന്റെ അവസരോചിതമായ ഇടപെടൽ മൂലമായിരുന്നു. ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച്‌ കാട്ടുതീ അണയ്ക്കാനും നിയന്ത്രണ വിധേയമാക്കാനും നമുക്ക്‌ കഴിഞ്ഞു. വർദ്ധിച്ചു വരുന്ന മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ ജനകീയ ഇടപെടലുകളും അനിവാര്യമാണ്‌. മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടാകേണ്ട ജൈവ ബന്ധം പുനഃസ്ഥാപിച്ചു കൊണ്ടേ മനുഷ്യസമൂഹത്തിന്റെ സുഗമ പ്രയാണം സാധ്യമാവുകയുള്ളൂ.

  Categories:
view more articles

About Article Author