കാബൂളിൽ സ്ഫോടനം: 80 മരണം

കാബൂളിൽ സ്ഫോടനം: 80 മരണം
June 01 04:45 2017

കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ അതീവസുരക്ഷാ മേഖലയിൽ ശക്തമായ സ്ഫോടനം. സ്ഫോടനത്തിൽ 80 പേർ കൊല്ലപ്പെട്ടു. 360 പേർക്ക്‌ പരിക്കേറ്റതായി അഫ്ഗാൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന്‌ അഫ്ഗാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ രാവിലെ ജർമ്മൻ എംബസിക്ക്‌ മുന്നിലാണ്‌ ആക്രമണം നടന്നത്‌. ട്രക്കിനുള്ളിൽ ഒളിപ്പിച്ച്‌ കൊണ്ടുവന്ന സ്ഫോടകവസ്തുവാണ്‌ പൊട്ടിത്തെറിച്ചത്‌. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ വർഷം കാബൂളിൽ നടന്ന പ്രതിഷേധമാർച്ചിനിടെ നുഴഞ്ഞുകയറിയ ഐഎസ്‌ ചാവേർ പൊട്ടിത്തെറിച്ച്‌ നൂറ്‌ പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം രാജ്യത്ത്‌ നടക്കുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്‌. അഫ്ഗാൻ തലസ്ഥാനത്തുണ്ടായ വൻസ്ഫോടനങ്ങളിൽ ഒന്നാണിതെന്നും അധികൃതർ പറഞ്ഞു. അഫ്ഗാൻ പ്രസിഡന്റ്‌ അഷ്‌റഫ്‌ ഗാനിയുടെ കൊട്ടാരവും വിദേശ എംബസികളുടെ ഓഫീസുകളും ഉൾക്കൊള്ളുന്ന അതീവ സുരക്ഷാമേഖലയായ വാസിർ അക്ബർ ഖാൻ പ്രദേശത്താണ്‌ ആക്രമണമുണ്ടായത്‌.
നിരവധി കാറുകൾ സ്ഫോടനം നടന്ന ഭാഗത്ത്‌ ഉണ്ടായിരുന്നതായും നിരവധി പേർക്ക്‌ പരിക്കേറ്റതായും ദൃക്സാക്ഷികൾ പറയുന്നു. പല വീടുകൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്‌. ബ്രിട്ടൻ, ഇന്തോനേഷ്യ, ഇറാൻ, തുർക്കി, യുഎഇ എംബസികളും ഇവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്‌.
സ്ഫോടനം നടന്ന സ്ഥലത്തിന്‌ നൂറ്‌ മീറ്റർ അകലെയാണ്‌ ഇന്ത്യൻ എംബസി. എംബസി ഓഫിസിലെ ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്‌ ട്വിറ്ററിലൂടെ അറിയിച്ചു. വിദേശപര്യടനത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡി സ്ഫോടനത്തെ അപലപിച്ചു.
അടുത്തിടെ അഫ്ഗാനിസ്ഥാനിൽ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ്‌ ഏറ്റെടുത്തിരുന്നു. അഫ്ഗാൻ സേനയും വിദേശസേനയും കഠിനമായ ഘട്ടത്തിലൂടെയാണ്‌ കടന്നുപോകുന്നതെന്ന്‌ പെന്റഗൺ മേധാവി ജിം മാറ്റിസ്‌ പറഞ്ഞു. താലിബാനെതിരായ പോരാട്ടത്തിനായി അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന നാറ്റോ, യുഎസ്‌ സേനകളെ നേരത്തെ പിൻവലിച്ചിരുന്നു. ആക്രമണപരമ്പരകളുടെ പശ്ചാത്തലത്തിൽ കൂടുതൽ സേനാംഗങ്ങളെ നിയോഗിക്കണമെന്ന്‌ പെന്റഗൺ വൈതൗസിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

  Categories:
view more articles

About Article Author