കാലാവസ്ഥ വ്യതിയാനം; ചിക്കൻപോക്സ്‌ പടരുന്നു

കാലാവസ്ഥ വ്യതിയാനം; ചിക്കൻപോക്സ്‌ പടരുന്നു
December 17 04:45 2016

സ്വന്തംലേഖകൻ
ആലപ്പുഴ: കാലാവസ്ഥയിലുണ്ടായ വ്യതിയാനംമൂലം സംസ്ഥാനത്ത്‌ ചിക്കൻപോക്സ്‌ രോഗം പടരുന്നു. പകൽ സമയങ്ങളിലെ കനത്തചൂടും രാത്രിയിലെ കനത്തമഞ്ഞും മൂലം കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനമാണ്‌ ചിക്കൻപോക്സിന്‌ കാരണമെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതർ പറയുന്നു. ആലപ്പുഴ, എറണാകുളം, കോട്ടയം, പാലക്കാട്‌, കോഴിക്കോട്‌ ജില്ലകളിലാണ്‌ കൂടുതലായി ചിക്കൻപോക്സ്‌ റിപ്പോർട്ട്‌ ചെയ്തത്‌.
വാരിസല്ല സോസ്റ്റർ എന്ന വൈറസാണ്‌ ചിക്കൻപോക്സിന്‌ കാരണം. അന്തരീക്ഷത്തിൽ പടരുന്ന കീടാണുക്കളിൽ നിന്നും പകരുന്ന അസുഖമാണ്‌ ചിക്കൻപോക്സ്‌. രോഗം വന്നിട്ട്‌ ചികിത്സിക്കുന്നതിനേക്കാൾ നല്ലത്‌ രോഗം വരാതെ നോക്കുക എന്നതാണ്‌ ഈ രോഗത്തിന്റെ സുപ്രധാനമായ കാര്യമെന്ന്‌ ആരോഗ്യ വിദഗ്ധർ പറയുന്നു. ഭൂമിയിൽ നിന്നും തുടച്ചുനീക്കിയ വസൂരിയും ഇപ്പോൾ കാണുന്ന ചിക്കൻപോക്സും ഒന്നാണെന്ന്‌ ധരിക്കുന്നവരുമുണ്ട്‌. ശരീരത്തിൽ കുമിളകളായാണ്‌ ചിക്കൻപോക്സ്‌ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്‌. ആദ്യം ചെറിയ കുരുവായും പിന്നീട്‌ അത്‌ ദ്രാവകം നിറഞ്ഞ കുമിളകളായും മാറും. പലരിലും ചിക്കൻപോക്സ്‌ വരുന്നത്‌ വ്യത്യസ്തമായിട്ടായിരിക്കും. ഇതിനാൽ ചിക്കൻപോക്സിന്‌ പൊതുവായ ഒരു സ്വഭാവം പറയാൻ കഴിയുകയില്ല. ശരീരത്തിൽ അസാധാരണമായി ചെറിയ കുരുക്കൾ പൊങ്ങുകയും ശരീര താപനിലയിൽ വ്യത്യാസം ഉണ്ടാവുകയും ചെയ്താൽ അടിയന്തരമായി തന്നെ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതാണ്‌. ചിക്കൻപോക്സിന്റെ ആദ്യലക്ഷണമായ പനി ഉണ്ടാകുമ്പോൾ തന്നെ മറ്റുള്ളവരിലേയ്ക്കും പകരുവാൻ സാധ്യതയുണ്ട്‌.
രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്ക്‌ ചീറ്റുമ്പോഴും സംസാരിക്കുമ്പോഴും ഉമിനീർ കണികകളിലൂടെയാണ്‌ രോഗാണുക്കൾ പടരുന്നത്‌. തലവേദന, ശരീരംവേദന, തലകറക്കം, വിശപ്പില്ലായ്മ, ക്ഷീണം, ഛർദ്ദി, ശരീരത്തിൽ ചൊറിച്ചിൽ തുടങ്ങിയവയും ചിക്കൻപോക്സിന്റെ ലക്ഷണങ്ങളാണ്‌. ചിക്കൻപോക്സ്‌ രോഗം വന്നുകഴിഞ്ഞാൽ രോഗിയെ പ്രത്യേകം മാറ്റിപാർപ്പിക്കേണ്ടതും അത്യാവശ്യമാണ്‌. രോഗ വാഹകരാണ്‌ മറ്റുള്ളവർക്ക്‌ കൂടുതലായും രോഗം പകർന്ന്‌ നൽകുന്നത്‌. കുരുക്കൾ ഉണ്ടാകുന്നത്‌ നിലച്ചാൽ പിന്നെ രോഗം പകരുകയില്ല. രോഗവാഹകർ യാത്ര ചെയ്യുമ്പോഴാണ്‌ കൂടുതലായി മറ്റുള്ളവരിലേയ്ക്ക്‌ രോഗം പകരുന്നത്‌. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ചിക്കൻപോക്സ്‌ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളതിനാൽ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതർ അറിയിച്ചു.

  Categories:
view more articles

About Article Author