കാളികേശിലെ കാഴ്ചകൾ

കാളികേശിലെ കാഴ്ചകൾ
September 20 05:10 2016

സി സുശാന്ത്‌
തമിഴ്‌നാട്ടിലെ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക്‌ ഒരു യാത്ര നടത്തുകയുണ്ടായി. കേരളത്തിലെ വനദൃശ്യങ്ങളിൽ നിന്നും വ്യത്യസ്തമായി വരണ്ടമുൾക്കാടുകളും കുറ്റിക്കാടുകളും നിറഞ്ഞൊരു വനപ്രദേശം എന്ന ധാരണയോടെയാണ്‌ ഈ യാത്ര ആരംഭിച്ചത്‌. എന്നാൽ യാത്ര പുരോഗമിക്കുന്തോറും ആ ധാരണ തിരുത്തേണ്ടിവന്നു. മാർത്താണ്ഡത്തുനിന്നും കുലശേഖരം വഴി പേച്ചിപ്പാറയ്ക്കരിലൂടെ മറ്റൊരു വഴി പിരിഞ്ഞ്‌ യാത്ര തുടർന്നു.
കന്യാകുമാരി വന്യജീവി സങ്കേതം കേരളത്തിലെ പശ്ചിമഘട്ട മലനിരകളുടെ തുടർച്ചയാണ്‌. മഴനിഴൽ പ്രദേശമല്ലാതെ കേരളത്തിനോട്‌ ചേർന്നുകിടക്കുന്ന പ്രദേശമായതിനാൽ കേരളത്തിലെ കാടുകളുടെ തുടർച്ചയാണീ കാടുകളും. തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഈ വനപ്രദശം 1956 ൽ കേരള സംസ്ഥാന രൂപീകരണ വേളയിൽ തമിഴ്‌നാടിന്റെ ഭാഗമായി തീരുകയായിരുന്നു. 402.4 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന ഈ വനപ്രദേശം 2008 ൽ കന്യാകുമാരി വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചു.
കന്യാകുമാരി വന്യജീവി സങ്കേതത്തിലെ കാളികേശ ഇക്കോ ക്യാമ്പിലേയ്ക്കായിരുന്നു ഞങ്ങളുടെ യാത്ര. കന്യാകുമാരി വന്യജീവി സങ്കേതത്തിന്റെ വൈൽഡ്‌ ലൈഫ്‌ വാർഡനായ വിസ്മിജു വിശ്വനാഥനും വനപാലകരും ഞങ്ങളെ വരവേറ്റു. കാളികേശം ഇക്കോ ക്യാമ്പിനു തൊട്ടു ചേർന്ന്‌ പെരുഞ്ചാണിഡാമും ജലസംഭരണിയുമുണ്ട്‌. തണലിടങ്ങളിൽ അങ്കവാലും ഉയർത്തിപ്പിടിച്ച്‌ കാട്ടുകോഴി സംഘം മേഞ്ഞു നടന്നിരുന്നു. ഒട്ടകലെയല്ലാതെ ഒരു ആൺമയിൽ നീണ്ട പീലിവാൽ ഉയർത്തി പിടിച്ച്‌ ആഹാരം തേടുന്ന കാഴ്ചയും കൗതുകമുണർത്തി.
പ്രഭാതഭക്ഷണത്തിനുശേഷം ഞങ്ങൾ പ്രകൃതി നിരീക്ഷണത്തിന്‌ തിരിച്ചു. വൈൽഡ്‌ ലൈഫ്‌ വാർഡനും വനപാലകരും ഞങ്ങളെ അനുഗമിച്ചു. കാളികേശം നദി കടന്നാണ്‌ ഞങ്ങൾ വനയാത്ര ആരംഭിച്ചത്‌. കാളികേശം നദിക്കരയിലെ അമ്പലം തമിഴ്‌നാടിലെ ഭക്തരുടെ പ്രധാന തീർഥാടനകേന്ദ്രമാണ്‌. ഒപ്പം അലതല്ലി പാഞ്ഞൊഴുകുന്ന കാളികേശം നദിയിൽ കുളിക്കുവാൻ വിനോദസഞ്ചാരികളും എത്തുന്നു. നദി കടന്ന്‌ വനാന്തരത്തിലേക്ക്‌ പ്രവേശിച്ചതും കാട്ടുപക്ഷികളുടെ കിളിമൊഴികൾ ഞങ്ങളെ സ്വാഗതം ചെയ്തു.
വൃക്ഷത്തലപ്പുകളിൽ നെഞ്ചിലെ ചുവന്ന തൂവലുകൾ വെയിലിൽ തിളക്കി തീക്കുരുവികളുടെയും തീച്ചിന്നന്മാരുടെയും സംഘം പാറി നടന്നു. കറുത്തകിന്നരി വാലുകൾ കാറ്റിൽ പറത്തി ഒച്ചയുണ്ടാക്കി കാടുമുഴക്കി പക്ഷികൾ തീറ്റ തേടി. നീണ്ട വെള്ളവാലുകൾ ഇളകി കാട്ടൂഞ്ഞാലികളും ഒപ്പം കൂടി. ഇതും വെയിൽ പരന്നതോടെ 10 മുതൽ 15 വരെ പക്ഷി ഇനങ്ങളടങ്ങിയ പക്ഷി വേട്ടസംഘങ്ങൾ വൃക്ഷ ചില്ലകളിൽ സജീവമായി. കാടുകളിൽ പക്ഷികൾ ആഹാര സമ്പാദനത്തിന്‌ ചെറുവേട്ടസംഘങ്ങളായിട്ടാകും ഇറങ്ങുക. വിവിധ ജാതി പക്ഷികൾ ഇങ്ങനെ സഹകരിച്ച്‌ ഇരതേടുന്നു. നിലത്തു ചിക്കിചിനക്കി കരിയിലക്കിളികൾ ഇരതേടുമ്പോൾ പറന്നുപൊങ്ങുന്ന പ്രാണികളെ പിടികൂടുവാൻ പാറ്റ പിടിയന്മാരും വൃക്ഷത്തലപ്പുകളിൽ പുഴുക്കളെയും പ്രാണികളെയും പിടികൂടുന്ന മഞ്ഞക്കിളികളും, കായ്കൾ ഭക്ഷിക്കുന്ന കാട്ടുമൈനകളും നിലത്തുവീഴുന്ന കായ്കൾ കൊത്തിയെടുക്കുന്ന മരതക പ്രാവുമൊക്കെ ചേർന്ന വേട്ട സംഘം പക്ഷിനീരീക്ഷകർക്ക്‌ വിരുന്നേകുന്നു.

3-chaara-marapottan-copy
പക്ഷികളുടെ വേട്ടസംഘം കാട്ടുപാതയ്ക്കിരുവശവും സജീവമായി. അസുരക്കാടന്മാർ ‘വിവിവി’ എന്നു ശബ്ദമുണ്ടാക്കി പറന്നുനടന്നു. തത്തകളിലെ കുള്ളന്മാരായ തത്തച്ചിന്നനും ഗൗളിക്കിളികളും ചാരമപ്പൊട്ടനും വൃക്ഷക്കൊമ്പിൽ തലകീഴായി തൂങ്ങിക്കിടന്നും ഓടിനടന്നും ഇരതേടുന്നുണ്ടായിരുന്നു. മറ്റു പക്ഷികളുടെ ശബ്ദം അതിവിദഗ്ധമായി അനുകരിച്ചുകൊണ്ട്‌ പച്ച നിറക്കാരായ കാട്ടിലക്കിളികൾ ഞങ്ങളെ നിരന്തരം കബളിപ്പിച്ചുകൊണ്ടിരുന്നു. ടൂയ്‌ ടൂയ്‌ എന്ന്‌ മധുരമായി ശബ്ദിച്ച്‌ മഞ്ഞച്ചിന്നൻ ബുൾബുളുകളും ഇരതേടുന്നുണ്ടായിരുന്നു. നീർച്ചാലുകൾക്കരികിലെ തണലിടങ്ങളിൽ നിന്നും ചൂളക്കാക്കയുടെ നേർത്ത ഓടക്കുഴൽ നാദം ഉയർന്നുകേട്ടു. അനന്തവിഹായസിൽ കറുത്തവിശാലമായ ചിറകുകൾ വിടർത്തി കരിമ്പരുന്ത്‌ ഒഴുകി പറന്നു. കേരളത്തിൽ കാണുന്ന പരുന്തുകളിൽ ഏറ്റവും വലിയ പരുന്താണ്‌ കരിമ്പരുന്ത്‌.
വെയിലിന്‌ ചൂടേറിയതോടെ പക്ഷികൾ ഉൾക്കാടുകളിലെ തണലിടങ്ങളിൽ മറഞ്ഞു. അപ്പോഴേയ്ക്കും പ്രകൃതിയിലെ പറക്കും രത്നങ്ങളായ ചിത്രശലഭങ്ങളുടെ വരവായി. സഹ്യാദ്രിക്ക്‌ മാത്രം സ്വന്തമായ കിളി വാലൻശലഭമായ കാനനറോസ്‌ പൂന്തേനുണ്ട്‌ പാറി നടന്നു. ഇളം കാറ്റിൽ ഊയലാടുന്ന പോലെ മുന്നോട്ടും പിന്നോട്ടും ചാഞ്ചാടി വളരെ സാവധാനം ഒഴുകി പറന്ന നേർത്ത വെളുപ്പിൽ കറുത്ത പുള്ളികളും പാടുകളുമുള്ള വനദേവത ശലഭം എല്ലാവരേയും ആകർഷിച്ചു. വനദേവതയും പശ്ചിമഘട്ടത്തിലെ തനതു ശലഭമാണ്‌. ചെറുമഞ്ഞ ഫ്രോക്കണിഞ്ഞ പോലെ മഞ്ഞപാപ്പാത്തികൾ പുൽത്തുമ്പുകളിൽ തലോടി പാറി നടന്നു. നീലയുടെ തിളക്കവുമായി നീലക്കുടുക്കുകളും കാർവർണനായ കൃഷ്ണശലഭവും വെള്ളിവരയനും നീണ്ടവെളുത്ത റിബൺ വാലിളക്കി വെള്ളിവാലനും പൊന്തക്കരികിൽ പറന്നു നടന്നു.
മരക്കൊമ്പുകളിൽ കരിങ്കുരങ്ങുകളുടെ സംഘം ചാടി നടന്നു. ഇടയ്ക്കിടെ ഉച്ചത്തിൽ ശബ്ദിക്കുന്നുമുണ്ടായിരുന്നു. നാടൻ കുരങ്ങുകൾ പരസ്പരം കലപിലകൂട്ടുന്നതിന്റെയും കടിപിടികൂടുന്നതിന്റെയും തിരക്കിലായിരുന്നു. രോമവാൽ താഴേയ്ക്ക്‌ തൂക്കി ആലസ്യത്തിലെന്നവണ്ണം മരക്കൊമ്പിൽ ചാഞ്ഞു കിടന്ന മലയണ്ണാൻ കാടുകായ്കൾ ഭക്ഷിക്കുന്നുണ്ടായിരുന്നു.
പ്രകൃതിദൃശ്യങ്ങൾ ഒരിക്കലും മടുപ്പുളവാക്കുന്നില്ല. വീണ്ടും വീണ്ടും നമ്മെ പ്രകൃതിയോട്‌ ചേർത്തു പിടിക്കുന്നത്‌ ഇത്തരം അപൂർവമായ പ്രകൃതി ദൃശ്യങ്ങളും വനക്കാഴ്ചകളുമാണ്‌. ഓരോ വനയാത്രയും പ്രകൃതിയെ തനിമയോടെ നിലനിർത്തുവാൻ, സംരക്ഷിക്കുവാൻ നമ്മെ ഓർമപ്പെടുത്തുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ്‌ ഞങ്ങൾ കാളികേശിനോട്‌ വിട പറഞ്ഞു. വീണ്ടും ഈ ദൃശ്യങ്ങൾ കാണുവാൻ വരണം എന്ന്‌ മനസിലുറപ്പിച്ചുകൊണ്ട്‌ ഞങ്ങൾ മടങ്ങി.

  Categories:
view more articles

About Article Author