കാഴ്ചകളുടെ പറുദീസയായി ബോഡിമെട്ട്‌

കാഴ്ചകളുടെ പറുദീസയായി ബോഡിമെട്ട്‌
July 11 05:05 2016

സന്ദീപ്‌ രാജാക്കാട്‌
രാജാക്കാട്‌: ആരെയും ആകർഷിക്കുന്ന കാഴ്ച്ചകളുടെ പറുദീസയായ ബോഡിമെട്ടിലേയ്ക്ക്‌ സഞ്ചാരികളുടെ ഒഴുക്ക്‌. ദിനംപ്രതി നൂറുകണക്കിന്‌ സഞ്ചാരികളാണ്‌ പ്രകൃതി ഒരുക്കിയ മനോഹരദൃശ്യങ്ങൾ കാണാൻ കേരള തമിഴ്‌നാട്‌ അതിർത്തിയായ ബോഡിമെട്ടിലേക്ക്‌ എത്തുന്നത്‌.
മഞ്ഞുപുതച്ച്‌ നിൽക്കുന്ന മലനിരകളും ആയിരക്കണക്കിന്‌ അടി താഴ്ച്ചയിലുള്ള തമിഴ്‌നാടിന്റെ ദൂരക്കാഴ്ച്ചകളുമാണ്‌ ഇവിടുത്തെ പ്രധാന ആകർഷണം. അതുകൊണ്ട്‌ തന്നെ തമിഴ്‌നാട്ടിലേയ്ക്ക്‌ പോകുന്നതും വരുന്നതുമായ വിനോദ സഞ്ചാരികളുടെ പ്രധാന ഇടത്താവളമാണ്‌ ബോഡിമെട്ട്‌. ഇവിടെയെത്തുന്ന സഞ്ചാരികൾ മണിക്കൂറുകൾ ചിലവഴിച്ചതിന്‌ ശേഷമാണ്‌ കടന്നു പോകുന്നത്‌.
ബോഡിമെട്ടിന്‌ മുകളിൽ നിന്ന്‌ നോക്കുമ്പോൾ തമിഴ്‌നാടിന്റെ കാഴ്ച്ചകൾ മറച്ച്‌ മഞ്ഞു വന്നുമൂടുകയും ചെയ്യും. ഈ സമയം മേഘങ്ങൾക്ക്‌ മുകളിൽ നിൽക്കുന്ന പ്രതീതിയാണ്‌ അനുഭവപ്പെടുന്നത്‌. മൺസൂൺ ആരംഭിച്ചതോടെ ഇവിടെ മഞ്ഞും തണുപ്പും കൂടുതലുമാണ്‌. ഇത്‌ ആസ്വദിക്കുന്നതിന്‌ നിരവധി സഞ്ചാരികളാണ്‌ ഇവിടേയ്ക്ക്‌ എത്തുന്നത്‌. പൂപ്പാറ വഴി കുമളിയിലേക്ക്‌ പോകുന്ന സഞ്ചാരികളും ഇവിടെ നിന്നും പത്തുകിലോമീറ്റർ അകലെയായിട്ടുള്ള ബോഡിമെട്ടിൽ എത്താതെ പോകാറുമില്ല.
എന്നാൽ സഞ്ചാരികൾക്ക്‌ വേണ്ട ഒരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയില്ലാത്തത്‌ വലിയ പ്രതിസന്ധിയാണ്‌ സൃഷ്ടിക്കുന്നത്‌. ആകെയുള്ളത്‌ ചെറിയ രീതിയിലുള്ള കുറച്ച്‌ കടകളും തമിഴ്‌നാട്‌ ചെക്ക്‌ പോസ്റ്റിന്‌ സമീപത്തായിട്ടുള്ള ഒരു ശൗചാലയവും മാത്രമാണ്‌. മറ്റ്‌ അടിസ്ഥാന സൗകര്യങ്ങൾകൂടി ഇവിടെ ഒരുക്കിയാൽ ടൂറിസം രംഗത്ത്‌ വലിയ മുന്നേറ്റമുണ്ടാക്കുവാൻ കഴിയും.

view more articles

About Article Author