Tuesday
22 Aug 2017

കാഴ്ചപ്പാടുകൾ

By: Web Desk | Sunday 11 June 2017 4:45 AM IST

ദേശാഭിമാനി
രാജ്യത്തെമ്പാടും വിവിധ രൂപങ്ങളിൽ കർഷകപ്രക്ഷോഭം തുടർന്നുവരുന്നതിനിടയിലാണ്‌ വെറും കൈയുമായി പൊതുനിരത്തിൽ സമരത്തിനിറങ്ങിയ മണ്ണിന്റെ മക്കളെ മധ്യപ്രദേശിൽ പൊലീസ്‌ കൂട്ടക്കൊല ചെയ്തത്‌. എതിർശബ്ദങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന ഏകാധിപത്യ ഭരണശൈലിക്കപ്പുറം ഒരു ന്യായവും പറയാനില്ലാത്ത മനുഷ്യക്കുരുതിയാണ്‌ മധ്യപ്രദേശിൽ നടന്നത്‌.
മോഡി ഭരണം മൂന്നാണ്ട്‌ പിന്നിടുമ്പോൾ അരക്ഷിതരായ കർഷകരെയാണ്‌ രാജ്യത്തെങ്ങും കാണാനാകുന്നത്‌.
മോഡി സർക്കാരിന്റെ വാക്കുപിഴച്ച പോക്ക്‌ ആദ്യവർഷത്തിൽതന്നെ വ്യക്തമായിരുന്നു. പ്രതിസന്ധി അതിരൂക്ഷമാവുകയും കർഷക ആത്മഹത്യകൾ പതിവാകുകയും ചെയ്തു. 2015ൽ 12,602 പേരാണ്‌ ജീവനൊടുക്കിയത്‌. മുൻവർഷത്തേതിനെക്കാൾ 42 ശതമാനം കൂടുതലായിരുന്നു ഇത്‌. ഒരു ആശ്വാസ നടപടിയുമില്ലാത്ത, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു ഏറ്റവും ദൈന്യമായ നില. മഹാരാഷ്ട്രയിലെ വിദർഭ കർഷകരുടെ ശവപ്പറമ്പായി മാറി. 4291 പേരാണ്‌ മഹാരാഷ്ട്രയിൽ മാത്രം 2015ൽ ആത്മഹത്യ ചെയ്തത്‌. തൊട്ടുപിന്നാലെ മധ്യപ്രദേശും ഛത്തീസ്ഗഡും. ഗുജറാത്തും ഹരിയാനയും രാജസ്ഥാനും ഇതേവഴിയിൽത്തന്നെ. തമിഴ്‌നാട്ടിലും പഞ്ചാബിലും കർഷകർക്ക്‌ പിടിച്ചുനിൽക്കാൻ കഴിയാത്ത നിലയിലായിരുന്നു.

ദീപിക
പല സംസ്ഥാനങ്ങളിലും കർഷകർ നിലനിൽപിനായുള്ള പോരാട്ടത്തിലാണ്‌. തമിഴ്‌നാട്ടിലെ കർഷകർ ഈയിടെ സമരവുമായി ഡൽഹിയിലെത്തിയിരുന്നു. രണ്ടാഴ്ചയോളം ജന്തർമന്തറിൽ കഴിഞ്ഞ അവരെ ആരും ഗൗനിച്ചില്ല. ഗതിമുട്ടി പലരും കൃഷിപ്പണി ഉപേക്ഷിച്ചുപോകുന്നു. കൃഷി ഉപേക്ഷിക്കാൻ നിവൃത്തിയില്ലാത്തവർ കടം വാങ്ങിയും കഠിനാധ്വാനം ചെയ്തും മുന്നോട്ടു പോകുന്നു. മഹാരാഷ്ട്രയിലെ പരുത്തിക്കൃഷി മേഖലയിലെ പ്രതിസന്ധി നിരവധി കർഷകരുടെ ജീവനെടുത്തു. പ്രശ്നം രൂക്ഷമായപ്പോൾ അവിടെ ചില സർക്കാർ ഇടപെടലുകളുണ്ടായി. മഹാരാഷ്ട്രയിൽ ഇപ്പോഴും കർഷകസമരം നടക്കുന്നു. കഴിഞ്ഞ ആറ്‌ ദിവസമായി തുടരുന്ന സമരത്തിനിടെ നാസിക്കിൽ ഒരു കർഷകൻ കീടനാശിനി കഴിച്ചു ജീവനൊടുക്കി. ചന്ദവാഡിൽ മറ്റൊരു കർഷകൻ തൂങ്ങിമരിച്ചു. അഞ്ച്‌ ഏക്കറിൽ താഴെ ഭൂമിയുള്ള കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്‌ ഉറപ്പു നൽകിയെങ്കിലും ഉത്തരവിറങ്ങാതെ സമരം നിർത്തില്ലെന്നാണ്‌ കർഷകർ പറയുന്നത്‌.

മാധ്യമം
വികസനത്തെക്കുറിച്ച്‌ ഭരണാധികാരികൾ വലിയ വായിൽ സംസാരിക്കുമ്പോഴും അടിസ്ഥാന മേഖലയായ കാർഷികരംഗത്ത്‌ കാര്യങ്ങൾ ഇപ്പോഴും പഴയപടി തന്നെയാണ്‌ എന്നതാണ്‌ മധ്യപ്രദേശിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള വാർത്തകൾ തെളിയിക്കുന്നത്‌. കാർഷിക മേഖലയിലെ പ്രശ്നങ്ങളും പ്രതിസന്ധികളും ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. കർഷക ആത്മഹത്യകൾ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും പതിവായി മാറിയിരിക്കുന്നു. കഴിഞ്ഞ മാസമാണ്‌ തമിഴ്‌നാട്ടിൽ നിന്നുള്ള കർഷകർ ഡൽഹിയിൽ തമ്പടിച്ച്‌ ദീർഘമായ സമരം നടത്തിയത്‌. അധികൃതർ ശ്രദ്ധിക്കാതായപ്പോൾ പരസ്യമായി ഉടുതുണി അഴിച്ച്‌ സമരം ചെയ്യേണ്ട അവസ്ഥ വരെ അവർക്കുണ്ടായി. സബ്കാ വികാസ്‌ (എല്ലാവരുടേയും വികസനം) എന്ന പരസ്യവാചകം നെറ്റിയിൽ എഴുതിവച്ച സർക്കാർ പക്ഷേ, കർഷകരുടെ കാര്യത്തിൽ തികഞ്ഞ നിസംഗതയാണ്‌ കാണിക്കുന്നത്‌. കർഷകരോഷം പിടിവിട്ട്‌ തിളച്ചുമറിയുന്നതിന്റെ സൂചനകളാണ്‌ മധ്യപ്രദേശിൽ കാണുന്നത്‌.
കാർഷിക, ഗ്രാമീണ മേഖലകൾ അനുഭവിക്കുന്ന പ്രശ്നങ്ങളാണ്‌ നമ്മുടെ രാജ്യത്തിന്റെ യഥാർഥ പ്രതിസന്ധികൾ.

കേരളകൗമുദി
പാർട്ടി ആസ്ഥാനമന്ദിരത്തിൽ അതിക്രമിച്ചു കയറി സീതാറാം യെച്ചൂരിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം അലയടിച്ചത്‌ സ്വാഭാവികമാണ്‌. സിപിഎമ്മിന്റേയെന്നല്ല രാജ്യത്ത്‌ ഒരു പാർട്ടിയുടെയും ഓഫീസ്‌ ആക്രമിക്കപ്പെടാൻ പാടില്ലാത്തതാണ്‌. അതുപോലെ തന്നെ പാർട്ടി നേതാക്കൾക്കുനേരെ ആരും കൈപൊക്കുന്ന സാഹചര്യവും ഒരു കാരണവശാലും ഉണ്ടായിക്കൂടാത്തതാണ്‌. തലയ്ക്ക്‌ വെളിവില്ലാത്ത കൂട്ടർ എറിയുന്ന ചെറിയൊരു തീക്കൊള്ളി മതി സമൂഹത്തിൽ ശാന്തിയും സമാധാനവും തകരാനും കലാപമായി അത്‌ ആളിക്കത്താനും. എകെജി ഭവനിലേക്ക്‌ വാനരന്മാരെ പറഞ്ഞുവിട്ടവർക്ക്‌ തീർച്ചയായും ഗൂഢലക്ഷ്യങ്ങൾ ഉണ്ടായിരിന്നിരിക്കണം. അന്വേഷണം നടത്തി അത്‌ കണ്ടെത്തേണ്ടത്‌ പൊലീസിന്റെ കർത്തവ്യമാണ്‌.

ചന്ദ്രിക
രാജ്യത്തിന്റെ സ്വാസ്ഥ്യം കെടുത്തുംവിധത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കി നേട്ടം കൊയ്യാനുള്ള നീക്കങ്ങളായി ഇത്തരം സംഭവങ്ങളെ കാണണം. തനിക്കാക്കി വെടക്കാക്കാനുള്ള സംഘ്പരിവാർ അജൻഡ വ്യാപിപ്പിക്കാൻ രാജ്യത്തിന്റെ അധികാരകേന്ദ്രം അനസ്യൂതം തന്ത്രങ്ങൾ മെനയുന്നത്‌ ഇനിയും കാണാതിരുന്നുകൂടാ. മെല്ലെ മെല്ലെ രാജ്യത്തിന്റെ മതേതര മണ്ണ്‌ ഇളിക്കിമറിച്ച്‌ വിഷവിത്തുകൾ മുളപ്പിക്കുകയാണ്‌ വർഗീയ ശക്തികളുടെ ലക്ഷ്യം. ഇന്ന്‌ അപരന്റെ സ്വീകരണ മുറിയിലെത്തി കലഹിക്കുന്ന ഫാസിസം നാളെ അവനവന്റെ കിടപ്പുമുറിയിൽ കഠാരയുയർത്തുന്ന കാലം വിദൂരമല്ല. ഇതു തിരിച്ചറിഞ്ഞ ജനാധിപത്യ ഇന്ത്യയുടെ ഭാവി സംരക്ഷിക്കാൻ മതേതര ശക്തികൾ ഒന്നിച്ചു നിൽക്കുകയാണ്‌ കരണീയം.

സിറാജ്‌
ജനാധിപത്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്‌ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക്‌ നേരെ ഡൽഹി എകെജി ഭവനിൽ നടന്ന അക്രമം.
തീവ്രഹിന്ദുത്വ പദ്ധതിയെ എതിർക്കുന്നവരെയെല്ലാം ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയോ വധിക്കുകയോ ചെയ്യുകയെന്ന അജൻഡയുടെ ഭാഗമായി വേണം ഈ അക്രമത്തെ കാണാൻ. നിയമസംവിധാനങ്ങളെ നോക്കുകുത്തിയാക്കി വിധ്വംസക അജൻഡയുമായി സംഘ്പരിവാർ ഫണം വിടർത്തിയാടുകയാണ്‌ രാജ്യത്തെങ്ങും. കപട ദേശീയത ആയുധമാക്കി ഭിന്നസ്വരമുള്ളവരെ നിശബ്ദരാക്കുകയോ നാടുകടത്തുകയോ ചെയ്യുകയെന്നത്‌ അവരുടെ ശൈലിയാണെന്ന്‌ മുസോളിനിയുടേതും ഹിറ്റ്ലറുടേതുമുൾപ്പെടെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. ആഗോള ഫാസിസത്തിന്റെ ഭാഗം തന്നെയാണ്‌ മോഡിയുടെ നേതൃത്വത്തിൽ ശക്തി പ്രാപിക്കുന്ന ഇന്ത്യയിലെ ഹിന്ദുത്വ ശക്തികളും.

വീക്ഷണം
സിപിഎം ദേശീയ ആസ്ഥാനമായ ഡൽഹി എകെജി ഭവനിൽ കയറി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ മർദിച്ച സംഘ്പരിവാർ ഗുണ്ടകളുടെ നടപടി അപലപനീയമാണ്‌. കഴിഞ്ഞ ദിവസം കണ്ണൂരിലെ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ നടത്തിയ മൃഗകശാപ്പിനെതിരെ എഐസിസി ഓഫീസിലേക്ക്‌ ബിജെപി നടത്തിയ മാർച്ചിന്റെ തുടർച്ചയാണ്‌ എകെജി ഭവനിലെ കയ്യേറ്റം. തങ്ങൾക്ക്‌ ഹിതകരമല്ലാത്തത്‌ പറയുന്നതും പ്രവർത്തിക്കുന്നതും അനുവദിക്കില്ല എന്ന ഫാസിസ്റ്റ്‌ സന്ദേശമാണ്‌ സംഘ്പരിവാർ നൽകിക്കൊണ്ടിരിക്കുന്നത്‌.
ഇന്ത്യൻ പാർലമെന്റിലെ മതനിരപേക്ഷതയുടെ വീറുറ്റ സാന്നിധ്യവും ശബ്ദവുമാണ്‌ യെച്ചൂരി. അത്തരത്തിലുള്ള ഒരു മഹാവ്യക്തിത്വത്തെ ഗുണ്ടകളെ ഉപയോഗിച്ച്‌ നിശബ്ദനാക്കാനുള്ള ശ്രമങ്ങളെ ജനാധിപത്യ-മതനിരപേക്ഷ പ്രസ്ഥാനങ്ങൾ ശക്തിയായി പ്രതിരോധിച്ചേ മതിയാവൂ.
ബിജെപിയുടെ കേന്ദ്രഭരണത്തിൻ കീഴിൽ പ്രവർത്തിക്കുന്ന പൊലീസ്‌ നിസംഗരായി നോക്കിനിൽക്കുമ്പോഴാണ്‌ യെച്ചൂരി ആക്രമിക്കപ്പെട്ടത്‌. സിപിഎം കേന്ദ്ര ആസ്ഥാനത്തിനും ജനറൽ സെക്രട്ടറിക്കും നേരെ നടന്ന അക്രമങ്ങൾ നിസാരവൽക്കരിക്കാൻ സാധ്യമല്ല.

തേജസ്‌
വിയോജിപ്പുകളും വിമർശനങ്ങളും ഒരു ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന സ്വഭാവമാണ്‌. ജനാധിപത്യം സാർഥകമാവുന്നതുതന്നെ വിയോജിക്കാനുള്ള അവകാശം നിലനിൽക്കുമ്പോഴാണ്‌. എന്നാൽ ഒരുതരത്തിലുള്ള വിമതശബ്ദവും അനുവദിക്കില്ലെന്ന ഫാഷിസ്റ്റുകളുടെ ധാർഷ്ട്യമാണ്‌ യെച്ചൂരിക്കെതിരായ ആക്രമണത്തിന്‌ പിന്നിൽ. എഴുത്തുകാർക്കും ബുദ്ധിജീവികൾക്കും എതിരായ ആക്രമണ പരമ്പരകൾക്ക്‌ രാജ്യം സാക്ഷ്യംവഹിച്ച ഈ കെട്ടകാലത്ത്‌ ഹിന്ദുത്വ ഫാഷിസത്തെ എക്കാലത്തും ശക്തമായി എതിർത്തുപോന്ന യെച്ചൂരിക്കു നേരെയുണ്ടായ അക്രമം അതുകൊണ്ടുതന്നെ അത്ഭുതമുളവാക്കുന്ന ഒന്നല്ല.
അധികാരത്തിൽ ഇരുന്നും തങ്ങളുടെ ഉള്ളിലെ അളിഞ്ഞ ശീലങ്ങൾ പുറത്തെടുക്കുകയാണ്‌ അവർ. സ്വയം കൽപിച്ചുണ്ടാക്കിയ ഭ്രമാത്മക ലോകത്തിരുന്ന്‌, തങ്ങൾ ആരെയൊക്കെയോ തോൽപിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ ഫാഷിസം ആനന്ദം കൊള്ളുകയാണ്‌. പക്ഷേ, ഇവിടെ തോറ്റുകൊണ്ടിരിക്കുന്നത്‌ ഇന്ത്യാ മഹാരാജ്യമാണെന്ന്‌ തിരിച്ചറിയാൻ രാജ്യത്തെ ജനങ്ങൾക്ക്‌ ഇനിയും എത്രകാലം വേണ്ടിവരും?

മാതൃഭൂമി
എതിർസ്സ്വരങ്ങളെയും ഭിന്നാഭിപ്രായങ്ങളെയും അടിച്ചമർത്താനും ശാരീരികമായി നേരിടാനും ശ്രമിക്കുന്നത്‌ അസഹിഷ്ണുതയുടെ ഫലമായാണ്‌. അക്രമാസക്തമായിത്തീർന്നിരിക്കുന്ന ആ അസഹിഷ്ണുത ഇന്ന്‌ പലരീതിയിൽ ഇന്ത്യയിൽ നടമാടുന്നുണ്ട്‌. സദാചാരഗുണ്ടായിസത്തിന്റെ ഭാഗമായ അക്രമങ്ങൾ തൊട്ട്‌ പശുസംരക്ഷണത്തിന്റെയും മാട്ടിറച്ചി കഴിക്കലിന്റെയും കാലിത്തോൽ സംസ്കരണത്തിന്റെയും പേരിലുള്ള അക്രമങ്ങൾ വരെ നീളുന്നു അവ. കന്നുകാലികളെ കശാപ്പിനായി ചന്തയിൽ വിൽക്കുന്നത്‌ നിരോധിച്ചതിൽ ഉണ്ടായ പ്രതിഷേധങ്ങളും ബീഫ്‌ വിളമ്പലുമെല്ലാം അസഹിഷ്ണുത വർധിപ്പിച്ചിരിക്കുകയും ചെയ്യുന്നു. ബഹുകക്ഷി ജനാധിപത്യവും വ്യത്യസ്ത മതങ്ങളും ഭിന്ന ഭിന്നങ്ങളായ ആചാരരീതികളും സംസ്കാരങ്ങളും നിലനിൽക്കുന്ന ഇന്ത്യയ്ക്ക്‌ അപകടം വരുത്തിവയ്ക്കുകയേയുള്ളൂ ഈ അസഹിഷ്ണുതയും അക്രമവും. അതിനെ നിയന്ത്രിക്കാനല്ല, തള്ളിപ്പറഞ്ഞ്‌ ഇല്ലാതാക്കി ജനാധിപത്യവ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പാക്കാനാണ്‌ രാഷ്ട്രീയകക്ഷികളും നേതാക്കളും ഭരണാധികാരികളും ശ്രമിക്കേണ്ടത്‌.

മെട്രോവാർത്ത
സീതാറാം യെച്ചൂരിക്കു നേരെയുണ്ടായ ആക്രമണം നിസാരമായി കണ്ട്‌ തള്ളിക്കളയേണ്ടതല്ല. രാജ്യതലസ്ഥാനത്ത്‌ ഒരു രാഷ്ട്രീയ പാർട്ടിയുടെ ആസ്ഥാനത്തിനും അതിന്റെ സമുന്നത നേതാവിനും നേർക്കുള്ള കടന്നുകയറ്റമായിത്തന്നെ അധികൃതർ അതിനെ കാണണം.
ഡൽഹി പൊലീസിനെ ഭരിക്കുന്നതു കേന്ദ്രസർക്കാരാണ്‌. കേന്ദ്രസർക്കാരിനൊട്‌ ആഭിമുഖ്യമുള്ളവരാണ്‌ ആക്രമണം നടത്തിയതും. അതുകൊണ്ടുതന്നെ തങ്ങൾക്ക്‌ ശക്തമായ നിയമസംരക്ഷണം ലഭിക്കുമെന്ന മുൻധാരണ കുറ്റവാളികൾക്കുണ്ടായിരിക്കണം. എന്നാൽ ഇത്തരം കുറ്റകൃത്യങ്ങൾക്ക്‌ രാഷ്ട്രീയ സംരക്ഷണം ലഭിക്കില്ലെന്ന സന്ദേശമാണ്‌ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ടത്‌. നൂറിലധികം രാഷ്ട്രീയ പാർട്ടികൾക്ക്‌ തലസ്ഥാനത്ത്‌ ഓഫീസുകളുണ്ട്‌. അതിൽ ഓരോന്നിലും കടന്നുകയറി ആരെയും ആക്രമിക്കാം എന്ന തോന്നൽ ആർക്കെങ്കിലും ഉണ്ടായാൽ വലിയ അപകടത്തിലേക്കാവും രാജ്യത്തെ കൊണ്ടുചെന്നെത്തിക്കുക.

മംഗളം
ഗൾഫ്‌ മേഖലയിലെ ഏത്‌ പ്രതിസന്ധിയും ഇന്ത്യക്കും പ്രത്യേകിച്ച്‌ കേരളത്തിനും നൽകുന്ന ചങ്കിടിപ്പ്‌ ചെറുതല്ല. കേരളത്തെ ഇന്ന്‌ കാണുന്ന അവസ്ഥയിൽ എത്തിച്ചത്‌ തങ്ങളാണെന്ന അവകാശപ്പെടാൻ നാട്‌ ഭരിച്ച ഓരോ രാഷ്ട്രീയപാർട്ടികൾക്കും അവകാശമുണ്ടെങ്കിലും ഗൾഫ്‌ പണത്തിന്റെ നിർണായക പങ്ക്‌ ആർക്കും നിഷേധിക്കാനാകില്ല. സ്വദേശിവത്കരണ മുറവിളി ശക്തമായതോടെ പ്രവാസികളുടെ തൊഴിൽ സാധ്യത കുറയുകയും ബുദ്ധിമുട്ട്‌ വർധിക്കുകയും ചെയ്തിട്ടുണ്ട്‌. എന്നാലും മലയാളിക്ക്‌ ഗൾഫ്‌ ഇന്നും അത്താണി തന്നെ. ഖത്തറിനെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങളുടെ ഉപരോധം എല്ലാവരേയും ഞെട്ടിക്കുന്നതായി.
ഖത്തറിലെ ആറര ലക്ഷത്തോളം ഇന്ത്യക്കാരിൽ മൂന്ന്‌ ലക്ഷം മലയാളികളുണ്ട്‌. ഇപ്പോഴത്തെ പ്രതിസന്ധി പെരുന്നാളിന്‌ മുമ്പെ അയയുമെന്ന സൂചന ഇവർക്ക്‌ നൽകുന്ന ആശ്വാസം ചെറുതായിരിക്കില്ല.