Thursday
24 May 2018

കാഴ്ചപ്പാടുകൾ

By: Web Desk | Monday 17 July 2017 4:50 AM IST

കേരളകൗമുദി
ദിലീപിന്റെ അറസ്റ്റ്‌ മലയാള സിനിമയുടെ മുഖത്തേറ്റ കനത്തപ്രഹരം തന്നെയാണ്‌. ഒരാളുടെ ദുഷ്ചെയ്തിക്ക്‌ ചലച്ചിത്ര മേഖലയാകെ നിന്ദിതമായ അവസ്ഥയാണ്‌ വന്നുചേർന്നിരിക്കുന്നത്‌. താരസംഘടനയായ ‘അമ്മ’ ദിലീപിനനുകൂല സമീപനം സ്വീകരിച്ചതിന്റെ പേരിൽ പരക്കെ വിമർശനം നേരിടേണ്ടിവന്നു. അറസ്റ്റിനുശേഷം ചേർന്ന അമ്മയുടെ എക്സിക്യൂട്ടീവ്‌ കമ്മിറ്റി ദിലീപിനെ സംഘടനയിൽ നിന്ന്‌ പുറത്താക്കാൻ തീരുമാനമെടുത്തിട്ടുണ്ട്‌. ഇത്തരമൊരു സന്ദർഭത്തിൽ ഉചിത നടപടി തന്നെയാണത്‌. അക്രമത്തിനിരയായ തങ്ങളുടെ സഹജീവിക്കൊപ്പം തന്നെയാണ്‌ തങ്ങളെന്ന ‘അമ്മ’യുടെ പ്രഖ്യാപനവും സ്വാഗതാർഹമാണ്‌. ജനവികാരം താരസംഘടനയും ഈ രംഗത്തെ മറ്റു സംഘടനകളും മനസിലാക്കുന്നുവെന്ന്‌ കാണുന്നത്‌ ശുഭോദർക്കമായി കരുതാം.

സിറാജ്‌
കേരള പൊലീസിന്റെ തൊപ്പിയിലെ പൊൻതൂവലാണ്‌ കേസിന്റെ പരിസമാപ്തി. അഞ്ച്‌ മാസം മുമ്പാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്‌. മാസങ്ങൾ കടന്നുപോയിട്ടും കേസിന്‌ തുമ്പുണ്ടാകാതിരുന്നത്‌ വിമർശനത്തിന്‌ ഇടയാക്കിയിരുന്നു. എന്നാൽ, ഈ നാളുകളിലൊന്നും പൊലീസ്‌ അലസമായിരിക്കുകയായിരുന്നില്ല. ആസൂത്രിതമായ നീക്കത്തിലൂടെ പ്രതികളാരെല്ലാമെന്ന്‌ കൃത്യമായി കണ്ടെത്താനുള്ള യജ്ഞത്തിലായിരുന്നുവെന്നാണ്‌ ഇപ്പോൾ ബോധ്യമാകുന്നത്‌. സംഭവം യാദൃശ്ചികമല്ല, പിന്നിൽ ഗൂഢാലോചനയുണ്ടെന്നുള്ള സംശയം തുടക്കത്തിലേ ഉയർന്നിരുന്നു. നടൻ ദിലീപിന്റെ പേരും ഒപ്പം ഉയർന്നു കേട്ടു. തിടുക്കപ്പെട്ട്‌ എന്തെങ്കിലും നടപടി സ്വീകരിക്കാതെ ഈ ആരോപണത്തിന്റെ നിജസ്ഥിതി അറിയുന്നതിന്‌ സമർഥവും ശാസ്ത്രീയവുമായ അന്വേഷണത്തിലൂടെ മുന്നോട്ട്‌ നീങ്ങുകയായിരുന്നു പൊലീസ്‌. മറ്റു കുറ്റകൃത്യങ്ങളിലും ഈ കേസിൽ കാണിച്ച ജാഗ്രതയും കാര്യക്ഷമതയും പൊലീസ്‌ കാണിക്കേണ്ടതുണ്ട്‌.

ചന്ദ്രിക
വിദേശങ്ങളിൽ നിന്ന്‌ വ്യത്യസ്തമായി, അഭിനയശേഷിക്കുപരി ശരീരസൗന്ദര്യവും ഗ്ലാമറുമാണ്‌ സിനിമ എന്ന ജനപ്രിയ മാധ്യമത്തിൽ ഇന്നും പ്രധാന മാനദണ്ഡം. മലയാള സിനിമയുടെ തൊണ്ണൂറ്‌ വർഷത്തെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണെങ്കിലും ലൈംഗിക ചൂഷണങ്ങളും പ്രതികാര പ്രവൃത്തികളും ഇന്ത്യൻ സിനിമാരംഗത്താകെ നിലവിലുള്ളതാണെന്നത്‌ പരസ്യമായ രഹസ്യമാണ്‌. നടികളെ സ്വകാര്യമായി വിസ്തരിക്കുന്ന ‘കാസ്റ്റിങ്കൗച്ച്‌’ സംവിധാനമാണ്‌ ഇതിലൊന്ന്‌. ഗുണ്ടകളും മയക്കുമരുന്നിടപാടുകാരും പിടിച്ചുപറിക്കാരും വരെ ഈ മേഖലയിലുണ്ടെന്ന്‌ വ്യക്തമായിട്ടും ഈ രംഗത്തെ പ്രമുഖരുടെയോ അധികൃതരുടെയോ ഭാഗത്തുനിന്ന്‌ ചെറുവിരലനങ്ങാതിരുന്നത്‌ എന്തുകൊണ്ട്‌? പാർവതിയെപോലുള്ള നടികൾ പറഞ്ഞത്‌ മാത്രമായിരുന്നു ഏക അപവാദം. ഇരയ്ക്ക്‌ നീതി ഉറപ്പുവരുത്തണമെങ്കിൽ സ്ത്രീകളുടെയും പൊതുസമൂഹത്തിന്റെയാകെയും നിതാന്ത ജാഗ്രതയാണ്‌ സ്ത്രീ പീഡകർക്കെതിരെ ഇനി ഉണ്ടാവേണ്ടത്‌.

ജന്മഭൂമി
വെള്ളിവെളിച്ചത്തിലെ കാര്യങ്ങൾ ജനങ്ങൾക്ക്‌ കൂടുതൽ താൽപര്യമുള്ളതിനാൽ അതിലെ ഓരോ ചലനത്തിനും പൊടിപ്പും തൊങ്ങലും ചാർത്തുക സ്വാഭാവികം. എന്നാൽ ഒരു നടൻ തികഞ്ഞ ക്രിമിനൽ ബുദ്ധിയോടെ പെരുമാറുന്ന സാഹചര്യം ആർക്കും ഉൾക്കൊള്ളാനാവുന്നതായിരുന്നില്ല. പുതിയ സംഭവഗതികൾക്കു പിന്നിൽ, കണ്ണീരുവീണ ഒട്ടേറെ കലാകാരന്മാരുടെ ശാപമുണ്ടെന്ന്‌ ബന്ധപ്പെട്ടവർ ഓർക്കണം. ധാർഷ്ട്യത്തിന്റെ മുള്ളുവടികൊണ്ട്‌ തിലകൻ ഉൾപ്പെടെയുള്ളവരെ തല്ലി ചോര തെറിപ്പിച്ചവർ ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടം നടത്തണം. എന്തിനും പോന്ന അവകാശമല്ല ചലച്ചിത്രമേഖലയിലെ സാന്നിധ്യമെന്ന്‌ അതിലെ ഓരോ കലാകാരനും മനസിലാക്കണം. ആ മേഖലയിലാകെ പടർന്നു പിടിച്ചിരിക്കുന്ന ക്യാൻസറിനുള്ള റേഡിയേഷൻ ചികിത്സയായി ഈ കേസിനെ കണ്ടാൽ നന്മയുടെ വഴിയിലൂടെ യാത്ര ചെയ്യാം.

തേജസ്‌
മലയാള ചലച്ചിത്രരംഗത്ത്‌ ഒരു മാഫിയാ സംഘം കൊടികുത്തിവാഴാൻ തുടങ്ങിയിട്ട്‌ കാലമേറെയായി. ദിലീപ്‌ ആ മാഫിയയിലെ കിങ്ങ്പിന്നാണെന്നാണ്‌ പറഞ്ഞുകേൾക്കുന്നത്‌. മമ്മൂട്ടിയും മോഹൻലാലുമൊക്കെ അടങ്ങുന്ന താരസംഘം ഈ മാഫിയയുമായി സഹകരിച്ചുപോവുകയാണ്‌. ‘ജനപ്രതിനിധി സമം കലാകാരൻ’ എന്ന ടൂ ഇൻ വൺ പ്രതിഭാസത്തിന്റെ ഭാഗമായി വർത്തിക്കുന്നവരും ഈ മണ്ഡലത്തിലുണ്ട്‌. അവരുടെ സ്ഥിതിയും മറ്റൊന്നല്ല.
സിനിമാതാരങ്ങളുടെയും സംവിധായകരുടെയുമെല്ലാം പ്രവർത്തനങ്ങൾ, കൃത്യമായ സോഷ്യൽ ഓഡിറ്റിങ്ങിന്‌ വിധേയമാവുന്ന സമൂഹത്തിൽ മാത്രമേ അവരുടെ മാഫിയ പ്രവർത്തനങ്ങൾക്ക്‌ അറുതിവരൂ. ദിലീപിൽ നിന്ന്‌ തുടങ്ങട്ടെ പ്രസ്തുത പരിശോധന; മമ്മൂട്ടിയും മോഹൻലാലിലും അത്‌ അവസാനിക്കാതിരിക്കുകയും ചെയ്യട്ടെ.

സുപ്രഭാതം
വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ്‌ പ്ലാച്ചിമടയിലെ ഫാക്ടറി ഇനി തുറക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന്‌ കൊക്കകോള കമ്പനി വ്യാഴാഴ്ച സുപ്രിംകോടതിയെ അറിയിച്ചത്‌. ജനകീയ പ്രക്ഷോഭത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയ്ക്കൊപ്പം ആവശ്യാനുസരണം ഊറ്റിയെടുക്കാൻ ജലം കിട്ടാതായ അവസ്ഥയും അന്താരാഷ്ട്രതലത്തിൽ കമ്പനിക്കു പേരുദോഷമുണ്ടാകുമെന്ന ആശങ്കയും ഈ പിന്മാറ്റത്തിനു കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്‌. അതെന്തുതന്നെയായാലും വർഷങ്ങളായി കേരളം ആഗ്രഹിക്കുന്നതാണ്‌ ഈ കെട്ടുകെട്ടൽ.
ഭൂമിയിൽ ജീവന്റെ നിലനിൽപിന്‌ ഏറ്റവുമധികം അനിവാര്യമായ കുടിവെള്ളത്തിനു കടുത്ത ക്ഷാമം നേരിടുന്ന കാലയളവിൽ പ്ലാച്ചിമടയിൽ ഈ സ്ഥാപനം തുറന്നതോടെ പരിസ്ഥിതിയെക്കുറിച്ചും ഭരണവർഗരാഷ്ട്രീയക്കാരുടെ വാക്കിലേയും പ്രവൃത്തിയിലേയും കാപട്യത്തെക്കുറിച്ചും അഭൂതപൂർവമായ ചർച്ചയ്ക്ക്‌ വഴിതുറക്കുക കൂടിയായിരുന്നു കേരളത്തിൽ.
ഒരു ബഹുരാഷ്ട്ര ഭീമനും നാട്ടുകാരെ വെല്ലുവിളിച്ച്‌ ഒരു നാട്ടിലും അധികകാലം മുന്നോട്ടുപോകാനാവില്ലെന്ന പാഠമാണ്‌ പ്ലാച്ചിമട നൽകുന്നത്‌. എന്നാൽ, ഇവിടെ തീരുന്നില്ല പ്ലാച്ചിമടക്കാരുടെ പ്രശ്നങ്ങൾ. കമ്പനി നാട്ടിൽ വിതച്ച ദ്രോഹങ്ങൾക്ക്‌ പ്രതിവിധിയായി നാട്ടുകാർക്ക്‌ നഷ്ടപരിഹാരം നൽകേണ്ടതുണ്ട്‌.
ഇത്‌ ഈടാക്കാനായി ട്രൈബ്യൂണൽ രൂപീകരിക്കാൻ നിയമസഭ പാസാക്കിയ ബില്ല്‌ രാഷ്ട്രപതി തിരിച്ചയയ്ക്കുകയാണുണ്ടായത്‌. ഈ ഉത്തരവാദിത്വത്തിൽ നിന്ന്‌ ഒളിച്ചോടാൻ കമ്പനിയെ അനുവദിക്കാതെ നഷ്ടപരിഹാരം ഈടാക്കാൻ നിയമാനുസൃതം സാധ്യമായ എല്ലാവിധ നടപടികളുമായി സർക്കാർ മുന്നോട്ടുപോകേണ്ടതുണ്ട്‌.

വീക്ഷണം
ലോകവ്യാപകമായി 800 പ്ലാന്റുകളുള്ള കൊക്കകോള കമ്പനി ആദ്യമായാണ്‌ സ്വമേധയാ അല്ലാതെ പ്രവർത്തനം അവസാനിപ്പിച്ച്‌ മടങ്ങുന്നത്‌. വീണ്ടും തുറക്കില്ലെന്ന്‌ കമ്പനി തീരുമാനിച്ചതോടെ സമരം വിജയം കണ്ടിരിക്കുകയാണ്‌. കേരളം കണ്ട വലിയ ജനകീയ പ്രക്ഷോഭങ്ങളിൽ ഒന്നാണ്‌ പ്ലാച്ചിമടയിൽ അരങ്ങേറുന്നത്‌. ഒരു പ്രദേശത്തെ ശുദ്ധജല സ്രോതസുകൾ മുഴുവൻ ഊറ്റിയെടുത്തുകൊണ്ട്‌ ജനങ്ങൾക്ക്‌ കുടിവെള്ളം പോലും ഇല്ലാതാക്കിയതിനെതിരെയുള്ള സമരം 15 വർഷം പൂർത്തിയായപ്പോഴാണ്‌ അമേരിക്ക ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനി സമ്പൂർണ പിന്മാറ്റ തീരുമാനം പ്രഖ്യാപിച്ചത്‌.
കൊക്കകോള നഷ്ടപരിഹാര ട്രൈബ്യൂണൽ രൂപീകരിച്ച്‌ അനന്തര നടപടികൾ പൂർത്തിയാക്കുംവരെ സമരവുമായി മുന്നോട്ടുപോകാനുള്ള സമരസമിതിയുടെ അടുത്ത പരിപാടി ശ്ലാഘനീയമാണ്‌.

മാധ്യമം
കൊക്കക്കോള കമ്പനി ഒടുവിൽ പ്ലാച്ചിമട വിട്ടു. ജനകീയ പ്രക്ഷോഭങ്ങളുടെയും നിയമപോരാട്ടത്തിന്റെയും കൂട്ടായ ശക്തിക്കു മുന്നിൽ പിടിച്ചുനിൽക്കാനാവില്ലെന്ന്‌ കമ്പനി ഒടുവിൽ തിരിച്ചറിയുകയായിരുന്നു. സുപ്രിംകോടതിയിൽ നടന്നുവരുന്ന കേസിൽ നിന്ന്‌ നാടകീയമായാണ്‌ കമ്പനി, പ്ലാച്ചിമടയിൽ ഇനി കോള ഉൽപാദക പ്ലാന്റ്‌ പ്രവർത്തിക്കില്ലെന്ന തീരുമാനം അറിയിച്ചത്‌. ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ്‌ കോർപറേഷനുവേണ്ടി അഭിഭാഷകൻ ഇക്കാര്യമറിയച്ചതോടെ കേസുകൾ തീർപ്പാക്കിയതായി കോടതി ഉത്തരവിട്ടു. കോർപറേറ്റുകളുടെ പ്രകൃതിവിഭവ ചൂഷണത്തിനെതിരായ ജനപക്ഷസമരങ്ങളുടെ വിജയം കൂടിയാണ്‌ കോള കമ്പനിയുടെ ഈ അടിയറവ്‌.
ജനങ്ങളുടെ ഈ വിജയത്തിൽ ആഹ്ലാദിക്കുമ്പോഴും, കമ്പനിയുടെ തന്ത്രപരമായ പിന്മാറ്റം മൂലം കോർപറേറ്റുകളുടെ ചൂഷണങ്ങൾക്കെതിരെ ഉണ്ടായിരുന്ന വിധി അലസിപ്പോയില്ലേ എന്നും ചോദ്യമുന്നയിക്കാം. ആഗോളതലത്തിൽ ഉയർന്നുവരുന്ന ജല-വായു-ഭൂമി വിഭവങ്ങളെക്കുറിച്ച്‌ ജനകീയ അവബോധത്തിന്‌ നിയമത്തിന്റെ പിൻബലം ഇന്ത്യയിലും ലഭിക്കേണ്ടതുണ്ട്‌.

ദീപിക
പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനിയുടെ പിൻവാങ്ങൽ ഒന്നര പതിറ്റാണ്ടു നീണ്ട ജനകീയ പ്രക്ഷോഭങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും പര്യവസാനം കുറിക്കുന്നു. പാലക്കാട്‌ ജില്ലയിലെ പ്ലാച്ചമടയിലുള്ള ഫാക്ടറി തുറക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നു കമ്പനി സുപ്രിംകോടതിയെ ബോധിപ്പിച്ചു. ജലചൂഷണം, പരിസ്ഥിതി പ്രശ്നങ്ങൾ, വ്യവസായവത്കരണം, തദ്ദേശസ്ഥാപനങ്ങളുടെ അധികാരപരിധി തുടങ്ങി പല വിഷയങ്ങളും പ്ലാച്ചിമട കേസിനോടനുബന്ധിച്ചു ചർച്ച ചെയ്യപ്പെട്ടിരുന്നു. ബഹുരാഷ്ട്ര കമ്പനികൾ രാജ്യത്തു കടന്നുവന്നു നമ്മുടെ പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യുന്നതിന്റെ പ്രത്യാഘാതങ്ങളും ചർച്ചാവിഷയമായി. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പലതും ഈ വിഷയത്തിൽ പ്രത്യക്ഷത്തിൽ ജനാഭിപ്രായത്തിന്‌ അനുകൂലമായാണ്‌ നിലകൊണ്ടതെങ്കിലും ചിലരുടെയെങ്കിലും നിലപാടുകളിൽ ഇരട്ടത്താപ്പു കണ്ടെത്താനായി. ഏതായാലും പ്രാദേശികമായ ജനമുന്നേറ്റത്തിന്റെ വിജയമാണ്‌ കമ്പനിയുടെ പിന്മാറ്റം.

മലയാളമനോരമ
ഗംഗയെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി നദിയിലും തീരത്തും മാലിന്യം തള്ളുന്നതു നിരോധിച്ചാണ്‌ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എൻജിടി) ഉത്തരവ്‌. നദീതീരത്തിന്റെ 500 മീറ്റർ പരിധിക്കുള്ളിൽ മാലിന്യം തള്ളുന്നവരിൽ നിന്ന്‌ 50,000 രൂപ പിഴ ഈടാക്കാനാണ്‌ ഉത്തരവിട്ടിട്ടുള്ളത്‌. തീരത്തിന്‌ 100 മീറ്റർ ചുറ്റളവിനുള്ളിൽ എല്ലാവിധ നിർമാണങ്ങളും നിരോധിച്ച്‌ വ്യവസായരഹിത മേഖലയായി പ്രഖ്യാപിക്കാനും നിർദേശിച്ചിട്ടുണ്ട്‌. ടൺ കണക്കിനു വ്യവസായ മാലിന്യങ്ങളാണ്‌ ദിനംപ്രതി ഒഴുകിയെത്തുന്നത്‌.
കേരളത്തിലെ ഓരോ നദിയും ശ്വാസംമുട്ടി മരിക്കുമ്പോൾ ഇപ്പോഴത്തെ എൻജിടി ഉത്തരവിൽ തീർച്ചയായും നമുക്കുള്ള തിരിച്ചറിവുകൂടി വായിക്കേണ്ടതുണ്ട്‌. മാലിന്യവാഹിനികളായ കേരളത്തിലെ പുഴകളെല്ലാം തേടുന്നതു സംരക്ഷണവും പരിഗണനയുമാണ്‌.
ഗംഗയുടെ വിമലീകരണദൗത്യം സഫലമായി മുന്നേറുമ്പോൾ നമ്മുടെ നാൽപത്തിനാല്‌ നദികൾക്കുമുള്ളൊരു വലിയ സന്ദേശം കൂടി ആ മഹാനദിയുടെ തെളിമയിലുണ്ടാകും.

മെട്രോവാർത്ത
പുണ്യനദിയായ ഗംഗയുടെ കരയിൽ നിന്നുള്ള നൂറു മീറ്റർ പരിധിയിൽ വികസന, നിർമാണ പ്രവർത്തനങ്ങൾ വിലക്കിക്കൊണ്ടുള്ള ഹരിത ട്രൈബ്യൂണൽ വിധി അവിടെ മാത്രം ഒതുങ്ങേണ്ടതല്ല. ഗംഗയെ മാലിന്യമുക്തമാക്കി ശുദ്ധീകരിക്കാനുള്ള നീക്കങ്ങൾക്ക്‌ ഊർജം പകരുന്നതാണ്‌ ഈ നടപടി. ഹരിദ്വാർ മുതൽ യുപിയിലെ ഉന്നാവോ വരെയുള്ള മേഖലയിൽ നദിക്കരയുടെ 500 മീറ്റർ പരിധിയിൽ മാലിന്യം തള്ളരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്‌. നദിക്കരയിൽ മാലിന്യം തള്ളുന്നവർക്ക്‌ അൻപതിനായിരം രൂപ പിഴ വിധിക്കണമെന്നാണ്‌ ജസ്റ്റിസ്‌ സ്വതന്തർ കുമാർ അധ്യക്ഷനായ ട്രൈബ്യൂണലിന്റെ വിധി.
മൂന്ന്‌ പതിറ്റാണ്ടു മുൻപ്‌ എൻ സി മേത്ത എന്ന അഭിഭാഷകൻ തുടങ്ങിവച്ച നിയമപോരാട്ടമാണ്‌ ഈ തീർപ്പിലെത്തിച്ചത്‌. അത്രയും കാലംകൊണ്ട്‌ വിവിധ ശുദ്ധീകരണ പദ്ധതികൾക്കായി ഗംഗയിലൂടെ ഒഴുക്കിക്കളഞ്ഞത്‌ 7000 കോടി രൂപയെങ്കിലും വരും. ആ പദ്ധതികൾക്കും പരിപാടികൾക്കുമൊന്നും ഗംഗയെ മാലിന്യമുക്തമാക്കാൻ സാധിച്ചില്ല.

ദേശാഭിമാനി
‘ദി ആർഗ്യുമെന്റേറ്റീവ്‌ ഇന്ത്യൻ’ എന്ന പേരിലാണ്‌ സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ സുമൻ ഘോഷ്‌ അമർത്യ സെന്നിനെക്കുറിച്ചുള്ള ഡോക്യുമെന്ററി തയാറാക്കിയത്‌. 15 വർഷം നീണ്ട പ്രയത്നത്തിന്റെ ഫലമാണ്‌ ആ ചിത്രം. കൗശിക്‌ ബസുവുമായുള്ള സെന്നിന്റെ സംഭാഷണം അതിലുണ്ട്‌. അതിനിടെയാണ്‌ പശുവും ഗുജറാത്തും മറ്റും പരാമർശിക്കപ്പെടുന്നത്‌. ഇന്ത്യയിൽ ഇപ്പോൾ നിലനിൽക്കുന്ന രാഷ്ട്രീയാന്തരീക്ഷത്തിൽ ഇത്തരം വാക്കുകൾ അനുവദിക്കാനാകില്ലെന്നാണ്‌ സംവിധായകനോട്‌ സെൻസർ ബോർഡ്‌ പറഞ്ഞത്‌.
ഈ വാക്കുകൾ വരുന്നിടത്ത്‌ ബീപ്‌ ശബ്ദം കേൾപ്പിച്ചാൽ അനുമതി നൽകാമെന്ന ഔദാര്യവും സെൻസർ ബോർഡ്‌ പ്രകടിപ്പിച്ചിട്ടുണ്ടെന്ന്‌ സംവിധായകൻ വ്യക്തമാക്കുന്നു. അമർത്യ സെൻ ഉന്നയിക്കുന്ന വാദങ്ങളെ സാധൂകരിക്കുന്നതാണ്‌ സെൻസർ ബോർഡിന്റെ നിലപാടെന്ന സുമൻ ഘോഷിന്റെ പ്രതികരണം അർഥവത്താണ്‌. രാജ്യത്ത്‌ നിലനിൽക്കുന്ന അസഹിഷ്ണുതയെ കുറിച്ച്‌ അമർത്യസെൻ നടത്തുന്ന പരാമർശങ്ങളുടെയും അതടങ്ങുന്ന ഡോക്യുമെന്ററിയുടെയും പ്രസക്തിക്ക്‌ അടിവരയിടുന്നതാണ്‌ സെൻസർ ബോർഡിന്റെ നിലപാട്‌.

മാതൃഭൂമി
അധികാരത്തിലിരിക്കുന്ന ശക്തിക്ക്‌ അപ്രിയമാവുന്നതൊന്നും മിണ്ടരുതെന്ന നിയമം ഇന്ത്യയിലില്ല. പക്ഷേ കേന്ദ്രഫിലിം സർട്ടിഫിക്കേഷൻ ബോർഡ്‌ എന്ന സെൻസർബോർഡിന്റെ നിലപാട്‌ അതാണ്‌. നൊബേൽ സമ്മാനവും ‘ഭാരതരത്ന’വും നേടിയിട്ടുള്ള വിശ്രുത ധനശാസ്ത്രജ്ഞൻ അമർത്യസെന്നിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ചലച്ചിത്രത്തിന്‌ വിലക്കേർപ്പെടുത്തിക്കൊണ്ട്‌ സെൻസർ ബോർഡ്‌ അസഹിഷ്ണുതയുടെ ആ നിയമം നടപ്പാക്കിയിരിക്കുന്നു.
കഥാചിത്രങ്ങൾക്ക്‌ അസഭ്യമോ അശ്ലീലമോ ദേശവിരുദ്ധമോ ആയ ദൃശ്യങ്ങളുടെയും പദപ്രയോഗങ്ങളുടെയും പേരിലും ഏതെങ്കിലും ജനവിഭാഗത്തെ തെറ്റായോ മോശമായോ ചിത്രീകരിക്കുന്നതിന്റെ പേരിലും സെൻസർബോർഡ്‌ പ്രദർശനാനുമതി നിഷേധിക്കാറുണ്ട്‌.
ഒരു ഡോക്യുമെന്ററി ചലച്ചിത്രത്തിൽ വിഖ്യാതനായൊരു ഭാരതീയ ചിന്തകൻ പറയുന്ന സ്വതന്ത്രാഭിപ്രായങ്ങൾ മായ്ച്ചുകളയാനുള്ള ഔദ്യോഗിക നിർദേശം ഭാവിയിൽ എല്ലാ സ്വതന്ത്രാഭിപ്രായങ്ങൾക്കുമുള്ള നിരോധനമായി മാറിയാൽ നമ്മുടെ ജനാധിപത്യം ഭരണകൂട സർവാധിപത്യത്തിലേക്ക്‌ ചെന്നുവീഴും.