കാഴ്ചപ്പാടുകൾ

കാഴ്ചപ്പാടുകൾ
May 14 04:55 2017

കേരളകൗമുദി
ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി എന്ന പേരിലുള്ള കിട്ടാക്കടം ആറ്‌ ലക്ഷം കോടി രൂപയിലധികമാണ്‌. ഇതിൽ സിംഹഭാഗവും രാജ്യത്തെ വൻതോക്കുകളിൽ നിന്ന്‌ പിരിഞ്ഞുകിട്ടാനുള്ളതാണ്‌. വമ്പൻ സ്രാവുകളെ പിടിക്കാൻ മുട്ടുവിറയ്ക്കുന്ന ബാങ്കുകൾ സാധാരണ ഇടപാടുകാരന്റെ തുച്ഛമായ സമ്പാദ്യത്തിൽ കൈയിട്ടുവാരാനാണ്‌ ശ്രമിക്കുന്നത്‌. ഒറ്റക്കെട്ടായി നിന്ന്‌ പ്രതിരോധ നിര തീർക്കുക എന്നത്‌ മാത്രമാണ്‌ ബാങ്കുകളുടെ ഏകപക്ഷീയമായ നിരക്ക്‌ വർധന നീക്കത്തിനെതിരെ ആകെ ചെയ്യാനാകുന്നത്‌. അതിന്‌ കൃത്യമായ ഫലമുണ്ടാകുമെന്ന്‌ കഴിഞ്ഞ ദിവസം തെളിയുകയും ചെയ്തു.


തേജസ്‌
ബാങ്കുകളുടെ സ്വകാര്യവൽക്കരണം കേന്ദ്രസർക്കാരിന്റെ പ്രഖ്യാപിത അജൻഡയാണ്‌. 2014 ജനുവരിയിൽ നിയോഗിക്കപ്പെട്ട പി ജെ നായക്‌ കമ്മിറ്റിയുടെ റിപ്പോർട്ട്‌ ഊന്നൽ നൽകുന്നത്‌ സ്വകാര്യവൽക്കരണത്തിനാണ്‌. ഈ റിപ്പോർട്ടിലെ ശുപാർശകളാണ്‌ മോഡി സർക്കാർ നടപ്പാക്കുന്നത്‌. പൊതുമേഖലാ ബാങ്കുകളുടെ സേവനം അനാകർഷകമാക്കുക വഴി പുതുതലമുറ സ്വകാര്യ ബാങ്കുകൾക്ക്‌ സ്വീകാര്യത വർധിപ്പിക്കാനുള്ള ശ്രമം പുതിയ നടപടികൾക്ക്‌ പിന്നിലുണ്ടെന്ന വാദവും തള്ളിക്കളഞ്ഞുകൂടാ.


സുപ്രഭാതം
കൊളീജിയം സമ്പ്രദായത്തിലൂടെയാണ്‌ ജഡ്ജിമാർ നിയമിക്കപ്പെടുന്നത്‌. സുപ്രിംകോടതിയിലെയും ഹൈക്കോടതിയിലെയും ന്യായാധിപന്മാരെ നിയമിക്കുന്നത്‌ കൊളീജിയമാണ്‌. ജസ്റ്റിസ്‌ കർണനെ ഹൈക്കോടതി ജഡ്ജിയാക്കിയതും സുപ്രിംകോടതി ജഡ്ജിമാരടങ്ങുന്ന കൊളീജിയമായിരുന്നു. പ്രസ്തുത പദവിയിൽ അദ്ദേഹത്തെ നിയമിക്കും മുൻപ്‌ അദ്ദേഹത്തെക്കുറിച്ച്‌ കൂടുതൽ അന്വേഷിക്കാതെ പോയോ കൊളീജിയം? സഹപ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും അന്വേഷണവിധേയമായിരുന്നില്ലേ? ജഡ്ജിമാരെ ജഡ്ജിമാർ തന്നെ നിയമിക്കുന്ന വ്യവസ്ഥയിലെ പാളിച്ചയാണോ ജസ്റ്റിസ്‌ കർണൻ സംഭവത്തിലുണ്ടായത്‌.


മംഗളം
ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ്‌ പ്രക്രിയ നടക്കുന്ന രാജ്യമാണ്‌ ഇന്ത്യ. ഇവിടത്തെ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന ഓരോ നടപടിയും സംശയത്തിന്‌ അതീതമായിരിക്കണം. അത്‌ തെളിയിക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ്‌ കമ്മിഷനുമാണ്‌. അവർ അതിനുള്ള നീക്കങ്ങൾ വളരെ വേഗത്തിൽ നടത്തണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ചില ബൂത്തുകളിൽ വിവിപാറ്റ്‌ (വോട്ടർ വേരിഫൈഡ്‌ പേപ്പർ ഓഡിറ്റ്‌ ട്രെയ്‌ല്‌) സംവിധാനം ഏർപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ്‌ സമ്പ്രദായത്തിന്റെ സുതാര്യത വ്യക്തമാക്കുന്ന സംവിധാനമാണത്‌.


ദേശാഭിമാനി
ഇന്ത്യൻ ബാങ്കിങ്‌ മേഖലയെ സമ്പന്നതാൽപര്യങ്ങൾക്ക്‌ അനുകൂലമായി ഉടച്ചുവാർക്കുന്ന നടപടികളും നിയന്ത്രണങ്ങളുമാണ്‌ തുടർച്ചയായി വന്നുകൊണ്ടിരുന്നത്‌. അഞ്ച്‌ പ്രധാന പൊതുമേഖലാ ബാങ്കുകളെ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ ലയിപ്പിച്ചതിന്‌ പിന്നിലും കുത്തക താൽപര്യം വ്യക്തമാണ്‌. മറുവശത്ത്‌ വമ്പന്മാരുടെ കുടിശിക കിട്ടാക്കടമായി എഴുതിത്തള്ളലും യഥേഷ്ടം നടന്നു. 9000 കോടി വെട്ടിച്ച വിജയ്‌ മല്യയ്ക്ക്‌ വിദേശത്ത്‌ സുഖവാസത്തിനും അവസരമൊരുങ്ങി. ഏറ്റവുമൊടുവിൽ കിട്ടാക്കടങ്ങളുടെ സർവ തലവേദനയും റിസർവ്വ്‌ ബാങ്കിനെ ഏൽപ്പിച്ച്‌ ഓർഡിനൻസുമിറക്കി. കിട്ടാക്കടം തിരിച്ചുപിടിക്കലല്ല മാനേജ്‌ ചെയ്യലാകും കേന്ദ്രബാങ്കിന്റെ ചുമതല. ചുരുക്കത്തിൽ കടക്കാരായ വമ്പന്മാർ തലയൂരിക്കഴിഞ്ഞെന്നർഥം.


ദീപിക
ഡിജിറ്റൽ ഇന്ത്യയെന്ന മുദ്രാവാക്യമുയർത്തി, കാഷ്ലെസ്‌ സമ്പദ്‌ വ്യവസ്ഥയെന്നൊക്കെ പറഞ്ഞു ജനങ്ങളെ പ്രലോഭിപ്പിക്കുകയും വികസന സ്വപ്നങ്ങൾ വിളമ്പുകയും ചെയ്യുന്നവർ ഇത്തരം നയങ്ങളാണ്‌ പിന്തുടരുന്നതെങ്കിൽ ഇവർ പറയുന്നതിലൊക്കെ എന്ത്‌ ആത്മാർഥത? ബാങ്കിങ്‌ സമ്പ്രദായത്തിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ്‌ ഇത്തരം നടപടികൾ. ബാങ്കുകളുടെ നിഷ്ക്രിയാസ്തി ഉളവാക്കുന്ന പ്രശ്നങ്ങളും ബാങ്കുകളുടെ ലയനം മൂലമുണ്ടായ ബാധ്യതകളുമാണ്‌ എസ്ബിഐയെ ജനവിരുദ്ധ നിരക്കുകൾ പോലുള്ള നടപടികളിലേക്ക്‌ നയിക്കുന്നതെന്ന ആരോപണം ശക്തമാണ്‌.


മാധ്യമം
നേരത്തേ, ചില പുതുതലമുറ ബാങ്കുകളിൽ കണ്ടിരുന്ന ചൂഷണവഴികളിലൂടെയാണ്‌ മുൻനിര പൊതുമേലെ ബാങ്കായ എസ്ബിഐയും സഞ്ചരിക്കുന്നത്‌. മാത്രമല്ല, എസ്ബിഐയുടെ നയംമാറ്റം നവതലമുറ ബാങ്കുകൾക്ക്‌ പുതിയതരം കൊള്ളകൾക്ക്‌ ആത്മവിശ്വാസം പകരുകയും ചെയ്തിട്ടുണ്ട്‌. രാജ്യത്തെ ബാങ്കിങ്‌ മേഖലയോട്‌ സഹകരിക്കാനും സർവ ഇടപാടുകളും കാഷ്ലെസിലേക്ക്‌ മാറ്റാനും നിരന്തരം നമ്മോട്‌ ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി ഈ വഞ്ചന കണ്ടില്ലെന്ന്‌ നടിക്കരുത്‌. ബാങ്കിങ്‌, ഡിജിറ്റൽ പണമിടപാടുകൾക്ക്‌ അതിന്റേതായ ഗുണവശങ്ങളുണ്ടെങ്കിലും കാര്യങ്ങൾ സുതാര്യമല്ലാത്തതും ചൂഷണം ചെയ്യപ്പെടുന്നതുമാണെങ്കിൽ വിപരീതഫലമാണുണ്ടാക്കുക. അതിനാൽ, ബാങ്കുകളുടെ പകൽകൊള്ളക്ക്‌ അടിയന്തര നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ നോട്ട്‌ നിരോധനത്തിന്റെ പടുകുഴിയിൽത്തന്നെ ഈ രാജ്യം തുടരും.


വീക്ഷണം
44 നദികളും ഒട്ടനവധി കായലുകളും തോടുകളും നീർച്ചാലുകളും തണ്ണീർത്തടങ്ങളുംകൊണ്ട്‌ സമ്പന്നമായ കേരളം ഇപ്പോൾ നേരിടുന്ന ജലപ്രതിസന്ധി നമുക്കൊരു പാഠമാണ്‌. മഴയുടെ തോത്‌ ക്രമാതീതമായി കുറഞ്ഞതുകൊണ്ടാണ്‌ വെള്ളമില്ലാത്തത്‌ എന്ന ഒറ്റവാക്കിൽ ഉത്തരം പറഞ്ഞ്‌ നാം ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറുകയാണ്‌. കാലവർഷവും തുലാവർഷവും ചതിച്ചുവെന്ന്‌ ശപിച്ചും വിലപിച്ചും കഴിയുന്നതിനപ്പുറം മനുഷ്യൻ പ്രകൃതിക്ക്‌ നേരെ നടത്തിയ കയ്യേറ്റങ്ങളെ മൂടിവയ്ക്കുകയുമായിരുന്നു. ഈ ശാപത്തിൽ നിന്നും പാപത്തിൽ നിന്നും മുക്തിനേടണമെങ്കിൽ നാം സ്വയം തിരുത്തിയേ മതിയാവൂ. പരിസ്ഥിതിദിനങ്ങളും വനദിനങ്ങളും ജലദിനങ്ങളുമൊക്കെ ആഘോഷപൂർവം ആചരിക്കുന്ന നമ്മൾ വേദികളിൽ നിന്നും മാറി വീണ്ടും പ്രകൃതിചൂഷണം തന്നെയാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌.


മലയാള മനോരമ
കുളങ്ങൾ ജലസംഭരണത്തിന്‌ ഉപയുക്തമാക്കണം. കിണറ്റിലേക്ക്‌ മഴവെള്ളം ഇറക്കി റീചാർജ്ജ്‌ ചെയ്യുന്ന സംവിധാനം വ്യാപകമാക്കാൻ ബോധവൽക്കരണവും പ്രോൽസാഹനവും നൽകണം. എറണാകുളത്ത്‌ ജില്ലാഭരണകൂടം തദ്ദേശസ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ കഴിഞ്ഞ ഒന്നരമാസത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള 85 പൊതുകുളങ്ങളാണ്‌ ശുചീകരിച്ചത്‌. 50 ദിവസംകൊണ്ട്‌ 100 കുളം നവീകരിക്കുക എന്നതാണ്‌ പദ്ധതി. അടുത്ത ശനിയും ഞായറുമായി 29 കുളങ്ങൾ കൂടി ശുചീകരിക്കാനുള്ള തയാറെടുപ്പിലാണ്‌. ഇതോടെ പദ്ധതി നിശ്ചിത ദിവസത്തിനുള്ളിൽ ലക്ഷ്യം മറികടക്കും.


മാതൃഭൂമി
മുണ്ടേരി പഞ്ചായത്തിലെ അയ്യപ്പൻമലയിൽ നിന്ന്‌ ഉറവപൊട്ടി പല കൈവഴികളായിപ്പിരിഞ്ഞൊഴുകി കണ്ണൂരിലെത്തി ആദികടലായിയിൽ വച്ച്‌ അറബിക്കടലിൽ വീണിരുന്ന കാനാമ്പുഴയിൽ നിന്നാണ്‌ കണ്ണൂർ എന്ന പേരുണ്ടായതെന്ന്‌ സ്ഥലനാമചരിത്രം പറയുന്നു. ഒരിക്കൽ നെല്ലറകൾ സൃഷ്ടിച്ചുകൊണ്ട്‌ ഒഴുകിയിരുന്ന കാനാമ്പുഴ ഇന്ന്‌ മണ്ണും മാലിന്യവുമടിഞ്ഞ്‌ ഒഴുക്കുനിലച്ച്‌ നശിച്ചു കിടക്കുകയാണ്‌. സർക്കാരിന്റെ ഹരിതകേരളം പദ്ധതിയിൽപ്പെടുത്തി കാനാമ്പുഴയെ വീണ്ടെടുക്കാൻ വേണ്ടി അയ്യായിരം പേർ ഒരുമിച്ച്‌ മെയ്‌ 17ന്‌ ശുചീകരണം നടത്താനാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌. പതിനായിരം മനുഷ്യഹസ്തങ്ങൾ ഒരു ചെറുനദിയെ വീണ്ടെടുക്കാൻ പോകുന്ന ആ ജീവനയജ്ഞം കേരളത്തിന്‌ മുഴുവൻ മാതൃകയാവേണ്ടതുണ്ട്‌. വീണ്ടെടുക്കപ്പെടാനായി ഇപ്പോഴും ജീവൻ നിലനിർത്തി കാത്തിരിക്കുന്ന അനേകം പുഴകളും തോടുകളും അരുവികളും നീർച്ചാലുകളും കേരളത്തിലെമ്പാടുമുണ്ടെന്ന്‌ നാമോർക്കണം.

  Categories:
view more articles

About Article Author