കാവിയുടുത്ത വിപ്ലവകാരി

കാവിയുടുത്ത വിപ്ലവകാരി
January 11 04:55 2017

കാര്യവിചാരം
യു വിക്രമൻ
ഗാന്ധിജിയും ജവഹർലാൽ നെഹ്‌റുവും ദേശീയ നേതൃത്വത്തിലേയ്ക്ക്‌ വരുന്നതിനെത്രയോ മുമ്പ്‌, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്തിമദശകത്തിൽ നമ്മുടെ നവോത്ഥാന നായകന്മാരിൽ സമുന്നത സ്ഥാനീയനായ സ്വാമി വിവേകാനന്ദൻ പ്രഖ്യാപിക്കുകയുണ്ടായി. ‘ഞാനൊരു സോഷ്യലിസ്റ്റാണ; പുതിയ ഇന്ത്യ ഉയർത്തെഴുന്നേൽക്കുന്നത്‌ കലപ്പയേന്തിയ കൃഷിക്കാരുടെ കുടിലുകളിൽ നിന്നും മുക്കുവന്റെയും തൂപ്പുകാരന്റെയും ചെരുപ്പുകുത്തിയുടെയും ചെറ്റപ്പുരകളിൽ നിന്നും ചന്തകളിൽ നിന്നും കമ്പോളങ്ങളിൽ നിന്നുമായിരിക്കു’മെന്ന്‌ ആദ്യമായി കാണുകയും ഉറക്കെപ്പറയുകയും ചെയ്ത ‘കാവിയുടുത്ത വിപ്ലവകാരി’യായിരുന്നു സ്വാമിജി. സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ്‌ ജനുവരി 12.
1863 ജനുവരി 12 നാണ്‌ നരേന്ദ്രന്റെ ജനനം. ആദ്യം ‘വിവിദഷാനന്ദൻ’ എന്നും പിന്നീട്‌ ‘വിവേകാനന്ദൻ’ എന്നും പേർ സ്വീകരിച്ച്‌ ഭാരതത്തിലുടനീളം സഞ്ചരിച്ചു. അങ്ങനെ 1892-ൽ കേരളം സന്ദർശിച്ചു. ‘വിവേകാനന്ദപ്പാറ’ എന്ന പേരിൽ പ്രസിദ്ധമായ കന്യാകുമാരിയിലെ പാറയിൽ അദ്ദേഹം ഇരുന്ന്‌ ധ്യാനിച്ചു. അസഹ്യമായ സാമൂഹ്യവ്യവസ്ഥകളാൽ ദുഷ്ടമായ കേരളത്തെ ‘ഭ്രാന്താലയം’ എന്ന്‌ വിശേഷിപ്പിച്ചു. ജനങ്ങളുടെ പഞ്ഞവും പാടും നീക്കാതെ മതപ്രചരണം നടത്തുന്നത്‌ നിഷ്ഫലമാണെന്ന്‌ ഭാരതപര്യടനത്തിനുശേഷം വിവേകാനന്ദൻ അഭിപ്രായപ്പെട്ടു.
ചിക്കാഗോയിലെ മതമഹാസമ്മേളനത്തിൽ സ്വാമി വിവേകാനന്ദൻ നടത്തിയ പ്രഭാഷണം (1893 സെപ്തംബർ 11) പ്രസിദ്ധമാണ്‌. ഇതോടെ പല വിദേശീയരും ഭാരതസംസ്കാരത്തിന്റെ ആരാധാകരായി. 1893 ഫെബ്രുവരി 17 മുതൽ 1897 ജനുവരി 26 വരെ അദ്ദേഹത്തിന്റെ വിദേശപര്യടനം നീണ്ടുനിന്നു. ഭാരതീയർക്കാവശ്യം ഇരുമ്പുകൊണ്ടുള്ള മാംസപേശിയും ഉരുക്കുകൊണ്ടുള്ള സിരാപടലവുമാണെന്നും ഉറക്കം മതിയാക്കാറായെന്നും ഉദ്ബോധിപ്പിച്ചു. 1897 മേയിൽ കൽക്കത്തയിൽ വച്ച്‌ ‘രാമകൃഷ്ണ മിഷൻ അസോസിയേഷൻ’ എന്ന സംഘടന സ്ഥാപിച്ചു. സ്വതന്ത്രനാവുക എന്നതാണ്‌ മതസർവസ്വം എന്ന്‌ അദ്ദേഹം വിശ്വസിച്ചു.
1899-ൽ എഴുതിയ ‘ആധുനിക ഭാരത’മെന്ന ദീർഘമായ ഒരു ലേഖനത്തിൽ സ്വാമിജി വരാൻ പോകുന്ന സാമൂഹ്യവിപ്ലവത്തെപ്പറ്റി ദീർഘദർശനം ചെയ്തു. ‘ശുദ്രവർഗം’ (പണിയെടുക്കുന്നവർ) അവരുടെ ‘ശുദ്രത്വം നിലനിർത്തിക്കൊണ്ടുതന്നെ’ (പണിയെടുക്കുന്നവരായിക്കൊണ്ടുതന്നെ) ഉണർന്നെഴുന്നേൽക്കുകയും എല്ലാ സമൂഹത്തിലും ‘നിരപേക്ഷമായ ആധിപത്യം’ നേടുകയും ചെയ്യുന്ന ഒരുകാലം വരുമെന്ന്‌ അദ്ദേഹം പറഞ്ഞു. ‘ഈ പുതിയ അധികാരശക്തിയുടെ അരുണോദയപ്രഭ ഇപ്പോൾതന്നെ പാശ്ചാത്യലോകത്ത്‌ പൊട്ടിവിടരാൻ തുടങ്ങിയിട്ടുണ്ട്‌. സോഷ്യലിസം, അരാജകവാദം, സർവനിഷേധവാദം തുടങ്ങിയ ചിന്താഗതികളും അവ പ്രചരിപ്പിക്കുന്നവരും വരാൻപോകുന്ന സാമൂഹ്യവിപ്ലവത്തിന്റെ മുന്നണിപ്പടയാളികളാണ്‌.’
ജാതിവ്യവസ്ഥ ഇന്ത്യൻ സമൂഹത്തിന്റെ സവിശേഷതയാണ്‌. ലോകത്തിൽ മറ്റൊരിടത്തും അത്‌ കാണാനാവില്ല. പ്രാചീനഭാരതത്തിൽ നാല്‌ വർണങ്ങളുടെ വ്യവസ്ഥയായിട്ടാണ്‌ അത്‌ രൂപപ്പെട്ടത്‌. വർണങ്ങൾ പിന്നീട്‌ ജാതിയായി പരിവർത്തനപ്പെട്ടു. ഗ്രാമീണ വ്യവസ്ഥയുടെ ഘടകഭാഗങ്ങളായിരുന്നു ജാതികൾ. ഇന്ത്യൻ സമൂഹത്തിലെ ചില സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളുടെ സൃഷ്ടിയായിരുന്നു ജാതികൾ.
കമ്മ്യൂണിസ്റ്റുകാർ ജനങ്ങളുടെയും പ്രത്യേകിച്ച്‌ സമൂഹത്തിലെ അധഃസ്ഥിതരുടെയും ബഹുജനമുന്നേറ്റങ്ങൾ സംഘടിപ്പിച്ചു. ഈ മുന്നേറ്റങ്ങൾ ജാതികളെ തമ്മിൽ വേർതിരിച്ചുകൊണ്ടല്ല കമ്മ്യൂണിസ്റ്റുകാർ സംഘടിപ്പിച്ചത്‌. അതിനാൽ തന്നെ ഇവ ജാതീയതയ്ക്കെതിരായ മുന്നേറ്റങ്ങളായി മാറി. ഈ മുന്നേറ്റങ്ങളും പ്രകടനങ്ങളും മറ്റ്‌ പ്രവർത്തനങ്ങളും അധഃസ്ഥിതരെ ഉണർത്തി. അവർ മറ്റുള്ളവരോടൊപ്പം സമന്മാരായി പടപൊരുതി. അധഃസ്ഥിതരെ സംഘടിപ്പിച്ചതും അവരെ ചരിത്രസ്രഷ്ടാക്കളാക്കി മാറ്റിത്തീർത്തതും ജാതിപ്രമാണികളോ ജാതിപാർട്ടികളോ അല്ല കമ്മ്യൂണിസ്റ്റുകാരായിരുന്നു.
ജാതിപരമായ വിവേചനത്തിനും ചൂഷണത്തിനും എതിരെ ബോധപൂർവം നിരന്തരമായി സിപിഐ പോരാട്ടങ്ങൾ നടത്തി. അധഃസ്ഥിതരുടെയും തൊട്ടുകൂടാത്തവരുടെയും സാംസ്കാരികവും വിദ്യാഭ്യാസപരവും സാഹിത്യപരവുമായ ഉയർച്ചയ്ക്കായി സിപിഐ പോരാടുകയും ഇക്കാര്യത്തിൽ കാര്യമായ വിജയം കൈവരിക്കുകയും ചെയ്തു. വളരെയധികം പേർ ഈ മുന്നേറ്റങ്ങളുടെ ഫലമായി വിദ്യാസമ്പന്നരാവുകയും ചെയ്തു.
ജാതി സമ്പ്രദായത്തിനെതിരെ ഏറ്റവും ഉത്കൃഷ്ടവും വ്യാപകവുമായ ജനകീയ പ്രസ്ഥാനങ്ങൾ ഭക്തിപ്രസ്ഥാനവും സൂഫി പ്രസ്ഥാനവും ആയിരുന്നു. ജാതി സമ്പ്രദായത്തിന്റെ തത്വങ്ങൾക്കെതിരെയും സമൂഹത്തെ ജാതീയമായി വേർതിരിക്കുന്നതിനെതിരെയും ഈ പ്രസ്ഥാനങ്ങൾ നേരിട്ട്‌ ഏറ്റുമുട്ടി. ദൈവത്തിനു മുമ്പിൽ മനുഷ്യന്റെ വർഗവിവേചനമില്ലാത്ത സമത്വവും യോജിപ്പും ഉണ്ടാവണമെന്നും ഈ പ്രസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. ഭക്തിപ്രസ്ഥാനത്തിന്റെയും സൂഫി പ്രസ്ഥാനത്തിന്റെയും അഭിപ്രായത്തിൽ ദൈവം ഒരുപോലെ സൃഷ്ടിച്ച മനുഷ്യൻ ജാതിയുടെയും തൊട്ടുകൂടായ്മയുടെയും മതത്തിന്റെയും പേരിൽ സ്വയം വേർപിരിയുകയാണ്‌ ഉണ്ടായത്‌.
പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും ബ്രഹ്മസമാജം, ആര്യസമാജം, രാമകൃഷ്ണ മിഷൻ തുടങ്ങിയ പ്രസ്ഥാനങ്ങളും ജ്യോതി ഓ ഫൂലെ, പെരിയോർ രാമസ്വാമി നായ്ക്കർ, സ്വാമി വിവേകാനന്ദൻ തുടങ്ങിയവർ നയിച്ച സാമൂഹ്യ-സാംസ്കാരിക പ്രസ്ഥാനങ്ങളും ഭക്തി, സൂഫി പ്രസ്ഥാനങ്ങളുടെ പല അംശങ്ങളും ഉള്ളവയായിരുന്നു.
മുതലാളിത്തപാതയിലൂടെയുള്ള വികസനം ജാതീയതയുടെ പ്രശ്നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. ദളിത്‌-പിന്നാക്ക വിഭാഗക്കാരെ ഉൾക്കൊള്ളുന്ന ബൂർഷ്വാ പാർട്ടികളുടെ ഭരണവും ഈ പ്രശ്നം പരിഹരിക്കുന്നില്ല. അതുകൊണ്ടുതന്നെ ജാതി രാഷ്ട്രീയത്തോടുള്ള അനിഷ്ടം പ്രകടമാണ്‌.
ജാതി രാഷ്ട്രീയത്തെ വർഗരാഷ്ട്രീയം കൊണ്ട്‌ നേരിടേണ്ടതുണ്ട്‌. പക്ഷേ, അത്‌ സാമൂഹ്യനീതിയുടെ കാര്യം വിസ്മരിച്ചുകൊണ്ടാകരുത്‌. വർഗീയതയ്ക്കും ജാതിരാഷ്ട്രീയത്തിനും എതിരായ പോരാട്ടത്തിൽ സ്വാമി വിവേകാനന്ദന്റെ വാക്കുകൾ നമുക്ക്‌ കരുത്തുപകരട്ടെ.

  Categories:
view more articles

About Article Author