കാർട്ടൂൺമാന്റെ വരയാത്രകൾ

കാർട്ടൂൺമാന്റെ വരയാത്രകൾ
April 09 04:45 2017

തത്സമയ കാരിക്കേച്ചർ രചനയിലൂടെ മലയാളിയുടെ കാർട്ടൂൺ ജനകീയവൽക്കരണത്തിൽ ശ്രദ്ദേയനാവുകയാണ്‌ കാർട്ടൂൺ മാൻ എന്നറിയപ്പെടുന്ന ഇബ്രാഹിം ബാദുഷ.

മുഖാമുഖം ഇബ്രാഹിം ബാദുഷ/ ഷഹദാബ്‌ സി എൻ

കാർട്ടൂൺ ഒരു പെർഫോമിങ്‌ ആർട്ട്‌ ആയിരുന്നില്ല. ഏറ്റവും ജനകീയമായ കലയായിട്ടും അതിനൊരിക്കലും ഒരു സെലിബ്രിറ്റി ഇമേജ്‌ കിട്ടിയിരുന്നുമില്ല. എന്നാൽ ആധുനിക കാല ചിരിവരയുടെ തലമുറ പരീക്ഷണങ്ങളുടെ വേദികൾ സ്വയം സൃഷ്ടിച്ചു മുന്നേറുകയാണ്‌. പെർഫോമിങ്‌ ആർട്ടായി കാർട്ടൂൺ കാരിക്കേച്ചറുകൾ പരുവപ്പെടാൻ തുടങ്ങി. തത്സമയ കാരിക്കേച്ചർ രചനയിലൂടെ മലയാളിയുടെ കാർട്ടൂൺ ജനകീയവൽക്കരണത്തിൽ ശ്രദ്ദേയനാവുകയാണ്‌ കാർട്ടൂൺ മാൻ എന്നറിയപ്പെടുന്ന ഇബ്രാഹിം ബാദുഷ. ബാദുഷയുമായി കാർട്ടൂണിസ്റ്റ്‌ ഷഹദാബ്‌ സി എൻ നടത്തിയ സംഭാഷണം.

എങ്ങനെയാണ്‌ കാർട്ടൂൺമാൻ എന്ന പേര്‌ ലഭിച്ചത്‌?
കാർട്ടൂൺ വരയ്ക്കുന്നവരെയാണ്‌ കാർട്ടൂണിസ്റ്റ്‌ എന്ന്‌ വിളിക്കുന്നത്‌. കാർട്ടൂൺ വരയ്ക്കാൻ പഠിപ്പിക്കുന്ന വ്യക്തി എന്ന നിലയിലാണ്‌ ചിലർ കാർട്ടൂൺമാൻ എന്ന്‌ വിളിച്ചു തുടങ്ങിയത്‌.അത്‌ ഞാനും ഇഷ്ടപ്പെടുന്നു. പഴയ ചലച്ചിത്ര താരമായ രവീന്ദ്രൻ സാറാണ്‌ ആദ്യമായി എന്നെ അങ്ങനെ സംബോധന ചെയ്യ്തത്‌. അതും എന്റെ സ്റ്റെപ്പ്‌ ബൈ സ്റ്റെപ്പ്‌ എന്ന കാർട്ടൂൺസ്‌ പുസ്തകത്തിന്റെ പ്രകാശന വേളിയിലായിരുന്നു. അതിനു ശേഷമാണ്‌ അത്‌ പ്രൊഫഷണൽ പേര്‌ ആയത്‌. കാർട്ടൂൺമാൻ എന്ന പേരിൽ ഞാൻ ഒരു കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുണ്ട്‌.

കാർട്ടൂൺ രചന അല്ലെങ്കിൽ കാരിക്കേച്ചർ രചന എന്ന തുടക്കം ലഭിച്ചത്‌ എവിടെ നിന്നായിരുന്നു?
ആദ്യമായി ഞാൻ ഔദ്യോഗികമായി കാർട്ടൂൺ വരക്കുന്നത്‌ എന്റെ സ്കൂൾ പഠനക്കാലത്താണ്‌. ഇന്ത്യൻ എകസ്പ്രസ്സിന്റെ ‘വൈബ്സ്‌’ എന്ന സപ്ലിമെന്ററിയിലാണ്‌ ആദ്യം പ്രസിദ്ധീകരിച്ചത്‌. എന്റെ ഹെഡ്മിസ്ട്രസ്‌ ജയശ്രീ ശിവദാസ്‌’ ആണ്‌ എന്റെ ഭാവി ചിത്രരചനയിലാണെന്ന്‌ പറഞ്ഞത്‌. എന്റെ ആദ്യത്തെ കാരിക്കേച്ചർ ഇന്നും ഒരു ചിരിപ്പിക്കുന്ന ഒരോർമ്മയാണ്‌. മദ്രസയിൽ പഠിക്കുന്ന കാലം ഒരു ദിവസം സ്കൂൾ ബസ്സ്‌ കയറാൻ നിൽക്കുന്ന സമയത്ത്‌ പള്ളിക്കുറ്റിയുടെ പുറത്ത്‌ മദ്രസധ്യാപകനെ വരച്ചു നോക്കി. സ്കൂളിൽ നിന്ന്‌ ഞാൻ മടങ്ങി വന്നപ്പോൾ നാട്ടിൽ ആ ചിത്രം വിവാദമായി. എല്ലാവരും അതേപ്പറ്റി എന്നോട്‌ ചോദിക്കാൻ തുടങ്ങി. തല്ല്‌ കൊള്ളുമെന്ന്‌ ഭയന്ന്‌ ചെന്നപ്പോൾ ഉസ്താദ്‌ എന്നെ പ്രശംസിച്ചു.അതായിരുന്നു ആദ്യത്തെ പ്രോത്സാഹനം.ഞാൻ ആദ്യമായി ജോലി ചെയ്തത്‌ സായി ഫീച്ചർ സിൻഡിക്കേറ്റിലാണ്‌. ആ സ്ഥാപനത്തിലെ എഡിറ്ററായ വേണു വാരിയത്താണ്‌ അന്നും ഇന്നും എന്റെ വഴികാട്ടി.

മറ്റു കാർട്ടൂണിസ്റ്റുകളെ പോലെ താങ്കൾ അങ്ങനെ രാഷ്ട്രീയ കാർട്ടൂണുകൾ വരയ്ക്കാറില്ലല്ലോ? ടിവി ഷോകളിലും ബാലമാസികയിലുമാണ്‌ കൂടുതൽ രചനകൾ കാണുന്നത്‌.?
രാഷ്ട്രീയ കാർട്ടൂണുകൾ വരയ്ക്കാൻ സാമൂഹികമായ വീക്ഷണതയും അന്വേഷണവും ആവശ്യമാണ്‌. അതിനോട്‌ എനിക്ക്‌ കൂടുതൽ താൽപര്യമില്ല. അതു കൊണ്ട്‌ രാഷ്ട്രീയക്കാർ മാറുന്നില്ല.കാർട്ടൂൺ ക്ലാസ്സുകളിൽ എനിക്ക്‌ കൂടുതൽ കമ്പം തോന്നാൻ കാരണമുണ്ട്‌, ചെറിയ കുട്ടികളുമായി സമയം ചിലവഴിക്കുന്നത്‌ എനിക്ക്‌ ഇഷ്ട്ടമാണ്‌. മറ്റൊരു പ്രധാന കാരണമുണ്ട്‌ എന്റെ ചെറുപ്പത്തിൽ വര പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ ഇല്ലായിരുന്നു. ഇന്ന്‌ തിരിച്ചറിവോടെ ഞാൻ വരയ്ക്കാൻ പഠിക്കുന്നത്‌ ടി വി ഷോകളിൽ നിന്നും മാഗസീനുകളിൽ നിന്നുമാണ്‌. ഇതിൽ കൂടുതൽ ആവശ്യക്കാരുള്ളതു കൊണ്ട്‌ ഈസി ഡ്രോയിംഗ്‌ പുസ്തകങ്ങൾ തയ്യാറാക്കി.

ഡൂഡിൽ കാർട്ടൂൺ അല്ലെങ്കിൽ അക്ഷര ചിത്രങ്ങളാണ്‌ കാർട്ടൂൺമാന്റെ എക്കാലത്തെയും ആകർഷണം. എന്തുകൊണ്ടാണ്‌ അക്ഷര ചിത്രങ്ങൾക്ക്‌ പ്രാധാന്യം കൊടുക്കുന്നത്‌?
ഏതോരാളും ആദ്യമായി വരയ്ക്കാൻ പഠിക്കുന്നത്‌ അക്ഷരങ്ങളാണ്‌. അതു കൊണ്ടാണ്‌ അക്ഷരങ്ങൾ കൊണ്ട്‌ വരയ്ക്കാം എന്ന ആശയം മുന്നോട്ടു വെച്ചത്‌. അറിയാവുന്ന അക്ഷരം കൊണ്ട്‌ വരയ്ക്കുമ്പോൾ അത്‌ വരയ്ക്കുന്നയാൾക്ക്‌ കൂടുതൽ ആത്മവിശ്വാസം ലഭിക്കും. എല്ലാവർക്കും എളുപ്പമായി വരയ്ക്കാൻ പറ്റുമെന്നുള്ള ആശയമാണ്‌ ഞാൻ മുന്നോട്ട്‌ വയ്ക്കുന്നത്‌. ഓരോ ഭാഷയ്ക്കും അതിന്റെതായ സൗന്ദര്യം ഉണ്ട്‌.ഇന്ത്യയിലെ ഒരു പാട്‌ ഭാഷകൾ ഇതിനു വേണ്ടി പഠിച്ചു, ഏതാണ്ട്‌ എല്ലാം ഭാഷകളിലും വരയ്ക്കാൻ സാധിച്ചു.ഓരോ നാടിന്റെയും സംസ്കാരം അതിന്റെ ഭാഷയിലാണെന്ന്‌ മനസ്സിലാക്കുവാൻ സാധിച്ചു.

പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം ആനിമേഷൻ തന്നെയാണല്ലോ കാർട്ടൂൺ?
ആനിമേഷൻ അദ്ധ്യാപകനായി ഞാൻ ജോലി ചെയ്തിരുന്നു. ഞാൻ മനസിലാക്കിയിടത്തോളം ഇന്ന്‌ കുട്ടികളെല്ലാം ചിത്രങ്ങളിലൂടെയാണ്‌ കാണുന്നത്‌. അതിനാൽ എന്റെ കാർട്ടൂണുകൾ എന്ന പംക്തി ആനിമേറ്റസ്‌ വേർഷൻ ആക്കിയാണ്‌ ഇറക്കിയത്‌. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡിജിറ്റൽ കാർട്ടൂൺ പഠനക്ലാസ്‌ ആണത്‌. ജപ്പാനീസ്‌ കാർട്ടൂൺ, കേ കാർട്ടൂൺ എന്നിവയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഞാനും വിദ്യാർത്ഥിയായിരുന്ന മനോജ്‌ കുമാറും തയ്യാറാക്കിയ ആനിമേഷൻ ടെക്നിക്ക്‌ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാമൂഹ്യ പ്രതിബന്ധതയുള്ള ഒരുപാടു ആനിമേറ്റഡ്‌ ഷോട്ട്‌ ഫിലിമുകൾക്ക്‌ തിരക്കഥയെഴുതുവാനും സാധിച്ചു. ജലത്തിന്റെ മൂല്യത്തെ ആസ്പദമാക്കി (പശ്യസ്‌, മദ്യത്തിനെതിരായി കീയർഫുൾ ദാരിദ്രത്തെ സൂചിപ്പിച്ചുകൊണ്ട്‌ ഫുട്ബോൾ, പുകവലിക്കെതിരായി ഫാമിലി കില്ലർ, മയക്കുമരുന്നിനെതിരായി ഫ്രീഡം ഫ്രം ഡ്രഗ്സ്‌, സ്ത്രീപീഡനത്തിനെതിരായി എഗയ്ൻസ്റ്റ്‌ റേപ്പ്‌, ചെയിൽഡ്‌ അബ്യൂസിനെതിരായി ചെയിൽഡ്‌ ഹുഡ്‌, ജാതിവംശീയതക്കെതിരെ റേബ്‌ എന്നിവയ്ക്ക്‌ ഞാൻ തിരക്കഥയെഴുതി. മനോജ്കുമാറാണ്‌ ഇതെല്ലാം സംവിധാനം ചെയ്തത്‌. വിഷ്ണു സി കെ സംവിധാനം ചെയ്ത അന്ധർക്കായുള്ള കാസ്റ്റ്ലിംഗ്‌ എന്ന ഷോട്ട്‌ ഫിലിമിനും ഞാൻ തിരക്കഥയെഴുതി. എന്റെ പഠനക്കാലത്ത്‌ ഞാൻ തിരക്കഥയെഴുതിയ ഹംഗർ എന്ന ഷോട്ട്‌ ഫിലിം ആനിമേറ്റസ്‌ ഇഗൂ അവാർഡിന്‌ അർഹമായി.

ഇനിയുള്ള ഭാവി പരിപാടികൾ എന്തെല്ലാമാണ്‌?
വളർന്നുവരുന്ന കലാകാരൻമാർക്കായി കാനഡബേസ്‌ ചെയ്ത ഒരു ആനിമേഷൻ കാർട്ടൂൺ അക്കാദമി തുടങ്ങണമെന്നാണ്‌ ആഗ്രഹം. കേരളത്തിൽ തന്നെ ആഗോളതരത്തിൽ പ്രഗൽഭരായ കാർട്ടൂണിസ്റ്റുകൾ ഉണ്ട്‌. ഇവരെയെല്ലാം ഉൾക്കൊള്ളിച്ച്‌ കൊണ്ട്‌ ഒരു ബൃഹത്ത്‌ പദ്ധതിയാണ്‌ മനസ്സിൽ ഉള്ളത്‌. പ്രശസ്ത ആനിമേറ്റർ ദിനേശ്‌ കുമാർ സംവിധാനം ചെയ്യുന്ന കുട്ടികളുടെ ചിത്രത്തിന്റെ പണിപ്പുരയിലാണ്‌ ഞാനിപ്പോൾ. ഞാൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡയബറ്റിക്‌ ബോധവൽക്കര ണ മുഴുനീള ചിത്രം മധുരം ചിത്രീകരണവേളയിലാണിപ്പോൾ.

ഞങ്ങളെപ്പോലെയുള്ള പുതിയ തലമുറയിലെ കാർട്ടൂണിസ്റ്റുകളോട്‌ എന്താണ്‌ പറയാനുള്ളത്‌?
പഴയതെന്നും പുതിയതെന്നും വേർതിരിവില്ലാതെ നന്മയും യാഥാർത്ഥ്യവും ഉൾക്കൊണ്ട്‌ നേട്ടങ്ങളിലേക്കെത്തുവാനുള്ള ശ്രമം ആണ്‌ വേണ്ടത്‌. കാർട്ടൂൺ എന്നും സാങ്കൽപ്പികമായ ആവിഷ്കാരമാണ്‌ എന്നിരുന്നാലും അത്‌ യാഥാർത്ഥ്യ ബോധത്തോടെ ചെയ്യേണ്ട ഒരു കലയാണ്‌.

നൂറു മഹതികളെ പറ്റിയും, ലഹരിക്കെതിരെയും എക്സിബിഷൻ ചെയ്തിരുന്നു.
മുപ്പതുസെക്കന്റിൽ കാരിക്കേച്ചർ ചെയ്യാറുണ്ടെന്നും കേട്ടിട്ടുണ്ട്‌. ഇത്തരം ഷോകൾക്ക്‌ നല്ല അംഗീകാരം ലഭിക്കാറുണ്ടോ?
ാ‍എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട്‌ പ്രശംസയും ആത്മവിശ്വാസവും ലഭിക്കുന്ന ഒന്നാണ്‌ കാരിക്കേച്ചർ ലൈവ്‌ ഷോകൾ. ജനങ്ങളിൽ നിന്നും നല്ല പ്രതികരണമാണ്‌ ലഭിക്കാറുള്ളത്‌. നിരവധിപ്പേരെ നിമിഷനേരങ്ങൾകൊണ്ട്‌ വരയ്ക്കാൻ കഴിയുന്നത്‌ പലപ്പോഴും സംഘാടകരുടെയും പങ്കെടുക്കുന്നവരുടെയും മികവിന്റെ കൂടി ഫലമാണ്‌. ഈ അടുത്തകാലത്തായി കെഎം സി എ. എൻജിനീയറിംഗ്‌ കോളേജ്‌ എടത്തലയിൽ അരദിവസംകൊണ്ട്‌ എഴുന്നൂറ്‌ വിദ്യാർത്ഥികളെ വരയ്ക്കുവാനായി. അവിടുത്തെ എൻ.എസ്‌എസ്‌ വളന്റിയർമാരുടെയും അദ്ധ്യാപകരുടെയും മറ്റും പൂർണ്ണപിന്തുണമൂലമാണ്‌ അത്‌ സാധ്യമായത്‌. എഴുന്നൂറുപേരെ അരദിവസം കൊണ്ട്‌ വരച്ച ഒരു റെക്കോർഡ്‌ നേടുവാനും അതിലൂടെ സാധിച്ചു. നിരവധി ചാരിറ്റി സംഘടനകൾക്കുവേണ്ടി ഇത്തരം കാരിക്കേച്ചർ ലൈവ്‌ ഷോകളും ചെയ്യുവാനായി. ആദ്യകാലഘട്ടങ്ങളിൽ കാരിക്കേച്ചർ ജനങ്ങളിലെത്തിക്കുവാനായി ഞാൻ മാളുകളിലും മറ്റും ലൈവ്ഷോകൾ ചെയ്യുമായിരുന്നു.

സെലിബ്രിറ്റി കാരിക്കേച്ചറിസ്റ്റ്‌ എന്നാണല്ലോ ഇപ്പോൾ അറിയപ്പെടുന്നത്‌. എന്തുകൊണ്ടാണ്‌ അത്തരം ഒരു സവിശേഷണം ലഭിച്ചത്‌?
ഒരിക്കലും അത്തരത്തിൽ അറിയപ്പെടുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സാധാരണക്കാരുടെ കാർട്ടൂണിസ്റ്റ്‌ എന്നറിയപ്പെടുവാനാണ്‌ എനിക്കിഷ്ടം. എങ്കിലും മമ്മൂട്ടിയേയും മോഹൻലാലിനേയും ആമീർഖാനേയയുമൊക്കെ വരയ്ക്കുവാനുള്ള അവസരം എനിക്ക്‌ ലഭിച്ചു. പോപ്പ്‌ ഫ്രാൻസിസ്‌ മാർപാപ്പയെ നേരിട്ടുകണ്ട്‌ ലൈവ്‌ കാരിക്കേച്ചർ വരച്ചുനൽകണമെന്നതാണ്‌ എന്റെ ആഗ്രഹം. അതിനുള്ള അവസരം അടുത്തുതന്നെ ഉണ്ടാകുമെന്നു കരുതുന്നു.
എളുപ്പത്തിൽ വായിക്കാൻ പഠിപ്പിക്കുന്ന ധാരാളം പുസ്തകങ്ങൾ കാർട്ടൂൺമാന്റേതായി കാണാൻ കഴിയുന്നുണ്ട്‌?
അറുപതിൽപരം വരപഠിപ്പിക്കുന്ന പുസ്തകങ്ങൾ ഞാൻ ഇതിനോടകം ചെയ്തിട്ടുണ്ട്‌. ഡ്രോയിംഗ്‌ ഫോർ ഓൾ എന്ന പുസ്തകമാണ്‌ ആദ്യം ചെയ്തത്‌. മത്സ്യങ്ങൾ, മ്യൂസിക്ക്‌ ഇൻസ്ട്രുമെന്റ്സ്‌, വാഹനങ്ങൾ ഇങ്ങനെ അറുപതോളം വ്യത്യസ്ത തരത്തിലുള്ള പുസ്തകങ്ങൾ ഇന്ന്‌ എന്റേതായി മാർക്കറ്റിൽ ഉണ്ട്‌. വരയും വിജ്ഞാനവും ഒന്നിച്ച്‌ എന്റെ പുസത്കങ്ങളിൽ നിന്ന്‌ ഉണ്ടാവണം എന്നെനിക്ക്‌ നിർബന്ധമുണ്ട്‌. അത്തരത്തിലുള്ള ഒരുപാട്‌ രചനകൾ തയ്യാറാക്കുന്ന പ്രക്രിയയാണ്‌ ഞാൻ. ഒരു ഗ്രാഫിക്‌ നോവലും, കുട്ടികൾക്കായുള്ള ബാലസാഹിത്യവും ചെയ്യണമെന്നുണ്ട്‌.

എന്തുകൊണ്ടാണ്‌ അക്ഷരചിത്രങ്ങൾക്ക്‌ പ്രാധാന്യം നൽകുന്നത്‌?
ഏതൊരാളും ആദ്യമായി പഠിക്കുന്നത്‌ അക്ഷരങ്ങളാണ്‌. വരയ്ക്കാൻ അറിയാത്ത ഒരു പാടുപേർക്ക്‌ നന്നായി അക്ഷരങ്ങൾ എഴുതാൻ അറിയാം. അതുകൊണ്ടാണ്‌ അക്ഷരങ്ങൾക്കൊണ്ട്‌ വരയ്ക്കാം എന്ന ഒരു ആശയം ഞാൻ മുന്നോട്ടു കൊണ്ടുവന്നത്‌. അറിയാവുന്ന ഒന്നായ അക്ഷരങ്ങൾ കൊണ്ടു തന്നെ വരയ്ക്കുമ്പോൾ അത്‌ വരയ്ക്കാൻ ആഗ്രഹമുള്ളവർക്കും മതിയായ ആത്മവിശ്വാസം നൽകും. എല്ലാവർക്കും എളുപ്പം വരയ്ക്കാൻ സാധിക്കുമെന്ന എന്റെ ആശയമാണ്‌ ഈ രചനയിലൂടെ ഞാൻ മുന്നോട്ടു വയ്ക്കുന്നത്‌. ഏതാണ്ട്‌ എല്ലാ ഭാഷകളിലും തന്നെ അക്ഷരചിത്രങ്ങൾ തയ്യാറാക്കുവാൻ സാധിച്ചു. ഇന്ത്യൻ സിനിമയുടെ നൂറുവർഷം എന്ന എക്സിബിഷൻ. ഐഎഫ്‌എഫ്‌ കെ. യ്ക്കുവേണ്ടി ചെയ്യുവാനായി ലോകപ്രശസ്ത സംവിധായകനായ കിംകിഡുക്‌ നേരിട്ടുവന്നതും, ഞാൻ അദ്ദേഹത്തെ വരച്ചതും അദ്ദേഹം തിരിച്ച്‌ എന്നെ വരച്ചതും ഞാൻ എന്നും ഓർത്തിരിക്കുന്ന നിമിഷങ്ങളാണ്‌.

ഒരു കലാകാരന്റെ നേട്ടങ്ങൾക്കു പിന്നിൽ കുടുംബത്തിന്റെ പിന്തുണയാണ്‌ ഉണ്ടാകേണ്ടത്‌. എന്റെ മാതാപിതാക്കളും ഭാര്യയും കുട്ടികളും എന്റെയീ കാർട്ടൂൺ യാത്രയിൽ പൂർണ്ണ പിന്തുണ നൽകുന്നു.

  Categories:
view more articles

About Article Author