കാർട്ടൂൺ വിസ്മയം ശങ്കർ വിട പറഞ്ഞിട്ട്‌ ഡിസംബർ 26ന്‌ 27 വർഷം പിന്നിടുന്നു

കാർട്ടൂൺ വിസ്മയം ശങ്കർ വിട പറഞ്ഞിട്ട്‌ ഡിസംബർ 26ന്‌ 27 വർഷം പിന്നിടുന്നു
December 24 04:45 2016

പിജി പെരുമല
കായംകുളം കൃഷ്ണപുരത്തെ ഇല്ലിക്കുളത്തു വീട്ടിൽ കേശവപിള്ളയുടെ മകൻ ശങ്കരപ്പിള്ള എന്ന ശങ്കറിന്‌ കുട്ടിക്കാലം മുതൽക്കേ ചിത്രരചനയിൽ വലിയ താൽപര്യമായിരുന്നു. മാവേലിക്കരയിലെ സ്കൂൾ പഠനകാലത്ത്‌ ഹെഡ്മാസ്റ്ററുടെ ചിത്രം ഹാസ്യാത്മകമായി വരച്ചുകൊണ്ട്‌ ശങ്കർ തന്റെ ചിരിവരയ്ക്ക്‌ തുടക്കമിട്ടു. ഒരു ദിവസം ആ കുസൃതിക്കാരൻ പയ്യൻ കുടവയറും കഷണ്ടിത്തലയനുമായ തന്റെ ഹെഡ്മാസ്റ്റർ ക്ലാസ്‌ റൂമിലെ മേശപ്പുറത്തേക്ക്‌ കാൽ നീട്ടിവച്ച്‌ ഉറങ്ങുന്ന ചിത്രമാണ്‌ തന്റെ പുസ്തകത്തിൽ രസകരമായി വരച്ചത്‌. കസേരയിലിരുന്ന്‌ മേശപ്പുറത്തേക്ക്‌ കാൽനീട്ടി വച്ചപ്പോൾ മുട്ടിന്‌ മുകളിലേക്ക്‌ മുണ്ട്‌ കയറിപ്പോയ ഹെഡ്മാസ്റ്ററുടെ ശങ്കരപ്പിള്ള വരച്ച ചിത്രം ഓരോ കുട്ടിയും മാറി മാറി നോക്കി ആസ്വദിച്ചു. ആസ്വാദനം പൊട്ടിച്ചിരിയായി ക്ലാസ്സിൽ ഉയർന്നപ്പോൾ മറ്റൊരധ്യാപകൻ ക്ലാസ്സിലെത്തി. ചിത്രം പിടിച്ചെടുത്തു ഹെഡ്മാസ്റ്ററെ ഏൽപ്പിച്ചു.
ഹെഡ്മാസ്റ്റർ ദേഷ്യത്തോടെ ശങ്കരപ്പിള്ളയോട്‌ ചോദിച്ചു. നീയാണോ വരച്ചത്‌. . .? “അതെ സാർ. . .” കുട്ടി മറുപടി പറഞ്ഞു. “നീ ഇനി രണ്ടാഴ്ചത്തേക്ക്‌ ക്ലാസ്സിൽ കയറണ്ട!” അദ്ദേഹം പറഞ്ഞു. അന്ന്‌ വൈകിട്ട്‌ പ്രധാന അധ്യാപകൻ പരാതിയുമായി ശങ്കരപ്പിള്ളയുടെ മുത്തച്ഛന്റെ അടുത്തെത്തി ചിത്രം കാണിച്ചു. ശങ്കരന്റെ വര കണ്ട അമ്മാവൻ “ഇവൻ വരച്ചതു തന്നെയാണോ? ഗംഭീരമായിരിക്കുന്നു. . . .” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിൽക്കാലത്ത്‌ വരയുടെ വിസ്മയമായിത്തീർന്ന വിശ്വപ്രസിദ്ധനായ കാർട്ടൂണിസ്റ്റ്‌ ശങ്കർ ആയിരുന്നു ആ കുട്ടി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പഠനകാലത്തു കെമിസ്ട്രി പ്രൊഫസറായിരുന്നു ശങ്കറിന്റെ പേനയുടെ ‘ഇര’യായ മറ്റൊരധ്യാപകൻ. ചിത്രവുമായി പ്രിൻസിപ്പലിനോട്‌ പരാതി പറയാൻ ചെന്ന കെമിസ്ട്രി പ്രൊഫസറെ, തന്നെക്കുറിച്ച്‌ ശങ്കർ വരച്ച ചിത്രം കാണിച്ചുകൊടുത്ത്‌ പ്രിൻസിപ്പൽ ശാന്തനാക്കി! ഫിസിക്സിൽ ബിഎ.യും ബോംബേ ലോ കോളജിൽ നിന്ന്‌ നിയമപഠനവും കഴിഞ്ഞെങ്കിലും തലയിൽ വരച്ചത്‌ വരയായതിനാൽ ശങ്കർ ആ വഴിയുടെ നേർരേഖയിൽ തന്നെ നീങ്ങി.
ബോംബെയിൽ വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ നേരമ്പോക്കിനുവേണ്ടി അദ്ദേഹം കാർട്ടൂൺ വരയ്ക്കുമായിരുന്നു. രാഷ്ട്രീയ നേതാക്കളെയും ദേശീയ പ്രശ്നങ്ങളെയും പ്രമേയമാക്കിയുള്ള അദ്ദേഹത്തിന്റെ കാർട്ടൂണുകൾ വർത്തമാന പത്രങ്ങളെയും പൊതുജനങ്ങളെയും ഏറെ ആകർഷിച്ചിരുന്നു. നിർദോഷ ഫലിതങ്ങൾ എന്നതിലപ്പുറം കാർട്ടൂണിന്‌ അന്ന്‌ വലിയ മാനങ്ങളുണ്ടായിരുന്നില്ല. അന്ന്‌ ഏറെ പ്രചാരമുണ്ടായിരുന്ന “ബോംബെ ക്രോണിക്കിൾ” എന്ന പത്രത്തിലാണ്‌ ശങ്കറിന്റെ കാർട്ടൂണുകൾ ഏറെയും പ്രത്യക്ഷപ്പെട്ടത്‌. “സ്ട്രീറ്റ്‌ കോർണർ ജോക്സ്‌” എന്ന മട്ടിലായിരുന്നു കാർട്ടൂണുകൾ. ശങ്കർ അതിനൊരു രൂപം നൽകി പരിഷ്കരിച്ചു. ഇന്ത്യൻ പത്രപ്രവർത്തനരംഗത്ത്‌ രാഷ്ട്രീയ ഹാസ്യ ചിത്രരചനയ്ക്കു ഒട്ടും പ്രചാരമില്ലാതിരുന്ന കാലത്ത്‌ അതിന്‌ തുടക്കം കുറിച്ചത്‌ മലയാളിയായ ശങ്കറായിരുന്നു. അക്കാരണത്താൽ തന്നെ രാഷ്ട്രീയ കാർട്ടൂണിസ്റ്റുകളുടെ കുലപതി (പിതാവ്‌) എന്നാണ്‌ ശങ്കർ അറിയപ്പെടുന്നത്‌.
വരയുടെ വരം
ശങ്കറിലെ കാർട്ടൂൺ പ്രതിഭയെ തിരിച്ചറിഞ്ഞ മാധ്യമപ്രവർത്തകൻ മലയാളി തന്നെയായ പത്രാധിപർ പോത്തൻ ജോസഫായിരുന്നു. ഹിന്ദുസ്ഥാൻ ടൈംസിൽ പോത്തൻ ജോസഫ്‌ എഡിറ്ററായപ്പോൾ ശങ്കറിനെ സ്റ്റാഫ്‌ കാർട്ടൂണിസ്റ്റാക്കി. 1932 മുതൽ 1946 വരെ ശങ്കർ ഹിന്ദുസ്ഥാൻ ടൈംസിൽ വരച്ചുതകർത്തു.
സി രാജഗോപാലാചാരിക്കെതിരെ വരച്ച കാർട്ടൂൺ, രാജാജിയുടെ ജാമാതാവ്‌ ദേവദാസ്‌ ഗാന്ധി തടഞ്ഞതോടെ അവിടം വിട്ടു. വ്യവസായ പ്രമുഖനായ രാമകൃഷ്ണ ഡാൽമിയയുമായി ചേർന്ന്‌ ഇൻഡ്യൻ ന്യൂസ്‌ ക്രോണിക്കിൾ തുടങ്ങിയതാണ്‌ അടുത്ത വഴിത്തിരിവ്‌. പതിനൊന്നാം മാസം അവിടം വിട്ട ശങ്കർ 1948-ൽ ചരിത്രപ്പിറവിയായി ശങ്കേഴ്സ്‌ വീക്കിലിക്കു തുടക്കമിട്ടു. അതിന്റെ ഉദ്ഘാടന ചടങ്ങിൽ നെഹ്‌റു ശങ്കറിനോട്‌ പറഞ്ഞതാണ്‌ ആ പ്രസിദ്ധമായ വാചകങ്ങൾ. (ശങ്കർ, ഡോണ്ട്‌ സ്പെയർ മി – ശങ്കർ, എന്നെ വെറുതെ വിടരുത്‌). ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ ഒരു പരിശീലന കളരികൂടിയായിരുന്ന ശങ്കേഴ്സ്‌ വീക്കിലി, ബ്രിട്ടീഷ്‌ ഇംഗ്ലീഷ്‌ മാസികയായ “പഞ്ച്‌” മാതൃകയിൽ കാർട്ടൂണിനും നർമ്മത്തിനും പ്രാധാന്യം നൽകിയിരുന്നു.
നേതാക്കന്മാരുടെ അഭിനന്ദനങ്ങൾ
ഹിന്ദുസ്ഥാൻ ടൈംസിലെ പ്രധാന കാർട്ടൂൺ രചയിതാവായിരുന്ന കാലത്തും പിന്നീടും ശങ്കർ തന്റെ നിശിത വിമർശനങ്ങൾ കാർട്ടൂണുകളിലൂടെ തൊടുത്തുവിട്ടിരുന്നു. ബ്രിട്ടീഷ്‌ ഭരണാധികാരികളും അമേരിക്കൻ പ്രസിഡന്റുമാരും മറ്റ്‌ ദേശീയ നേതാക്കളുമെല്ലാം വികൃതമായ രൂപഭാവങ്ങളോടെ അദ്ദേഹത്തിന്റെ വരയിൽ തെളിഞ്ഞുനിന്നിരുന്നു. അവരിൽ പലരുടെയും മുഖം ചുളിഞ്ഞു. രക്തം തിളച്ചു. ഒരു രാഷ്ട്രീയ നേതാവ്‌, ശങ്കറിനെ വെടിവെച്ചുകൊല്ലണം, എന്നുവരെ പ്രസ്താവന ഇറക്കി. അസഹിഷ്ണുക്കളായ നേതാക്കൾ മുറുമുറുത്തുവെങ്കിലും ഗാന്ധിജിയും നെഹ്‌റുവുമൊക്കെ ഹാസ്യം ശരിക്കും ആസ്വദിക്കുമായിരുന്നു.
ശങ്കറും നെഹ്‌റുവും
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, ശങ്കറിന്റേ ആത്മമിത്രമായിരുന്നു. മറ്റാരോടും തോന്നാത്ത ആരാധനയും ബഹുമാനവും സ്നേഹവും ശങ്കറിന്‌ നെഹ്‌റുവിനോടുണ്ടായിരുന്നു. സ്വാതന്ത്ര്യം ലഭിക്കുന്നതിന്‌ മുമ്പ്‌ ഹിന്ദുസ്ഥാൻ ടൈംസിൽ കാർട്ടൂണിസ്റ്റായിരിക്കെ നെഹ്‌റുവിനെക്കുറിച്ച്‌ നിരവധി കാർട്ടൂണുകൾ ശങ്കർ വരച്ചിരുന്നു. ആദ്യകാലം മുതൽക്കുള്ള ശങ്കറിന്റെ കാർട്ടൂണുകൾ നെഹ്‌റുവിനെ ആകർഷിച്ചിരുന്നെങ്കിലും അവർ തമ്മിൽ നേരിട്ടുകണ്ടിരുന്നില്ല. ശങ്കർ വരച്ച ആയിരക്കണക്കിന്‌ രാഷ്ട്രീയ കാർട്ടൂണുകളിൽ ഭൂരിഭാഗവും നെഹ്‌റുവിനെ കഠിനമായി വിമർശിച്ചുകൊണ്ടുള്ളതായിരുന്നു. വിശാല മനസ്കനായ നെഹ്‌റു ആ കാർട്ടൂണുകളെല്ലാം ആസ്വദിച്ചിരുന്നു എന്നു മാത്രമല്ല, ശങ്കറിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
കുട്ടികളുടെ ഇഷ്ടതോഴൻ
നിശിത വിമർശനങ്ങൾ കാർട്ടൂണുകളിലൂടെ തൊടുത്തു വിടുമ്പോഴും കുട്ടികളെ അദ്ദേഹം മറന്നില്ല. നെഹ്‌റുവിനെപ്പോലെ ശങ്കറിനും കുട്ടികളെ വലിയ ഇഷ്ടമായിരുന്നു. 1949-ൽ ശങ്കർ തുടങ്ങിയ ചിത്രരചനാ മത്സരം പിന്നീട്‌ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ഒന്നായിമാറി. കുട്ടികളുടെ പുസ്തകങ്ങൾ മാത്രം പ്രസിദ്ധീകരിക്കാനായി ചിൽഡ്രൻസ്‌ ബുക്ക്‌ ട്രസ്റ്റ്‌ (സിബിടി) കുട്ടികൾക്കുവേണ്ടി നൂറിലേറെ പുസ്തകങ്ങൾ പുറത്തിറക്കി. ന്യൂഡൽഹിയിലെ സിബിടി ആസ്ഥാനം സ്ഥിതിചെയ്യുന്ന നെഹ്‌റു ഹൗസിൽ 1965 ൽ തുടങ്ങിയ ഡോൾസ്‌ മ്യൂസിയം, ലോകത്തിലെ വലിയ പാവമ്യൂസിയങ്ങളിൽ ഒന്നാണ്‌. നൂറിലേറെ രാജ്യങ്ങളിൽ നിന്നായി ആയിരത്തിൽപ്പരം പാവകൾ ഇവിടെയുണ്ട്‌. കുട്ടികളുടേതായ മുപ്പതിനായിരത്തിൽപ്പരം പുസ്തകങ്ങളുള്ള ലൈബ്രറിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്‌. കുട്ടികൾക്കുവേണ്ടി ചിൽഡ്രൻസ്‌ വേൾഡ്‌ എന്നൊരു ഇംഗ്ലീഷ്‌ മാസികയും ശങ്കർ പ്രസിദ്ധീകരിച്ചിരുന്നു.
ശങ്കറിന്റെ പണിപ്പുരയിൽ ശിക്ഷണം നേടിയവരാണ്‌ അബു എബ്രഹാം, കുട്ടി, ഒ വി വിജയൻ, സാമുവേൽ, കേരളവർമ്മ, രജീന്ദർപുരി, യേശുദാസൻ, ബി എം ഗഫൂർ, മിക്കി പട്ടേൽ, രങ്ക, പ്രകാശ്‌ ഘോഷ്‌, രവിശങ്കർ, സുധീർനാഥ്‌ തുടങ്ങിയവർ. നോവലിസ്റ്റ്‌, കാർട്ടൂണിസ്റ്റ്‌ എന്നീ നിലകളിൽ പ്രശസ്തനായ ഒ വി വിജയൻ ആദ്യത്തെ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്‌ ശങ്കേഴ്സ്‌ വീക്കിലിയിലായിരുന്നു. ഇല്ലസ്ട്രേറ്റഡ്‌ വീക്കിലി ഓഫ്‌ ഇൻഡ്യ (ഇപ്പോൾ ഈ പ്രസിദ്ധീകരണമില്ല)യിലെ പേഴ്സണാലിറ്റിസ്‌ എന്ന പംക്തി വരച്ചിരുന്നതും ടൈംസ്‌ ഓഫ്‌ ഇൻഡ്യയിലെ യൂ സെഡ്‌ ഇറ്റ്‌ എന്ന പോക്കറ്റ്‌ കാർട്ടൂൺ വരച്ചുകൊണ്ടിരുന്നതുമായ ആർ കെ ലക്ഷ്മണും ശങ്കറിന്റെ ശിഷ്യനാണ്‌. കെ വി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന കേരളവർമ്മ, മറിയോ എന്ന പേരിൽ പ്രശസ്തനായ മറിയോ ജോവോ റൊസാറിയോ, ഡിബ്രിട്ടോമിറാൻഡ, ഉണ്ണി, ചാറ്റർജി, വിഷ്ണു, വെങ്കിടഗിരി രാമമൂർത്തി എന്ന മൂർത്തി എന്നിവർ വരെ ആ പട്ടിക നീളുന്നു.
അംഗീകാരങ്ങളും ബഹുമതികളും
നിരവധി ബഹുമതികളും അംഗീകാരങ്ങളും ശങ്കറിനെ തേടിയെത്തിയിട്ടുണ്ട്‌. 1954-ൽ പത്മശ്രീ, 1960-ൽ പത്മഭൂഷൺ, 1975 പത്മവിഭൂഷൺ എന്നീ ബഹുമതികൾ ഇന്ത്യാ ഗവൺമെന്റിന്റെ മഹത്തായ അംഗീകാരങ്ങളാണ്‌. കുട്ടികളുടെ കലയ്ക്കും സാഹിത്യത്തിനും വേണ്ടി ശങ്കർ നൽകിയ സംഭാവനകൾ കണക്കിലെടുത്ത്‌ പോളണ്ടിലെ കുട്ടികൾ 1977-ൽ അദ്ദേഹത്തിന്‌ ഓർഡർ ഓഫ്‌ സ്മെയിൽ പുരസ്കാരം നൽകി ആദരിച്ചു. 1979-ൽ യു എൻ അസോസിയേഷന്റെ ഹാമിൽറ്റൺ ബ്രാഞ്ച്‌ അവാർഡും, 1980-ൽ ഹംഗേറിയൻ കൾച്ചറൽ റിലേഷൻസ്‌ ഇൻസ്റ്റിറ്റിയൂട്ട്‌ അവാർഡും, അതേ വർഷം തന്നെ ജർമ്മനിയിൽ നിന്നുള്ള ഓർഡർ ഓഫ്‌ ദി സെയിന്റ്‌ ഫൊർച്യുനേറ്റ്‌ ബഹുമതിയും, ഇൻഡോ ചെക്ക്‌ ഗോൾഡ്‌ മെഡലും ലഭിക്കുകയുണ്ടായി. 1991-ൽ ശങ്കറിന്റെ സ്മരണക്കായി രണ്ട്‌ കാർട്ടൂൺ സ്റ്റാമ്പ്‌ പുറത്തിറക്കി.

  Categories:
view more articles

About Article Author