Sunday
24 Jun 2018

കാർഷികപ്രതിസന്ധി: നയം മാറണം

By: Web Desk | Tuesday 20 June 2017 4:55 AM IST

ഇടപെടൽ
ഇ ചന്ദ്രശേഖരൻ നായർ

‘കോപിഷ്ടമായ ഭാരതം’ എന്നാണ്‌ ജൂൺ പത്തിന്റെ ‘ദി ഹിന്ദു ബിസിനസ്‌ ലൈനി’ന്റെ മുഖപ്രസംഗത്തിന്റെ തലക്കെട്ട്‌. കർഷകരുടെ ദുരിതത്തിന്‌ അറുതിവരുത്താൻ കേന്ദ്രസർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട്‌ മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും കർഷകർ പ്രക്ഷോഭത്തിലാണ്‌. മധ്യപ്രദേശിലെ കർഷകപ്രക്ഷോഭം നേരിടാൻ പൊലീസ്‌ നടത്തിയ വെടിവയ്പ്പിലാണ്‌ കർഷകർ മരിച്ചത്‌. കർഷകപ്രക്ഷോഭം എങ്ങനെ നേരിടണമെന്നറിയാതെ മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്സിങ്‌ ചൗഹാൻ രണ്ട്‌ ദിവസം നിരാഹാരമിരുന്നു. എന്തിനാണ്‌ നിരാഹാരമിരുന്നതെന്നോ എന്തുകൊണ്ടിത്‌ അവസാനിപ്പിച്ചുവെന്നോ ജനങ്ങളെ ബോധ്യപ്പെടുത്താനാവുന്നൊരു വിശദീകരണവും ഉണ്ടായില്ല. കടഭാരംകൊണ്ട്‌ കർഷകരുടെ ആത്മഹത്യ വർധിച്ചുവരുന്നു. താൽക്കാലികാശ്വാസമെന്ന നിലയിൽ കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ ഉത്തർപ്രദേശ്‌, മഹാരാഷ്ട്ര സർക്കാരുകൾ തീരുമാനിച്ചു. ഇപ്പോൾ മധ്യപ്രദേശ്‌ സർക്കാരും കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന്‌ പ്രഖ്യാപിച്ചിരിക്കുന്നു. പഞ്ചാബിലെയും രാജസ്ഥാനിലെയും തമിഴ്‌നാട്ടിലെയും കർഷകരും പ്രക്ഷോഭത്തിലാണ്‌. കാർഷിക കടങ്ങൾ എഴുതിത്തള്ളാനുള്ള പണം സംസ്ഥാനങ്ങൾ തന്നെ കണ്ടെത്തണമെന്നാണ്‌ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കിയത്‌. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന്‌ പ്രഖ്യാപിച്ച നരേന്ദ്രമോഡി സർക്കാർ, വർധിച്ചുവരുന്ന കർഷക ആത്മഹത്യകൾക്കെതിരെ ഒന്നും ചെയ്യുന്നില്ലെന്ന്‌ മാത്രമല്ല, ഇതിന്റെ ഉത്തരവാദിത്ത്വം സംസ്ഥാനങ്ങൾക്കാണെന്ന്‌ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. കടക്കെണിയിൽപ്പെട്ട്‌, സംരക്ഷിക്കാനാവാതെ കന്നുകാലികളെ വിൽക്കാനുള്ള കർഷകരുടെ സ്വാതന്ത്ര്യം ഇപ്പോൾ ഇല്ലാതാക്കിയിരിക്കുന്നു. കർഷകരുടെ ആത്മഹത്യ വർധിച്ചുവരുന്നതിൽ യാതൊരു ഉൽക്കണ്ഠയും ഇല്ലാതെ ഗോവധനിരോധനത്തിന്റെ പേരിൽ കന്നുകാലി കച്ചവടം നിരോധിച്ചിരിക്കുകയാണ്‌. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസികൾ അസാധുവാക്കിയപ്പോൾ തങ്ങളുടെ കാർഷികോൽപ്പന്നങ്ങൾ വിറ്റഴിക്കാനാവാതെ കർഷകർക്ക്‌ ആത്മഹത്യ ചെയ്യേണ്ടിവന്നു. കേന്ദ്രസർക്കാരിന്റെ നോട്ട്‌ അസാധുവാക്കലെന്ന മുട്ടുപരിഷ്കാരം ഏറ്റവും കൂടുതൽ ബാധിച്ചത്‌ കർഷകരെയാണ്‌. അങ്ങനെ നരേന്ദ്രമോഡിയുടെ ഭരണത്തിൽ കർഷകരാകെ കടുത്ത ദുരിതത്തിലും കാർഷികമേഖല വമ്പിച്ച തകർച്ചയിലുമാണ്‌. ഭക്ഷ്യധാന്യങ്ങൾ ഇറക്കുമതി നടത്താൻ അനുമതി നൽകിയിരിക്കുന്നു. റബറിന്റെ അനിയന്ത്രിതമായ ഇറക്കുമതി കേരളത്തിലെ റബർ കൃഷിയെ തകർത്തു. ആരെ സഹായിക്കാനാണ്‌ ഉദാരമായി കാർഷികോൽപ്പന്നങ്ങൾ ഇറക്കുമതി നടത്താൻ അനുമതി നൽകുന്നത്‌? നരേന്ദ്രമോഡിയും ബിജെപി നേതൃത്വവും വികസനത്തെക്കുറിച്ച്‌ ആവർത്തിച്ച്‌ പറയുന്നത്‌ ഇന്ത്യയെ വികസിതരാജ്യങ്ങൾക്കൊപ്പം എത്തിക്കുമെന്നാണ്‌. അധികാരത്തിൽ വന്നതുമുതൽ വികസന മുദ്രാവാക്യമായി മോഡി ഉയർത്തിക്കാണിക്കുന്നത്‌ ‘മേക്ക്‌ ഇൻ ഇന്ത്യ’ എന്നാണ്‌. സ്വദേശികളും വിദേശികളുമായി കുത്തകകൾ ഇന്ത്യയിൽ ഉൽപ്പാദനം നടത്തി, വിദേശത്തേയ്ക്ക്‌ കയറ്റുമതി നടത്തുമെന്നാണ്‌ മേക്ക്‌ ഇൻ ഇന്ത്യയുടെ സാരം. ഇത്‌ പൂർണമായും പരാജയപ്പെട്ടുവെന്ന്‌ തെളിഞ്ഞുകഴിഞ്ഞു. വിദേശകുത്തകകൾ ഇന്ത്യയിൽ കാര്യമായി വ്യവസായങ്ങൾ ഒന്നും തുടങ്ങുന്നില്ല. ലോകവ്യാപാരത്തിൽ ഇന്ത്യയുടെ ഓഹരി വെറും 1.7 ശതമാനം മാത്രമാണ്‌.
ഇന്ത്യ വികസിക്കണമെങ്കിൽ ആഭ്യന്തരകമ്പോളം വികസിക്കണം. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും ക്രയശക്തി വർധിക്കണം. ആഭ്യന്തരകമ്പോളത്തിൽ പ്രധാനം ഗ്രാമങ്ങളിലെ ജനങ്ങളാണ്‌. അവരിൽ മഹാഭൂരിപക്ഷവും കൃഷിയെ ആശ്രയിച്ച്‌ ജീവിക്കുന്നവരാണ്‌. ആ കർഷകർ, മോഡി ഭരണത്തിൽ കടഭാരംകൊണ്ട്‌ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുകയാണ്‌. അപ്പോൾ ആഭ്യന്തരകമ്പോളം വികസിക്കാൻ എന്തുചെയ്യണം? കാർഷികമേഖല അടിമുടി പരിഷ്കരിച്ച്‌ കൃഷിക്കാർക്ക്‌ മെച്ചപ്പെട്ട സാമ്പത്തികനില കൈവരിക്കാൻ സാധിക്കണം.
ഒന്നാമതായി കാർഷികോൽപ്പാദനം വർധിപ്പിക്കാൻ കൃഷിയിടങ്ങളിലെല്ലാം ജലസേചന സൗകര്യം എത്തിക്കണം. പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവിനുശേഷം രാജ്യത്തെ ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ നിന്നും കേന്ദ്രസർക്കാർ ഒഴിഞ്ഞുമാറിക്കൊണ്ടിരിക്കുകയാണ്‌. ഇതിൽ മാറ്റം വരുത്തി, കാർഷികോൽപ്പാദനം വർധിപ്പിക്കണം. ഒപ്പം കാർഷികോൽപ്പന്നങ്ങൾക്ക്‌ ആദായകരമായൊരു വില ലഭ്യമാക്കണം. അതേസമയം ഉപഭോക്താവിന്‌ ന്യായമായൊരു വിലയ്ക്ക്‌ അവശ്യസാധനങ്ങളുടെ വിതരണം ഉറപ്പുവരുത്തുകയും വേണം. ഇതിന്‌ പ്രാരംഭമായാണ്‌ പണ്ഡിറ്റ്‌ നെഹ്‌റു, ഫുഡ്കോർപ്പറേഷൻ രൂപീകരിച്ചത്‌. കർഷകരിൽ നിന്നും ന്യായമായൊരുവിലയ്ക്ക്‌ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ച്‌ സബ്സിഡിയോടെ റേഷൻ കടകൾ വഴി വിതരണം ആരംഭിച്ചു. അരി, ഗോതമ്പ്‌, പഞ്ചസാര, മണ്ണെണ്ണ തുടങ്ങിയവ സബ്സിഡിനിരക്കിൽ റേഷൻ കടകൾവഴി വിതരണം നടത്തിയിരുന്നു. ഈ സംവിധാനം രണ്ടുതരത്തിൽ ജനങ്ങൾക്ക്‌ പ്രയോജനം ഉണ്ടായി. കർഷകർക്ക്‌ അവരുടെ ഉൽപ്പന്നങ്ങൾക്ക്‌ ന്യായമായൊരു വില ലഭിക്കുന്നു. ഉപഭോക്താക്കൾക്ക്‌ നീതിപൂർവമായൊരു വിലയ്ക്ക്‌ സാധനങ്ങൾ ലഭിക്കുന്നു. നരേന്ദ്രമോഡി സർക്കാർ ഇതെല്ലാം തിരസ്ക്കരിച്ചിരിക്കുന്നു. പഞ്ചസാരയുടെയും മണ്ണെണ്ണയുടെയും വിതരണം റേഷനിങ്‌ സമ്പ്രദായത്തിൽ നിന്നും അവസാനിപ്പിച്ചു. റേഷനിങ്‌ സംവിധാനം പഠിക്കാൻ നിയോഗിച്ച സമിതികളെല്ലാം ഇത്‌ വിപുലമാക്കണമെന്നാണ്‌ നിർദേശിച്ചത്‌. റേഷനിങ്‌ സമ്പ്രദായത്തിൽ പയറുവർഗങ്ങളും പലവ്യഞ്ജനങ്ങളും ഉൾപ്പെടുത്തണമെന്നാണ്‌ ഈ സമിതികൾ ശുപാർശ ചെയ്തത്‌. എന്നാൽ ഇപ്പോൾ ബിപിഎൽ – എപിഎൽ വിഭജനംകൊണ്ടുവന്ന്‌ സാധാരണക്കാരെ റേഷൻസമ്പ്രദായത്തിൽ നിന്നും അകറ്റിനിർത്തുന്നു. ഓരോ വർഷവും ബിപിഎൽ വിഭാഗത്തിന്റെ എണ്ണം കുറച്ചുകൊണ്ടുവരുന്നു. കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്നതാണ്‌ ബിപിഎൽ – എപിഎൽ ശതമാന കണക്ക്‌.
കാർഷികവിളകളുടെ നാശം ഈ രംഗത്തെ പ്രധാനപ്രശ്നമാണ്‌. കൃഷിനാശം സംഭവിച്ചാൽ, അതിൽ നിന്നുള്ള കാർഷികോൽപ്പന്നത്തിന്റെ ന്യായമായ വില കണക്കാക്കി നഷ്ടപരിഹാരം നൽകണം. അതിനാവശ്യമായൊരു ഇൻഷുറൻസ്‌ പദ്ധതി കൊണ്ടുവരണം. വിളനാശത്തിന്‌ ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കണമെങ്കിൽ സബ്സിഡി നൽകണം. അമേരിക്കയിൽ പ്രസിഡന്റ്‌ ബുഷിന്റെ ഭരണത്തിൽ, 2002-ൽ കാർഷിക സബ്സിഡി നിയമം കൊണ്ടുവന്നു. കാർഷികോൽപ്പന്നങ്ങൾക്ക്‌ ന്യായമായൊരു വില, കൃഷി സെക്രട്ടറി നിശ്ചയിക്കും. ആ വില കർഷകർക്ക്‌ ലഭിക്കാതെവന്നാൽ പ്രഖ്യാപിത വിലയും വിപണിവിലയും തമ്മിലുള്ള വ്യത്യാസം കർഷകന്‌ സബ്സിഡിയായി സർക്കാർ നൽകും. ഇതിനായി നാലുവർഷത്തേയ്ക്കു 200 ബില്യൺ ഡോളറാണ്‌ നീക്കിവച്ചത്‌. ഇന്ത്യയിൽ സബ്സിഡികൾ ഒന്നൊന്നായി ഇല്ലാതാക്കുന്ന നയമാണ്‌ സ്വീകരിച്ചുവരുന്നത്‌. രാജ്യത്തിന്റെ വികസനം തകർക്കുന്ന നയമാണ്‌ മോഡി സർക്കാർ തുടരുന്നത്‌. കാർഷികമേഖലയെ പാടെ അവ ഗണിച്ച്‌, ആഭ്യന്തര കമ്പോളം ഇല്ലാതാക്കി എന്തു വികസനമാണ്‌ മോഡി സർക്കാർ കൊണ്ടുവരുന്നത്‌?