കാർഷികരംഗം നവോന്മേഷത്തിന്റെയും പ്രതീക്ഷയുടെയും പാതയിൽ

March 21 05:00 2017

കേരളത്തിന്റെ കാർഷിക മേഖലയ്ക്കു പൊതുവിലും നെൽകർഷകർക്ക്‌ പ്രത്യേകിച്ചും നവോന്മേഷവും പ്രതീക്ഷയും നൽകുന്ന വാർത്തകളാണ്‌ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്‌. വിമാനത്താവളത്തിന്റെ പേരിലും ആഡംബര വിനോദസഞ്ചാര സമുച്ചയത്തിന്റെ പേരിലും സ്വകാര്യ കമ്പനികൾ നിയമം കാറ്റിൽ പറത്തി കയ്യടക്കിയ ആറന്മുള പുഞ്ചയിലും കുട്ടനാട്ടിലെ മെത്രാൻ കായലിലും സംസ്ഥാന കൃഷിവകുപ്പിന്റെ മുൻകൈയിൽ കൃഷി ഇറക്കി വിളവെടുപ്പിനു തുടക്കം കുറിച്ചു. പേരാമ്പ്രയിലെ ആവളയിൽ കഴിഞ്ഞ ദിവസം കൊയ്ത്തുൽസവത്തിനു തുടക്കമായി. ദീർഘകാലമായി കൃഷിയിറക്കാതെ തരിശായും കൃഷി അസാധ്യമെന്ന്‌ അടുത്തകാലംവരെ കർഷകർ പോലും കരുതിയിരുന്ന പാടശേഖരങ്ങളിലാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നിശ്ചയദാർഢ്യത്തിലും കൃഷിമന്ത്രിയുടെ നേതൃത്വത്തിലും കൃഷിയിറക്കാനായത്‌. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിൽ ഏതാണ്ട്‌ ഒമ്പതു ലക്ഷം ഹെക്ടറിൽ നെൽകൃഷി നടന്നിരുന്ന സംസ്ഥാനത്ത്‌ ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ അത്‌ ഒന്നര ലക്ഷം ഹെക്ടറിൽ താഴെയായി ചുരുങ്ങിയിരുന്നു. 2006 ൽ അധികാരത്തിൽ വന്ന എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഇക്കാര്യത്തിൽ ഗൗരവതരമായ പുനർവിചിന്തനം ആരംഭിച്ചു. നെൽവയൽ- തണ്ണീർത്തട സംരക്ഷണ നിയമം പാസാക്കി അവശേഷിക്കുന്ന വയലേലകളെ സംരക്ഷിക്കാൻ നിശ്ചയദാർഢ്യത്തോടെയുള്ള നീക്കത്തിന്‌ ആ സർക്കാർ നേതൃത്വം നൽകി. അതിൽ ആശാവഹമായ പുരോഗതി കൈവരിക്കാനും സംസ്ഥാനത്തിന്‌ കഴിഞ്ഞിരുന്നു. എന്നാൽ തുടർന്ന്‌ അധികാരത്തിലേറിയ യുഡിഎഫ്‌ സർക്കാർ ആ പാത പിന്തുടർന്നില്ലെന്ന്‌ മാത്രമല്ല ഭൂമാഫിയകൾക്കും ബിൽഡിങ്‌ ലോബികൾക്കും കോർപറേറ്റ്‌ താൽപര്യങ്ങൾക്കും വേണ്ടി നിയമംതന്നെ അട്ടിമറിക്കുകയാണ്‌ ചെയ്തത്‌. ഇപ്പോൾ അധികാരത്തിൽ തിരിച്ചെത്തിയ എൽഡിഎഫിന്‌ അട്ടിമറിക്കപ്പെട്ട ആ നിയമങ്ങൾ സൃഷ്ടിച്ച പ്രതിബന്ധങ്ങളെ മറികടന്നുവേണ്ടിവന്നു കാർഷികമേഖലയിൽ ഉണർവും പ്രത്യാശയും തിരിച്ചുകൊണ്ടുവരാൻ.
വളരെ ചുരുങ്ങിയ സമയംകൊണ്ട്‌ നെൽകൃഷി മേഖലയിൽ വ്യക്തതയാർന്ന ഒരു സഞ്ചാരപഥചിത്രം ആവിഷ്കരിക്കാനും അത്‌ സമയബന്ധിതമായി നടപ്പാക്കാനും സംസ്ഥാന കൃഷിവകുപ്പിന്‌ കഴിയുന്നുവെന്നത്‌ ശ്ലാഘനീയമാണ്‌. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായ വരൾച്ച, അകാലത്തിലുള്ള മഴ എന്നിവ സൃഷ്ടിച്ച പ്രതിബന്ധം മുതൽ ഒരു ദശകത്തിലേറെയായി പാഴും ശൂന്യവുമായി കിടന്നതും നിക്ഷിപ്ത ലക്ഷ്യങ്ങൾക്കുവേണ്ടി പരിവർത്തന വിധേയമായ വയലുകൾ കൃഷിയോഗ്യമാക്കി മാറ്റുകയെന്നതുവരെ തീർത്തും ശ്രമകരമായിരുന്നു ഈ യത്നം. പൊതുഖജനാവിൽ നിന്ന്‌ വൻനിക്ഷേപത്തിനു മുതിരാതെ അത്‌ അസാധ്യവുമായിരുന്നു. അവിടെ നിന്നു ലഭിക്കുന്ന വിളയുടെ വിപണി മൂല്യത്തെക്കാളേറെ അത്‌ സംസ്ഥാനത്തിനും ഭാവിക്കും വേണ്ടി കാത്തുവയ്ക്കുന്ന നേട്ടങ്ങൾ അമൂല്യമെന്ന്‌ ചരിത്രം വിലയിരുത്തും. പ്രതിവർഷം നാൽപത്‌ ലക്ഷം ടൺ അരിയാണ്‌ നമുക്ക്‌ ആവശ്യം. അതിൽ അഞ്ചരലക്ഷം ടൺ മാത്രമാണ്‌ ഇവിടെ ഉൽപാദിപ്പിക്കുന്നത്‌. ബാക്കിക്ക്‌ നാം അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരും. കേരളത്തിന്‌ നെല്ല്‌ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനാവില്ല. എന്നാൽ ഉൽപാദനം ഇന്നത്തേതിന്റെ ഇരട്ടിയെങ്കിലുമാക്കി ഉയർത്താൻ നമുക്കാവും. ഇന്നത്തെ 1.92 ലക്ഷം ഹെക്ടർ ഭൂമിയിലെ നെൽകൃഷി മൂന്നുലക്ഷമായി അടുത്ത മൂന്നുവർഷത്തിനകം ഉയർത്തുകയാണ്‌ ലക്ഷ്യം. കൃഷിനാശത്തിന്‌ ഇന്ന്‌ നൽകിവരുന്ന നഷ്ടപരിഹാരത്തുക ഏക്കറിന്‌ 48,500 രൂപയായി ഉയർത്തുമെന്ന പ്രഖ്യാപനം കൂടുതൽ യുവാക്കളെ കാർഷികവൃത്തിയിലേക്ക്‌ തിരിയാൻ പ്രേരകമാകും. ഇൻഷുറൻസ്‌ തുക ഇന്നത്തെ 12,500 ൽ നിന്നും 35,000 ആക്കിയതും സർക്കാർ നൽകുന്ന 13,500 രൂപയും ചേർന്നാണ്‌ ഇത്‌. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന നഷ്ടപരിഹാരത്തുകയാണിത്‌.
കൃഷി പുനരാരംഭിച്ച പ്രദേശങ്ങളിൽ നിന്നുള്ള നെല്ല്‌ ഇടനിലക്കാരെ ഒഴിവാക്കി കുത്തി ബ്രാൻഡ്‌ ചെയ്ത്‌ മൂല്യവർധിത ഉൽപന്നമാക്കി വിപണിയിലെത്തിക്കുന്നത്‌ കർഷകന്‌ ആദായകരമായ വില ഉറപ്പുനൽകും. ഭൂപരിഷ്കരണത്തെ തുടർന്ന്‌ അനുയോജ്യമായ കാർഷിക രീതികൾ വികസിപ്പിക്കുന്നതിനു കഴിയാതെ പോയതാണ്‌ ഈ മേഖലയിലെ തളർച്ചയുടെ പ്രധാനകാരണങ്ങളിൽ ഒന്ന്‌. അനുയോജ്യമായ കർഷക കൂട്ടായ്മകളിലൂടെയെ അത്‌ പരിഹരിക്കാനാവു. യുവാക്കളുടെയും സ്ത്രീകളുടെയും കർഷകരുടെയും അത്തരം കൂട്ടായ്മകൾ പുനരാരംഭിച്ച കൃഷിയിടങ്ങളിൽ ഉറപ്പുവരുത്താൻ കഴിഞ്ഞുവെന്നത്‌ ശുഭോദർക്കമാണ്‌. നെൽകൃഷിയടക്കം കേരളത്തിന്റെ കാർഷിക പാരമ്പര്യം തിരിച്ചുപിടിക്കുന്നതും ജൈവ കൃഷിസമ്പ്രദായമടക്കം നൂതന കൃഷി സമ്പ്രദായങ്ങൾ വ്യാപകമാക്കുന്നതും കേരളത്തിന്റെ നിലനിൽപിനു നിർണായകമാണ്‌. പരിസ്ഥിതി നാശത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും വെല്ലുവിളികൾക്കുള്ള ക്രിയാത്മക മറുപടിയാണ്‌ ഇത്‌. നിക്ഷേപം, ലാഭം, കൂടുതൽ ഉയർന്ന ലാഭം എന്ന മൂലധന യുക്തിയുമായി പൊരുത്തപ്പെടുന്നതായിരിക്കില്ല ഒരുപക്ഷെ ഈ പരിശ്രമങ്ങൾ. പക്ഷെ ഒരു ജനതയുടെയും വരും തലമുറയുടേയും നിലനിൽപിനുള്ള മുന്നുറപ്പാണ്‌ കാർഷിക രംഗത്തെ ഈ സംരംഭങ്ങൾ എന്ന്‌ എൽഡിഎഫ്‌ സർക്കാരിനും കൃഷിവകുപ്പിനും തീർച്ചയായും അഭിമാനിക്കാം.

  Categories:
view more articles

About Article Author