Sunday
22 Oct 2017

കാർഷികോത്പന്നങ്ങളുടെ ഓൺലൈൻ വിൽപ്പനയുമായി ‘കൃഷിക്കാരൻ’

By: Web Desk | Monday 24 July 2017 4:45 AM IST

പി ആർ റിസിയ
കൊച്ചി: കൃഷിയിലൂടെ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ പലപ്പോഴും ന്യായവില പോലും ലഭിക്കാത്തതാണ്‌ ചെറുകിട കർഷകർ നേരിടുന്ന മുഖ്യ വെല്ലുവിളി. ഇടനിലക്കാരുടെ ചൂഷണം മൂലം, കഷ്ടപ്പെട്ട്‌ ഉൽപാദിപ്പിച്ച ഉൽപന്നങ്ങൾക്ക്‌ വിറ്റഴിക്കാൻ കഴിയാത്ത അവസ്ഥയിൽ കൃഷിതന്നെ ഉപേക്ഷിക്കുന്നവരും ഏറെയാണ്‌. എന്നാൽ കാർഷിക കച്ചവടവും ഓൺലൈനിൽ നടത്താം എന്ന്‌ വിജയകരമായി തെളിയിച്ചിരിക്കുകയാണ്‌ കൃഷിക്കാരൻ എന്ന വെബ്സെറ്റ്‌. ംംം.സൃശവെശസസംഋമി. രീാ‍ എന്ന വെബ്സൈറ്റാണ്‌ കർഷകർക്കായുള്ള വിപണിയൊരുക്കുന്നത്‌. പച്ചക്കറി, സുഗന്ധവ്യഞ്ജനങ്ങൾ, വളർത്തു മൃഗങ്ങൾ തൊട്ട്‌ കാർഷിക ഉപകരണങ്ങൾ വരെ ഓൺലൈൻ വഴി ലഭിക്കും. പണം കൊടുത്തുള്ള കച്ചവടത്തിന്‌ പുറമേ പഴയ ബാർട്ടർ സിസ്റ്റം (കൈമാറ്റ കച്ചവടം) വഴിയും സാധനങ്ങൾ വാങ്ങാം. ഇടനിലക്കാരുടെ ചൂഷണമില്ലാതെ വിൽപ്പന നടത്താം എന്നതാണ്‌ സംവിധാനത്തിന്റെ ഏറ്റവും വലിയ സവിശേഷത.
കൃഷിക്കാരനിൽ നിലവിലുള്ള 13000ത്തോളം അംഗങ്ങൾക്ക്‌ ഇത്തരമൊരു പ്ലാറ്റ്ഫോം നൽകിയത്‌ ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന ദമ്പതികളായ അജി ജോസഫും രശ്മി രഘുനാഥുമാണ്‌. കർഷക കുടുംബത്തിൽ ജനിച്ച അജിക്ക്‌ ചൂഷണമില്ലാതെ, കർഷകർക്ക്‌ മികച്ച വില ലഭിക്കുന്ന ഒരു സംരംഭം തുടങ്ങണമെന്ന ആശയമാണ്‌ കൃഷിക്കാരനിലേക്ക്‌ നയിച്ചത്‌. ഇവരുടെ കൊച്ചി പാലാരിവട്ടത്തുള്ള സോഫ്റ്റ്‌വെയർ സ്ഥാപനമായ ട്രെയോക്കോഡ്സ്‌ ടെക്നോളജീസിലെ 13 അംഗ ജീവനക്കാരുടെ പിന്തുണയിലാണ്‌ ഒരു വർഷം മുമ്പ്‌ കൃഷിക്കാരൻ പിറന്നത്‌. ഇതിനോടകം 21,000 ഓളം ഇടപാടുകൾ കൃഷിക്കാരനിലൂടെ നടന്നിട്ടുണ്ട്‌. സൗജന്യ സേവനമാണ്‌ സെറ്റ്‌ നൽകുന്നത്‌.
മുട്ട, തേൻ, കൂവപ്പൊടി, പുളി, കാന്താരി, പാൽ ഉൽപ്പനങ്ങൾ എന്നിവയ്ക്കാണ്‌ ആവശ്യക്കാരേറെയുള്ളത്‌. ഇതിനൊപ്പം വിവാഹത്തിനുള്ള പച്ചക്കറികൾക്കും ഡിമാന്റുണ്ട്‌. കേരളത്തിൽ എവിടെയുള്ളവർക്കും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത ശേഷം ഉൽപ്പനങ്ങൾ പ്രദർശിപ്പിക്കാം. ഉൽപ്പനത്തിന്റെ പേരും, ചിത്രവും, അളവും, പ്രതീക്ഷിക്കുന്ന വിലയും രേഖപ്പെടുത്താൻ അവസരമുണ്ട്‌. താൽപര്യമുള്ള ഉപഭോക്താക്കൾ ഉൽപ്പാദകരുമായി നേരിട്ട്‌ ബന്ധപ്പെട്ടാണ്‌ കച്ചവടം ഉറപ്പിക്കുന്നത്‌. വിൽക്കുന്നയാൾക്ക്‌ സാധനങ്ങൾ കൊറിയർ വഴിയോ, നേരിട്ടോ എത്തിച്ച്‌ കൊടുക്കാം. പ്രദേശത്തിന്റെ റൂട്ട്‌ മാപ്പ്‌ ഉൾപ്പടെയുള്ളവ സൈറ്റിൽ നിന്നും ലഭിക്കും. കൃഷിക്കാരൻ മൊബെയിൽ ആപ്ലിക്കേഷൻ പതിപ്പും ഉടൻ പുറത്തിറങ്ങും.