കാർഷിക തകർച്ച പൊതുവികസനത്തെ ബാധിക്കും

കാർഷിക തകർച്ച പൊതുവികസനത്തെ ബാധിക്കും
May 09 04:55 2017

ഇടപെടൽ
ഇ ചന്ദ്രശേഖരൻ നായർ
2022-23 കൊണ്ട്‌ കാർഷിക വരുമാനം ഇരട്ടിയാക്കുമെന്നാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആവർത്തിച്ചുള്ള പ്രഖ്യാപനം. ഇതിന്‌ യാഥാർഥ്യവുമായി എന്തെങ്കിലും ബന്ധമുണ്ടോ? നിലവിലുള്ള സ്ഥിതി തുടർന്നാൽ കാർഷിക മേഖലയിൽ വരുമാനം ഇരട്ടിയാക്കണമെങ്കിൽ ഇരുപത്തി രണ്ട്‌, ഇരുപത്തി മൂന്ന്‌ വർഷമെങ്കിലുമെടുക്കുമെന്നാണ്‌ നീതി ആയോഗ്‌ അടുത്തകാലത്ത്‌ പുറത്തിറക്കിയ പ്രഖ്യാപനത്തിൽ പറഞ്ഞിരിക്കുന്നത്‌. മെയ്‌ ഒന്നിന്റെ ദി ഹിന്ദു ബിസിനസ്‌ ലൈനിൽ പറയുന്നത്‌, യഥാർഥത്തിൽ വില കണക്കാക്കിയാൽ 1993-94 മുതൽ 2014-15 വരെ വാർഷിക വർധനവ്‌ 1.39 ശതമാനമാണെന്നാണ്‌. കർഷകരുടെ വരുമാന വർധനവിന്‌ പരിഹാരമാർഗമായി ‘ബിസിനസ്‌’ലൈനിൽ രാജലക്ഷ്മി നിർമൽ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്‌. കാർഷികോൽപാദനം വർധിപ്പിക്കുക, സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കൃഷിയിടങ്ങൾ കുറയ്ക്കുക, കൂടുതൽ മെച്ചപ്പെട്ട വില ലഭിക്കുന്ന കാർഷികവിളകളിലേക്ക്‌ തിരിച്ചുവിടുക, പഴം-പച്ചക്കറി മേഖലകളിലേക്ക്‌ കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ്‌ രാജലക്ഷ്മി നിർമൽ മുന്നോട്ടുവയ്ക്കുന്നത്‌.
ആസൂത്രണ കമ്മിഷന്‌ പകരം വന്ന നീതി ആയോഗ്‌, കൃഷിക്കാരുടെ യഥാർഥ പ്രശ്നങ്ങളിൽ നിന്നും അകന്ന്‌ നിൽക്കുകയാണ്‌. കാർഷിക മേഖലയുടെ പ്രശ്നങ്ങൾ എന്തൊക്കെയാണ്‌? കൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക്‌ കൃഷിഭൂമിയിൽ പൂർണമായ അവകാശം വേണമെന്നതാണ്‌ ഒന്നാമത്തെ പ്രശ്നം. കൃഷിക്കാവശ്യമായ മെച്ചപ്പെട്ട ജലസേചന സൗകര്യം ഉണ്ടാവണമെന്നതാണ്‌ രണ്ടാമത്തേത്‌. മൂന്നാമത്തെ പ്രശ്നം, ഹുണ്ടിക പിരിവുകാരിൽ നിന്നും രക്ഷനേടാൻ ആവശ്യമായ കാർഷിക വായ്പാ സൗകര്യം വേണമെന്നതാണ്‌. കൃഷിനാശം സംഭവിച്ചാൽ നഷ്ടം മുഴുവൻ നികത്തിക്കിട്ടുന്ന വേഗത്തിൽ തീർപ്പാക്കുന്ന ഇൻഷുറൻസ്‌ പരിരക്ഷയാണ്‌ നാലാമത്തേത്‌. അഞ്ചാമത്‌, കാർഷികോൽപന്നങ്ങൾക്ക്‌ ആദായകരമായ വില ലഭിക്കണം. ഈ ആവശ്യങ്ങൾ മനസിലാക്കാൻ പ്രശ്നംവച്ച്‌ നോക്കേണ്ടതില്ല.
കൃഷിക്കാരനെ കൃഷിഭൂമിയുടെ ഉടമയാക്കുന്നതിന്‌ കേരളത്തിലെപോലെ ഒരു നിയമനവും മറ്റൊരു സംസ്ഥാനത്തും കൊണ്ടുവരുന്നതിന്‌ സാധിച്ചിട്ടില്ല. ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേകതകൾക്കനുസരിച്ച്‌ കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി നിശ്ചയിക്കണം. ജലസേചനത്തിന്റെ ആവശ്യം പൂർണമായും നിറവേറ്റാൻ പണ്ഡിറ്റ്‌ നെഹ്‌റുവിന്റെ കാലത്ത്‌ കേന്ദ്രസർക്കാർ എടുത്ത പരിശ്രമങ്ങൾ ഒന്നും പിന്നീട്‌ ഒരു സർക്കാരും സ്വീകരിച്ചില്ല. അന്ന്‌ ഉണ്ടാക്കിയ 40 ശതമാനം ഭൂമിയിലെ ജലസേചന സൗകര്യം മാത്രമേ ഇന്നും ഉള്ളു. പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയതുമുതൽ ജലസേചന സൗകര്യമെന്ന വിഷയം കാര്യമായി പരിഗണിച്ചിട്ടേയില്ല. ശരാശരി അഞ്ച്‌ ലക്ഷം കോടിയിലധികം രൂപയാണ്‌ ഓരോ വർഷവും കുത്തകകൾക്ക്‌ നികുതി ഇളവ്‌ നൽകുന്നത്‌. അതിന്റെ ഒരു ചെറിയ അംശം പോലും ജലസേചനസൗകര്യം വർധിപ്പിക്കുന്നതിന്‌ നീക്കിവയ്ക്കുന്നില്ല. കൃഷിക്കാർക്ക്‌ ആവശ്യമായ വായ്പാ സൗകര്യം ലഭ്യമാക്കാൻ കേരളത്തിലേതു പോലെ ഗ്രാമീണ സഹകരണ സംഘങ്ങൾ ഉണ്ടാക്കാൻ കാര്യമായ പരിശ്രമമൊന്നും മറ്റൊരിടത്തും നടക്കുന്നില്ല. കേരളത്തിലെ ഗ്രാമങ്ങളിലെ എല്ലാ കാർഷിക ആവശ്യങ്ങൾക്കും വായ്പ ലഭ്യമാക്കാനുള്ള കഴിവ്‌ സംസ്ഥാനത്തെ ഗ്രാമീണ സഹകരണ ബങ്കുകൾക്കുണ്ട്‌. എന്നാൽ ഈ ഗ്രാമീണ സഹകരണ ബാങ്കുകളെ തകർക്കാനുള്ള പരിശ്രമമാണ്‌ കേന്ദ്ര സർക്കാരും നബാർഡും റിസർവ്വ്‌ ബാങ്കും നടത്തിക്കൊണ്ടിരിക്കുന്നത്‌.
യഥാർഥത്തിൽ കൃഷിക്കാരുടെ സ്ഥിതി എന്താണ്‌? മെയ്‌ മൂന്നിലെ ബിസിനസ്‌ ലൈനിൽ എ നാരായണ മൂർത്തി എഴുതിയ ലേഖനത്തിൽ നാഷണൽ ക്രൈം റിക്കാർഡ്സ്‌ ബ്യൂറോയുടെ 47-ാ‍മത്‌ റിപ്പോർട്ട്‌ അനുസരിച്ച്‌ 2013 ൽ 11,372 കൃഷിക്കാരാണ്‌ ആത്മഹത്യ ചെയ്തത്‌. നാഷണൽ ക്രൈം റിക്കാർഡ്സ്‌ ബ്യൂറോയുടെ 49-ാ‍ം റിപ്പോർട്ടിൽ പറയുന്നത്‌ 2014 ലെതിനെക്കാൾ കർഷക ആത്മഹത്യ 2015 ൽ 41 ശതമാനം വർധിച്ചുവെന്നാണ്‌. നീതി ആയോഗിന്റെ കണക്കനുസരിച്ച്‌ 2014 ൽ 52 ശതമാനം കർഷക കുടുംബങ്ങൾ കടക്കെണിയിലാണ്‌. എന്താണ്‌ ഇതിന്റെ മുഖ്യകാരണം? കൃഷിക്കാരുടെ ഉൽപ്പന്നങ്ങൾക്ക്‌ ന്യായമായൊരു വില ലഭിക്കുന്നില്ല. കർഷകർ രക്ഷപ്പെടണമെങ്കിൽ കാർഷികോൽപ്പന്നങ്ങൾക്ക്‌ ആദായകരമായൊരു വില ലഭിക്കണം. അത്‌ എങ്ങനെ സാധിക്കുമെന്ന്‌ തെളിയിച്ചതാണ്‌ ഗുജറാത്തിലെ ‘അമൂൽ’ എന്ന സ്ഥാപനം. ഡോ. വി കുര്യന്റെ നേതൃത്വത്തിൽ ഗുജറാത്തിലെ ക്ഷീരകർഷകർക്ക്‌ അവരുടെ ഉൽപന്നത്തിന്‌ ആദായകരമായ വില കിട്ടാനുള്ള ഒരു സംവിധാനമുണ്ടാക്കി. പിന്നീട്‌ ചില സംസ്ഥാനങ്ങളിലും കർഷകരുടെ സംഘങ്ങൾ വഴി പാലും പാലുൽപ്പന്നങ്ങളും വിൽക്കാൻ സംവിധാനമുണ്ടായി. ഇതിന്റെയൊക്കെ ഫലമായി പാലിന്‌ ഇന്നേവരെ വില കുറഞ്ഞിട്ടില്ല. ഓരോ വർഷവും വില വർധിച്ചിട്ടേയുളളു. ഇത്‌ കാണിക്കുന്നതെന്താണ്‌? കാർഷികോൽപ്പന്നങ്ങൾക്ക്‌ ന്യായമായ വില ലഭ്യമാക്കാൻ സംവിധാനമുണ്ടാക്കണം എന്നാണ്‌. പണ്ഡിറ്റ്‌ നെഹ്‌റുവിന്റെ കാലത്ത്‌ അരിക്കും ഗോതമ്പിനും ന്യായമായ വില നിശ്ചയിച്ച്‌ കർഷകന്‌ ലഭ്യമാക്കി. ഫുഡ്‌ കോർപ്പറേഷൻ വഴി സംഭരിക്കുന്ന സംവിധാനം കൊണ്ടുവന്നു. രാജ്യത്തെ സാധാരണക്കാരായ ഉപഭോക്താക്കൾക്ക്‌ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നതിന്‌ റേഷനിങ്‌ സമ്പ്രദായവും നടപ്പാക്കി. എന്നാൽ ഈ റേഷനിങ്‌ സമ്പ്രദായം വേണ്ടെന്നും സബ്സിഡികൾ കുറച്ചുകൊണ്ടുവരണമെന്നുമാണ്‌ കേന്ദ്ര സർക്കാരിന്റെ നയം. പുത്തൻ സാമ്പത്തികനയം നടപ്പാക്കിയതുമുതൽ സബ്സിഡി കുറച്ചുകൊണ്ട്‌ വന്ന്‌ റേഷൻ വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനാണ്‌ പരിശ്രമിക്കുന്നത്‌. അതിന്റെ ഭാഗമായാണ്‌ റേഷൻ സമ്പ്രദായത്തിൽ ബിപിഎൽ-എപിഎൽ വേരിതിരിവ്‌ കൊണ്ടുവന്നത്‌. അതേസമയം, അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും കർഷകരുടെ ഉൽപ്പന്നങ്ങൾക്ക്‌ ആദായകരമായ വില ലഭിക്കുന്നതിന്‌ സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്‌. കാർഷികോൽപ്പന്നങ്ങൾക്ക്‌ ന്യായമായ വില ഉറപ്പുവരുത്താൻ 2002 ൽ യൂറോപ്യൻ രാജ്യങ്ങൾ ചെലവഴിച്ചത്‌ 40 ബില്യൺ ഡോളറിന്റെ സബ്സിഡിയാണ്‌. അമേരിക്കൻ പ്രസിഡന്റ്‌ ബൂഷ്‌, 2002 ൽ കൊണ്ടുവന്ന കാർഷിക ബില്ലിലൂടെ നാല്‌ വർഷം കൊണ്ട്‌ കാർഷിക സബ്സിഡിക്കായി നീക്കിവച്ചത്‌ 180 ബില്യൻ ഡോളറാണ്‌. ഈ ബിൽ അനുസരിച്ച്‌ കാർഷികോൽപ്പന്നങ്ങളുടെ ന്യായമായ വില കാർഷിക സെക്രട്ടറി നിശ്ചയിക്കും. ആ വിലയിൽ നിന്നും കമ്പോളത്തിൽ കുറവ്‌ വന്നാൽ വിലയിലെ വ്യത്യാസം തുക സർക്കാർ കൃഷിക്കാർക്ക്‌ നൽകും.
പുത്തൻ സാമ്പത്തിക നിയത്തിലൂടെ സബ്സിഡികൾ വെട്ടിക്കുറയ്ക്കുന്ന ഇന്ത്യയിൽ കർഷകന്റെ വരുമാനം ഇരട്ടിയാവുകയല്ല, മറിച്ച്‌ കർഷകരുടെ ആത്മഹത്യകൾ വർധിക്കുകയാണ്‌. കാർഷിക മേഖലയുടെ തകർച്ച രാജ്യത്തിന്റെ പൊതു വികസനത്തെ സാരമായി ബാധിക്കും. രാജ്യത്തെ കർഷകരുടെ ക്രയശേഷിക്കനുസരിച്ചാണ്‌ ആഭ്യന്തര കമ്പോളം വികസിക്കുന്നത്‌. കൃഷിക്കാരുടെ വരുമാന തകർച്ച രാജ്യത്തിന്റെ പൊതു വികസനത്തെ കാര്യമായി ബാധിക്കും.

  Categories:
view more articles

About Article Author