Thursday
19 Jul 2018

കാർഷിക വികസനം മുന്നേറ്റത്തിന്റെ പാതയിൽ

By: Web Desk | Saturday 17 June 2017 4:50 AM IST

എല്ലായിടവും കൃഷിയിടമാക്കുക എന്ന മുദ്രാവാക്യത്തിലൂന്നിയാണ്‌ കൃഷിവകുപ്പിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്‌. കഴിഞ്ഞ ഒരു വർഷമായി കൃഷിവകുപ്പ്‌ നടത്തുന്ന സമഗ്ര വികസന പ്രവർത്തനങ്ങൾ കാർഷിക മേഖലയെ മുന്നേറ്റത്തിന്റെ പാതയിലേക്ക്‌ നയിച്ചിട്ടുണ്ടെന്ന്‌ നിസംശയം പറയാം.

നെൽകൃഷി വികസനം
വളരെ സമഗ്രവും സ്ഥായിയായ ഒരു മുന്നേറ്റവുമാണ്‌ നെൽകൃഷിയിൽ സർക്കാർ തുടക്കം മുതൽക്കു തന്നെ ലക്ഷ്യമിട്ടത്‌. ‘നമ്മുടെ നെല്ല്‌ നമ്മുടെ അന്നം’ എന്ന മുദ്രാവാക്യത്തോടെ 1192 ചിങ്ങം 1 മുതൽ 1193 ചിങ്ങം 1 വരെ നൂറിന കർമ്മ പദ്ധതികളുമായി നെൽവർഷം ആയി ആചരിക്കുന്നതിന്‌ ആഹ്വാനം ചെയ്യുകയുണ്ടായി. തരിശിട്ടിരിക്കുന്ന കൃഷിയോഗ്യമായ 90000 ഏക്കറിൽ കഴിഞ്ഞവർഷം 15200 ഏക്കർ സ്ഥലത്ത്‌ കൃഷിയിറക്കുവാൻ സാധിച്ചു.
2016-17 വർഷം 3000 ഹെക്ടർ സ്ഥലത്ത്‌ കരനെൽകൃഷിയിലൂടെ 4953 മെട്രിക്‌ ടൺ നെല്ല്‌ അധികമായി ഉൽപാദിപ്പിക്കുകയും വർഷങ്ങളായി തരിശിട്ടിരുന്ന പത്തനംതിട്ടയിലെ ആറന്മുള, കോട്ടയം ജില്ലയിലെ മെത്രാൻകായൽ, ആലപ്പുഴ ജില്ലയിലെ റാണി കായൽ എന്നിവിടങ്ങളിൽ തരിശുനില കൃഷിക്ക്‌ അതീവ പ്രാധാന്യം നൽകി നെൽകൃഷി പുനരാരംഭിക്കുകയും ചെയ്തു.
തരിശായി കിടന്ന കോഴിക്കോട,്‌ പേരാമ്പ്ര, ചെറുവണ്ണൂർ-ആവളപ്പാണ്ടി പ്രദേശത്ത്‌ 3 പതിറ്റാണ്ടിന്‌ ശേഷം 1100 ഏക്കർ പാടം കതിരണിഞ്ഞു. ചൂർണിക്കരയിൽ 15 ഏക്കർ, കണിമംഗലത്ത്‌ 550 ഏക്കർ നെൽകൃഷി, കീഴ്മാട്‌ പാടശേഖരത്തിൽ 30 ഏക്കർ നെൽകൃഷി എന്നിവ തരിശുനിലകൃഷിയുടെ ചില ഉദാഹരണങ്ങൾ മാത്രം.

കേരകൃഷിക്ക്‌ പുതുജീവൻ
സമഗ്ര നാളികേര കൃഷിവികസനത്തിനായി ക്ലസ്റ്റർ അടിസ്ഥാനത്തിൽ നടപ്പിലാക്കുവാനായി 500 ഹെക്ടർ വീതം വിസ്തൃതിയുളള 30 കേരഗ്രാമങ്ങൾ സംസ്ഥാനത്തുടനീളം രൂപീകരിക്കുകയുണ്ടായി. സംയോജിത തെങ്ങ്‌ കൃഷിപരിപാലന മുറകളായ തടംതുറക്കൽ, കളനിയന്ത്രണം, പുതയിടൽ, തൊണ്ടടുക്കൽ, കുമ്മായ വസ്തുക്കൾ, മഗ്നീഷ്യം സൾഫേറ്റ്‌, ജൈവരാസവളങ്ങൾ, ജീവാണുവളം, സസ്യസംരക്ഷണോപാധികൾ, ഇടവിളകൃഷി, രോഗബാധിതമായി ഉൽപാദനക്ഷമത കുറഞ്ഞ തെങ്ങുകൾ വെട്ടിമാറ്റി പുതിയ തെങ്ങിൻ തൈകൾ നടുക എന്നീ ഘടകങ്ങൾ 11978 ഹെക്ടർ സ്ഥലത്തു നടപ്പിലാക്കുകയും 2994 ലക്ഷം രൂപ 2017-18 സാമ്പത്തിക വർഷം വിനിയോഗിക്കുകയും ചെയ്തു.
1241 ഹെക്ടർ തെങ്ങിൻ തോപ്പുകളിൽ അധികമായി ജലസേചന സൗകര്യം വർദ്ധിപ്പിക്കുകയും 2000 രൂപ സബ്സിഡി നിരക്കിൽ 3828 തെങ്ങ്‌ കയറ്റ യന്ത്രങ്ങൾ വിതരണം നടത്തുകയുമുണ്ടായി. വിവിധ കേരഗ്രാമങ്ങളിലായി പുതുതായി 454 ജൈവവള നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുവാനും നല്ലയിനം തെങ്ങിൻതൈകൾ പ്രാദേശികമായി ലഭ്യമാക്കുവാനായി 14 ചെറുകിട തെങ്ങിൻതൈ ഉൽപാദന നഴ്സറികൾ കർഷകരുടെ സംരംഭമായി സ്ഥാപിക്കുവാനും കഴിഞ്ഞു.
ആരോഗ്യ മേഖലയെക്കുറിച്ച്‌ ഇത്രയധികം ഉത്കണ്ഠാഭരിതമായ ഒരു കാലഘട്ടം മുമ്പുണ്ടായിട്ടില്ല. അത്രമാത്രം വിഷമയമായ പഴങ്ങളും പച്ചക്കറികളുമാണ്‌ അന്യസംസ്ഥാനങ്ങളിൽ നിന്നും ദിനംപ്രതി അതിർത്തി കടന്നെത്തുന്നത്‌. വിഷമയമല്ലാത്ത ഭക്ഷണം കഴിക്കണമെങ്കിൽ എല്ലാവരും അവർക്ക്‌ ആവശ്യമായ ഭക്ഷണത്തിന്റെ കുറച്ചെങ്കിലും സ്വന്തമായി ഉൽപാദിപ്പിക്കണം. ‘എല്ലാവരും കർഷകരാകുക എല്ലായിടവും കൃഷിയിടമാക്കുക’ എന്ന സർക്കാരിന്റെ മുദ്രാവാക്യം പ്രാവർത്തികമാക്കിയാൽ ഇത്‌ ഏറെക്കുറെ സാധ്യമാക്കാൻ നമുക്ക്‌ കഴിയും. മന്ത്രി മന്ദിരങ്ങളിലെല്ലാം തന്നെ പച്ചക്കറിത്തോട്ടങ്ങൾ നിർമ്മിക്കുകയുണ്ടായി. വിളയിച്ചെടുത്ത പച്ചക്കറികൾ സ്വന്തം ആവശ്യം കഴിഞ്ഞ്‌ എല്ലാ മന്ത്രിമാരും കൃഷി വകുപ്പിന്റെ ഇക്കോഷോപ്പുകൾ വഴി പൊതുജനങ്ങൾക്ക്‌ ലഭ്യമാക്കി. എല്ലാവർക്കും കൃഷിയിറക്കാൻ വേണ്ട പ്രോൽസാഹനം നൽകി. ഇക്കഴിഞ്ഞ ഓണക്കാലത്ത്‌ ഓണസമൃദ്ധി എന്ന പേരിലും വിഷുവിന്‌ വിഷുക്കണി എന്ന പേരിലും കൃഷിവകുപ്പും സർക്കാരും ചേർന്ന്‌ വിപണിയിൽ നേരിട്ട്‌ ഇടപെടൽ നടത്തുകയുണ്ടായി. കൃഷിവകുപ്പ്‌, ഹോർട്ടികോർപ്പ്‌, വിഎഫ്പിസികെ, കർഷകകൂട്ടായ്മ എന്നിവയുടെ സംയുക്ത സഹകരണത്താൽ സംസ്ഥാനമൊട്ടാകെ നാടൻ പഴം, പച്ചക്കറിസംഭരണശാലകൾ ഓണത്തിനും വിഷുവിനും പ്രവർത്തിക്കുകയുണ്ടായി. പ്രാദേശിക കർഷകരിൽ നിന്നും 10 ശതമാനം വിലകൂട്ടി സംഭരിച്ച പച്ചക്കറികൾ 30 ശതമാനം വിലക്കുറവിൽ പൊതുജനങ്ങൾക്ക്‌ ലഭ്യമാക്കികൊണ്ട്‌ സർക്കാർ ജനങ്ങൾക്കൊപ്പം നിന്നു.

വൈഗയുടെ വഴിത്താരയിലൂടെ ലോകവിപണിയിലേക്ക്‌
കർഷകർക്കും ചെറുകിട ഇടത്തരം കാർഷിക സംരംഭകർക്കും അന്താരാഷ്ട്ര ഗുണനിലവാരത്തിൽ ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള യന്ത്രസാമഗ്രികളും, സജ്ജീകരണങ്ങളും, സാങ്കേതിക വിദ്യയും പരിചയപ്പെടുത്തുന്നതിനും ഉൽപാദകരും, സംരംഭകരും, ശാസ്ത്രജ്ഞരും, വികസന ഉദ്യോഗസ്ഥരും, നയതന്ത്രജ്ഞരും തമ്മിൽ പരസ്പര ആശയവിനിയമത്തിനുള്ള അവസരം ഒരുക്കി കൊടുക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട്‌ തിരുവനന്തപുരത്ത്‌ വച്ച്‌ വൈഗ 2016 എന്നപേരിൽ ഒരു അന്താരാഷ്ട്ര കാർഷിക മൂല്യവർദ്ധന ശിൽപശാലയും പ്രദർശനവും സംഘടിപ്പിക്കാൻ സാധിച്ചത്‌ സർക്കാരിന്റെ മറ്റൊരു പ്രധാന നേട്ടമാണ്‌.

കർഷകർക്ക്‌ ആശ്വാസമേകി ദുരിതാശ്വാസ പദ്ധതികൾ
സംസ്ഥാനത്ത്‌ 1995 മുതൽ നിലവിലുണ്ടായിരുന്ന സംസ്ഥാന വിള ഇൻഷുറൻസ്‌ പദ്ധതി 21 വർഷങ്ങൾക്കുശേഷം നഷ്ടപരിഹാരത്തുക വിവിധ സൂചികകളെ അടിസ്ഥാനമാക്കി ആനുപാതികമായി ഉയർത്തിയും എന്നാൽ പ്രീമിയം തുക 1995 മുതൽ നിലവിലുണ്ടായിരുന്നതിൽ നിന്നും 50% മാത്രം ഉയർത്തിയും സംസ്ഥാനത്തെ പ്രധാനപ്പെട്ട മുഴുവൻ വിളകളെയും ഉൾപ്പെടുത്തി വിള ഇൻഷുറൻസ്‌ പദ്ധതി പുനരാവിഷ്ക്കരിച്ചു കൊണ്ട്‌ സർക്കാർ ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ്‌.

രാസ കീടനാശിനികൾക്കു കർശന നിയന്ത്രണം
നിരോധിക്കപ്പെട്ട കീടനാശിനികളുടെ വിൽപനയും വിതരണവും തടയുവാനും 14 ജില്ലാതല വിജിലൻസ്‌ സ്ക്വാഡുകളും, സ്പെഷ്യൽ വിജിലൻസ്‌ സ്ക്വാഡുകളും ഈ സർക്കാർ അധികാരമേറ്റതിനുശേഷം സജ്ജമാക്കി.

അഗ്രോ സർവ്വീസ്‌ സെന്ററുകൾക്ക്‌ പുത്തനുണർവ്വ്‌
കാർഷിക പ്രവർത്തനങ്ങൾക്ക്‌ വിദഗ്ദ്ധ തൊഴിലാളികളുടെയും, യന്ത്രസാമഗ്രികളുടെയും സേവനം സമയബന്ധിതമായി കർഷകർക്ക്‌ ലഭ്യമാക്കുന്നതിന്‌ ലക്ഷ്യമിട്ടുകൊണ്ട്‌ സംസ്ഥാനത്ത്‌ 20 അഗ്രോ സർവ്വീസ്‌ സെന്ററുകൾ പുതുതായി സ്ഥാപിക്കുന്നതിനുള്ള നടപടികൾ കൃഷിവകുപ്പ്‌ സ്വീകരിച്ചുകഴിഞ്ഞു.
മേൽപറഞ്ഞ വിവിധ സേവന കേന്ദ്രങ്ങളെ കോർത്തിണക്കികൊണ്ട്‌ ‘ആശ’ എന്ന പേരിൽ വെബ്‌ അധിഷ്ഠിത ഓൺലൈൻ സംവിധാനം കഴിഞ്ഞ വർഷം നടപ്പിലാക്കി.

കർഷക ക്ഷേമം ഉറപ്പാക്കുന്നു
കാർഷികോൽപാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം കർഷക ക്ഷേമവും ഉറപ്പാക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി കർഷകപെൻഷൻ 01.06.16 മുതൽ 600 രൂപയിൽ നിന്നും 1000 രൂപയായി വർധിപ്പിക്കുവാൻ കഴിഞ്ഞത്‌ മറ്റൊരു പ്രധാന നേട്ടമാണ്‌.
ഒരു ലക്ഷം യുവജനങ്ങൾക്കായി 1994 ൽ ആരംഭിച്ച പ്രത്യേക തൊഴിൽദാന പദ്ധതിയിൽ അംഗങ്ങളായിരുന്നവരിൽ 60 തികഞ്ഞ കർഷകർക്ക്‌ 1000 രൂപ പെൻഷനും 30000 രൂപ ഗ്രാറ്റുവിറ്റിയും നൽകിയതിനോടൊപ്പം 4 കോടി രൂപയാണ്‌ ഈ ഇനത്തിൽ കുടിശിക അടക്കം വിതരണം ചെയ്തത്‌. ഇതുവരെ നൽകാനുണ്ടായിരുന്ന കുടിശിക തുക മുഴുവൻ നൽകിയതിലൂടെ സർക്കാരിന്റെ പ്രതിബന്ധത ഒരിക്കൽ കൂടി തെളിയിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലേക്ക്‌
കെഎൽഡിസി (കേരള ലാന്റ്‌ ഡവലപ്പ്മെന്റ്‌ കോർപ്പറേഷൻ)യെ നിലവിലെ സ്ഥിതിയിൽ നിന്നും കാര്യക്ഷമമായ മാറ്റം വരുത്തിക്കൊണ്ട്‌ ലാഭത്തിലെത്തിക്കുന്നതിന്‌ കഴിഞ്ഞിട്ടുണ്ട്‌. അതുപോലെ തന്നെ സ്റ്റേറ്റ്‌ ഫാമിങ്‌ കോർപ്പറേഷന്റെ പ്രവർത്തനങ്ങളും ലാഭകരമായി മുന്നേറുന്നുണ്ട്‌. ഫാക്ടറികളുടെ പ്രവർത്തനം രാജ്യാന്തര നിലവാരത്തിലേക്ക്‌ ഉയർത്തുന്നതിന്റെ ഭാഗമായി ഐഎസ്‌ഒ 14001 സർട്ടിഫിക്കേഷൻ നടപ്പിലാക്കി. കോർപ്പറേഷൻ ലാഭവിഹിതം സർക്കാരിന്‌ കൈമാറുകയും ചെയ്തു.
തൃശൂരിൽ ആരംഭിക്കുന്ന അഗ്രിക്കൾച്ചർ കോംപ്ലക്സിൽ 400 ലക്ഷം രൂപ ചെലവിൽ അഗ്രോ സൂപ്പർ ബസാർ ആരംഭിക്കുന്നതിനുളള നടപടികൾ തുടങ്ങിയിട്ടുണ്ട്‌. കീക്കോയുടെ കീഴിലുളള അഗ്രോ ബസാറുകളുടെ തിരുവനന്തപുരം, കൊട്ടാരക്കര, എറണാകുളം ജില്ലയിലെ അത്താണി എന്നീ ശാഖകളെ സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ വിപുലീകരിച്ചു.
സമഗ്രമായ വികസന പ്രവർത്തനങ്ങൾ വിഎഫ്പിസികെ (വെജിറ്റബിൾ ആന്റ്‌ പ്രൊമോഷൻ കൗൺസിൽ കേരള) യ്ക്ക്‌ പുതുരൂപം നൽകുകയുണ്ടായി. അപേഡയുടെ ധനസഹായത്തോടെ വയനാട്ടിൽ സ്ഥാപിച്ച പായ്ക്ക്‌ ഹൗസ്‌ നിർമാണം പൂർത്തിയായി. കർഷകർ ഉൽപാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും മൂല്യവർദ്ധിത ഉൽപന്നങ്ങളും ശേഖരിച്ച്‌ ‘തളിർ’ എന്ന പേരിൽ ബ്രാൻഡഡ്‌ റിട്ടെയിൽ ഔട്ട്ലെറ്റുകൾ പല സ്ഥലങ്ങളിലും സ്ഥാപിക്കുവാൻ കഴിഞ്ഞിട്ടുണ്ട്‌.
ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിന്റെ കീഴിൽ കൊല്ലം ഏരൂരിൽ 500 പേർക്കിരിക്കാവുന്ന പാം വ്യൂ കൺവെൻഷൻ സെന്റർ പൂർണതോതിൽ ജനങ്ങൾക്ക്‌ തുറന്നുകൊടുത്തു. മായമില്ലാത്ത ‘കുട്ടനാടൻ റൈസി’ന്റെ വിപണനകേന്ദ്രങ്ങൾ കോട്ടയം, ഏരൂർ, ചിതറ, കുളത്തൂപ്പുഴ എന്നിവിടങ്ങളിൽ പ്രവർത്തനം ആരംഭിച്ചു. 5000 ടൺ നെല്ല്‌ സംഭരിക്കുന്ന സെയിലോ നിർമ്മാണം പൂർത്തിയാക്കി. എണ്ണപ്പന ആവർത്തനകൃഷി പുനരാരംഭിച്ചു. വെയർഹൗസിങ്‌ കോർപ്പറേഷന്റെ കീഴിൽ ഉപയോഗശൂന്യമായി കിടന്ന ആലത്തൂരിലെ മോഡേൺ റൈസ്‌ മിൽ 15 ലക്ഷം രൂപ ചെലവഴിച്ച്‌ സർക്കാർ പ്രവർത്തനസജ്ജമാക്കി.
കേരള അഗ്രോ മെഷിനറീസ്‌ കോർപ്പറേഷൻ പൂർണതോതിൽ പെട്രോൾ എഞ്ചിനിൽ പ്രവർത്തിക്കുന്ന പോർട്ടബിൾ വാട്ടർ പമ്പ്‌ സെറ്റ്‌ ഈ വർഷം പുറത്തിറക്കുകയും വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ഗാർഡൻ ടില്ലർ/പവർ വീഡർ വികസിപ്പിക്കുകയുമുണ്ടായി.

koithu-1-copy