കാർഷിക വിഭവങ്ങളുടെ ജൈവ സർട്ടിഫിക്കേഷൻ

കാർഷിക വിഭവങ്ങളുടെ ജൈവ സർട്ടിഫിക്കേഷൻ
April 29 04:45 2017

ഡോ. എം അരവിന്ദാക്ഷൻ

സംസ്ഥാന കൃഷിവകുപ്പിന്റെ വിഷുവിന്‌ വിഷരഹിത നാടൻ പച്ചക്കറി വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം 2017 ഏപ്രിൽ 11-നു തലസ്ഥാനത്ത്‌ നടന്നു. ഇതിന്റെ പരസ്യം കണ്ടപ്പോൾ ജൈവകൃഷിയിൽ സർക്കാരിന്റേത്‌ യഥാർത്ഥ ബോധത്തോടെയുള്ള സമീപനമാണെന്നാണ്‌ തോന്നിയത്‌. നല്ല കൃഷിമുറകളിലൂടെ ഉൽപ്പാദിപ്പിച്ച പച്ചക്കറികൾക്ക്‌ ജിഎപി സർട്ടിഫിക്കേഷൻ ലഭ്യമാക്കാനുള്ള തീരുമാനം ഉചിതമായി. ഇവിടെ ഉൽപ്പാദിപ്പിക്കപ്പെടുന്ന കാർഷിക വിഭവങ്ങൾ ‘ജൈവ’ കാർഷിക വിഭവങ്ങളാണെന്ന്‌ പറയാൻ വയ്യ. യഥാർഥ ജൈവ (ഓർഗാനിക്ക്‌) കൃഷിക്ക്‌ ഒട്ടേറെ കടുത്ത നിബന്ധനകളുണ്ട്‌. ഇവ പ്രത്യേകിച്ചും അന്യരാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതിയെ കടിഞ്ഞാണിടുന്നതിനുള്ള നിബന്ധനകളാണ്‌. യൂറോപ്യൻ രാജ്യങ്ങളിൽ ‘ജൈവ’ ഉൽപ്പന്നങ്ങൾ ക്രയവിക്രയം ചെയ്യണമെങ്കിൽ ഈ നിബന്ധനകൾ പാലിച്ചേ മതിയാകൂ. അന്താരാഷ്ട്രതലത്തിൽ ഇവയെ നിയന്ത്രിക്കുന്നത്‌ ‘ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ്‌ ഓർഗാനിക്‌ അഗ്രിക്കൾച്ചറൽ മൂവ്മെന്റ്‌’ (ഐഎഫ്‌ഒഎഎം എന്ന സംഘടനയാണ്‌. ഭാരതത്തിൽ ജൈവ സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നതിനുള്ള ഏജൻസികൾ മിക്കവാറും സ്വകാര്യ സ്ഥാപനങ്ങളാണ്‌. എന്നെ ഏറ്റവും വിഷമിപ്പിച്ച കാര്യം കേരള കാർഷിക സർവകലാശാല ജൈവസർട്ടിഫിക്കേഷന്‌ ഒരു സ്വകാര്യസ്ഥാപനത്തെ ആശ്രയിച്ചു എന്നതാണ്‌. കാർഷിക മേഖലയിലെ വിദഗ്ധരുടെ ശ്രേണിതന്നെയുള്ള കേരള കാർഷിക സർവകലാശാല താരതമ്യേന സാങ്കേതിക വൈദഗ്ധ്യം കുറഞ്ഞ ഒരു സ്വകാര്യ സ്ഥാപനത്തെ ആശ്രയിച്ചു എന്നത്‌ ആശ്ചര്യം. അന്യരാജ്യത്തേയ്ക്കുള്ള കയറ്റുമതിക്കായിരുന്നെങ്കിൽ മനസിലാക്കാം. അതല്ലായിരുന്നു വാസ്തവം. എന്നാൽ തമിഴ്‌നാട്‌ കാർഷിക സർവകലാശാല ചെയ്തതെന്താണെന്നോ? അവർ ഉറക്കെ പ്രഖ്യാപിച്ചു. ജൈവ സർട്ടിഫിക്കറ്റ്‌ കൊടുക്കുന്നതിൽ സംസ്ഥാനത്തെ പ്രഗത്ഭ ഏജൻസി കാർഷിക സർവകലാശാലതന്നെ എന്ന്‌. കയറ്റുമതിക്ക്‌ ഐഎഫ്‌ഒഎഎമ്മിന്റെ അംഗീകാരമുള്ള ഏജൻസി വേണമെങ്കിൽ അതായിക്കൊള്ളട്ടെ. അതത്‌ രാജ്യങ്ങളിൽ വിഷരഹിത കാർഷിക വിഭവങ്ങൾ ലഭ്യമാക്കുന്നതിന്‌ എന്തിനീ അന്താരാഷ്ട്ര സർട്ടിഫിക്കറ്റ്‌? ഇവിടെയാണ്‌ ജിഎപി സർട്ടിഫിക്കേഷന്റെ പ്രസക്തി. കൃഷിവകുപ്പ്‌ മന്ത്രി ഇക്കാര്യത്തിൽ പ്രായോഗികത കണക്കിലെടുത്തു എന്നത്‌ അഭിമാനാർഹം. നല്ല കൃഷിമുറകളുടെ തുടക്കം കീട കുമിൾനാശിനികളുടെ ഉപയോഗം കുറച്ചുകൊണ്ടുവരിക എന്നതാകട്ടെ. സമാന്തരമായി രാസവളപ്രയോഗവും കുറയ്ക്കാം. എന്റെ അഭിപ്രായത്തിൽ സർട്ടിഫിക്കേഷൻ മൂന്നു തരത്തിലാകാം. അന്താരാഷ്ട്രതലത്തിൽ, ദേശീയതലത്തിൽ, സംസ്ഥാനതലത്തിൽ. സംസ്ഥാനതലത്തിലുള്ള സർട്ടിഫിക്കേഷൻ ജിഎപിയിൽ നിന്ന്‌ തുടങ്ങട്ടെ. ഇത്‌ നൽകുന്നതിനുള്ള അധികാരം കൃഷിവകുപ്പിലും കാർഷിക സർവകലാശാലയിലും നിക്ഷിപ്തമാകട്ടെ. ഇവിടെ സ്വകാര്യസ്ഥാപനങ്ങൾക്ക്‌ പ്രസക്തിയില്ല. വിദഗ്ധരുടെ രജിസ്റ്റർ ചെയ്ത സംഘടനകളുണ്ടെങ്കിൽ അവയേയും പരിഗണിക്കാം. വിലകൂട്ടി വിൽക്കുന്ന ‘ജൈവ’ വിഭവങ്ങൾ വെറും തട്ടിപ്പാണ്‌. ഇവയെ നിയന്ത്രിച്ചില്ലെങ്കിൽ ജനം വഞ്ചിപ്പിക്കപ്പെടും.

  Categories:
view more articles

About Article Author