കിരീടംചൂടി മുഗുരുസ

കിരീടംചൂടി മുഗുരുസ
July 16 04:45 2017

ലണ്ടൻ: വിംബിൾഡൻ വനിതാ സിംഗിൾസിൽ സ്പെയിന്റെ ഗാർബിൻ മുഗുരുസയ്ക്ക്‌ കിരീടം. അമേരിക്കയുടെ വീനസ്‌ വില്യംസിനെ നേരിട്ടുള്ള സെറ്റുകൾക്ക്‌ തകർത്താണ്‌ മുഗുരുസ കിരീടംചൂടിയത്‌. സ്കോർ: 7-5, 6-0. ആദ്യസെറ്റിൽ ഇഞ്ചോടിഞ്ച്‌ പോരാട്ടം കാഴ്ചവച്ച വീനസിന്‌ രണ്ടാംസെറ്റിൽ പൊരുതാൻപോലുമായില്ല.
മുഗുരുസയുടെ ആദ്യ വിംബിൾഡൺ കിരീടവും രണ്ടാം ഗ്രാൻഡ്‌ സ്ലാം കിരീടവുമാണിത്‌. വിംബിൾഡൺ നേടുന്ന ഏറ്റവും പ്രായമുള്ള താരമെന്ന റിക്കാർഡാണ്‌ വീനസിന്‌ ഇതോടെ നഷ്ടമായത്‌.
സ്വിസ്‌ ഇതിഹാസം റോജർ ഫെഡറർ മറ്റൊരു ഗ്രാന്റ്സ്ലാം കിരീടനേട്ടത്തിന്‌ തൊട്ടരികെയാണ്‌. ഇന്നത്തെ വിംബിൾഡൻ ഫൈനലിൽ ക്രൊയേഷ്യയുടെ മരിൻ സിലിച്ചാണ്‌ സ്വിസ്‌ സൂപ്പർ താരത്തിന്റെ എതിരാളി.
1974ൽ കെൻ റോസ്വാൾ കഴിഞ്ഞാൽ വിംബിൾഡൺ സിംഗിൾസ്‌ ഫൈനലിൽ കടക്കുന്ന ഏറ്റവും പ്രായം കൂടിയ താരമാണ്‌ റോജർ ഫെഡറർ.35 കാരനായ സ്വിസ്‌ ഇതിഹാസത്തിന്റെ 11ാ‍ം വിംബിൾഡൺ ഫൈനലാണിത്‌. 11 ഫൈനലുകളിൽ ഏഴിലും ഫെഡറർ ജേതാവായിരുന്നു. ഇതു റെക്കോർഡ്‌ കൂടിയാണ്‌. 2012ലാണ്‌ താരം അവസാനമായി ഇവിടെ കിരീടമണിഞ്ഞത്‌.
സെമി ഫൈനലിൽ 11ാ‍ം സീഡായ ചെക്‌ റിപ്പബ്ലിക്‌ താരം തോമസ്‌ ബെർഡിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്കു തകർത്താണ്‌ ഫെഡറർ ഫൈനലിലേക്ക്‌ മുന്നേറിയത്‌. സ്കോർ: 7-6, 7-6, 6-4.
ഈ വർഷത്തെ ഓസ്ട്രലിയൻ ഓപ്പണിൽ ഫെഡററായിരുന്നു ചാംപ്യൻ. താരത്തിന്റെ 18ാ‍ം ഗ്രാന്റ്സ്ലാം കിരീടവിജയമായിരുന്നു ഇത്‌. വീണ്ടുമൊരു ഫൈനലിൽ കളിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നു ഫെഡറർ മൽസരശേഷം പ്രതികരിച്ചു.
മറ്റൊരു സെമിയിൽ ഏഴാം സീഡായ സിലിച്ച്‌ 24ാ‍ം സീഡായ അമേരിക്കയുടെ സാം ക്യൂറെയെ ഒന്നിനെതിരേ മൂന്നു സെറ്റുകൾക്കു മറികടക്കുകയായിരുന്നു. 6-7, 6-4, 7-6, 7-5 എന്ന സ്കോറിനായിരുന്നു സിലിച്ചിന്റെ ത്രസിപ്പിക്കുന്ന വിജയം.
2014ലെ യുഎസ്‌ ഓപ്പണിൽ ചാംപ്യനായ ശേഷം 28കാരനായ സിലിച്ചിന്റെ ആദ്യ ഗ്രാന്റ്സ്ലാം ഫൈനലാണിത്‌.

  Categories:
view more articles

About Article Author