കിസാന്‍സഭ പോസ്റ്റോഫീസ് മാര്‍ച്ചില്‍ കര്‍ഷക പ്രതിഷേധം ഇരമ്പി

June 16 01:57 2017

 

പത്തനംതിട്ട: മധ്യപ്രദേശിലെ മന്‍സോറില്‍ നടന്ന കര്‍ഷക സമരത്തിനിടെ ആറ് കര്‍ഷകരെ വെടിവെച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചും മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടും അഖിലേന്ത്യാ കിസാന്‍സഭ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ ദിനത്തിന്റെ ഭാഗമായി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റോഫീസ് ഉപരോധിച്ചു.
ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്ത കര്‍ഷകരെ കൊലപ്പെടുത്തിയ മധ്യപ്രദേശിലെ ബിജെപി ഗവണ്‍മെന്റിന് രാജ്യത്തെ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റ് എ പി ജയന്‍ പറഞ്ഞു. കര്‍ഷക സമരങ്ങളെ തോക്കിന്‍കുഴലിലൂടെ നേരിടാമെന്ന ബിജെപി ഗവണ്‍മെന്റിന്റെ വ്യാമോഹം ജനാധിപത്യ ഭാരതത്തിന് കളങ്കമാണ്. ആറാം തിയതി നടന്ന സംഭവത്തെകുറിച്ച് അന്വേഷിക്കുവാനോ ഉത്തരവാദികളായ പൊലീസുകാരുടെ പേരില്‍ നിയമ നടപടി സ്വീകരിക്കുവാനോ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇതുവരെ തയ്യാറായിട്ടില്ല. പൊലിസ് വെടിവെപ്പിന് ശേഷം രാജ്യത്ത് ഒരാഴ്ചക്കകം ഏഴ് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഇത് കര്‍ഷകരുടെ സ്ഥിതി ദയനീയമാണെന്ന വസ്തുതയാണ് സൂചിപ്പിക്കുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളണമെന്നും കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ഒന്നാം തീയതി മുതല്‍ കര്‍ഷകര്‍ സമരം ആരംഭിച്ചത്. സംഭവത്തില്‍ പ്രധാനമന്ത്രി തുടരുന്ന മൗനം പ്രതിഷേധാര്‍ഹമാണെന്നും കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പ്രക്ഷോഭം ശക്തമാക്കുമെന്നും എ പി ജയന്‍ പറഞ്ഞു.ജില്ലാ പ്രസിഡന്റ് ആര്‍ രാജേന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ചു.സിപിഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം മുണ്ടപ്പള്ളി തോമസ്, കിസാന്‍സഭ ജില്ലാ സെക്രട്ടറി ജിജി ജോര്‍ജ്ജ്, ബാബു പാലക്കല്‍, സത്യാനന്ദപ്പണിക്കര്‍, ജില്ലാ പഞ്ചായത്തംഗം ടി മുരുകേഷ്, കൂടല്‍ ശാന്തകുമാര്‍, ബിജു വര്‍ഗ്ഗീസ്, പ്രിന്റോബാബു, ചന്ദ്രശേഖരക്കുറുപ്പ്, മാത്യു, പുരുഷോത്തമന്‍ തമ്പി, അബ്ദുള്‍ ഷുക്കൂര്‍, സി സി ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

view more articles

About Article Author