കുഞ്ഞിന്‌ ട്രംപിന്റെ മകളുടെ പേരിട്ട സൗദി പിതാവ്‌ കുടുങ്ങി

കുഞ്ഞിന്‌ ട്രംപിന്റെ മകളുടെ പേരിട്ട സൗദി പിതാവ്‌ കുടുങ്ങി
May 07 04:45 2017

പ്രത്യേക ലേഖകൻ
റിയാദ്‌: തന്റെ നവജാതയായ പുത്രിക്ക്‌ യുഎസ്‌ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപിന്റെ പുത്രി ഇവാൻകാ ട്രംപിന്റെ പേരിട്ട സൗദി പിതാവ്‌ പുലിവാൽ പിടിച്ചു. ഒരു പേരിലെന്തിരിക്കുന്നു എന്ന ചോദ്യമൊന്നും സൗദി അറേബ്യയിൽ വേണ്ട. മൂന്ന്‌ വർഷം മുമ്പുള്ള രാജവിളംബരമനുസിരച്ച്‌ 40 പേരുകൾക്കു പുറമേ വിദേശികളുടെ പേരുകളും സൗദികൾക്ക്‌ നൽകുന്നത്‌ നിരോധിച്ചിട്ടുണ്ട്‌. ഇത്‌ ലംഘിച്ചാൽ അത്‌ മതനിന്ദയായി കരുതി പിതാവിന്‌ കടുത്ത ശിക്ഷ നൽകാം. എന്നാൽ ഇതൊന്നും കൂടാതെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിർദേശം തള്ളിയാണ്‌ പിതാവ്‌ സലിം അമീർ സലിം അൽ അയാഷി അൽ അൻസി ഏപ്രിൽ 24ന്‌ ജനിച്ച തന്റെ കുഞ്ഞിന്‌ ഇവാൻക അൽഅൻസി എന്ന്‌ നാമകരണം ചെയ്തിരിക്കുന്നത്‌.
കുഞ്ഞിന്റെ ചിത്രവും ഇവാൻകയുടെ പേരിട്ട ആശുപത്രി രേഖകളും പുറത്തുവിട്ട സമൂഹമാധ്യമങ്ങൾ സൗദി പിതാവിനെ ഇപ്പോൾ നിർത്തിപ്പൊരിക്കുകയാണ്‌. ഈ പേരിൽ അറബി-സൗദി സംസ്കാരങ്ങൾക്ക്‌ വിരുദ്ധമായി ഒന്നുമില്ലെന്ന വാദത്തിലാണ്‌ അൽ അൻസി ഇപ്പോഴും ഉറച്ചുനിൽക്കുന്നത്‌. ദൈവത്തിന്റെ അനുഗ്രഹമുള്ളവൾ എന്നാണ്‌ ഇവാൻകയുടെ അർഥമെന്ന്‌ ഒരു ചങ്ങാതി തന്നോട്‌ പറഞ്ഞിട്ടുണ്ടെന്ന്‌ ഒപ്പം ഒരു വിശദീകരണവും. മതനിന്ദാപരവും നിയമവിരുദ്ധവുമാണ്‌ ഈ നാമകരണമെന്ന്‌ പൊതുഭരണവകുപ്പും വ്യക്തമാക്കിക്കഴിഞ്ഞു.
ഈ സാഹചര്യത്തിൽ പിതാവിന്‌ മുന്നിൽ രണ്ട്‌ മാർഗമേയുള്ളു. ഒന്നുകിൽ കുഞ്ഞിന്റെ പേര്‌ മുസ്ലിം നാമമാക്കുക ഇല്ലെങ്കിൽ ജയിലിൽ പോകുക. പേരിന്റെ പേരിൽ മതനിന്ദയ്ക്ക്‌ ജയിലിൽ പോയ ആദ്യത്തെ സൗദി പൗരൻ എന്ന ബഹുമതിയും ചാർത്തിക്കിട്ടും.

  Categories:
view more articles

About Article Author