കുഞ്ഞേ നിനക്ക്‌ വേണ്ടി…

കുഞ്ഞേ നിനക്ക്‌ വേണ്ടി…
May 12 04:45 2017

ജീവനെ സംബന്ധിച്ച്‌ ആദ്യത്തെയും അവസാനത്തെയും വാക്കാണ്‌ അമ്മ. പത്ത്‌ മാസം വയറ്റിലും ജീവിതകാലം മുഴുവൻ മനസ്സിലും മക്കളെക്കൊണ്ടുനടക്കുന്നവരാണ്‌ അമ്മ. ഒരു സ്ത്രീ പൂർണ്ണയാകുന്നത്‌ അവൾ അമ്മയാകുമ്പോഴാണ്‌. എന്നു കരുതി ജന്മം നൽകിയതുകൊണ്ടുമാത്രം ഒരു സ്ത്രീ അമ്മയാകണമെന്നുമില്ല. മുലപ്പാലൂട്ടി വളർത്തുകയും വേണം… കുഞ്ഞുങ്ങൾ വിശന്നു കരയുന്നത്‌ ഒരമ്മയും സഹിക്കില്ല. അതിന്‌ ഭാഷയുടെയും അതിർത്തികളുടെയും വേർതിരിവുകളില്ല….
ജനിച്ച്‌ ദിവസങ്ങൾമാത്രം പിന്നിട്ട കുഞ്ഞിനെ പാർലമെന്റിൽ കൊണ്ടുവരുകയും ഔദ്യോഗിക വേളയിൽ പാലൂട്ടുകയും ചെയ്ത്‌ രാജ്യത്തിന്റെ രാഷ്്ട്രീയ ചരിത്രത്തിൽ ഇടംനേടിയിരിക്കുകയാണ്‌ ഓസ്ട്രേലിയൻ സെനറ്റർ. ഗ്രീൻ പാർട്ടിയുടെ ലാറിസ്സ വാട്ടേർസ്സ്‌ ആണ്‌ രണ്ടാമത്തെ പ്രസവത്തിനുശേഷം സെനറ്റിന്റെ ഉപരിസഭയിൽ കൈക്കുഞ്ഞുമായി എത്തിയത്‌. അവിടെ നടന്ന വോട്ടെടുപ്പിൽ അവർ പങ്കെടുക്കുകയും ചെയ്തു. പാർലമെന്റിനകത്തുവെച്ച്‌ അമ്മയുടെ പാൽ കുടിക്കാൻ തന്റെ മകൾ ആലിയക്ക്‌ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്നും പാർലമെന്റിലേക്ക്‌ നമുക്ക്‌ കൂടുതൽ വനിതകളെയും അച്ഛനമ്മമാരെയും ആവശ്യമുണ്ടെന്നും ഇതിനെക്കുറിച്ച്‌ അവർ ട്വിറ്ററിൽ കുറിച്ചു. പാർലമെന്റിനെ കൂടുതൽ കുടുംബ സൗഹൃദമാക്കാൻ ചേംബറിൽവെച്ച്‌ പാലൂട്ടാനുള്ള പുതിയ നിയമം ഓസ്ട്രേലിയയിൽ കഴിഞ്ഞവർഷം കൊണ്ടുവന്നിരുന്നു. എന്നാൽ മുമ്പ്‌ കുട്ടികൾക്ക്‌ പോലും ഇവിടെ വിലക്കുണ്ടായിരുന്നു.
2003ൽ വിക്ടോറിയ എംപിയായിരുന്ന കിർസ്റ്റി മാർഷലിനെ 11 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്‌ പാൽ കൊടുത്തതിനെ തുടർന്ന്‌ പാർലമെന്റിൽനിന്ന്‌ പുറത്താക്കിയിരുന്നു. തൊഴിലിടങ്ങളിൽ നിന്നും സ്ത്രീകളനുഭവിക്കുന്ന ലിംഗവിവേചന മനോഭാവം ചിലപ്പോഴെങ്കിലും സ്ത്രീകൾക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നാൽ ചിലപ്പോൾ പിന്തിരിഞ്ഞുനോക്കുമ്പോൾ നമ്മൾ അതിൽനിന്നും എത്രമാത്രം മുന്നോട്ടു പോകേണ്ടതുണ്ട്‌ എന്ന്‌ കാലം നമ്മെ ഓർമ്മിപ്പിക്കുന്നു. ലോകത്ത്‌ ഏറ്റവും അംഗീകരിക്കപ്പെട്ട നിമിഷമായ ഈ നിമിഷത്തിന്റെ ചിത്രം ആ അമ്മ സമൂഹ മാധ്യമങ്ങളിലും പങ്കുവെച്ചു.
കുഞ്ഞുങ്ങളൊപ്പമുള്ള സ്ത്രീകൾക്ക്‌ ജോലിയും ചെയ്യാം അതിനുശേഷം അവരെ പരിചരിക്കുകയും ആവാം. അത്തരമൊരു സാഹചര്യത്തെ ഉൾകൊള്ളാൻ നമ്മൾ തയാറായിരിക്കണമെന്ന സന്ദേശമാണ്‌ ഇതിൽ നിന്ന്‌ വായിക്കാനാകുക. പ്രതിഷേധത്തിനിടയിൽപ്പോലും കുഞ്ഞിന്‌ പാൽ നൽകിയ അർജ്ജന്റീനക്കാരിയായ മറ്റൊരു അമ്മയുടെ സംഭവവും നമുക്കുമുന്നിൽ കടന്ന്‌ പോയി. സ്വന്തം കുഞ്ഞുങ്ങളെ കൊല്ലാൻ മടിക്കാത്ത അപൂർവം അമ്മമാർക്കിടയിൽ മാതൃസ്നേഹം മറവിൽ നൽകേണ്ടതല്ല എന്നതിന്‌ മാതൃകയാകുന്ന അമ്മമാരെയും ഈ മാതൃദിനത്തിൽ ഓർക്കാം.

view more articles

About Article Author