Wednesday
18 Jul 2018

കുടിവെള്ളമില്ലാതാകും മുമ്പ്‌ കുടിവെള്ളബോട്ടിലുകൾ മനുഷ്യനെ മുക്കിക്കൊല്ലും

By: Web Desk | Monday 17 July 2017 3:45 AM IST

  • വർഷങ്ങൾ മുമ്പ്‌ ട്രയിൻ യാത്രചെയ്യുന്നവർ ഇടയ്ക്ക്‌ സ്റ്റേഷനിൽ ഇറങ്ങി കുടിവെള്ളം ശേഖരിക്കുമായിരുന്നു. വേനലിൽ തണുത്തവെള്ളം കിട്ടുന്ന ടാപ്പുകൾക്കു മുന്നിലേക്ക്‌ വാട്ടർ ബോട്ടിലുകളുമായി യാത്രക്കാർ ഓടുമായിരുന്നു.
  • കല്യാണ സദ്യഒരുക്കിൽ ഒഴിവാക്കാനാവാത്തതായിരുന്നു ചുക്കുവെള്ളം, ഓഡിറ്റോറിയങ്ങളിൽ സ്റ്റീൽഗ്ലാസുകൾ വേണ്ടത്ര ഗ്ലാസുകൾ കഴുകിത്തന്നെയാണോ രണ്ടാം പന്തിയിൽ എത്തുന്നതെന്ന ആശങ്കവേണ്ടായിരുന്നു. അതിനും ഉൽസാഹികൾ വേണ്ടത്ര.
  • 20 രൂപക്ക്‌ ഒരു കുപ്പിവെളളം വാങ്ങി കുടിച്ച കഥപറയുന്ന ഫ്ലൈറ്റ്‌ യാത്രക്കാരന്റെ മുന്നിൽ മലയാളി ചിരിച്ചു മറിഞ്ഞു.കാശു കൂടിയതിന്റെ അഹങ്കാരം എന്ന്‌ അടക്കം പറഞ്ഞു.
  • ശൗചത്തിന്‌ ടിഷ്യൂപേപ്പർ ഉപയോഗിക്കുന്നവരോട്‌ നമുക്ക്‌ ഇപ്പോഴും പുച്ഛമുണ്ട്‌. അതിവേഗം അതുംമാറിയേക്കാം.

ഹരി കുറിശേരി
കുടിവെള്ളക്കുപ്പികൾ ലോകം മുടിക്കുമെന്ന ആശങ്ക പരക്കുകയാണ്‌. ലോക ജനസംഖ്യയുടെ ഭാരത്തെ അവൻ നിർമ്മിക്കുന്ന പ്ലാസ്റ്റിക്‌ മറികടക്കുന്ന ദിവസം വിദൂരമല്ല.
കടലിൽ കിലോമീറ്ററുകൾ നീളുന്ന പ്ലാസ്റ്റിക്‌ തുരുത്തുകൾ വളരുന്നു. വന്യജീവികൾ പ്ലാസ്റ്റിക്‌ കുപ്പികൾ തിന്നുമരിക്കുന്നു. മണ്ണിൽ സസ്യങ്ങൾക്ക്‌ വേരോടാനിടമില്ല. നാട്ടുജലസ്രോതസുകൾപോലും പ്ലാസ്റ്റിക്കിന്റെ നീരാളിപ്പിടിത്തത്തിലമരുമ്പോൾ കുപ്പിവെള്ളം കുടിച്ചുകൊണ്ട്‌ ബോധവൽക്കരണ യോഗങ്ങൾ നടത്തുകയും കല്യാണസദ്യക്ക്‌ രണ്ടായിരം ബോട്ടിലുകൾകൂടി മണ്ണിന്‌ സംഭാവനചെയ്യുകയും തെളിനിറമുള്ള കുപ്പിവെള്ളം വാങ്ങിമതിയാവോളം കുടിച്ച്‌ വിലക്കയറ്റത്തെപ്പറ്റി ആശങ്കപ്പെട്ടുകൊണ്ട്‌ കുപ്പികൾ ട്രാക്കിലേക്ക്‌ വലിച്ചെറിയുകയുമാണ്‌.
പ്ലാസ്റ്റിക്‌ പൊതുവേ ശല്യകാരിയാണെങ്കിലും അനുദിനം പെരുകുന്ന പ്ലാസ്റ്റിക്‌ ബോട്ടിലുകളാണ്‌ മറ്റ്‌ ഉൽപ്പന്നങ്ങളേക്കാൾ വിനാശകാരി.മനുഷ്യന്റെ സൗകര്യത്തോടുള്ള ഭ്രമമാണ്‌ ബോട്ടിലുകളുടെ എണ്ണം പെരുകാനിടയാക്കുന്നത്‌. സോഫ്റ്റ്‌ ഡ്രിങ്ങ്സ്‌ കമ്പനികളാണ്‌ വിനാശത്തിന്‌ തുടക്കമിട്ടത്‌. നിരന്തരം ഉടയുന്ന ഗ്ലാസ്‌ ബോട്ടിലുകളെ പാടേ തഴഞ്ഞ്‌ ഭാരക്കുറവും സൗകര്യവുമുള്ള പോളി എത്തിലിൻ ടെറിഫ്ത്താലേറ്റ്‌ (പെറ്റ്‌)ബോട്ടിലുകളിലേക്ക്‌ അവർ മാറി. പെറ്റ്‌ ബോട്ടിലുകൾ റീസൈക്കിൾ ചെയ്യാവുന്നവയാണെങ്കിലും പുനർ നിർമ്മാണം തീരെക്കുറവാണ്‌.
ഒരു സെക്കന്റിൽ 20,000 പ്ലാസ്റ്റിക്‌ ബോട്ടിലുകളാണ്‌ ലോകത്ത്‌ നിർമ്മിക്കപ്പെടുന്നത്‌. ആഗോള ഭീമനായ സോഫ്റ്റ്ഡ്രിങ്ങ്സ്‌ വ്യാപാരി കൊക്കോ കോള മാത്രം പതിനായിരം കോടി പെറ്റ്‌ ബോട്ടിലുകളാണ്‌ ലോകത്തിന്‌ ഒരു വർഷം സംഭാവന ചെയ്യുന്നത്‌. അതിൽ ഏഴുശതമാനം മാത്രമാണ്‌ റീസൈക്കിൾ ചെയ്യപ്പെടുന്നത്‌. ബാക്കി മുഴുവൻ മണ്ണിലും കടലിലുമായി അടിയുകയാണിപ്പോൾ. ഒരു പെറ്റ്‌ ബോട്ടിൽ പ്രകൃതിയിൽ വിഘടിച്ചു ചേരാൻ 450 വർഷം വേണ്ടിവരുമെന്നാണ്‌ ശാസ്ത്രജ്ഞരുടെ കണക്ക്‌.
ഇപ്പോൾതന്നെ മനുഷ്യൻ വരുംതലമുറക്ക്‌ എത്ര ബാധ്യതയാണുണ്ടാക്കിയിട്ടുള്ളതെന്ന്‌ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. റീസെക്കിൾ ചെയ്യാമെങ്കിലും എല്ലാ പ്രമുഖ കമ്പനികളും ഇതിൽ വിമുഖരാണ്‌. റീസൈക്കിൾ ചെയ്ത തെളിമയില്ലാത്ത കുപ്പിയിലെ പാനീയം തന്നെ ചോദിച്ചുവാങ്ങി പ്രകൃതിയുടെ ഭാരം ഒഴിവാക്കാൻ തങ്ങളാലാവത്‌ ചെയ്യണമെന്നഭ്യർഥിച്ച്‌ ഈ വിഷയത്തിൽ ഗവേഷണം നടത്തുന്ന എല്ലെൻ മാർക്ക്‌ ആർതർ ഫൗണ്ടേഷൻ പരസ്യചിത്രം പ്രചരിപ്പിക്കുന്നുണ്ട്‌. പ്രതിവർഷം അഞ്ചുമുതൽ 13 മെട്രിക്‌ ടൺ വരെ പ്ലാസ്റ്റിക്‌ കടലിലെത്തുന്നതായി കണക്ക്‌ അവതരിപ്പിക്കുന്ന ഫൗണ്ടേഷൻ 2050 ൽ കടലിൽ മത്സ്യങ്ങളുടെ ആകെത്തൂക്കത്തെക്കാൾ അധികം പ്ലാസ്റ്റിക്‌ ഉണ്ടാകുമെന്നും വിലയിരുത്തുന്നു. സാധാരണ പ്ലാസ്റ്റിക്‌ മനുഷ്യന്റെ ഭക്ഷ്യവൃത്തത്തിലേക്ക്‌ കടക്കാറില്ല. എന്നാൽ കഴിഞ്ഞ വർഷം യൂറോപ്യൻ ഫുഡ്സേഫ്റ്റി അതോറിറ്റി ആരംഭിച്ച ഊർജിത ഗവേഷണ പദ്ധതി പ്രകാരം കടൽ മത്സ്യങ്ങളിലൂടെ മൈക്രോ പ്ലാസ്റ്റിക്‌ ഘടകങ്ങൾ മനുഷ്യനിലേക്ക്‌ എത്തുമെന്നും അത്‌ ദോഷകരമായേക്കുമെന്നും പറയുന്നു. ലോകമെമ്പാടും മനുഷ്യൻ കൂടുതൽ ഉപയോഗിക്കുന്ന മത്സ്യങ്ങളുടെ മാംസത്തിലാണ്‌ പ്ലാസ്റ്റിക്‌ ഘടകങ്ങൾ ലയിച്ചു കണ്ടത്‌.

ലോകത്ത്‌ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്‌ ബോട്ടിലുകളിൽ ഏറെയും കുടിവെള്ളത്തിനാണ്‌. അതിൽ ചൈനയാണ്‌ ഉപയോഗത്തിൽ മുന്നിൽ ലോകത്തെ ഡിമാൻഡിന്റെ നാലിലൊന്ന്‌ ചൈനക്കായാണ്‌ നൽകുന്നത്‌. 2015ൽ ചൈനക്കാർ 6840 കോടി കുപ്പിവെള്ളം വാങ്ങിയെങ്കിൽ 2016 ൽ അത്‌ 7380 കോടിയായി ഉയർന്നു.
പ്ലാസ്റ്റിക്‌ ബോട്ടിൽ നിർമ്മാണ മേഖലയിലെ വിദഗ്ധയായ റോസ്‌ മേരി ഡൗനിയുടെ അഭിപ്രായത്തിൽ ചൈന പാഠം ഉൾക്കൊള്ളുന്നില്ലെന്നുമാത്രമല്ല അവർ ഡിമാൻഡ്‌ കൂട്ടുകതന്നെയാണ്‌. ഇന്ത്യയും ഇൻഡോനേഷ്യയും ഉപഭോഗ വർദ്ധനാ ശതമാനത്തിൽ പിന്നാലെതന്നെയുണ്ട്‌.
അപകടങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞു പെരുമാറുന്നതിന്‌ ഇനിയും ശ്രമിച്ചില്ലെങ്കിൽ വലിയ പ്രശ്നങ്ങളിലെത്തിപ്പെടുമെന്ന പാഠമാണ്‌ ലോകം നമുക്കു പറഞ്ഞുതരുന്നത്‌. പൊതുഇടങ്ങളിൽ മികച്ചതും ശുദ്ധമായതുമായ കുടിനീർ ലഭ്യമാക്കുകയാണ്‌ പ്രധാനം. ശബരിമലപോലെയുള്ള തീർഥാടനകേന്ദ്രങ്ങളിൽ വിശിഷ്യ അത്‌ വനപ്രദേശമായതിനാൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ജലത്തിലെത്തുന്ന പ്ലാസ്റ്റിക്കിനെ നിയന്ത്രിക്കാനാവണം. ജലാശയങ്ങളിൽ ഊർജ്ജിത ശുചീകരണ പരിപാടി ആരംഭിക്കേണ്ടതാണ്‌.അതിന്‌ യുക്തമായ യന്ത്രസഹായം തേടണം.
ഗ്രാമീണതലത്തിൽ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച്‌ പ്ലാസ്റ്റിക്‌ സമാഹരണം പ്രത്യേക അജൻഡ ആക്കണം. സമാഹരണം ഒരു ജോലിയും വരുമാനമാർഗമായും വളർത്തിയാൽ പ്രയോജനം ചെയ്യും. ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക്‌ എന്തു ചെയ്യണമെന്ന വ്യക്തമായധാരണയോടെ വേണം ഇത്‌. വിൽപനകേന്ദ്രങ്ങളിൽ കുപ്പിവെള്ളത്തിന്‌ കൂടുതൽ വില ഈടാക്കുകയും കുപ്പി തിരിച്ചു നൽകുമ്പോൾ വിലകുറയ്ക്കുകയും ചെയ്യുന്നത്‌ പ്രയോജനപ്പെട്ടേക്കാം.
വിവാഹംപോലെയുള്ള ചടങ്ങുകൾ ഗ്രീൻപ്രോട്ടോക്കോൾ പ്രകാരം നടത്തുന്നു എന്ന പ്രചരണം മാത്രം പോരാ, പ്ലാസ്റ്റിക്‌ ബോട്ടിലുകൾ ഉപയോഗിക്കുന്നില്ലെന്ന്‌ ഉറപ്പു നൽകുകയും വേണം.
കുപ്പിവെള്ളമേഖല ഇന്ന്‌ വൻ ബിസിനസ്‌ സാമ്രാജ്യമായിമാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ മേഖലയിലെ കച്ചവടതാൽപര്യങ്ങളെ മാറ്റി നിർത്തി ആർജ്ജവത്തോടെയുള്ള ഇടപെടൽ കൊണ്ടുമാത്രമേ നേരിടാനിരിക്കുന്ന വലിയ വിപത്തിനെ പ്രതിരോധിക്കാനാവൂ.