കുണ്ടറ പീഡനം: തെളിവെടുപ്പിനിടയിൽ ജനരോഷം

കുണ്ടറ പീഡനം: തെളിവെടുപ്പിനിടയിൽ ജനരോഷം
March 21 03:00 2017

സ്വന്തം ലേഖകൻ
കുണ്ടറ: കുണ്ടറയിൽ പത്ത്‌ വയസുകാരി പീഡനത്തെ തുടർന്ന്‌ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ മുത്തച്ഛൻ വിക്ടറിനെ തെളിവെടുപ്പിനായി കുണ്ടറയിലെത്തിച്ചു. അണപൊട്ടിയ ജനരോഷത്തെ മറികടന്ന്‌ പീഡനവും മരണവും നടന്ന വീടുകളിലെത്തിച്ച്‌ തെളിവെടുത്തു. പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവരുമെന്നറിഞ്ഞ്‌ നൂറുകണക്കിന്‌ നാട്ടുകാരാണ്‌ രാവിലെ തടിച്ചുകൂടിയത്‌.
രാവിലെ 9.30ഓടെ നിരവധി വാഹനങ്ങളുടെയും വൻ പൊലീസ്‌ സംഘത്തിന്റെയും അകമ്പടിയോടെ വിക്ടറിനെ നാന്തിരിക്കൽ എത്തിച്ചു. പ്രതിയുമായി എത്തുന്നതിന്‌ മുമ്പുതന്നെ വീടും പരിസരവും പൊലീസ്‌ നിയന്ത്രണത്തിലാക്കിയിരുന്നു.
വാഹനത്തിൽനിന്ന്‌ പൊലീസ്‌ വലയംതീർത്ത്‌ വീട്ടിനുള്ളിലേക്ക്‌ എത്തിക്കുന്നതിനിടെ രോഷാകുലരായ സ്ത്രീകളടക്കമുള്ള നാട്ടുകാർ ആക്രോശിച്ചുകൊണ്ട്‌ പ്രതിയെ ആക്രമിക്കാനുള്ള ശ്രമം നടത്തി. കല്ലും കമ്പുകളും നാട്ടുകാർ പ്രതിക്കുനേരേ വലിച്ചെറിഞ്ഞു.
രണ്ടാം നിലയിലെ ഇടനാഴിയിലാണ്‌ കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന്‌ വിക്ടർ പൊലീസിനോട്‌ പറഞ്ഞു. പിടിവലിക്കിടയിൽ ഇടനാഴിയിലെ നിലത്തും ഭിത്തിയിൽ നിന്നുമാണ്‌ കുട്ടിയുടെ ശരീരത്തിൽ മുറിവുകളേറ്റത്‌. വിക്ടറിന്റെ വീട്ടിലെത്തിച്ചപ്പോഴും ശാപവാക്കുകളും കല്ലും തടിയുമായി ജനങ്ങൾ പാഞ്ഞെത്തി. പത്തുമണിയോടെ തെളിവെടുപ്പ്‌ പൂർത്തിയാക്കി പൊലീസ്‌ സംഘം മടങ്ങി. വിക്ടറിന്റെ വീടിനുനേരേയും കല്ലേറുണ്ടായി.
തുടർന്ന്‌ കനത്ത സുരക്ഷയിൽ പ്രതിയെ കൊല്ലം സിജെഎം കോടതി ഒന്നിൽ ഹാജരാക്കിയത്‌. കോടതി വളപ്പിലും പ്രതിക്ക്‌ നേരെ നാട്ടുകാരുടെ അസഭ്യവർഷമുണ്ടായി. 14 ദിവസത്തേക്ക്‌ പ്രതിയെ റിമാന്റ്‌ ചെയ്തു. ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, പോക്സോ എന്നീ കേസുകളാണ്‌ പ്രതിക്കെതിരേ ചുമത്തിയിട്ടുള്ളത്‌.

  Categories:
view more articles

About Article Author