കുതിരാനിലെ തുരങ്കത്തിലൂടെ വൈകാതെ കാറ്റ്‌ ഒഴുകിയെത്തും

കുതിരാനിലെ തുരങ്കത്തിലൂടെ വൈകാതെ കാറ്റ്‌ ഒഴുകിയെത്തും
October 18 04:55 2016

വത്സൻ രാമംകുളത്ത്‌
തൃശൂർ: പൊടിപടലവും പച്ചിലമണവുമുള്ള പാലക്കാടൻ കാറ്റിന്‌ വർണനകളേറെയാണ്‌. കഠിനമായ കുതിരാൻ മല കയറിയിറങ്ങണം തെക്കുനിന്നെത്തുന്നവർക്ക്‌ ആ കാറ്റിന്റെ വശ്യതയിലലിയാൻ. പശ്ചിമമലനിരകൾക്കും മുകളിലൂടെ മരങ്ങളെ തഴുകി വരുന്ന പാലക്കാടൻ കാറ്റിനി തുരങ്കത്തിലൂടെ ഒഴുകിയെത്താൻ അധികമൊന്നും കാത്തിരിക്കേണ്ട. കുതിരാനിലെ ആദ്യ നിർമ്മാണം തുടങ്ങിയ തുരങ്കം 380 മീറ്ററും രണ്ടാം തുരങ്കം 220 മീറ്ററും എത്തിക്കഴിഞ്ഞു. പടിഞ്ഞാറ്‌ നിന്നുള്ള തുരങ്കം 30 മീറ്ററും പിന്നിട്ടു. പ്രദേശവാസികളുടെ പരാതികളും ആശങ്കകളും കണക്കിലെടുത്ത്‌ ഇവിടത്തെ പാറഖനനത്തിന്‌ നിയന്ത്രണം വന്നശേഷം ദിവസവും എട്ട്‌ മീറ്ററോളം കല്ല്‌ തുരന്നു മാറ്റുന്നുണ്ട്‌. ഒല്ലൂർ എംഎൽഎ അഡ്വ.കെ രാജന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഇടപെടലുകളാൽ കർശനമായ നിരീക്ഷണങ്ങളും പരാതി പരിഹാര നടപടികളും ഈ പ്രവർത്തികൾക്കൊപ്പം തുടരുന്നുണ്ട്‌.
കോടമൂടി നിൽക്കുന്ന കുതിരാൻമല കടന്ന്‌ പാലക്കാടൻ കാറ്റിലലിഞ്ഞ്‌ വാളയാർചുരം കടന്നാൽ തമിഴ്‌നാടെത്തും. കൗതുകത്തോടൊപ്പം കുതിരാൻമല അന്നും ഇന്നും യാത്രക്കാർക്ക്‌ പേടിസ്വപ്നമാണ്‌. അപകടങ്ങളുടെയും ഗതാഗതക്കുരുക്കിന്റെയും വിളനിലമാണ്‌ പീച്ചി റിസർവ്വ്‌ വനത്തെ പിളർന്നുള്ള കുതിരാൻ മലഞ്ചെരുവിലെ വളവുകളും കയറ്റിറക്കങ്ങളും. ഇവിടെ പൊലിഞ്ഞ ജീവനുകൾക്ക്‌ കണക്കില്ല. കുതിരാനിൽ ഒരു അയ്യപ്പക്ഷേത്രമുണ്ട്‌. വിശ്വാസമില്ലാത്തവർപോലും കുതിരാൻമലയൊന്നു കടന്നുകിട്ടാൻ വഴിപാടിട്ട്‌ കണ്ണടക്കുന്നത്‌ നിത്യകാഴ്ചയാണ്‌. ഈ റിസർവ്വ്‌ വനത്തിനടിയിലൂടെയാണ്‌ ആശ്ചര്യത്തിന്റെയും അത്ഭുതത്തിന്റെയും മഹാതുരങ്കം വരുന്നത്‌. നിലവിൽ പാലക്കാട്‌ ദേശീയപാതയിലെ ഇരുമ്പ്‌ പാലം മുതൽ കുതിരാൻ ക്ഷേത്രം കഴിയുന്നതുവരെ രണ്ട്‌ വലിയ വളവുകളും കയറ്റവും ഉൾപ്പെടെ രണ്ടര കിലോമീറ്റർ റോഡാണ്‌. ഇടിയാൻ സാധ്യതയുള്ള കുതിരാൻ മലമ്പ്രദേശത്ത്‌ ആറ്‌ വരി വികസനം സാധ്യമാകാതെ വന്നതോടെയാണ്‌ ടണൽ നിർമ്മാണത്തിനുള്ള സാധ്യത തേടിയത്‌.
തുരങ്കമുഖം ഉൾപ്പെടെ കൃത്യദൂരം ഒരു കിലോമീറ്ററാണ്‌. 14 മീറ്റർവീതം വീതിയുള്ളതാണ്‌ തുരങ്കങ്ങൾ രണ്ടും. ഉയരം പത്ത്‌ മീറ്ററാണ്‌. ഇരുതുരങ്കങ്ങളും തമ്മിൽ 20 മീറ്റർ അകലമുണ്ട്‌. 450 മീറ്റർ പിന്നിട്ടാൽ ഒരുതുരങ്കത്തിൽനിന്ന്‌ മറുതുരങ്കത്തിലേക്ക്‌ കടക്കാൻ പാതയുണ്ടാകും. രണ്ടുപാതകളെയും കൂട്ടിമുട്ടിക്കുന്ന ഈപാതയും 14 മീറ്ററുണ്ടാകും. എത്രവലിയ ചരക്ക്‌ വാഹനം വന്നാലും തുരങ്കത്തിലൂടെ കടന്നുപോകാനാകും. 80 കി.മീ വേഗതയിൽ വരുന്ന വാഹനത്തിന്‌ അതേവേഗതയിൽതന്നെ തുരങ്കപാതയിലൂടെ സുഗമമായി കടന്നു പോകാൻ കഴിയുമെന്നാണ്‌ നിഗമനം.
ഇരുമ്പ്‌ പാലത്തിനു താഴെ പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശമാണ്‌. ഈ വൃഷ്ടി പ്രദേശത്തിന്‌ മുകളിലൂടെ ടണലിലേക്ക്‌ കടക്കുന്നതിന്‌ പാലം വരും. ഇരുഭാഗത്തേക്കുമുള്ള പാലത്തിനായി 18 പില്ലറുകൾ നിർമ്മിക്കുന്ന ജോലികൾ നിർമ്മാണ കാരാറുകാരായ കെഎംസിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്‌. തുരങ്കമുഖത്തെ മണ്ണെടുത്ത്‌ മാറ്റി ജാ ക്യാമർ ഉപയോഗിച്ച്‌ കല്ല്‌ പൊട്ടിച്ചുമാറ്റുകയായിരുന്നു ആദ്യഘട്ടത്തിൽ. ഉറപ്പുകുറഞ്ഞ ഭാഗം 32 എംഎം കാഠിന്യമേറിയ ഇരുമ്പ്‌ പട്ടകൾ ഉപയോഗിച്ച്‌ ആർച്ച്‌ മാതൃകയിൽ കവചമൊരുക്കിയിട്ടുണ്ട്‌. 15 മീറ്ററോളം ഇങ്ങനെ കവചം ഒരുക്കും. അതിനുശേഷമാണ്‌ ഉറപ്പുള്ള പാറയിലേക്കെത്തുക. ഇവിടം മുതൽ യന്ത്രം (ബൂമർ) ഉപയോഗിച്ച്‌ തുരന്ന്തുടങ്ങി. മുകൾഭാഗം ഒരുകാരണവശാലും ഇടിഞ്ഞു വീഴാതിരിക്കാൻ തുളച്ച്‌ റാഡുകൾ ഇട്ട്‌ ബലപ്പെടുത്തുന്നുണ്ട്‌. 700മീറ്റർ എത്തിയാൽ തുരങ്കത്തിന്റെ ഇരുഭാഗങ്ങളും കൂട്ടിമുട്ടുമെന്നാണ്‌ കണക്കുകൂട്ടൽ.
ഇരുവശങ്ങളിലും പാറതുരന്ന്‌ കൂട്ടിമുട്ടിയശേഷം തുരങ്കത്തിന്റെ രണ്ടാംഘട്ട നിർമ്മാണങ്ങൾ ആരംഭിക്കും. മുകളിലും അരികുകളിലും കോൺക്രീറ്റിങ്‌ ജോലികളാണ്‌ പിന്നീട്‌. പാറതുരക്കൽ കഴിഞ്ഞശേഷം നാൽമീറ്റർ താഴ്ച്ചയിൽനിന്ന്‌ കോൺക്രീറ്റ്‌ ബീമുകൾ ഉയർത്തും. വലിയ ഭൂകമ്പത്തെപോലും ചെറുക്കുന്ന രീതിയിലാണ്‌ തുരങ്കത്തിന്റെ മാതൃക രൂപപ്പെടുത്തിയിരിക്കുന്നത്‌. രണ്ടുതുരങ്കങ്ങളുടെയും കോൺക്രീറ്റിങ്‌ ജോലികൾ പൂർത്തിയാക്കാൻ ആറുമാസത്തോളമെടുക്കും. ദേശീയപാത 544 ൽ കേരളത്തിലെ ഏക തുരങ്കമാണിത്‌. നിർമ്മാണം തടസമില്ലാതെ നടന്നാൽ തുരങ്കത്തിലൂടെ 2018-ഓടെ സഞ്ചരിക്കാം.

  Categories:
view more articles

About Article Author