കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം; കൂടു മത്സ്യകൃഷി വ്യാപിക്കുന്നു

കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം; കൂടു മത്സ്യകൃഷി വ്യാപിക്കുന്നു
April 03 04:50 2017

കൊച്ചി: കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം നേടാവുന്ന കൂടു മത്സ്യകൃഷി കേരളത്തിലും വ്യാപകമാകുന്നു. കൊച്ചി ആസ്ഥാനമായ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്‌ (സിഎംഎഫ്‌ആർഐ) കീഴിലാണ്‌ സംസ്ഥാനത്ത്‌ കൂടുമത്സ്യകൃഷി ജനകീയമാകുന്നത്‌.
കേരളത്തിലെ കായലുകളും മറ്റ്‌ ജലാശയങ്ങളും കൂടുമത്സ്യകൃഷിക്ക്‌ ഏറെ അനുയോജ്യമായതിനാലാണ്‌ കർഷകർ ഇതിലേക്ക്‌ തിരിഞ്ഞിരിക്കുന്നത്‌. സിഎംഎഫ്‌ആർഐയിൽ നിന്ന്‌ പരിശീലനം നേടിയവരാണ്‌ വിവിധയിടങ്ങളിലെ കായലുകളിലും നദികളിലും കുളങ്ങളിലും മത്സ്യക്കൂടുകളിൽ കൃഷി ആരംഭിച്ചിരിക്കുന്നത്‌.
വാണിജ്യപ്രാധാന്യമുള്ള കാളാഞ്ചി,കരിമീൻ,തിലാപ്പിയ, ചെമ്പല്ലി,വറ്റ എന്നിവയാണ്‌ പ്രധാനമായും കൃഷി ചെയ്യുന്നത്‌. എറണാകുളം, കോട്ടയം, കണ്ണൂർ, മലപ്പുറം, ആലപ്പുഴ, തൃശൂർ, കൊല്ലം തുടങ്ങിയ ജില്ലകളിലുള്ള കൂടുമത്സ്യകൃഷിയിൽ താൽപര്യമുള്ളവരാണ്‌ സിഎംഎഫ്‌ആർഐയുടെ സാങ്കേതികസഹായം തേടിയത്‌.
എറണാകുളം ജില്ലയിലാണ്‌ കൂടുമത്സ്യകൃഷി കൂടുതലും നടക്കുന്നത്‌. ആലുവയിൽ പെരിയാർ നദി, കോട്ടപ്പുറം കായൽ, തൃപ്പൂണിത്തുറ, മൂത്തകുന്നം, ഞാറക്കൽ, വൈപ്പിൻ, എടവനക്കാട്‌ എന്നിവിടങ്ങളിൽ മത്സ്യക്കൃഷി നടന്നുവരുന്നു. സിഎംഎഫ്‌ആർഐയിലെ മാരിക്കൾച്ചർ വിഭാഗമാണ്‌ കൂടുമത്സ്യകൃഷിക്കായി പരിശീലനം നൽകുന്നത്‌. ഇതിനായി നിക്ഷേപം ഇറക്കാൻ ആദ്യമൊക്കെ ആളുകൾക്ക്‌ മടിയായിരുന്നുവെന്നും എന്നാൽ സിഎംഎഫ്‌ആർഐയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പിഴലയിലെ കൂടുകൃഷി യൂണിറ്റ്‌ വൻ വിജയമായതോടെയാണ്‌ കൂടുതൽ പേർ ഇതിലേക്ക്‌ താൽപര്യം പ്രകടിപ്പിച്ചെത്തിയതെന്ന്‌ മാരിക്കൾച്ചർ വിഭാഗം മേധാവി ഡോ. ഇമൽഡ ജോസഫ്‌ പറഞ്ഞു.
സംസ്ഥാന ഫിഷറീസ്‌ വകുപ്പിന്‌ കീഴിലുള്ള മത്സ്യ കർഷക വികസന ഏജൻസിയാണ്‌ കർഷക സംഘങ്ങൾക്ക്‌ സാമ്പത്തിക സഹായം നൽകിയത്‌. നാല്‌ മീറ്റർ വീതം നീളവും വീതിയും ആഴവുമുള്ള കൂടുകളാണ്‌ സാധാരണയായി കൃഷി ചെയ്യാൻ ഉപയോഗിക്കുന്നത്‌. 48 ക്യൂബിക്‌ മീറ്ററാണ്‌ ഇതിന്റെ വ്യാസം. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന രീതിയിലാണ്‌ കൂടുകൾ സ്ഥാപിക്കുന്നത്‌. വല, ഡ്രം അടക്കം ഇത്തരം വലിപ്പത്തിലുള്ള കൂടുകൾ സ്ഥാപിക്കുന്നതിന്‌ 45,000 രൂപ മുതൽ 50,000 വരെയാണ്‌ ചെലവ്‌ വരുന്നത്‌. കായലുകളിലും പൊതുജലാശയങ്ങളിലും കൃഷി ചെയ്യുന്നതിന്‌ അതാത്‌ സ്ഥലങ്ങളിലെ നഗരസഭയിൽ നിന്നോ പഞ്ചായത്ത്‌ അധികൃതരിൽ നിന്നോ അനുമതി നേടേണ്ടതുണ്ട്‌. കൃഷിചെയ്യാൻ പരിശീലനം ആവശ്യമുള്ളവർ സിഎംഎഫ്‌ആർഐയിലെ മാരിക്കൾച്ചർ വിഭാഗത്തിൽ പേര്‌ രജിസ്റ്റർ ചെയ്യാവുന്നതാണ്‌.

  Categories:
view more articles

About Article Author