കുവൈറ്റ്‌ പ്രവാസികൾക്ക്‌ ഇന്ന്‌ കറുത്ത ചൊവ്വാഴ്ച

കുവൈറ്റ്‌ പ്രവാസികൾക്ക്‌ ഇന്ന്‌ കറുത്ത ചൊവ്വാഴ്ച
March 14 03:45 2017
  • ജീവിതം ദുസഹമാക്കുന്ന നിയമങ്ങൾ ഇന്ന്‌ പാർലമെന്റിൽ
  • കാൽലക്ഷം പിരിച്ചുവിടൽ ആസന്നം

കെ രംഗനാഥ്‌
കുവൈറ്റ്സിറ്റി: പതിനെട്ടുലക്ഷത്തോളം മലയാളികളടക്കം 32 ലക്ഷം വിദേശികൾ തൊഴിലെടുക്കുന്ന കുവൈറ്റിലെ പ്രവാസികൾക്ക്‌ ഇന്ന്‌ കറുത്ത ചൊവ്വാഴ്ച. കാൽ ലക്ഷം പ്രവാസികളുടെ തൊഴിൽ നഷ്ടപ്പെടുത്തുകയും പ്രവാസിജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന നിയമങ്ങളും നിയമഭേദഗതികളും ഇന്ന്‌ പാർലമെന്റിൽ അവതരിപ്പിക്കും.
പ്രവാസികളെ മാത്രം പ്രതികൂലമായി വർത്തിക്കുന്ന നിയമങ്ങളായതിനാൽ അവയെല്ലാം പാസാകുമെന്നുറപ്പ്‌. ഇതിനുപുറമെ കുവൈറ്റികൾക്ക്‌ കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന നിയമനടപടികളും പാർലമെന്റിനു മുന്നിൽ വരും. കേവലം ഒരു വോട്ടിന്റെ ഭൂരിപക്ഷപിന്തുണയുള്ള ഭരണകൂടത്തിന്റെ 60 ശതമാനവും സർക്കാർ വിരുദ്ധ നിലപാടു സ്വീകരിക്കുന്നതിനാൽ നവംബറിൽ പാർലമെന്റ്‌ നിലവിൽ വന്ന ശേഷം ഇതുവരെ ഒരൊറ്റ നിയമനിർമാണം പോലും നടത്താൻ കഴിഞ്ഞിട്ടില്ല. പ്രതിപക്ഷത്തിന്റെയും തദ്ദേശീയരുടെയും എതിർപ്പുകൾ രൂക്ഷമായതോടെ പല വിഷയങ്ങളിലും മുട്ടുമടക്കിയ ഭരണകൂടം വിദേശികൾക്കെതിരായ നിയമനിർമാണത്തിനും പച്ചക്കൊടി കാട്ടിക്കഴിഞ്ഞുവെന്നതിന്റെ സൂചനയാണ്‌ ഇന്നത്തെ പ്രവാസി വിരുദ്ധ നിയമനിർമാണങ്ങൾ.
സർക്കാർ സർവീസുകളിൽ തൊഴിൽ തേടുന്ന 2200 സ്വദേശികൾക്ക്‌ ഉടനടി തൊഴിൽ നൽകാനാണ്‌ നീക്കം. ഇതിൽ 17,000 പേരും സ്ത്രീകളായതിനാൽ ഈ മേഖലയിൽ ആധിപത്യം പുലർത്തുന്ന മലയാളി യുവതികളെയായിരിക്കും പിരിച്ചുവിടുക. നഴ്സിങ്‌, അധ്യാപക, പാരാമെഡിക്കൽ മേഖലകളിലെ മലയാളി സാന്നിധ്യമാണ്‌ ഇതോടെ ഇല്ലാതാവുക. കോഴ നൽകിയാണ്‌ കുവൈറ്റ്‌ സർക്കാർ നിലനിൽക്കുന്നതെന്ന പ്രതിപക്ഷനേതാവ്‌ യൂസഫ്‌ അൽ ഫധാലയുടെ പ്രധാനമന്ത്രി ഷേഖ്‌ ജബേർ അൽ മുബാറക്കിനെതിരായ ആരോപണത്തിനിടെയാണ്‌ ഇന്നു പാർലമെന്റ്‌ സമ്മേളിക്കുന്നതെന്നും ശ്രദ്ധേയം.
പ്രവാസികളുടെ തൊഴിൽ വിസ ഫീസ്‌ നിരക്ക്‌ പല മടങ്ങായി വർധിപ്പിക്കുന്ന നിയമമാണ്‌ ഇന്ന്‌ അവതരിപ്പിക്കുന്നതിൽ മറ്റൊരു പ്രധാനപ്പെട്ട നിയമം. ആരോഗ്യസേവന നിരക്ക്‌, സന്ദർശക വിസഫീസ്‌ എന്നിവയും കുത്തനെ ഉയർത്തും. ആരോഗ്യ ഇൻഷുറൻസുള്ള പ്രവാസികൾക്ക്‌ സൗജന്യനിരക്കിൽ മരുന്നു നൽകില്ല. പകരം തീ വിലനൽകി സ്വകാര്യ ഫാർമസികളിൽ നിന്ന്‌ ഔഷധങ്ങൾ വാങ്ങും.
കുവൈറ്റിലെ പ്രവാസി കുടുംബജീവിതം തന്നെ അസാധ്യമാക്കും വിധം കൂടെ താമസിക്കുന്ന ആശ്രിതർക്ക്‌ ഓരോരുത്തർക്കും വിസാഫീസ്‌ അരലക്ഷത്തോളം രൂപയായി ഉയർത്തും. സന്ദർശക വിസഫീസ്‌ 625 രൂപയിൽ നിന്നും 6000 ആക്കും.
ചെറിയ ഗതാഗതനിയമങ്ങൾക്കുപോലും പതിനായിരങ്ങളുടെ പിഴ വിദേശികളിൽനിന്നും ഈടാക്കും. പ്രവാസികൾക്കുള്ള വെള്ളം, വൈദ്യുതി, ഭക്ഷണം, പെട്രോൾ, പാചകവാതകം എന്നിവയ്ക്ക്‌ വിദേശികൾക്ക്‌ നൽകുന്ന എല്ലാ സബ്സിഡികളും എടുത്തുകളയുന്നതോടെ പ്രവാസികളുടെ ദുരിതം അഭൂതപൂർവമായി വർധിക്കും.
തൊഴിലുടമയിൽ നിന്ന്‌ മാറി മറ്റൊരു പണിക്കുപോയാൽ കാൽലക്ഷം പിഴ നൽകണം. കുട്ടികളുടെ സന്ദർശക വിസഫീസ്‌ 600 രൂപയിൽ നിന്നും 6,200 രൂപയാക്കാനും നിയമം കൊണ്ടുവരും. വിസ കാലാവധി കഴിഞ്ഞു പുതിയ വിസ കിട്ടുന്നതുവരെ താമസിക്കാൻ പ്രതിദിനം 2500 രൂപ വീതം പിഴ നൽകണമെന്ന വ്യവസ്ഥ പ്രവാസികളെ പരമാവധി പുകച്ചുപുറത്തു ചാടിക്കാനാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

view more articles

About Article Author