കുവൈറ്റ്‌ പ്രവാസികൾക്ക്‌ കൈത്താങ്ങായി സർക്കാർ

കുവൈറ്റ്‌ പ്രവാസികൾക്ക്‌ കൈത്താങ്ങായി സർക്കാർ
March 16 04:50 2017

പ്രത്യേക ലേഖകൻ
കുവൈറ്റ്‌ സിറ്റി: സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്ന വിദേശികൾക്ക്‌ മരുന്നുകൾ വിതരണം ചെയ്യുന്നത്‌ നിരോധിക്കണമെന്നാവശ്യപ്പെടുന്ന നിയമം പാർലമെന്റിൽ ചൊവ്വാഴ്ച അവതരിപ്പിച്ചതിനിടയിൽ അടുത്ത മൂന്ന്‌ വർഷത്തേയ്ക്കെങ്കിലും ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്ന്‌ സർക്കാർ വ്യക്തമാക്കി.
വിദേശികൾക്ക്‌ സർക്കാർ ആശുപത്രികളിൽ സൗജന്യമായി മരുന്നുകൾ നൽകുന്നത്‌ വിലക്കണമെന്നും അവർ സ്വകാര്യ ഫാർമസികളിൽ നിന്ന്‌ മരുന്ന്‌ വാങ്ങിക്കൊള്ളണമെന്നുമുള്ള കുവൈറ്റ്‌ പാർലമെന്റിലെ ഏക വനിതാ അംഗം സഫാ അൽ ഹാഷെം സമർപ്പിച്ച കരട്‌ നിയമം പ്രവാസികളിൽ ആശങ്കയും കുവൈറ്റികളിൽ പ്രതിഷേധവും പടർത്തിയ സാഹചര്യത്തിലാണ്‌ സർക്കാരിന്റെ വിശദീകരണം. ഇൻഷുറൻ പരിരക്ഷ ലഭിക്കുന്ന ആശുപത്രികളുടേയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും നിർമാണം പൂർത്തിയാകുന്നതുവരെ പ്രവാസികൾക്ക്‌ സർക്കാർ ആശുപത്രികളിൽ നിന്ന്‌ മരുന്നുകൾ വിതരണം ചെയ്യുന്നത്‌ തുടരുമെന്ന്‌ കുവൈറ്റ്‌ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആശുപത്രികളുടെ നിർമാണം പൂർത്തിയാകാൻ മൂന്ന്‌ വർഷം വേണ്ടിവരും. അതുവരെ സൗജന്യമരുന്നു വിതരണം തുടരുമെന്നും അറിയിച്ചിട്ടുണ്ട്‌.
വിദേശികളിൽ മഹാഭൂരിപക്ഷവും കുറഞ്ഞ വരുമാനക്കാരായ നിർമാണ തൊഴിലാളികളും ഗാർഹിക തൊഴിലാളികളുമായതിനാൽ അവരെ ചികിത്സയുടെ പേരിൽ പിഴിയുന്നത്‌ മനുഷ്യത്വരഹിതവും മനുഷ്യാവകാശലംഘനവുമാണെന്ന്‌ കുവൈറ്റിലെ ഡോക്ടർമാരും സമൂഹമാധ്യമങ്ങളും കുറ്റപ്പെടുത്തിയിരുന്നു.

view more articles

About Article Author