Sunday
24 Jun 2018

കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്ക്‌ എതിരെ പ്രക്ഷോഭങ്ങൾക്ക്‌ തയ്യാറെടുക്കുക

By: Web Desk | Tuesday 20 June 2017 4:46 AM IST

എഐടിയുസി ദേശീയ വർക്കിംഗ്‌ കമ്മിറ്റി യോഗം സമാപിച്ചു

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായ കാമ്പയിനുകൾക്കും പ്രക്ഷോഭങ്ങൾക്കും തയ്യാറെടുക്കുവാൻ രാജ്യമെമ്പാടുമുള്ള തൊഴിലാളികളോട്‌ ആഹ്വാനം ചെയ്തുകൊണ്ട്‌ ഡൽഹിയിൽ രണ്ട്‌ ദിവസമായി നടന്ന എഐടിയുസി ദേശീയ വർക്കിംഗ്‌ കമ്മിറ്റി യോഗം സമാപിച്ചു.
ഇഎസ്‌ഐ, പ്രോവിഡന്റ്‌ ഫണ്ട്‌, മെറ്റേണിറ്റി, ഗ്രാറ്റുവിറ്റി തുടങ്ങിയ തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതുന്നതിലൂടെ തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങൾ ഒറ്റയടിക്ക്‌ കേന്ദ്ര സർക്കാർ കവർന്നെടുക്കപ്പെടുകയാണെന്ന്‌ യോഗം വിലയിരുത്തി. രാജ്യത്തുടനീളമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിലൂടെ രാജ്യത്തിന്റെ പൊതു സ്വത്ത്‌ നഷ്ടപ്പെടുക മാത്രമല്ല വലിയ തോതിൽ തൊഴിലാളികൾ പിരിച്ചുവിടപ്പെടുകയുമാണ്‌. കോർപ്പറേറ്റ്‌വൽക്കരണം എല്ലാ മേഖലകളിലും സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ വലിയ പ്രക്ഷോഭങ്ങൾക്കാണ്‌ തൊഴിലാളികൾ തയ്യാറെടുക്കുന്നത്‌. എഐടിയുസി അതിന്‌ നേതൃത്വം നൽകിക്കൊണ്ട്‌ മുൻ നിരയിലുണ്ടാകുമെന്നും യോഗം പ്രഖ്യാപിച്ചു.
തൊഴിലാളി വിരുദ്ധ നിലപാടുകളടങ്ങിയ കേന്ദ്രത്തിന്റെ സമുദ്ര മത്സ്യബന്ധന നയം തിരുത്തണമെന്നും മുരാരി കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കണമെന്നും എഐടിയുസി വർക്കിംഗ്‌ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ ഈയിടെ പ്രഖ്യാപിച്ച സമുദ്ര മത്സ്യബന്ധന നയം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്‌ അവസരം നൽകുന്നതും സ്വകാര്യ വൽക്കരണത്തിന്‌ ആക്കം കൂട്ടുന്നതുമാണെന്ന്‌ പ്രമേയത്തിൽ ആരോപിച്ചു. ദേവഗൗഡ മന്ത്രിസഭയിൽ കൃഷിമന്ത്രിയായിരുന്ന ചതുരാനൻ മിശ്ര മുൻ കൈയെടുത്ത്‌ മൽസ്യ തൊഴിലാളികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുവാനായി തീരുമാനിച്ച മുരാരി കമ്മിറ്റി ശുപാർശകൾ നടപ്പാക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.
ദേശീയ തൊഴിലുറപ്പ്‌ പദ്ധതി നേരിടുന്ന പ്രതിസന്ധിക്ക്‌ പരിഹാരം കാണണമെന്ന്‌ മറ്റൊരുരുപ്രമേയത്തിലൂടെ വർക്കിംഗ്‌ കമ്മിറ്റി അഭ്യർത്ഥിച്ചു. ഗ്രാമീണരുടെ തൊഴിലെടുക്കുവാനുള്ള അവകാശം സംരക്ഷിക്കുന്നതും അവരുടെ ജീവിത സുരക്ഷിതത്വം ഉറപ്പ്‌ വരുത്തുവാൻ സഹായിക്കുന്നതുമായ ഈ പദ്ധതിയിലെ പ്രധാന വ്യവസ്ഥയായ 100 ദിവസത്തെ തൊഴിൽ നൽകണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നില്ല. 40-45 ദിവസത്തെ തൊഴിൽ ദിനങ്ങൾ മാത്രമാണ്‌ ലഭിക്കുന്നത്‌. ജോലി നൽകാൻ കഴിയാത്ത ദിവസങ്ങളിൽ അർഹതപ്പെട്ട തൊഴിലില്ലായ്മ അലവൻസ്‌ അനുവദിക്കാറേയില്ല. തൊഴിലെടുത്ത ദിവസങ്ങളിലെ വേതനമാകട്ടെ മിക്ക സംസ്ഥാനങ്ങളിലും യഥാസമയം നൽകുന്നില്ല. കേരളത്തിൽ ആറു മാസത്തെ വേതന കുടിശിക നൽകാനുണ്ട്‌. ഇത്‌ 700 കോടി രൂപയോളം വരും. രാജ്യത്തുടനീളമുള്ള കുടിശിക 10000 കോടിയാണ്‌. തൊഴിലുറപ്പ്‌ പദ്ധതി പ്രകാരമുള്ള ജോലിക്ക്‌ അതാത്‌ സംസ്ഥാനങ്ങളിൽ നിലവിലുള്ള കുറഞ്ഞ കൂലി നൽകണമെന്ന സുപ്രിം കോടതി വിധി പാലിക്കപ്പെടുന്നില്ല. തുല്യ ജോലിക്ക്‌ തുല്യ വേതനം നൽകണമെന്ന കോടതി വിധിയും നടപ്പാക്കുന്നില്ല. ഈ സാഹചര്യത്തിൽ തൊഴിലുറപ്പ്‌ പദ്ധതിയിലെ തൊഴിലാളികളുടെ വേതനം യഥാസമയം വിതരണം ചെയ്യണമെന്നും, കുടിശിക പലിശ സഹിതം ഉടനടി നൽകണമെന്നും, നൂറു ദിവസത്തെ തൊഴിൽ ഉറപ്പ്‌ വരുത്തണമെന്നും, ഏറ്റവും കുറഞ്ഞ പ്രതിദിന വേതനം 600 രൂപയായി വർദ്ധിപ്പിക്കണമെന്നും വർക്കിംഗ്‌ കമ്മിറ്റി യോഗം കേന്ദ്ര സംസ്ഥാന സർക്കാരുകളോട്‌ ആവശ്യപ്പെട്ടു.
വർക്കിംഗ്‌ കമ്മിറ്റിയോഗത്തിൽ എഐടിയുസി പ്രസിഡന്റ്‌ രാമേന്ദ്രകുമാർ, ജനറൽ സെക്രട്ടറി ഗുരുദാസ്‌ ദാസ്ഗുപ്ത, വർക്കിംഗ്‌ പ്രസിഡന്റ്‌ എച്ച്‌ മഹാദേവൻ, സെക്രട്ടറിമാരായ അമർജീത്കൗർ, വഹീദാ നിസാം, വി വി ഗിരി, എഐടിയുസി കേരള സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ ജെ ഉദയഭാനു, എഐബിഇഎ ജനറൽ സെക്രട്ടറി സി എച്ച്‌ വെങ്കിടാചലം, ആൾ ഇൻഡ്യാ ഡിഫൻസ്‌ എംപ്ലോയീസ്‌ ഫെഡറേഷൻ ജനറൽ സെക്രട്ടറി സി ശ്രീകുമാർ, ബിഎസ്‌എൻഎൽ-എൻഎഫ്‌ പിഇ ജനറൽ സെക്രട്ടറി സീസിംഗ്‌ എന്നിവർ സംസാരിച്ചു.