കേന്ദ്ര നയങ്ങൾ സിവിൽ സർവ്വീസിനെ തകർക്കും: മന്ത്രി ചന്ദ്രശേഖരൻ

കേന്ദ്ര നയങ്ങൾ സിവിൽ സർവ്വീസിനെ തകർക്കും: മന്ത്രി ചന്ദ്രശേഖരൻ
April 21 04:45 2017

തിരുവനന്തപുരം : കേന്ദ്രത്തിലെ ബിജെപി സർക്കാർ തുടരുന്ന സാമ്പത്തിക നയങ്ങൾ സിവിൽ സർവ്വീസിന്റെ നിലനിൽപ്പ്‌ തന്നെ അപകടത്തിലാക്കുമെന്ന്‌ റവന്യു വകുപ്പ്‌ മന്ത്രി ഇ ചന്ദ്രശേഖരൻ.
തിരുവനന്തപുരത്ത്‌ എംഎൻവിജി അടിയോടി ഹാളിൽ, ഓൾ ഇന്ത്യാ സ്റ്റേറ്റ്‌ ഗവ.എംപ്ലോയീസ്‌ കോൺഫെഡറേഷന്റെ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1996ൽ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ഇന്ദ്രജിത്‌ ഗുപ്ത അദ്ധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനപ്രകാരം കേന്ദ്രസർക്കാർ ജീവനക്കാർ നേടിയെടുത്ത മെച്ചപ്പെട്ട ആനുകൂല്യങ്ങളെല്ലാം ഏഴാം ശമ്പളപരിഷ്കരണത്തിലൂടെ നഷ്ടമാക്കുമെന്നും ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനും സിവിൽ സർവ്വീസിന്റെ തകർച്ചയ്ക്കു കാരണമാകുന്ന പങ്കാളിത്ത പെൻഷൻ, സ്വകാര്യവൽക്കരണം, കരാർവൽക്കരണം, കാഷ്വലൈസേഷൻ തുടങ്ങിയ നയങ്ങൾക്കുമെതിരെ കേന്ദ്ര-സംസ്ഥാന ജീവനക്കാർ പ്രക്ഷോഭ രംഗത്തേയ്ക്ക്‌ വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അദ്ധ്യാപക സർവ്വീസ്‌ സംഘടനാ സമരസമിതി ജനറൽ കൺവീനർ എസ്‌ വിജയകുമാരൻ നായർഅദ്ധ്യക്ഷനായി. കോൺഫെഡറേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി ആർ
ജോസ്പ്രകാശ്‌ ദേശീയ കൗൺസിൽ തീരുമാനങ്ങൾ വിശദീകരിച്ചു. ദേശീയ പ്രസിഡന്റ്‌ അജയ്സിങ്‌, ഏഴാം കേന്ദ്ര ശമ്പളക്കമ്മിഷൻ റിപ്പോർട്ടും വിവിധ സംസ്ഥാനങ്ങളിലെ ശമ്പളപരിഷ്കരണവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
ജോയിന്റ്‌ കൗൺസിൽ ചെയർമാൻ ജി മോട്ടിലാൽ, കെ എസ്‌ കൃഷ്ണ (ജനറൽ സെക്രട്ടറി എഐബിഇഎ), ദേശീയ കൗൺസിൽ അംഗങ്ങളായ ജോയ്കുമാർ സിങ്‌, ബാലു സ്വാമി, വി എസ്‌ ജയനാരായണൻ (കെജിഒഎഫ്‌), എസ്‌ സുധി കുമാർ (സെക്രട്ടേറിയറ്റ്‌) എന്നിവർ പ്രസംഗിച്ചു. എകെഎസ്റ്റിയു ജനറൽ സെക്രട്ടറി എൻ ശ്രീകുമാർ സ്വാഗതവും, ജയശ്ചന്ദ്രൻ കല്ലിംഗൽ നന്ദിയും പറഞ്ഞു.

  Categories:
view more articles

About Article Author