കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ ഭരണഘടനാ തത്വങ്ങൾ പാലിക്കപ്പെടണം: കാനം

കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ ഭരണഘടനാ തത്വങ്ങൾ പാലിക്കപ്പെടണം: കാനം
April 21 04:45 2017

തിരുവനന്തപുരം: ഏകാധിപത്യ പ്രവണതകൾ പ്രകടമാക്കുന്ന ഒരു കേന്ദ്ര സർക്കാർ ഭരിക്കുന്ന ഇന്നത്തെ അവസ്ഥയിൽ കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ പുനർനിർണയിക്കേണ്ടത്‌ ഒരു അടിയന്തര കർത്തവ്യമായി എല്ലാ ജനാധിപത്യ വിശ്വാസികളും കരുതേണ്ടതുണ്ടെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. എകെജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ചുള്ള സെമിനാറിൽ സംസാരിക്കുകയായിരുന്നു കാനം.
ഇന്ത്യൻ ഭരണ ഘടനയിലധിഷ്ഠിതമായ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ പ്രാഥമിക തത്വങ്ങൾക്ക്‌ പോലും നരേന്ദ്ര മോഡി നയിക്കുന്ന കേന്ദ്ര ഭരണകൂടം വില കൽപ്പിക്കുന്നില്ല എന്ന സാഹചര്യമാണ്‌ നിലവിലിരിക്കുന്നത്‌. രാജ്യത്തെ വിവിധ ജനവിഭാഗങ്ങളെ വംശീയമായും ജാതീയമായും നടത്തുന്ന അധിക്ഷേപങ്ങളും അക്രമങ്ങളും മുതൽ യാതൊരു നിയമപരമായ പിൻബലവുമില്ലാതെ പ്രധാനമന്ത്രി ഈ നാട്ടിലെ കറൻസി പിൻവലിച്ചതുവരെയുള്ള കാര്യങ്ങളിൽ ഭരണഘടനാപരമോ, ജനാധിപത്യപരമോ ആയ ഒരു മര്യാദയും പാലിച്ചിട്ടില്ല.
ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിൽ ഭരണഘടനയുടെ 356-ാ‍ം അനുച്ഛേദം ദുരുപയോഗം ചെയ്ത ധാരാളം സന്ദർഭങ്ങൾ ഉണ്ട്‌ എന്ന്‌ നമ്മൾ ഓർക്കണം. ഇന്ത്യയുടെ ഫെഡറൽ സ്വഭാവം നിലനിർത്തേണ്ടത്‌ ഈ രാഷ്ട്രത്തെ ഒരുമിച്ചു കൊണ്ടുപോവുന്നതിന്‌ അത്യന്താപേക്ഷിതമാണ്‌. കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ ഭരണഘടനാദത്തമായ അധികാരങ്ങളുടെ പരിധിക്കകത്തായിരിക്കണം. ഇത്‌ ഉറപ്പു വരുത്തുന്നതിനായി നമ്മുടെ ഭരണഘടനയിൽ അനുച്ഛേദം 263 ൽ ഭരണഘടനാപരമായി വിഭാവനം ചെയ്തിരിക്കുന്ന സംവിധാനമാണ്‌ ഇന്റർസ്റ്റേറ്റ്‌ കൗൺസിൽ.
ഒരു ഇന്റർസ്റ്റേറ്റ്‌ കൗൺസിൽ രൂപീകരിച്ച്‌ കേന്ദ്രവും സംസ്ഥാനങ്ങൾ തമ്മിലും ഉയർന്നുവരുന്ന പ്രശ്നങ്ങൾ പരിശോധിക്കുന്നത്‌ നിലവിലുള്ള കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യപരമായ പ്രവർത്തനങ്ങൾക്ക്‌ ഒരു പരിധിവരെ കടിഞ്ഞാണിട്ടേക്കാം. എങ്കിലും ചരിത്രത്തിലെ പ്രത്യേകിച്ച്‌ 1930 കളിലെ യൂറോപ്പിലെ സമാന സാഹചര്യങ്ങളെ ഓർത്തുകൊണ്ട്‌ ഇന്ത്യയിലെ എല്ലാ ജനാധിപത്യ, മതേതര, പുരോഗമന വിഭാഗങ്ങളും നമ്മുടെ രാഷ്ട്ര ശിൽപികൾ വിഭാവനം ചെയ്ത ഫെഡറൽ സമ്പ്രദായം നിലനിർത്തുവാൻ ഒരുമിച്ചു ചേരേണ്ട അവസരമാണ്‌ ഇന്ന്‌ സംജാതമായിരിക്കുന്നത്‌.
1990 കളിൽ ആഗോളവൽക്കരണത്തിനനുകൂലമായ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിച്ചതിനുശേഷം കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ ഗുണകരമല്ലാത്ത ഒട്ടേറെ പ്രവണതകൾ വർദ്ധിച്ചു വരികയാണ്‌. ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ ഹാനികരമായി ബാധിക്കുന്ന ഗാട്ട്‌ കരാറിലും ഡബ്ല്യുടി ഒയുമായുള്ള വിവിധ കരാറുകളിലും ഏർപ്പെട്ടുകൊണ്ട്‌ കോൺഗ്രസ്സ്‌ സർക്കാരുകൾ തുടങ്ങിവെച്ച നടപടികൾ സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശങ്ങളിലും ഭരണഘടനയുടെ 7-ാ‍ം പട്ടിക പ്രകാരം നികുതി ചുമത്താനുള്ള അവകാശങ്ങളുടെയും മേലുള്ള നഗ്നമായ കൈകടത്തലുകളാണെന്നും കാനം പറഞ്ഞു.

  Categories:
view more articles

About Article Author