Friday
20 Apr 2018

കേരള ലോട്ടറിയെ തകര്‍ക്കരുത്

By: Web Desk | Thursday 3 August 2017 11:34 PM IST

ഒരു രാജ്യം ഒരു നികുതിയെന്ന മുദ്രാവാക്യവുമായി ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കിയിട്ട് ഒരുമാസം പിന്നിട്ടിരിക്കുന്നു. സാധാരണക്കാര്‍ക്കുമേല്‍ പല പേരുകളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന നികുതിഭാരം ഒരു നികുതിയിലേയ്ക്ക് കുറയ്ക്കുക എന്ന വാഗ്ദാനമാണ് ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. പക്ഷേ മുന്നൊരുക്കങ്ങളില്ലാതെ ധൃതിപിടിച്ച് നടപ്പിലാക്കിയതിലൂടെ പറഞ്ഞതൊന്നും പ്രാബല്യത്തിലാവില്ലെന്ന പ്രതീതിയാണ് ഒരുമാസത്തിനിടെ ഉണ്ടായിരിക്കുന്നത്. നികുതിഭാരം കുറഞ്ഞില്ലെന്നു മാത്രമല്ല നിലവിലുള്ള നികുതിയ്‌ക്കൊപ്പം ജിഎസ്ടിയുടെ നികുതി കൂടുതലായി നല്‍കേണ്ട അവസ്ഥയുമുണ്ടായിരിക്കുകയാണ്. എന്നുമാത്രമല്ല നടത്തിപ്പിലെ ആസൂത്രണമില്ലായ്മമൂലം വ്യാപാര ലോകത്തും ഉപോഭാക്താക്കള്‍ക്കിടയിലും ആശയക്കുഴപ്പം ഇതുവരെ അവസാനിച്ചിട്ടുമില്ല.
അതിനിടയിലാണ് ജിഎസ്ടിയുടെ മറവില്‍ പുതിയ കൊള്ളയ്ക്കു കോപ്പുകൂട്ടുന്നുവെന്ന വിവരവും പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെവിടെയും വില്‍പ്പന നടത്താമെന്ന പ്രചാരണത്തിന്റെ മറപിടിച്ച് അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തിലേയ്ക്ക് കടന്നുവരുന്നതിന് ശ്രമിക്കുകയാണ്. നമ്മുടെ സംസ്ഥാന ലോട്ടറിക്കു മാത്രമല്ല സമ്പദ്ഘടനയ്ക്കും വലിയൊരു വിഭാഗത്തിന്റെ ജീവിതത്തിനും വെല്ലുവിളിയുയര്‍ത്തുന്നതാണ് പ്രസ്തുത നീക്കം. നേരത്തേ ഇവിടെ മണിപ്പൂര്‍, മിസോറാം, സിക്കിം, ഭൂട്ടാന്‍, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോട്ടറിയുടെ വില്‍പ്പന ഉണ്ടായിരുന്നതാണ്.
അന്യസംസ്ഥാന ലോട്ടറിയുടെ മറവില്‍ തെറ്റായ പ്രവണതകളും ചില ഘട്ടങ്ങളില്‍ ചൂതാട്ടംതന്നെയും നടക്കുന്ന സാഹചര്യത്തിലായിരുന്നു കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറി നിരോധിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന്റേതുള്‍പ്പെടെ എല്ലാ ലോട്ടറികളും നിരോധിച്ചിരുന്നു. പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാന ലോട്ടറി പുനരാരംഭിച്ചു. അതിന് പ്രധാനകാരണം ലക്ഷക്കണക്കിന് പേരുടെ ഉപജീവനമാര്‍ഗമാണ് ഇല്ലാതായത് എന്നതായിരുന്നു. മാത്രവുമല്ല സംസ്ഥാനത്തിന്റെ പ്രധാന നികുതിയേതര വരുമാനമാര്‍ഗത്തില്‍ ഒന്നുമായിരുന്നു ലോട്ടറി. നിയമപോരാട്ടങ്ങള്‍ വേണ്ടിവന്നുവെങ്കിലും സംസ്ഥാനത്തിന്റെ തീരുമാനത്തിന് നിയമപരമായ പ്രാബല്യവും ലഭിച്ചു. അതിന്റെ ഫലമായി എല്‍ഡിഎഫിന്റെ കാലത്ത് അന്യസംസ്ഥാന ലോട്ടറി ചൂതാട്ടം അവസാനിച്ചു. മാത്രവുമല്ല രണ്ടു ലക്ഷത്തോളം വരുന്ന ലോട്ടറി തൊഴിലാളികള്‍ക്കായി 2008ല്‍ ലോട്ടറിത്തൊഴിലാളി ക്ഷേമനിധി നിയമം കൊണ്ടുവരികയും ലോട്ടറി നവീകരിക്കുകയും ചെയ്തതോടെ കേരള ഭാഗ്യക്കുറിയുടെ വില്‍പ്പന ഗണ്യമായി ഉയര്‍ന്നു.
കഴിഞ്ഞ വര്‍ഷങ്ങളിലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്തിന്റെ നികുതിയേതര വരുമാനത്തില്‍ ഒന്നാമത് ലോട്ടറിയില്‍ നിന്നുള്ളതാണ്. ഓരോ വര്‍ഷവും അത് വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്. 2014-15ല്‍ നികുതിയേതര വരുമാനത്തിന്റെ 75 ശതമാനം അതായത് 5,444.88 കോടി രൂപ ലോട്ടറിയില്‍ നിന്നായിരുന്നു. 2015-16 ല്‍ അത് 6,271.41 കോടി രൂപയായി വര്‍ധിക്കുകയും ചെയ്തു.
എല്‍ഡിഎഫ് 2016 ല്‍ വീണ്ടും അധികാരത്തിലെത്തിയശേഷം ലോട്ടറി നറുക്കെടുപ്പുകളുടെഎണ്ണം, സമ്മാന ഘടന എന്നിവയെല്ലാം പരിഷ്‌കരിച്ച് കൂടുതല്‍ വരുമാനമുണ്ടാക്കുന്നതിന് ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അതുവഴി സംസ്ഥാന ഖജനാവിന് മാത്രമല്ല ഇതിനെ ആശ്രയിച്ചു കഴിയുന്ന രണ്ടു ലക്ഷത്തോളം തൊഴിലാളികളുടെ വരുമാനത്തിലും ഗണ്യമായ വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം ലോട്ടറിയില്‍ നിന്നുള്ള വരുമാനമായി പ്രതീക്ഷിക്കുന്നത് 1,20,00 കോടിരൂപയാണ്.
ഈയൊരു സാഹചര്യത്തിലാണ് ജിഎസ്ടിയുടെ മറവില്‍ അന്യ സംസ്ഥാന ലോട്ടറി കേരളത്തിലെത്താനുള്ള ശ്രമങ്ങളെ വിലയിരുത്തേണ്ടത്. ഇപ്പോഴത്തെ നിയമസാഹചര്യങ്ങളില്‍ കേരളത്തില്‍ സംസ്ഥാന ലോട്ടറിക്കു മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ജിഎസ്ടിയുടെ ഒരു രാജ്യം ഒരു നികുതിയെന്ന ഭാഷ്യത്തിന്റെ പേരില്‍ നിയമപിന്‍ബലമില്ലാതെ കടന്നുവരാനാണ് ചില മാഫിയകള്‍ ശ്രമം നടത്തുന്നത്. നേരത്തേ അന്യസംസ്ഥാന ലോട്ടറിയുണ്ടായിരുന്ന ഘട്ടത്തില്‍ കേരളത്തില്‍ നിന്ന് പ്രതിദിനം 40 കോടിയോളം രൂപയാണ് കൊള്ളയടിച്ചുകൊണ്ടുപോയിരുന്നത്. പ്രതിവര്‍ഷമത് 4700 കോടി രൂപയായിരുന്നു. മാത്രമല്ല കേരള ലോട്ടറിയുടെ ലാഭം മുഴുവന്‍ സര്‍ക്കാരിനാണെങ്കില്‍ അന്യസംസ്ഥാന ലോട്ടറിയുടെ ലാഭം കൊയ്യുന്നത് ഇടനിലക്കാരും വ്യക്തികളുമായ മാഫിയകളാണ്. പല തരത്തിലുള്ള നികുതി വെട്ടിപ്പുകളും തട്ടിപ്പുകളും തന്നെ ഇതിന്റെ പേരില്‍ നടക്കുമെന്നുറപ്പാണ്. നേരത്തേയുള്ള അനുഭവങ്ങള്‍ അതാണ് തെളിയിക്കുന്നത്.
നിയമപരമായ പിന്‍ബലമില്ലാതെ ജിഎസ്ടിയുടെ മറവില്‍ കേരളത്തിലേയ്ക്ക് കടന്നുവരാനുള്ള ലോട്ടറിമാഫിയയുടെ നീക്കം ശക്തമായി ചെറുക്കപ്പെടണം. സര്‍ക്കാര്‍ അതിന് കര്‍ശനമായ നടപടികളുമായി രംഗത്തുണ്ട്. കോടിക്കണക്കിന് ലോട്ടറി ടിക്കറ്റുകള്‍ റെയ്ഡില്‍ പിടിച്ചെടുത്തു. അന്യസംസ്ഥാന ലോട്ടറി വില്‍ക്കുന്ന ഏജന്റുമാരെ ക്ഷേമനിധിയില്‍ നിന്ന് ഒഴിവാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ശ്രമങ്ങള്‍ക്ക് കേരളത്തിലെ ലോട്ടറി തൊഴിലാളികളും ജീവനക്കാരും മാത്രമല്ല പൊതുസമൂഹവും സര്‍ക്കാരിന്റെ കൂടെ നില്‍ക്കണം. സംസ്ഥാന വരുമാനം ചോര്‍ന്നുപോകുന്നുവെന്ന ഭയംകൊണ്ടു മാത്രമല്ല അത്, ഒപ്പം മറ്റൊരു മാഫിയാ സംസ്‌കാരത്തെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിന്റെ കൂടെ നില്‍ക്കല്‍ കൂടിയാണ്.