Monday
16 Jul 2018

കേരള സംസ്ഥാന ഗവര്‍ണര്‍ മാത്രം എന്തുകൊണ്ട് മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നു?

By: Web Desk | Wednesday 2 August 2017 1:22 AM IST

 

സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി

ആര്‍എസ്എസ് പരിവാര പ്രസ്ഥാനമായ ബിജെപിയാല്‍ നയിക്കപ്പെടുന്ന കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചിട്ടും ഫലമില്ലെന്നറിയാമെങ്കിലും ചില ചോദ്യങ്ങള്‍ ചോദിക്കുവാന്‍ പ്രബുദ്ധരായ ഭാരതപൗരന്മാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അതിന്റെ ഭാഗമായി തന്നെയാണ് ഈ ലേഖനവും.
ഒരു സംസ്ഥാനത്തെ ജനത തെരഞ്ഞെടുത്ത ജനപ്രതിനിധികളില്‍ ഏത് കക്ഷിക്കാണോ കൂടുതല്‍ ജനപ്രതിനിധികളുള്ളത് ആ കക്ഷിയെയാണ് ഗവര്‍ണര്‍ മന്ത്രിസഭ രൂപീകരിക്കുവാന്‍ ക്ഷണിക്കേണ്ടത്. ഈ കീഴ്‌വഴക്കവും നിയമവും ബിഹാറിലെ ഗവര്‍ണര്‍ പാലിച്ചിരുന്നെങ്കില്‍ ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയെയായിരുന്നു മന്ത്രിസഭ രൂപീകരിക്കുവാന്‍ ക്ഷണിക്കേണ്ടിയിരുന്നത്. അങ്ങനെ ഗവര്‍ണര്‍ ചെയ്യാതിരുന്നത് എന്തുകൊണ്ടാണ്? ബിജെപിയുടെ അധികാര ദുര്‍മോഹപരമായ അവസരവാദ രാഷ്ട്രീയത്തിനു കളിയരങ്ങൊരുക്കുക എന്നതു ചെയ്യലായി ഗവര്‍ണര്‍ പദവി ബിഹാറില്‍ തരംതാഴ്ന്നതിനാലല്ലേ 48 മണിക്കൂര്‍ മുമ്പുവരെ രാഷ്ട്രീയ ശത്രുക്കളായിരുന്ന ബിജെപിയും നിതീഷ്‌കുമാറിന്റെ പാര്‍ട്ടിയും ഒത്തുചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കുവാനുള്ള നെറികെട്ട തീരുമാനത്തെ ബിഹാര്‍ ഗവര്‍ണര്‍ ശരിവച്ചത്. ഇങ്ങനെ ഗവര്‍ണര്‍മാര്‍ രാഷ്ട്രീയ ചട്ടുകങ്ങളായി ദുരുപയോഗം ചെയ്യപ്പെടുന്ന സ്ഥിതി അഭിലഷണീയമായി ബിജെപി കരുതുന്നുണ്ടോ? ഇതേ ചോദ്യം കേരളത്തിന്റെ സമകാലിക സംഭവങ്ങളുമായി ബന്ധപ്പെടുത്തിയും ആത്മാഭിമാനമുള്ള മലയാളിക്ക് ഉന്നയിക്കേണ്ടിവരുന്നുണ്ട്. കാലാകാലങ്ങളായി അനുവര്‍ത്തിച്ചുവരുന്ന ഗുണ്ടാ പ്രവര്‍ത്തനങ്ങളുടെ കുടിപ്പകയാല്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനായ ഗുണ്ട മുമ്പ് സഹപ്രവര്‍ത്തകരായിരുന്നവരുടെ കൂടി സഹകരണത്താല്‍ അക്രമത്തിനിരയായി തിരുവനന്തപുരം ശ്രീകാര്യത്ത് കൊല ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ പി സദാശിവം കേരള ജനത തെരഞ്ഞെടുത്ത മുഖ്യമന്ത്രിയായ പിണറായി വിജയനെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത നടപടി, കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ക്ഷുദ്ര താല്‍പര്യങ്ങളുടെ ചട്ടുകമാക്കപ്പെടുകയാണ് ഗവര്‍ണര്‍ പദവി എന്നതിന്റെ അറുവഷളന്‍ ഉദാഹരണമാണ്. ഇത്തരം അറുവഷളത്തരങ്ങള്‍ക്ക് ‘റാന്‍’ മൂളി നില്‍ക്കേണ്ട ഗതികേട് ഭരണഘടനാ വിദഗ്ധനായ മുന്‍ ചീഫ് ജസ്റ്റിസിന് ഉണ്ടായി എന്നതും നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്കും ഫെഡറല്‍ ജനാധിപത്യ ഭരണസംവിധാനത്തിനും നാണക്കേടാണ്.
ഏത് സംസ്ഥാനത്തും കൊലയും അക്രമങ്ങളും ഉണ്ടാവുമ്പോള്‍ രാജ്യത്തിന്റെ ക്രമസമാധാന ഭദ്രത എന്ന ഉത്തമ താല്‍പര്യത്തെ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ അതാതു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരിലൂടെ ചില ഇടപെടലുകള്‍ നടത്തുന്നതില്‍ എന്താണിത്ര തെറ്റുള്ളത്? ഇത്തരം ചോദ്യങ്ങളും ഉയരാം. തീര്‍ച്ചയായും, എല്ലാ സംസ്ഥാനങ്ങളിലേയും ക്രമസമാധാന നില ഭദ്രതരമായിരിക്കണം എന്നു ചിന്തിച്ചു നിലപാട് സ്വീകരിക്കുന്ന ഒരു കേന്ദ്രസര്‍ക്കാര്‍ ഉണ്ടാവുന്നതില്‍ തെറ്റില്ല. പക്ഷേ ആര്‍എസ്എസുകാരായ പ്രധാനമന്ത്രി നരേന്ദ്രമോഡിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങും പശുവിന്റെ പേരില്‍, ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലും ഹരിയാനയിലും രാജസ്ഥാനിലും ഗുജറാത്തിലും മുസ്‌ലിങ്ങളും ദളിതരും ആക്രമിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്നത് പതിവാക്കപ്പെട്ട സാഹചര്യത്തില്‍ പോലും അതാതു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരിലൂടെ അതാത് സംസ്ഥാന മുഖ്യമന്ത്രിമാരെ വിളിച്ചു വരുത്തി എന്തെങ്കിലും ഇടപെടല്‍ ഇതിനുമുമ്പ് നടത്തിയിട്ടുണ്ടോ? ഇല്ലെന്നതാണ് വാസ്തവം. ഈ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോഴാണ്, കേരളത്തില്‍ ഒരു ആര്‍എസ്എസ് ഗുണ്ടാ ”താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചിടുകെന്നേ വരൂ” എന്ന കവിവാക്യത്തെ അന്വര്‍ഥമാക്കും വിധം അര്‍ഹമായ കര്‍മഫലവിധിക്ക് ഇരയായി കൊല്ലപ്പെട്ടപ്പോഴേക്കും കേരള മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്ത നടപടിയില്‍ ക്ഷുദ്രരാഷ്ട്രീയമല്ലാതൊരു ക്രമസമാധാന പരിപാലന താല്‍പര്യവും ഇല്ലെന്ന് പറയേണ്ടിവരുന്നത്.
കേരളത്തില്‍ മാത്രമല്ല കൊലപാതകങ്ങള്‍ നടക്കുന്നത്; കേരള സംസ്ഥാനത്തു മാത്രമല്ല ഗവര്‍ണര്‍ ഉള്ളതും. എന്നിട്ടും ഏറെ കൊലപാതകങ്ങള്‍ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ടു നടന്ന മധ്യപ്രദേശിലെ മുഖ്യമന്ത്രിയെ ഒരു തവണ പോലും അവിടത്തെ ഗവര്‍ണര്‍ ബിജെപി സര്‍ക്കാരിന്റെ കാലത്തോ, യുപിഎ സര്‍ക്കാരിന്റെ കാലത്തോ, വിളിച്ചുവരുത്തി ചോദ്യം ചെയ്തിട്ടില്ല. അംബേദ്ക്കറുടെ നേതൃത്വത്തില്‍ തയാറാക്കപ്പെട്ട ഇന്ത്യന്‍ ഭരണഘടന പ്രതേ്യക പരിരക്ഷ ഉറപ്പു നല്‍കുന്ന ദളിത് ജനവിഭാഗങ്ങളില്‍പ്പെട്ടവര്‍ ഗോമാതാവിന്റെ പേരില്‍ ക്രൂരമര്‍ദനത്തിന് ഗുജറാത്തില്‍ ഇരയായി. അതേത്തുടര്‍ന്ന് രാജ്യം ശ്രദ്ധിക്കുന്ന വിധത്തിലുള്ള പ്രക്ഷോഭങ്ങളും ഉണ്ടായി. അപ്പോഴൊന്നും ഗുജറാത്തിലെ ഗവര്‍ണറെക്കൊണ്ട് ഗുജറാത്ത് മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി ക്രമസമാധാനം ഉറപ്പുവരുത്താനുള്ള ആവേശം നരേന്ദ്രമോഡി സര്‍ക്കാര്‍ കാണിച്ചില്ല. ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ പട്ടേല്‍ ജാതിക്കാരുടെ പ്രക്ഷോഭം ഗുജറാത്തില്‍ ആളിപ്പടര്‍ന്നു. കൊടും കലാപാന്തരീക്ഷം ഉണ്ടായ സാഹചര്യത്തിലും അവിടെ ഒരു ഗവര്‍ണറും ഇടപെട്ടു കണ്ടിട്ടില്ല. എന്നാല്‍ തിരുവനന്തപുരത്തൊരു ആര്‍എസ്എസ് ഗുണ്ട കൊല ചെയ്യപ്പെട്ടപ്പോഴേക്കും കേരള മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി ഇടപെടുവാന്‍ കേന്ദ്രസര്‍ക്കാരിനാല്‍ കേരള ഗവര്‍ണര്‍ നിര്‍ബന്ധിക്കപ്പെടുന്നു. ഇതിനെന്താണ് കാരണം? ഉത്തരം ചുരുക്കത്തില്‍ ഇതേയുള്ളു; സിപിഐ(എം)ഉം സിപിഐയും ഉള്‍പ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാല്‍ നേതൃത്വം നല്‍കപ്പെട്ടുവരുന്ന ഇടതുപക്ഷ ഭരണത്തെ എന്തു കടുംകൈ ഉപയോഗിച്ചും ഇല്ലായ്മ ചെയ്യാനുള്ള ക്ഷുദ്രതാല്‍പര്യം ആര്‍എസ്എസുകാരാല്‍ നയിക്കപ്പെടുന്ന കേന്ദ്രസര്‍ക്കാറിനുണ്ട്. ഈ ക്ഷുദ്രതാല്‍പര്യമല്ലാതെ ഏത് സംസ്ഥാനത്തും എന്ത് കാരണത്താലും മനുഷ്യര്‍ കൊല ചെയ്യപ്പെടുന്ന അക്രമ സംഭവങ്ങളാല്‍ രാജ്യത്തിന്റെ ആഭ്യന്തര സുസ്ഥിതി താറുമാറായി കൂടാ എന്ന ഉത്തമ താല്‍പര്യമൊന്നും കേരളാ ഗവര്‍ണറുടെ ഇടപെടലില്‍ ഇല്ല. ഇത് തിരിച്ചറിഞ്ഞ് ഞങ്ങളുടെ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി ശാസിച്ച് സംസ്ഥാനത്തെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുവാന്‍ കേരള ഗവര്‍ണര്‍ നടത്തിയ ശ്രമത്തിനെതിരെ പ്രതികരിക്കുവാന്‍ കേരളം മാതൃഭൂമിയായ മലയാളികള്‍ ഒന്നടങ്കം തയാറാകണം. ബിജെപിക്കാരടക്കമുള്ള മുഴുവന്‍ മലയാളികളും തയാറാകണം. എന്നാലെ ജനാധിപത്യ വ്യവസ്ഥയിലെ ഫെഡറല്‍ ഭരണക്രമം സംരക്ഷിതമായിരിക്കൂ.