കേസരി ബാലകൃഷ്ണപിളള മഹാമനീഷികളിൽ ഒരാൾ

കേസരി ബാലകൃഷ്ണപിളള മഹാമനീഷികളിൽ ഒരാൾ
April 11 04:45 2017

ജോസ്‌ ചന്ദനപ്പള്ളി
കേരളം കണ്ട മഹാമനീഷികളിൽ ഒരാളായിരുന്നു കേസരി ബാലകൃഷ്ണപിളള. നമ്മുടെ രാഷ്്ട്രീയ – സാംസ്കാരിക – സാഹിത്യരംഗങ്ങളിൽ അദ്ദേഹം സൃഷ്ടിച്ച വിചാരവിപ്ലവത്തിന്റെ തരംഗങ്ങൾ നിശ്ചലമായിട്ടില്ല. ധീരനും സ്വതന്ത്രനുമായ പത്രാധിപർ, ക്രാന്തദർശിയായ സാഹിത്യ ചിന്തകൻ, സാമൂഹ്യപരിഷ്കർത്താവ്‌, ചരിത്ര ഗവേഷകൻ, സാഹിത്യ വിമർശകൻ മനഃശാസ്ത്ര – ലൈംഗിക ശാസ്ത്രജ്ഞൻ എന്നൊക്കെ വിശേഷിപ്പിക്കാം. അദ്ധ്യാപകൻ, അഭിഭാഷകൻ എന്നീ നിലകളിലും കേസരി പ്രവർത്തിച്ചിട്ടുണ്ട്‌. ജ്യോതിഷം, ഐതിഹ്യം, പുരാണലിപിശാസ്ത്രം, പുരാവസ്തു ശാസ്ത്രം എന്നിവയിലും അദ്ദേഹം അവഗാഹം നേടിയിരുന്നു. ബൗദ്ധിക കേരളത്തിന്റെ ഒരു യുഗാചാര്യനായിരുന്നു അദ്ദേഹം. 1889 ഏപ്രിൽ 13-ാ‍ം തീയതി തിരുവനന്തപുരത്ത്‌ തമ്പാനൂരിലാണ്‌ ബാലകൃഷ്ണപിളള ജനിച്ചത്‌. തമ്പാനൂർ പുളിക്കൽ മേലേ വീട്ടിൽ പാർവതി അമ്മയും, ദാമോദരൻ കർത്താവുമായിരുന്നു മാതാപിതാക്കൾ; കുട്ടപ്പൻ എന്നായിരുന്നു ഓമനപ്പേര്‌. നാലാം വയസ്സിൽ മരണവുമായി ആദ്യത്തെ കൂടിക്കാഴ്ച. പളളുരുത്തിയാറ്റിൽ വച്ച്‌ കൊളളക്കാരുടെ ആക്രമണം, മാതാപിതാക്കളുടെ ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളും പ്രതിസന്ധികളും ബാലകൃഷ്ണപിളളയുടെ ശൈശവ – കൗമാരഘട്ടത്തിലെ ജീവിതത്തെ അസ്വസ്ഥതപെടുത്തിയിരുന്നു. അമ്മാവന്റെ കൂടെയാണ്‌ അക്കാലം കഴിച്ചുകൂട്ടിയത്‌.
തിരുവനന്തപുരത്തു ഗാന്ധാരിയമ്മൻ കോവിലിനടുത്തുണ്ടായിരുന്ന കുടിപ്പളളിക്കൂടത്തിലെ വിദ്യാഭ്യാസത്തിനു ശേഷം പുളിമൂടിനടുത്തുളള പ്രൈമറി സ്കൂളിൽ നാലു വർഷം പഠിച്ചു. 1897-ൽ അച്ഛനമ്മമാർ വിവാഹമോചനം നേടി പിരിഞ്ഞതോടെ കൊല്ലത്തേക്കു പോന്നു. കൊല്ലം ഹൈസ്കൂളിൽ വിദ്യാഭ്യാസം തുടർന്നു. 1904-ൽ മെട്രിക്കുലേഷൻ പരീക്ഷ ജയിച്ചു. 1908-ൽ തിരുവനന്തപുരം മഹാരാജാസ്‌ കോളജിൽ നിന്ന്‌ ചരിത്രം ഐച്ഛികമായെടുത്തു ബി എ പാസായി. 1909-ൽ തിരുവനന്തപുരം വനിതാ കോളജിൽ ചരിത്രാധ്യാപകൻ. 1910-11-ൽ മഹാരാജാസ്‌ കോളേജിൽ ചരിത്രാധ്യാപകൻ. വീണ്ടും വനിതാ കോളജിൽ. 1917-ൽ ജോലി രാജിവച്ച്‌ അഭിഭാഷകവൃദ്ധിയിലേർപ്പെട്ടു. മിതവാദിയും ഗൗരവക്കാരനുമായ ബാലകൃഷ്ണപിളള വക്കീൽപ്പണിക്കാവശ്യമായ നിയമചാതുരിയും വാചാലതയും തനിക്കില്ലെന്നു മനസിലാക്കി അത്‌ ഉപേക്ഷിച്ചു. തുടർന്ന്‌ ജ്യോതിഷം പുരാവസ്തു ശാസ്ത്രം, മനഃശാസ്ത്രം, ചരിത്രം, ചിത്രകല തുടങ്ങി നാനാവിഷയങ്ങളിലുളള ഗ്രന്ഥങ്ങൾ സ്വയം പഠിച്ചു ഹൃദിസ്ഥമാക്കുകയും അതിനെ അടിസ്ഥാനമാക്കി സ്വതന്ത്ര ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു. ഫ്രെഞ്ച്‌, റഷ്യൻ, ഇംഗ്ലീഷ്‌ തുടങ്ങിയ സാഹിത്യങ്ങളിലെ വിശിഷ്ട ഗ്രന്ഥങ്ങളുമായി ഗാഢപരിചയം നേടി.
തുടർന്നു ബാലകൃഷ്ണപിളളയെ കേസരിയാക്കി മാറ്റിയ ജീവിതമണ്ഡലത്തിലേക്ക്‌ അദ്ദേഹം പ്രവേശിച്ചു. സമദർശി, പ്രബോധകൻ, കേസരി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി ജോലി നോക്കി. 1917-ൽ ബാലകൃഷ്ണപിളള വിവാഹിതനായി. വടക്കൻ പറവൂർ മാടവനപ്പറമ്പിൽ ഗൗരിയമ്മയായിരുന്നു ഭാര്യ. ശാരദ എന്നൊരു കുട്ടിയും അവർക്ക്‌ ജനിച്ചു. കുഞ്ഞ്‌ അകാലത്തിൽ നിര്യാതയായി. പിന്നീട്‌ സന്താനങ്ങളുണ്ടായില്ല. മകളെ അനുസ്മരിച്ചുകൊണ്ടാണ്‌ സ്വന്തമായി സ്ഥാപിച്ച അച്ചുകൂടത്തിന്‌ ശാരദാപ്രസ്സ്‌ എന്നു പേരിട്ടത്‌. 1919-21 കാലഘട്ടത്തിൽ ഫ്രോയിഡിന്റെയും മറ്റു മനഃശാസ്ത്രജ്ഞന്മാരുടെയും കൃതികളുമായുളള ബന്ധത്തിന്റെ തുടക്കം. 1921-ൽ യൂറോപ്യൻ നാടകങ്ങളെക്കുറിച്ച്‌ സമഗ്ര പഠനം തുടങ്ങി. 1922-ൽ സമദർശിയുടെ പത്രാധിപത്യം ഏറ്റെടുത്തു. അനീതിക്കും അക്രമത്തിനും അഴിമതിക്കും എതിരായി ബാലകൃഷ്ണപിളള ശക്തമായി തൂലിക ചലിപ്പിച്ചു തുടങ്ങി. ദിവാനേയും രാജാവിനേയും ഉദ്യോഗസ്ഥന്മാരേയും അദ്ദേഹം നിശിതമായി വിമർശിച്ചു. ഏകീകൃതമായ ഇന്ത്യയ്ക്കും ക്ഷേത്രപ്രവേശനത്തിനും മറ്റും വേണ്ടി ബാലകൃഷ്ണപിളള വാദിച്ചു. പൊതുപ്രവർത്തകരുടെ ഗുണദോഷങ്ങൾ മനസിലാക്കി അദ്ദേഹം വാദിച്ചു. 1926-ൽ ദിവാൻ എം ഇ വാട്സിന്റെ പ്രേരണയോടെ റീജന്റ്‌ മഹാറാണി പത്ര പ്രവർത്തന റഗുലേഷൻ നടപ്പിലാക്കിയപ്പോൾ അതിനെ കേസരി ശക്തിയായി വിമർശിച്ചു. “ഈ സേച്ഛാപ്രഭു” (എം ഇ വാട്സ്‌) മേലിൽ തിരുവിതാംകൂറിൽ ഒരു നിമിഷം പോലും ദിവാൻജിയായിരിക്കാൻ പാടില്ലെന്നാണ്‌ ഞങ്ങളുടെ അഭിപ്രായം”. എന്നദ്ദേഹം എഴുതി. നിയമാനുസൃതമായി പത്രത്തിന്റെ നയം മാറ്റണം എന്നു സമദർശിയുടെ ഉടമയിൽ നിന്നു നിർദ്ദേശം വന്നപ്പോൾ ബാലകൃഷ്ണ പിളള പത്രാധിപസ്ഥാനം രാജിവച്ചു.
സ്വാഭിപ്രായങ്ങൾ തുറന്നെഴുതാൻ പറ്റിയ ഒരു മാധ്യമം കണ്ടെത്താനായി പിന്നത്തെ ശ്രമം. അതിനായി സ്വന്തം നിലയ്ക്കു ഒരു പ്രസിദ്ധീകരണം തുടങ്ങാൻ നിശ്ചയിച്ചു. അതിനുളള സാമ്പത്തിക സഹായം സ്വദേശത്തും വിദേശത്തുമുളള സുഹൃത്തുക്കളിൽ നിന്നും ലഭിച്ചു. അങ്ങനെയാണ്‌ ശാരദാ പ്രസ്സും, പ്രബോധകൻ വാരികയും തുടങ്ങിയത്‌. 1930 ജൂൺ 4-നാണ്‌ പ്രബോധകന്റെ പ്രഥമ പ്രതി പുറത്തുവന്നത്‌. രാജഭരണത്തിനും ദിവാൻ ഭരണത്തിനുമെതിരായുളള തന്റെ പ്രവർത്തനങ്ങൾ ബാലകൃഷ്ണപിളള തുടർന്നുകൊണ്ടിരുന്നു. പൊറുതി മുട്ടിയ സർക്കാർ പ്രബോധകന്റെ ലൈസൻസ്‌ റദ്ദുചെയ്തു. ബാലകൃഷ്ണപിളളയും വിട്ടുകൊടുത്തില്ല. മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്തു കിടന്ന കേസരി വാരിക അദ്ദേഹം ഏറ്റെടുത്തു. പേരു മാറിയെന്നല്ലാതെ ഉളളടക്കത്തിനു മാറ്റമൊന്നും വന്നില്ല. സവർണാധിപത്യത്തെയും രാഷ്ട്രീയ അഴിമതികളെയും സാംസ്കാരിക മൂല്യച്യുതിയെയും കേസരിയിലൂടെ ചോദ്യം ചെയ്തു. 1935-ൽ ഗവൺമെന്റ്‌ പത്രനിയമം കർശനമാക്കിയതിൽ പ്രതിഷേധിച്ച്‌ കേസരിയുടെ പ്രസിദ്ധീകരണം നിർത്തിവച്ചു. ശേഷം സാഹിത്യരംഗത്ത്‌ കേസരി ശ്രദ്ധ കേന്ദ്രീകരിച്ചു. പാശ്ചാത്യ പൗരസ്ത്യ സാഹിത്യകാരന്മാരുടെ ആവിഷ്കാര ശൈലി താരതമ്യം ചെയ്യുന്ന വിമർശനരീതി അവലംബിച്ചു. വസ്തുനിഷ്ഠവും വിശകലനാത്മകവുമായ സാഹിത്യ നിരൂപണം നിർവഹിച്ചു. പാശ്ചാത്യ വൈജ്ഞാനിക സാഹിത്യത്തെ വിമർശന വിവർത്തനങ്ങളിലൂടെ മലയാള സാഹിത്യത്തിലേക്ക്‌ സന്നിവേശിപ്പിച്ചു. നായർ സമുദായത്തെ അനാചാര വിമുക്തമാക്കാൻ പ്രാപ്തമായ നിരവധി ലേഖനങ്ങൾ സമദർശി വാരികയിൽ പ്രസിദ്ധീകരിച്ചു. 1935-ൽ കേസരി പറവൂർക്ക്‌ മാറിത്താമസിച്ചു.
1935-ൽ ബാലകൃഷ്ണപിള്ള കേസരി പത്രം നിർത്തി. ശാരദ പ്രസ്സ്‌ വിറ്റു കടം വീട്ടി. തിരുവിതാംകൂർ രാഷ്ട്രീയത്തെപ്പറ്റിയുളള എഴുത്ത്‌ ഇതോടെ അദ്ദേഹം നിർത്തി. പൂർണമായി സാഹിത്യത്തിൽ മുഴുകി. എങ്കിലും അപ്പോഴേക്കും കേസരി എന്ന പേര്‌ അദ്ദേഹത്തിന്‌ സ്ഥിരമായി ലഭിച്ചു കഴിഞ്ഞിരുന്നു. മലയാള സാഹിത്യത്തിൽ പാശ്ചാത്യ സാഹിത്യത്തിലെ നവീനചിന്തകളും പുരോഗമനാശയങ്ങളുടെ പുതുവെളിച്ചവും കടന്നുവരാൻ വഴിയൊരുക്കിയ നിരവധി കൃതികൾ കേസരി രചിക്കുകയുണ്ടായി. തന്മൂലം പല പ്രസ്ഥാനങ്ങളുടെയും സമുദ്ഘാടകൻ എന്ന നിലയിൽ ഇദ്ദേഹം സമാദരണീയനായിത്തീർന്നു. തന്റെ വിപുലമായ വിജ്ഞാനശേഖരത്തിന്റെ വളരെ കുറച്ചംശമേ ഗ്രന്ഥരൂപത്തിലാക്കാൻ കേസരിക്ക്‌ കഴിഞ്ഞിട്ടുളളു. വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ഏതാണ്ട്‌ ഇരുപത്തിയഞ്ചു ഗ്രന്ഥങ്ങളേ അദ്ദേഹം പ്രകാശിപ്പിച്ചിട്ടുളളു. വിവർത്തനങ്ങൾ, വിവിധ വിഷയങ്ങളെക്കുറിച്ചെഴുതിയ ഉപന്യാസങ്ങൾ എന്നീ ഇനങ്ങളിലായി ധാരാളം എഴുതിയിട്ടുണ്ട്‌. സാഹിത്യഗവേഷണമാല, രാജരാജീയം, രൂപമഞ്ജരി, കേസരിയുടെ മുഖ പ്രസംഗങ്ങൾ, നോവൽ പ്രസ്ഥാനങ്ങൾ, സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ, സാഹിത്യവിമർശനങ്ങൾ, നവലോകം എന്നിവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന നിരൂപണ ഗ്രന്ഥങ്ങൾ. കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന ആര്യ സംസ്കാര ചരിത്രത്തിന്‌ ചൊവ്വും ചേലും വരുത്തുന്നതിനുളള ശ്രമമാണ്‌ സാഹിത്യ ഗവേഷണമാലയിൽ ചെയ്തിരിക്കുന്നത്‌. ഇതിന്റെ ഒന്നാം ഭാഗത്തിൽ ഗുണാഢ്യന്റേയും കാളിദാസന്റേയും ജീവചരിത്രം ആധാരമാക്കിയിരിക്കുന്നതു കാണാം. നാം പലരുടേതായി കേട്ടിട്ടുളള പല പേരുകളും ഒരേ ആളുടെ തന്നെ ബിരുദങ്ങളാണെന്ന്‌ കേസരി ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്‌. രണ്ടാം ഭാഗത്തിൽ ഭാസൻ, പാണിനി, വരരുചി തുടങ്ങിയ സാഹിത്യനായകന്മാരെക്കുറിച്ചുളള പ്രൗഢചർച്ചകൾ ഉൾപ്പെടുത്തിയിരിക്കുന്നു. മയൂരസന്ദേശം, സ്വപ്നവാസവദത്തം, നളചരിതം എന്നീ ഗ്രന്ഥങ്ങൾക്ക്‌ രാജരാജവർമ എഴുതിച്ചേർത്ത അവതാരികകളെ സുദീർഘ പഠനങ്ങളിലൂടെ അവതരിപ്പിക്കുന്ന കൃതിയാണ്‌ രാജരാജീയം.
സാങ്കേതിക ഗ്രന്ഥനിരൂപണങ്ങളിൽ ആധുനികങ്ങളായ 16 കൃതികളുടെ ഉജ്ജ്വല നിരൂപണങ്ങൾ അടങ്ങിയിരിക്കുന്നു. സാഹിത്യേതരമായ വിജ്ഞാനശാഖകളെയും വിമർശനോപാധിയാക്കാമെന്നു ചൂണ്ടിക്കാണിച്ചത്‌ കേസരിയാണ്‌. രാജ്യചരിത്രം, ജീവചരിത്രം, മനഃശാസ്ത്രം, നരവംശശാസ്ത്രം, പുരാവൃത്തം (മിത്തോളജി) തുടങ്ങിയവ തന്റെ വിമർശന ലേഖനങ്ങളിൽ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്‌. എഴുത്തുകാരൻ ലോകശാസ്ത്രകാവ്യാദികളിൽ അവഗാഹം നേടണമെന്ന പക്ഷക്കാരനായിരുന്നു കേസരി. അദ്ദേഹം സഞ്ചരിച്ചിരുന്ന വിമർശന സരണിയിലൂടെ യാത്ര ചെയ്യുന്നവർ ഇപ്പോഴും മലയാള വിമർശന രംഗത്തുണ്ട്‌. കേസരിയുടെ സ്വാധീനശക്തിയുടെ തെളിവാണിത്‌. അദ്ദേഹം എഴുതിയിട്ടുളള വിമർശന ഗ്രന്ഥങ്ങൾ എല്ലാം തന്നെ നമ്മുടെ ഗദ്യസാഹിത്യത്തിന്റെ വളർച്ചയിൽ വഹിച്ചിട്ടുളള പങ്ക്‌ നിസ്തുലമാണ്‌. ഭാഷയുടെ മാധുര്യത്തിലല്ല കരുത്തിലാണ്‌ അദ്ദേഹം വിശ്വസിച്ചിരുന്നത്‌. സ്വന്ദര്യത്തേക്കാൾ ശക്തിയിലായിരുന്നു അദ്ദേഹത്തിന്‌ താൽപര്യം. നിരവധി കൃതികൾ അദ്ദേഹം മലയാളത്തിലേക്കു വിവർത്തനം ചെയ്തു.
ഇന്നത്തെ രീതിയിൽ മലയാള ചെറുകഥാ രചനയ്ക്കു തുടക്കം കുറിച്ചത്‌ കേസരിയാണ്‌. വാസനാവികൃതിയാണ്‌ ഇദ്ദേഹത്തിന്റെ ആദ്യ ചെറുകഥ, മലയാളത്തിലെയും ആദ്യ ചെറുകഥയായി ഇതിനെ കണക്കാക്കുന്നു. ദ്വാരക, പരാമർശം, മദിരാശിപിത്തലാട്ടം, ഒരു പൊട്ടഭാഗ്യം എന്നിവയാണ്‌ ചില പ്രധാന ചെറുകഥകൾ. കളവ്‌ ജന്മസിദ്ധമായിത്തീർന്ന ഒരാൾ സ്വന്തം വിഡ്ഢിത്തം കൊണ്ട്‌ ശിക്ഷ അനുഭവിക്കുന്നതാണ്‌ വാസനാ വികൃതിയിലെ ഉള്ളടക്കം. ദ്വാരക, പരമാർത്ഥം എന്നിവയും കലാമൂല്യമുള്ളവയാണ്‌. മലയാളത്തിലെ മാർക്ക്‌ ട്വയിൻ എന്നാണ്‌ സുഹൃത്തുക്കൾ കേസരിയെ വിശേഷിപ്പിക്കുന്നത്‌. മലയാള ഭാഷയിൽ നർമോപന്യാസത്തിൽ അഗ്രഗണ്യനായ കേസരിയുടെ നാട്ടെഴുത്തച്ഛന്മാർ എന്ന ഹാ സ്യ രസപ്രധാനമായ ഉപന്യാസം അദ്ദേഹത്തിന്റെ നർമബോധം ഉദ്ഘോഷിക്കുന്നു. ഉദ്യോഗസ്ഥപ്രഭുത്വത്തിനെതിരായ നിശിതമായ വിമർശനവും ഇദ്ദേഹത്തിന്റെ ഉപന്യാസങ്ങളിൽ കാണാം. 1960 ഡിസംബർ 18-ന്‌ കേസരി അന്തരിച്ചു. 1942 മുതൽ കേസരി താമസിച്ചിരുന്ന വടക്കൻ പറവൂരിലെ മാടവനപ്പറമ്പ്‌ എന്ന ഭവനം ഇന്ന്‌ കേസരി സ്മാരക കോളേജിന്റെ ഭാഗമാണ്‌. തിരുവനന്തപുരത്ത്‌ പുളിമൂട്ടിൽ പത്രപ്രവർത്തകർ സ്ഥാപിച്ച കേസരി സ്മാരകമന്ദിരവും നിലവിലുണ്ട്‌. കേസരിയുടെ ഗ്രന്ഥങ്ങളും ലേഖനങ്ങളും അവതാരികകളും എല്ലാം സമാഹരിച്ച കേസരിയുടെ സാഹിത്യ വിമർശനങ്ങൾ എന്ന പേരിൽ കേരളസാഹിത്യ അക്കാദമി ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ‘ലളിതമായ ജീവിതം ഉന്നതമായ ചിന്ത’ ഇതായിരുന്നു കേസരിയുടെ മുദ്രാവാക്യം.

  Categories:
view more articles

About Article Author