കൊക്കോ തോടുകൊണ്ട്‌ ജൈവവളം

കൊക്കോ തോടുകൊണ്ട്‌ ജൈവവളം
April 22 04:45 2017

ആരോഗ്യമുള്ള മനസ്സ്‌ ആരോഗ്യമുള്ള ശരീരത്തെ സൃഷ്ടിക്കുന്നു. അതുപോലെയാണ്‌ മണ്ണിന്റെ കാര്യവും. ശുദ്ധമായ മണ്ണിലേ നല്ല വിളവുണ്ടാവുകയുള്ളു. മണ്ണിന്റെ ഘടന മെച്ചപ്പെടുത്താനും ചെറിയ മൺകട്ടകൾ രൂപപ്പെട്ട്‌ മണ്ണൊലിപ്പ്‌ തടയുന്നതിനും കൃഷിസ്ഥലത്തെ മണ്ണിൽ ജൈവവളം ചേർക്കണം. കൊക്കോ തോടുകൊണ്ട്‌ ജൈവവളം ഉണ്ടാക്കുന്ന വിധമാണ്‌ ഇനി പറയാൻ പോകുന്നത്‌.
കൊക്കോതോട്‌ 10 പാട്ട (പച്ചക്കായുടെയും കേടുവന്ന കായുടെയും മററും തോട്‌ ഉപയോഗിക്കാം) മണ്ണ്‌ 2.5 പാട്ട (കല്ല്‌, പ്ലാസ്റ്റിക്ക്‌ എന്നിവ നീക്കം ചെയ്തത്‌) ചാണകം, സസ്യാവശിഷ്ടങ്ങൾ 2 പാട്ട (ലഭ്യമെങ്കിൽ മാത്രം) 3:3:3 അടി അളവിലുളള കുഴി(ടാങ്ക്‌) നിർമ്മിക്കണം. കല്ലുകൾ ഉപയോഗിച്ച്‌ വശങ്ങൾ കെട്ടുന്നതും നല്ലതാണ്‌. ഈ കുഴിയിൽ കൊക്കോതോട്‌ നിക്ഷേപിക്കണം. ആഴ്ചയിൽ പൊട്ടിക്കുന്ന കൊക്കോ കായുടെ തോട്‌ ശേഖരിച്ചുവച്ചും ഇതിനുവേണ്ടി ഉപയോഗിക്കാം. ചാണകം, സസ്യാവശിഷ്ടങ്ങൾ എന്നിവ ലഭ്യമെങ്കിൽ രണ്ട്‌ പാട്ട ഇതിനോടൊപ്പം ചേർക്കുന്നത്‌ വളരെ നല്ലതാണ്‌. അതിനുശേഷം കല്ലും കട്ടയും നീക്കം ചെയ്ത മണ്ണിട്ട്‌ കുഴിയുടെ മുകൾഭാഗം മൂടുന്നു. പ്ലാസ്റ്റിക്‌, ഗ്ലാസ്‌, ലോഹങ്ങൾ എന്നിവ ഉണ്ടെങ്കിൽ നീക്കം ചെയ്യണം. കൊക്കോതോടുകൾ കുഴിയിൽ നിക്ഷേപിക്കുന്ന അവസരത്തിൽ അവ ചെറുതായി പൊട്ടിച്ചിടുന്നതാണ്‌ ഉത്തമം.
ഇപ്രകാരം തയ്യാർ ചെയ്ത കൊക്കോ ജൈവവളം അഞ്ച്‌ മാസം കൊണ്ട്‌ തയ്യാറാകും. വേനൽക്കാലത്ത്‌ കുഴിയുടെ മുകൾ ഭാഗം നനയ്ക്കുന്നത്‌ നല്ലതാണ്‌. അഞ്ചു മാസങ്ങൾക്കു ശേഷം കൊക്കോ ജൈവവളം കൊക്കോ കൃഷിക്ക്‌ മാത്രമല്ല റബർ, തെങ്ങ്‌, വാഴ, എന്നീ കൃഷികൾക്കും ഉപയോഗിക്കാം.

  Categories:
view more articles

About Article Author