കൊക്കോ വിലയിടിവ്‌ കർഷകർക്ക്‌ തിരിച്ചടിയാവുന്നു

കൊക്കോ വിലയിടിവ്‌ കർഷകർക്ക്‌ തിരിച്ചടിയാവുന്നു
June 10 04:45 2017

ജോമോൻ വി സേവ്യർ
തൊടുപുഴ: കൊക്കോയ്ക്ക്‌ അനുദിനം വിലയിടിയുന്നത്‌ കർഷകർക്ക്‌ തിരിച്ചടിയാകുന്നു. രണ്ടു മാസത്തിനുള്ളിൽ കൊക്കോ ഉണക്ക ബീൻസിന്‌ കിലോയ്ക്ക്‌ 50 രൂപ വരെയും പച്ചയ്ക്ക്‌ 20 രൂപയുടെയും വിലയിടിവാണ്‌ ഉണ്ടായത്‌. ഉണങ്ങിയ കൊക്കോ ബീൻസിന്‌ 200-220 വരെ വില ലഭിച്ചിരുന്നു. നിലവിലിത്‌ 135-140 എന്ന നിലയിലേക്കാണ്‌ താഴ്‌ന്നത്‌. 60-70 വരെ വില ലഭിച്ചിരുന്ന പച്ചബീൻസിന്‌ 35-40 ആയും കുറഞ്ഞിട്ടുണ്ട്‌. വിളവെടുപ്പ്‌ സീസൺ ആരംഭിച്ച സമയത്തുണ്ടായ വിലയിടിവ്‌ മൂലം ചെറുകിട കർഷകരാണ്‌ ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്‌. അന്താരാഷ്ട്ര തലത്തിൽ വില 40 ശതമാനത്തോളം ഇടിഞ്ഞതാണ്‌ ഇവിടത്തെ വില തകർച്ചയ്ക്ക്‌ കാരണമെന്നു പറയപ്പെടുന്നു.ഏതാനും വർഷങ്ങളായി അന്താരാഷ്ട്രമാർക്കറ്റ്‌ വിലയേക്കാൾ താരതമ്യേന വിലയിൽ 30 ശതമാനത്തോളം കൂടുതൽ രാജ്യത്തെ കർഷകർക്കു ലഭിച്ചിരുന്നു.
രാജ്യത്ത്‌ ആവശ്യമുള്ളതിന്റെ 40 മുതൽ 50 ശതമാനം വരെ മാത്രമേ ഇവിടെ ഉത്പാദിപ്പിക്കുന്നുള്ളൂ. ശേഷിക്കുന്നവ ഇറക്കുമതി ചെയ്യുകയാണ്‌ പതിവ്‌. കൊക്കോ ബീൻസിനു പകരമായി കൊക്കോ ബട്ടർ, കൊക്കോ പൗഡർ തുടങ്ങിയവയാണ്‌ ഇറക്കുമതി ചെയ്യുന്നത്‌. വിദേശമാർക്കറ്റുകളിൽ നിന്നു ഇറക്കുമതി ചെയ്യുമ്പോൾ ആഭ്യന്തരമാർക്കറ്റിൽ നിന്നു ലഭിക്കുന്നതിനെക്കാൾ കൂടുതൽ വില നൽകേണ്ടതായി വരുന്നുണ്ടെങ്കിലും ആഭ്യന്തര വിപണിയിലെ വിലയിടിക്കുകയാണ്‌ ഇറക്കുമതിയിലൂടെ കുത്തകകമ്പനികൾ ലക്ഷ്യം വയ്ക്കുന്നത്‌. മറ്റു കാർഷികോത്പന്നങ്ങളുടെ വിലയിടിയുമ്പോഴും കർഷകർക്ക്‌ അൽപമെങ്കിലും ആശ്വാസമായിരുന്നത്‌ കൊക്കോ കൃഷിയായിരുന്നു. ഉൽപാദന ചെലവിലെ കുറവും വിളവെടുപ്പിനും മറ്റും തൊഴിലാളികളെ കൂടുതൽ ആവശ്യമില്ലാത്തതുമാണ്‌ കർഷകർക്ക്‌ കൊക്കോകൃഷിയോട്‌ താത്പര്യം വർധിപ്പിച്ചത്‌.
നാട്ടിൻ പ്രദേശത്തെ അപേക്ഷിച്ച്‌ ഹൈറേഞ്ച്‌ മേഖലയിൽ കൊക്കോ ബീൻസിന്‌ 15 മുതൽ 20 ശതമാനം വരെ വില കൂടുതലായി ലഭിച്ചിരുന്നു. ഇവിടെ ഉത്പാദിപ്പിക്കുന്ന കൊക്കോയ്ക്ക്‌ ഗുണമേന്മ കൂടിയതാണ്‌ കൂടുതൽ വില ലഭിക്കാൻ കാരണം. നേരത്തെ കുരുമുളക്‌ വില ഇടിഞ്ഞതിനെ തുടർന്നു ഹൈറേഞ്ചിലെ നിരവധികർഷകർ കുരുമുളകുചെടികൾ നശിപ്പിച്ച്‌ കൊക്കോ കൃഷി നടത്തിയിരുന്നു. എന്നാൽ നിലവിൽ സ്ഥിതി മറിച്ചാണ്‌. കുരുമുളകിന്‌ സാമാന്യം ഭേദപ്പെട്ട വില ലഭിക്കുന്നതിനാൽ പലരും കൊക്കോവെട്ടിമാറ്റി വീണ്ടും കുരുമുളക്‌ കൃഷിയിലേക്ക്‌ തിരിഞ്ഞിട്ടുണ്ട്‌. കുറഞ്ഞ അളവിലുള്ള സ്ഥലത്തും കൊക്കോ കൃഷി നടത്താമെന്നതിനാൽ നിരവധിസാധാരണ കർഷകർ കൃഷി നടത്തുന്നതിനു തയാറായി. എന്നാൽ വിലയിടിവ്‌ സാധാരണക്കാരായ കർഷകരെയാണ്‌ കൂടുതൽ ദുരിതത്തിലാക്കിയിരിക്കുന്നത്‌. കേരളത്തിനു പുറമെ തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, ഒഡിഷ സംസ്ഥാനങ്ങളിലും സമീപനാളുകളിൽ കൊക്കോകൃഷി വ്യാപകമായിട്ടുണ്ട്‌. തമിഴ്‌നാട്ടിലെ ധാരാപുരമാണ്‌ കൊക്കോയുടെ സംസ്കരണ കേന്ദ്രം.
മഴക്കുറവും കൂടുതൽ സൂര്യപ്രകാശവും ലഭിക്കുന്നുവെന്നതാണ്‌ ഇവിടുത്തെ പ്രത്യേകത. ആഫ്രിക്കൻ രാജ്യങ്ങളായ ഐവറികോസ്റ്റ്‌, ഘാന തുടങ്ങിയ രാജ്യങ്ങളിലാണ്‌ ആഭ്യന്തരമാർക്കറ്റിൽ എത്തുന്നതിന്റെ കൂടുതലും ഉൽപ്പാദിപ്പിക്കുന്നത്‌. മലേഷ്യ, ഇൻഡോനേഷ്യ എന്നീ ഏഷ്യൻരാജ്യങ്ങളും കൊക്കോയുടെ പ്രധാന ഉത്പാദന രാജ്യങ്ങളാണ്‌. ഇറക്കുമതിയും കൃഷിയുടെ വ്യാപനവും വരുംനാളുകളിൽ കൊക്കോ വിലയിടിയുന്നതിനു കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതു സംസ്ഥാനത്തെ നൂറുകണക്കിനു കർഷകരെ കൂടുതൽ ദുരിതത്തിലാക്കും.

  Categories:
view more articles

About Article Author