Monday
23 Jul 2018

കൊച്ചബംബയിലെ ജലസമരം പരിസ്ഥിതി പ്രവർത്തകർക്ക്‌ ഇന്നും ആവേശം

By: Web Desk | Tuesday 18 July 2017 4:45 AM IST

സതീഷ്ബാബു കൊല്ലമ്പലത്ത്‌
ബൊളീവിയയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരമായ കൊച്ചബംബയിൽ 1999-2000 കാലയളവിൽ നടന്നിട്ടുള്ള ജലസമരം ലോകത്തിലെ പരിസ്ഥിതി പ്രവർത്തകർക്ക്‌ എന്നും ആവേശമാണ്‌. ഈ നഗരത്തിലെ ജലവിതരണം നടത്തിയിരുന്ന മുൻസിപ്പൽ വാട്ടർ സപ്ലൈ കമ്പനിയായ സെമാപ സ്വകാര്യവൽക്കരിക്കുന്നതിന്‌ എതിരെ നടത്തിയിട്ടുള്ള ഐതിഹാസികമായ സമരമാണ്‌ ചരിത്രത്തിന്റെ ഭാഗമായിത്തീർന്നത്‌. ലോകത്തിലെ ബഹുരാഷ്ട്ര കമ്പനിയായ ബെക്ടെൽ ഒരു പുതിയ ഫേം ആയ അഗാസ്‌ ഡി ടൂണേരി ഐതിഹാസികമായി പെട്ടെന്ന്‌ ജലനിരക്ക്‌ ഉയർത്തിയതോടുകൂടിയാണ്‌ സമരം ആരംഭിക്കുന്നത്‌. ലോകബാങ്കിന്റെ സമ്മർദ്ദത്തോടുകൂടി സെമ്പാവ കമ്പനി അഗസ്‌ ഡി ടൂണേരിക്ക്‌ വിട്ടുകൊടുത്തു. ജലനിരക്ക്‌ 100 മുതൽ 150 ശതമാനം വരെ ഉയർത്തിയത്‌ ജനകീയ പ്രക്ഷോഭത്തിന്‌ വഴിവെച്ചു. ഇവരെ സഹായിക്കുന്നതിനുവേണ്ടി പാർലമെന്റിൽ ജലനിയമം 2029 പാസാക്കുകയും സ്വകാര്യവ്യക്തിയുടെ കിണറുകളിലേയും തോടുകളിലേയും ജലത്തിന്റെ പൂർണമായ ഉടമസ്ഥത ടൂണേരിക്ക്‌ ലഭിച്ചു. ഇതോടുകൂടി കോർപ്പറേറ്റീവ്‌ സഹകരണ സംഘങ്ങൾക്കും ജലവിതരണം നടത്താൻ അവകാശം നഷ്ടപ്പെടുകയും യാതൊരു പ്രതിഫലവും നൽകാതെ ഈ കമ്പനിയെ ബഹുരാഷ്ട്ര കമ്പനികൾ ഏറ്റെടുക്കുകയും ചെയ്തു.
ബൊളീവിയയിലെ കൊച്ചബംബ മുൻസിപാലിറ്റിയിൽ 8 ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക്‌ ആവശ്യമായ ജലം വിതരണം ചെയ്തിരുന്നത്‌ സഹകരണ സംഘങ്ങളും സിസ്റ്റേഡ്‌ എന്ന്‌ പേരായിട്ടുള്ള പ്രാദേശിക കുടുംബ സംഘങ്ങളുമായിരുന്നു. കൊച്ചബംബ മുൻസിപ്പാലിറ്റിയിലെ എല്ലാ സ്വകാര്യ ഉടമസ്ഥതയിലുള്ള കിണറുകളിൽ പോലും ഈ ബഹുരാഷ്ട്ര കമ്പനികൾ മീറ്റററുകൾ വച്ച്‌ ചാർജ്ജ്‌ ഈടാക്കുകയും ചെയ്തു. കൃഷിക്ക്‌ പോലും ജലം ഉപയോഗിക്കാൻ ലഭിക്കാതാവുകയും കാർഷികോത്പാദനം 40 മുതൽ 50% വരെ കുറഞ്ഞു. ഭക്ഷ്യക്ഷാമവും ജലക്ഷാമവും ഒരുമിച്ചനുഭവപ്പെട്ട കാലഘട്ടമായിരുന്നു അത്‌. 80 ഡോളർ വരുമാനമുള്ള ഒരു സാധാരണ പൗരനും 25 ഡോളർ ജലത്തിനുവേണ്ടി നീക്കി വെയ്ക്കേണ്ടിവന്നു. ഈ കമ്പനിയുടെ ലാഭക്കൊതിക്ക്‌ രാഷ്ട്രീയ സുരക്ഷിതത്വം നൽകിയത്‌ രാജ്യത്തെ കൂടുതൽ പാപ്പരാക്കി. കമ്പനിയുടെ ലാഭനിരക്ക്‌ ആദ്യം തീരുമാനിക്കുകയും അതിനു ശേഷം ജലത്തിന്റെ വില തീരുമാനിക്കുന്ന നയം വരെ കൊച്ചബംബ മുനിസിപ്പാലിറ്റിക്ക്‌ അംഗീകരിക്കേണ്ടിവന്നു. മഴപെയ്താൽ മരത്തിൽ നിന്നും ഒലിച്ചുവരുന്ന ജലത്തെ ഊറ്റിയെടുത്ത്‌ ഭക്ഷണമുണ്ടാക്കുന്നതിന്‌ പോലും അനുവാദം നൽകിയില്ല. വിലവർദ്ധനവ്‌ മാത്രമല്ല സഹകരണ സ്ഥാപനങ്ങൾ നടത്തിയതിനേക്കാൾ 400 മുതൽ 500 ഇരട്ടിവരെ ജലത്തിന്‌ വില ഈടാക്കി. ഈ അനീതിക്കെതിരെ തൊഴിലാളി സംഘടനകളും കർഷകരും ഒരുമിച്ചു ചേർന്ന്‌ ലാ കോർഡിനാഡാറ എന്ന ട്രേഡ്‌ യൂണിയന്‌ രൂപം നൽകുകയും ചൂഷണത്തിനെതിരെ സമരം ആരംഭിക്കുകയും ചെയ്തു. 2005 ജനുവരി 11ന്‌ മുമ്പെ ഈ നിയമം റദ്ദാക്കിയിട്ടില്ലെങ്കിൽ ശക്തമായ സമരം നേരിടേണ്ടിവരുമെന്ന്‌ മൂന്നാര്റിയിപ്പ്‌ നൽകി. മാർച്ച്‌ 22ന്‌ ഇതിന്റെ ഭാഗമായി 50,000ത്തോളം പേർ പങ്കെടുത്ത ഒരു റഫറണ്ടം നടന്നു. ഇതിൽ 95% വും 2029 നിയമം റദ്ദ്‌ ചെയ്യണമെന്നും ജലബഹുരാഷ്ട്ര കമ്പനികൾ രാജ്യം വിട്ടുപോകണമെന്നും ആവശ്യപ്പെട്ടു. ജനങ്ങൾ കൂട്ടമായി അകാസ്തൂണേരിയുടെ ഓഫീസ്‌ കയ്യേറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടുകൂടി ഈ കമ്പനിയുടെ കാലിടറാൻ തുടങ്ങി. ചെറിയ കുട്ടികൾ മുതൽ പ്രായമായ ആളുകൾവരെ ഐ എം എഫിനും വേൾഡ്‌ ബാങ്കിനുമെതിരെ സമരം ചെയ്ത ചരിത്രം ലോകത്തിലൊരിടത്തും ഉണ്ടായിട്ടില്ല. ഒടുവിൽ ടൂണേരി കമ്പനിക്ക്‌ പൊലീസ്‌ സംരക്ഷണം നൽകാൻ പറ്റിലെന്ന്‌ പോലീസ്‌ അറിയിച്ചതോടുകൂടി ബൊളീവിയ വിടാൻ ഇവർ തീരുമാനിക്കുകയായിരുന്നു.
ജലചൂഷണത്തിനെതിരെ സമരം ചെയ്ത്‌ വിജയം നേടി ഒരു പുഴയെത്തന്നെ സംരക്ഷിച്ച പാരമ്പര്യമാണ്‌ ചത്തീസ്ഗഡിലെ ആദിവാസി പാർലമെന്റ്‌ മന്ദിരത്തിനുള്ളത്‌. ശിവനാഥ്‌ പുഴ മൂന്നൂറ്റി നാൽപത്തഞ്ച്‌ കിലോമീറ്ററോളം ഒഴുകുന്ന മഹാനദിയുടെ ഏറ്റവും വലിയ പോഷക നദിയായിരുന്നു. ബഹുരാഷ്ട്ര കമ്പനിയുടെ ഇന്ത്യയിലെ ജല ഏജന്റായ ബിജെപിയുടെ കൈലാഷ്‌ നാഥ ജോഷിക്ക്‌ റേഡിയന്റ്‌ എന്ന വാട്ടർ കമ്പനിയുണ്ട്‌. ജലം ഊറ്റിയെടുക്കുന്നതിന്‌ വേണ്ടി ഈ നദിയുടെ 23.5 കി. മീറ്ററോളം കൈലാസനാഥ ജോഷിയുടെ വാട്ടർ കമ്പനിക്ക്‌ കൈമാറി. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ്‌ ഒരു പുഴയുടെ ഭാഗം സ്വകാര്യ വ്യക്തിക്ക്‌ കൈമാറുന്നത്‌. ആദിവാസികളായ ഈ പ്രദേശത്തിലെ ഗ്രാമീണർ നദി സ്ഥിരമായി ഉപയോഗിക്കുകയും കുളിക്കുന്നതിനും അലക്കുന്നതിനും കന്നുകാലികളെ കുളിപ്പിക്കുകുന്നതിനും ഉപയോഗിക്കാൻ തുടങ്ങി. ഇതിനെതിരെ റേഡിയന്റ്‌ കമ്പനിക്കാർ തൊഴിലാളകൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചെങ്കിലും അവസാനം കൈമാറ്റം റദ്ദ്‌ ചെയ്യേണ്ടിവന്നു. ജനങ്ങൾ നടത്തിയിട്ടുള്ള സമരം ജലത്തെ രാഷ്ട്രീയവത്ക്കരിക്കുന്ന ബഹുരാഷ്ട്ര കുത്തകകളെ നിരായുധരാക്കുന്ന ചരിത്രമാണ്‌ ലോകമെങ്ങും നടക്കുന്നത്‌. ലോകത്തിന്റെ പല ഭാഗങ്ങളിലായി പ്രത്യേകിച്ചും ടാൻസാനീയ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ സാധാരണക്കാരൻ നടത്തിയിട്ടുള്ള ബഹുജന പ്രക്ഷോപഭങ്ങളിൽ കീഴടങ്ങി നിയമം മാറ്റേണ്ടിവന്നു. ടാൻസാനീയയിലെ ടാർസലാം കമ്പനിക്കെതിരെ നടത്തിട്ടുള്ള ബഹുജന സമരം മറ്റൊരു വിജയ കഥയായിരുന്നു. അർജന്റീനയിലെ പൊതു ഉപഭോക്തൃ സർവ്വീസുകളെ സ്വകാര്യവത്ക്കരിക്കുന്നതിനുവേണ്ടി നാഷണൽ അഡ്മിനിസ്ട്രേറ്റീവ്‌ ലോ അർജന്റീനീയൻ പ്രസിഡന്റ്‌ കാർലോസ്‌ മെലോ കൊണ്ടുവന്നു. ഇതിന്റെ ഫലമായി ജലത്തിന്റെ വില 5000 ഇരട്ടിയോളം വർദ്ധിക്കുകയും സാധാരണക്കാരന്റെ കൈയിൽ നിന്നും ജലലഭ്യത അകന്നുപോകുകയും ചെയ്തു. ഇതിനെതിരെ നടത്തിയിട്ടുള്ള സമരത്താൽ പുഴകളടക്കമുള്ള പബ്ലിക്ക്‌ യൂട്ടിലിറ്റി സർവ്വീസുകൾ ദേശസാൽകരിക്കണമെന്നുമുള്ള ജനങ്ങളുടെ ആവശ്യം കാർലോസ്‌ ഗവർൺമെന്റിന്‌ അംഗീകരിക്കേണ്ടിവന്നു. ഈ അവസരത്തിലാണ്‌ അഗാസ്‌ അർജന്റീന എന്ന ബഹുരാഷ്ട്ര കമ്പനി നിലവിലുള്ള നിരക്കിനേക്കാൾ 29.6% ജല നിരക്ക്‌ കുറയ്ക്കാമെന്നും ഉറപ്പു നൽകിയത്‌, ജലത്തിന്റെ മൊത്തം വിതരണം കമ്പനിക്ക്‌ നൽകയാണെങ്കിൽ 42 ലക്ഷം ജനങ്ങൾക്ക്‌ ശുദ്ധജലം ഇന്നത്തേതിനേക്കാൾ 30% ജലം വിലകുറച്ച്‌ നൽകാമെന്നുള്ള കരാർ സർക്കാർ അംഗീകരിച്ചു. ഓരോ വർഷവും ആവശ്യമായ മാറ്റവരുത്തുന്നതിന്‌ നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതിനും നിയമം കൊണ്ടുവന്നു. എന്നാൽ 1996 ആകുമ്പോഴേക്കും 23 ബില്യൻ ഡോളറോളം നഷ്ടത്തിലാണെന്ന്‌ പറഞ്ഞ കമ്പനി 177 ശതമാനം വിലവർദ്ധിപ്പിക്കുകയും അർജന്റീനയിലെ ശുദ്ധജലം വിദേശ രാഷ്ടങ്ങളിലേക്ക്‌ കയറ്റുമതി ചെയ്യുകയും ചെയ്തു. ഇതോടുകൂടി 5 വയസ്സിനു താഴെയുള്ള കുട്ടികൾ പോലും ജലം കിട്ടാതെ മാരകമായ രോഗങ്ങൾ പിടിപ്പെട്ട്‌ 90% ത്തോളം അകാല മരണത്തിന്‌ കീഴടങ്ങി.
ജലവിതരണം ഇന്ന്‌ ഒരു പ്രധാന വിൽപന ചരക്കായി മാറ്റുന്നതിനുവേണ്ടി ബഹുരാഷ്ട്ര കമ്പനികൾ നടത്തുന്ന ഈ ശ്രമത്തിനെതിരെ ലോകമാസകലം സമരം നടന്നുകൊണ്ടിരിക്കുകയാണ്‌. നമുക്ക്‌ ലഭ്യമായ ജലത്തിന്റെ 97ശതമാനവും ഉപ്പ്‌ കലർന്നതും ഉപയോഗിക്കാൻ പറ്റാതായി കിടക്കുന്നതുമാണ്‌. ഇതിൽ 3% മാത്രമേ ശുദ്ധജലമായുള്ളു ഈ മൂന്നു ശതമാനത്തിന്റെ മൂന്നിൽ രണ്ട്‌ ഭാഗവും മഞ്ഞിൻ പാളികളായി ധ്രുവ പ്രദേശങ്ങളിൽ ഘനീഭവിച്ചുകിക്കുന്നവയാണ്‌. നമുക്ക്‌ ലഭ്യമായ ജലം 1% ത്തിൽ കുറവുമാത്രമാണ്‌. ഇതിന്റെ തന്നെ 30% ബാഷ്പമായി നഷ്ടപ്പെട്ടുപോകുന്നു. ബാക്കിവരുന്ന ജലമാണ്‌ 700 കോടിയോളം വരുന്ന ജനങ്ങൾ ഉപയോഗിക്കുന്നത്‌. ഇതാണ്‌ ബഹുരാഷ്ട്ര കമ്പനികൾ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നത്‌.