കോടികളേക്കാൾ മൂല്യമുള്ള കനൽചൂടു പുരണ്ട ലക്ഷങ്ങൾ

May 14 04:50 2017

ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി കേന്ദ്രകമ്മിറ്റി നേതൃനിരയിൽ സമുന്നത പദവി വഹിച്ചിരുന്ന എ ബി ബർധൻ ജീവിതകാലം മുഴുവൻ സമ്പാദിച്ച സമ്പാദ്യമത്രയും പാർട്ടിക്ക്‌ സമർപ്പിക്കുവാൻ തയാറായ കുടുംബതീരുമാനം ശ്ലാഘനീയവും രാജ്യവ്യാപക രാഷ്ട്രീയപാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും മാതൃകാപരവുമാണ്‌.
എ ബി ബർധനെന്ന കമ്യൂണിസ്റ്റ്‌ പോരാളിയുടെ ജീവിതം കനൽപ്പാടുകൾ താണ്ടിയതാണെന്നറിയാത്തവർ ചുരുക്കമായിരിക്കും. രാഷ്ട്രീയ എതിരാളികൾ പോലും ആദരിക്കുകയും ബഹുമാനിക്കുകയും വിശ്വാസത്തിലെടുക്കുകയും ചെയ്തിരുന്ന വ്യക്തിത്വമായിരുന്നു സഖാവ്‌ ബർധന്റേത്‌. അടിച്ചമർത്തപ്പെട്ടവരുടേയും അധ്വാനിക്കുന്നവരുടെയും അവകാശ സംരക്ഷണത്തിനുവേണ്ടി ജീവിതകാലം മുഴുവൻ കനൽപ്പാതകൾ താണ്ടിയലഞ്ഞ ധീരസഖാക്കളിലൊരാളായിരുന്നു സഖാവ്‌. നേരിന്റെ പാതയിലൂടെ മാത്രം സഞ്ചരിച്ച്‌ കർമകാണ്ഡം പൂർത്തീകരിച്ചപ്പോൾ സമ്പാദ്യമായി മിച്ചം വന്ന പന്ത്രണ്ട്‌ ലക്ഷത്തോളം രൂപയാണ്‌ പ്രസ്ഥാനത്തിനായി സമർപ്പിക്കാൻ കുടുംബം തയാറായത്‌. വെട്ടിച്ചും തട്ടിച്ചും കയ്യിട്ടുവാരിയും പാവങ്ങളെ ചൂഷണം ചെയ്തും അപഹരിക്കുന്ന കോടികൾ കൈവെള്ളയിലിട്ട്‌ അമ്മാനമാടി സ്വർഗീയ ജീവിതം നയിക്കുന്നവരുടെ നിര വർധിച്ചുവരുന്ന ഇക്കാലത്ത്‌ അവശ വിഭാഗത്തിന്റെ പുരോഗതിക്കും സമാധാനജീവിതത്തിനും വേണ്ടി കനൽവഴികൾ താണ്ടി സേവനം കാഴ്ചവച്ച കാലത്തെ സമ്പാദ്യം പ്രസ്ഥാനത്തിന്‌ സമർപ്പിച്ചപ്പോൾ ആ പണത്തിന്റെ മൂല്യം അവിഹിത സമ്പാദന കോടികളേക്കാൾ പതിന്മടങ്ങാണെന്ന്‌ സമൂഹം തിരിച്ചറിയണം.
അർഹതയില്ലാത്തതു വെട്ടിപ്പിടിച്ചും വിശ്വാസവഞ്ചന നടത്തിയും വൃത്തികേടുകൾക്ക്‌ കൂട്ടുനിന്നും കള്ളപ്രചരണങ്ങൾ നടത്തി നിരപരാധികളെ കുരുക്കിലാക്കിയും സമ്പന്നതയേയും സംസ്കാരത്തേയും വരുതിയിലാക്കാമെന്ന്‌ വ്യാമോഹിക്കുന്നവർ സഖാവ്‌ ബർധന്റെ വിപ്ലവജീവിതം ഗുണപാഠമാക്കണം.

സി ബാലകൃഷ്ണൻ
ചക്കരക്കുളമ്പ്‌, മണ്ണാർക്കാട്‌

view more articles

About Article Author