Saturday
23 Sep 2017

കോമഡിയും മിമിക്സും പിന്നെ സൗമ്യയും

By: Web Desk | Friday 14 July 2017 4:55 AM IST

ഡാലിയാ ജേക്കബ്‌
ആലപ്പുഴ: മലയാള കോമഡി രംഗത്തെ തിരക്കുള്ള താരമായി മാറുകയാണ്‌ സൗമ്യാഭാഗ്യംപിള്ള എന്ന സൗമ്യാപിള്ള. മിനിസ്ക്രീനിൽ കേരളത്തിലും വിദേശരാജ്യങ്ങളിലും തിരക്കുള്ള തിളങ്ങുന്ന കോമഡി താരമായി മാറിക്കഴിഞ്ഞു ആലപ്പുഴ കൊമ്മാടിയിൽ ആലുങ്കലിൽ വീട്ടിൽ സൗമ്യ. വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ ഇതുവരെ 300 ൽ അധികം സ്റ്റേജ്ഷോകൾ ചെയ്തുകഴിഞ്ഞു. നൃത്തവേദികളിൽ തിളങ്ങുന്ന താരമായിരുന്ന സൗമ്യ 12 വർഷമായി കോമഡിരംഗത്ത്‌ സജീവമാകാൻ തുടങ്ങിയിട്ട്‌. സ്കൂൾ-കോളജ്‌ തലത്തിൽ നൃത്തവേദികളിൽ മികച്ച പ്രകടനം കാഴ്ചവെച്ചസൗമ്യയെ പുന്നപ്ര പ്രശാന്ത്‌ (അയ്യപ്പ ബൈജു) ആണ്‌ കൊച്ചിൻ ഗിന്നസിൽ എത്തിച്ചത്‌. കൊച്ചിൻ ഗിന്നസിൽ നിന്നാണ്‌ സൗമ്യ കോമഡിയുടെ ആദ്യ പാഠങ്ങൾ പഠിച്ചത്‌. അവിടെ നിന്നും ഇതിനകം കലാഭവൻ സെക്രട്ടറി കെ എസ്‌ പ്രസാദിന്റെ ശിക്ഷണത്തിൽ നിരവധി പ്രോഗാമുകൾ മിനിസ്ക്രീനിലും സ്റ്റേജിലും ചെയ്ത്‌ പ്രേക്ഷകശ്രദ്ധ നേടി. കോമഡിയും മിമിക്സും പിന്നെ ഞാനും എന്ന കൈരളിയിലെ ടിവി പ്രോഗ്രാം സൗമ്യയുടെ ജീവിതത്തിൽ വഴിത്തിരിവായി. ഏഷ്യാനെറ്റ്‌ സിനിമാല, ഫ്ലവേഴ്സിൽ കോമഡി സൂപ്പർനൈറ്റ്‌, നാടോടിക്കാറ്റ്‌, മഴവിൽ മനോരമയിൽ കോമഡി ഫെസ്റ്റിവെൽ എന്നീ പ്രോഗ്രാമുകൾ മികച്ച പ്രേക്ഷകവിജയം നേടി. 2013 ൽ മികച്ച ബെസ്റ്റ്‌ കോമഡി ആക്ടറിനുള്ള അവാർഡ്‌ സൗമ്യ നേടി. ഈ വർഷത്തെ മഴവിൽ മനോരമ കോമഡി സർക്കസിൽ മികച്ച മിമിക്സ്‌ താരജോഡികൾ സൗമ്യയും ഷൈജുഅടിമാലിയും ആയിരുന്നു. മലയാളത്തിലെ പ്രമുഖഹാസ്യ താരങ്ങളായ കെ എസ്‌ പ്രസാദ്‌, സാജു നവോദയ (പാഷാണം ഷാജി), പ്രശാന്ത്‌ പുന്നപ്ര, ഗിന്നസ്‌ പക്രു ,ടിനിടോം, മനോജ്‌ ഗിന്നസ്‌, ഉണ്ണി എസ്‌ നായർ, നെൽസൺ ശൂരനാട്‌,തെസ്നിഖാൻ, സുബി, ദേവീചന്ദന എന്നിവർക്കൊപ്പം നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്‌. കോമഡിയോടൊപ്പം തന്റെ ഇഷ്ട ഇനമായ നൃത്തത്തിനും സൗമ്യ പ്രത്യേക സമയം കണ്ടെത്തുന്നുണ്ട്‌. ആർ എൽ വി കോളജിൽ നിന്നും ഭരതനാട്യത്തിൽ എം എ ചെയ്ത സൗമ്യ സൗഭാഗ്യ സ്കൂൾ ഓഫ്‌ ആർട്ട്സ്‌ എന്ന പേരിൽ കൊമ്മാടിയിൽ നൃത്ത വിദ്യാലയം നടത്തുന്നുണ്ട്‌. ഭർത്താവ്‌ പ്രസിദ്ധ്‌, മകൻ കാർത്തിക്‌.