ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക്‌ വിലക്ക്‌ വേണമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷൻ

ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക്‌ വിലക്ക്‌ വേണമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷൻ
March 21 04:45 2017

ന്യൂഡൽഹി: ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക്‌ രാജ്യത്ത്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്‌ ആജീവനാന്ത വിലക്കേർപ്പെടുത്താമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷൻ. സുപ്രിം കോടതിയിലാണ്‌ കമ്മിഷൻ ഇതുസംബന്ധിച്ച നിലപാടറിയിച്ചത്‌. രണ്ട്‌ വർഷമോ അതിൽ കൂടുതലോ ശിക്ഷിക്കപ്പെട്ടവർക്ക്‌ നിലവിൽ ആറു വർഷത്തേക്കുള്ള വിലക്ക്‌ നീട്ടി ആജീവന്തമാക്കി നീട്ടുന്നതിനോടാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷൻ യോജിച്ചത്‌. എന്നാൽ മത്സരിക്കുന്നതിന്‌ വിദ്യാഭ്യാസ യോഗ്യതവേണമെന്ന ആവശ്യത്തോട്‌ കമ്മിഷൻ യോജിച്ചില്ല. അതേസമയം ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്‌ പാർലമെന്റ്‌ ആണെന്ന്‌ കമ്മിഷൻ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട്‌ നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കവെ സുപ്രിം കോടതിയിലാണ്‌ കമ്മിഷൻ നിലപാടറിയിച്ചത്‌.
ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്നവർക്ക്‌ ആറ്‌ വർഷത്തേക്ക്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്‌ വിലക്കിക്കൊണ്ട്‌ സുപ്രിം കോടതി നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ വിലക്ക്‌ ആജീവനാന്തമാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട്‌ രണ്ട്‌ പൊതുതാൽപര്യ ഹർജികളാണ്‌ കോടതിയുടെ പരിഗണനയിലുള്ളത്‌.
മുൻ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മിഷണർ ജെഎം ലിങ്ങ്ദോ, പബ്ലിക്‌ ഇൻററസ്റ്റ്‌ ഫൗണ്ടേഷനെന്ന എൻജിഒ എന്നിവരാണ്‌ ഹരജിക്കാർ. ഈ ഹർജികളിൽ നൽകിയ സത്യവാങ്മൂലത്തിലാണ്‌ കമ്മിഷൻ നിലപാട്‌ വ്യക്തമാക്കിയത്‌. ക്രമിനിൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരെ തെരഞ്ഞെടുപ്പിൽ ആജീവനാന്തം വിലക്കണമെന്നതടക്കമുള്ള ഹർജികളിലെ ഭൂരിഭാഗം വാദങ്ങളോടും യോജിപ്പാണെന്ന്‌ കമ്മിഷൻ കോടതിയെ അറിയിച്ചു.
രാഷ്ട്രീയക്കാർ പ്രതികളായ ക്രിമിനൽ കേസുകളിൽ അതിവേഗത്തിൽ തീർപ്പ്‌ കൽപ്പിക്കാനുള്ള സംവിധാനങ്ങളൊരുക്കണമെന്നും കമ്മിഷൻ സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു. വിഷയത്തിൽ സമർപ്പിക്കപ്പെട്ട ഹർജികളിൽ വിപുലമായ ബെഞ്ച്‌ രൂപീകരിച്ച്‌ വാദം കേൾക്കാനാണ്‌ സുപ്രിം കോടതിയുടെ തീരുമാനം.

  Categories:
view more articles

About Article Author