ക്ഷയരോഗം ഇല്ലാതാക്കാൻ നൂറുശതമാനം പുക വിമുക്ത അന്തരീക്ഷം വേണം: വിദഗ്ധർ

ക്ഷയരോഗം ഇല്ലാതാക്കാൻ നൂറുശതമാനം പുക വിമുക്ത അന്തരീക്ഷം വേണം: വിദഗ്ധർ
March 24 04:45 2017

ഇന്ന്‌ ലോക ക്ഷയരോഗദിനം

തിരുവനന്തപുരം: ക്ഷയരോഗം പൂർണമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പൊതുസ്ഥലങ്ങളിൽ പുകവലി നിരോധനം മാത്രമല്ല, അതിന്റെ ദോഷങ്ങളിൽനിന്ന്‌ പൂർണമായും വിമുക്തമായ അന്തരീക്ഷം സൃഷ്ടിക്കണമെന്ന്‌ ടിബി അസോസിയേഷൻ ഓഫ്‌ കേരള, ഇന്ത്യൻ ചെസ്റ്റ്‌ സൊസൈറ്റി, ടുബാക്കോ ഫ്രീ കേരള തുടങ്ങിയ സംഘടനകൾ ആവശ്യപ്പെട്ടു.
ലോക ക്ഷയരോഗ ദിനമായ ഇന്ന്‌ (മാർച്ച്‌ 24) ലോകം ക്ഷയരോഗം അവസാനിപ്പിക്കാൻ കൈകോർക്കുമ്പോൾ, ഈ രോഗം തുടച്ചുനീക്കുന്നതിനായി വ്യക്തിതലത്തിലും കൂട്ടായും പുകയില നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കണമെന്നാണ്‌ ഈ മേഖലയിലെ വിദഗ്ധരടങ്ങിയ സംഘടനകൾ ആവശ്യപ്പെടുന്നത്‌.
നൂറുശതമാനം പുകരഹിതം എന്ന ആശയത്തിന്റെ ലക്ഷ്യം പുക കാണാനോ മണക്കാനോ അനുഭവപ്പെടാനോ അളക്കാനോ സാധ്യമല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുകയെന്നതാണെന്ന്‌ ടുബാകോ ഫ്രീ കേരള ഉപദേശകനും ഹെൽത്ത്‌ സർവീസസ്‌ മുൻ അഡീഷണൽ ഡയറക്ടറുമായ ഡോ. എ എസ്‌ പ്രദീപ്‌ കുമാർ പറഞ്ഞു. സിഗററ്റ്‌, ബീഡി കുറ്റികളോ ചാരമോ ഉണ്ടെങ്കിൽപ്പോലും ഒരു പ്രദേശം നൂറുശതമാനം പുകവിമുക്തം എന്നു പറയാൻ സാധിക്കാതെവരും. ആഷ്‌ ട്രേ, തീപ്പെട്ടി, ലൈറ്റർ തുടങ്ങിയ പുകവലിക്ക്‌ സഹായകരമാകുന്ന വസ്തുക്കൾ പൊതുഇടങ്ങളിൽ ഇരിക്കുന്നത്‌ ഇന്ത്യൻ പുകയില നിയന്ത്രണ നിയമം കോട്പ 2003ന്റെ സെക്ഷൻ നാലിന്റെ ലംഘനമാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ക്ഷയരോഗത്തിൽ 40 ശതമാനവും പുകവലി കാരണമാണെന്നാണ്‌ ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുള്ളത്‌. പുകവലിക്കുന്ന ക്ഷയരോഗികളുടെ ശ്വാസകോശങ്ങൾ തകരാറിലാകുന്നതിനാൽ ചികിത്സ ഫലവത്താകാതെ പോകുന്നുവെന്ന്‌ ഇന്ത്യൻ ചെസ്റ്റ്‌ സൊസൈറ്റി ദക്ഷിണ മേഖലാ അധ്യക്ഷൻ ഡോ. ജെ ക്രിസ്റ്റഫർ ചൂണ്ടിക്കാട്ടി.
രക്തത്തോടോ കഫത്തോടോ കൂടിയ തീവ്രമായ ചുമയും നെഞ്ചുവേദനയുമാണ്‌ ക്ഷയരോഗത്തിന്റെ പൊതുലക്ഷണങ്ങളിൽ ഉൾപ്പെടുന്നതെന്ന്‌ ടിബി അസോസിയേഷൻ ഓഫ്‌ കേരള ഓണററി സെക്രട്ടി ഡോ. എം സുനിൽ കുമാർ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പരിഷ്കരിക്കപ്പെട്ട ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടിയുടെ ഒടുവിൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2015ൽ 14,147 പേരാണ്‌ കേരളത്തിൽ ക്ഷയരോഗ ബാധിതരായി കാണപ്പെട്ടത്‌. ചികിത്സയ്ക്കായി രജിസ്റ്റർ ചെയ്യപ്പെട്ടവർ 22,785 ആണ്‌.
കോട്പ നിർദേശിക്കുന്നപ്രകാരമുള്ള വലിപ്പത്തിലും രൂപത്തിലും നിറത്തിലുമുള്ള ‘പുകവലി നിരോധിച്ചിരിക്കുന്നു’ എന്ന മൂന്നാര്റിയിപ്പ്‌ ചിഹ്നങ്ങൾ പൊതുഇടങ്ങളിൽ സ്ഥാപിക്കണമെന്നും ഡോ. പ്രദീപ്‌ കുമാർ ആവശ്യപ്പെട്ടു.

  Categories:
view more articles

About Article Author