കൺമണിയുടെ ആകാശം

കൺമണിയുടെ ആകാശം
April 16 04:50 2017

മനു പോരുവഴി

മാമവ കരുണയാൽ
മാരുകുല
ലലാജാല കാമിദ ദാന
ലോല കമനീയസുശീല

ആലപ്പുഴ മുല്ലയ്ക്കൽ ദേവീക്ഷേത്ര പരിസരമാകെ ഷൺമുഖ പ്രിയരാഗം പെരുമഴയായ്‌ പെയ്തിറങ്ങി.
ഇടമുറിയാതെ പെയ്ത സംഗീത മഴയിൽ മുങ്ങി നിവർന്ന നാട്‌ കൺമണിയുടെ അതിജീവന താളമായി. മാവേലിക്കരയുടെ മാത്രമല്ല ഇന്ന്‌ ആലപ്പുഴയുടെയാകെ ‘കൺമണി’യാണിവൾ. താമരക്കുളം വിവിഎച്ച്‌എസ്‌എസിലെ ക്ലാസ്‌ മുറിയിൽ വലതുകാലിലെ വിരലുകൾക്കിടയിൽ പേന ചേർത്തുവെച്ച്‌ പത്താംതരം പരീക്ഷയെഴുതുന്ന കൺമണി രൂപത്തിൽ ചെറുതാണെങ്കിലും സഹപാഠികളുടേയും, അധ്യാപകരുടേയും മനസിൽ ആകാശത്തോളം പൊക്കമുണ്ട്‌ ഇവൾക്ക്‌.
മാവേലിക്കര തഴക്കര അറുനൂറ്റിമംഗലം അഷ്ടപദിയിൽ ശശികുമാറിന്റേയും രേഖയുടേയും വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ്‌ ആദ്യത്തെ കൺമണി പിറന്നത്‌. ഇരു കൈകളുമില്ലത്ത വളർച്ചയെത്താത്ത കാലുകളോടുകൂടിയ ഒരു പെൺകുഞ്ഞ്‌. കാത്തിരുന്ന കൺമണിയെ കൺനിറയെ കണ്ട അച്ഛനും അമ്മയും വിധിയോടു പരിതപിക്കാതെ ജീവിതത്തോടു മൽസരിക്കാനുറച്ചു. പിന്നെ അവൾക്കു വേണ്ടിയായിരുന്നു അവരുടെ ജീവിതം.
കോട്ടയം മെഡിക്കൽ കോളജിലെ പ്രസവമുറിയിലെ ചുവരുകളും ആ മാതാപിതാക്കളുടെ അലമുറകൾ ഏറ്റുചൊല്ലി ദുഃഖത്തിൽ പങ്കു ചേർന്നു. ആദ്യത്തെ കൺമണിയ്ക്ക്‌ പേരിടാൻ വേറെ ആലോചിക്കേണ്ടി വന്നില്ല. അവളെ വാരിപ്പുണർന്ന്‌ അമ്മ കൺമണി എന്നു വിളിച്ചു. കുഞ്ഞു കണ്ണുകൾ മെല്ലെത്തുറന്ന്‌ നിറയെ ചിരിച്ച അവളുടെ കൈകളായി അച്ഛനും അമ്മയും. പതിനഞ്ച്‌ വർഷങ്ങൾക്കിപ്പുറം ഇന്നവൾ പത്താം തരം പരീക്ഷയെഴുതുമ്പോൾ ജീവിതസമരത്തിന്റെ സമാനതകളില്ലാത്ത പാഠപുസ്തകമാണ്‌ കൺമണി.
അമ്മയെന്ന കൂട്ടുകാരി
മകൾക്ക്‌ ശാരീരിക പരിമിതിയുണ്ടെന്ന്‌ രേഖ ഒരിക്കലും ചിന്തിച്ചിട്ടില്ല. തന്റെ പരിമിതികൾ മറ്റുള്ളവരുടെ സഹതാപമായി മാറാൻ കൺമണിയും ആഗ്രഹിച്ചിട്ടില്ല. കുട്ടിക്കാലം മുതൽ എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യുവാൻ അമ്മ പരിശീലിപ്പിച്ചു. ദൈനംദിന കാര്യങ്ങൾക്കായി മകൾ ആരുടെയെങ്കിലും സഹായം തേടുന്നത്‌ ആ അമ്മയ്ക്ക്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
കൺമണിയ്ക്ക്‌ അഞ്ചു വയസായപ്പോൾ അവളെയും കൂട്ടി ആ അമ്മ പോകാത്ത സ്കൂളുകളില്ല. ഭിന്നശേഷിയുള്ള കുട്ടിയെ മറ്റുള്ളവർക്കൊപ്പം പഠിപ്പിക്കാൻ തങ്ങൾക്കാവില്ലെന്നായിരുന്നു അധ്യാപകരുടെയെല്ലാം മറുപടി. കൺമണിയെ ഭിന്നശേഷിയുള്ള കുട്ടികളുടെ സ്കൂളിൽ ചേർക്കാൻ വീട്ടുകാരുടേയും നിർബന്ധമേറി. എന്നാൽ അങ്ങനെ ഒരു തീരുമാനമെടുത്താൽ തന്റെ മകൾ കൂടുതൽ ഒറ്റപ്പെടുമെന്ന തിരിച്ചറിവിൽ തളരാതെ ആ മാതാവ്‌ സ്കുളുകളുടെ പടികൾ കയറിയിറങ്ങി. ഒടുവിൽ വീടിനടുത്തുള്ള ചെറുപുഷ്പം നേഴ്സറി സ്കൂളിലെ ലാലമ്മ ടീച്ചർ കൺമണിയുടെ അധ്യാപന ചുമതല സ്നേഹത്തോടെ ഏറ്റെടുത്തു. നാടറിയുന്ന സംഗീതജ്ഞയായി മറ്റുള്ളവരുടെ ജീവിതപാഠമായി മാറിയ കൺമണിയുടെ ജീവിതത്തിന്റെ വഴിത്തിരിവായിരുന്നു അത്‌.
സ്വാധീനമുള്ള ഇടതുകാൽ വിരലിലേക്ക്‌ പെൻസിൽ ചേർത്തുവെച്ചു കൊടുത്ത്‌ സ്ലേറ്റിൽ ആദ്യ അക്ഷരം എഴുതിപ്പിച്ചത്‌ ലാലമ്മ ടീച്ചറാണ്‌.
അക്ഷരങ്ങളോരോന്നായ്‌ മന:സാനിധ്യം കൊണ്ട്‌ കൊച്ചു മിടുക്കി കീഴ്പ്പെടുത്തിയപ്പോൾ ആ അധ്യാപികയുടെ മനസ്‌ നിറഞ്ഞു. പഠിക്കാൻ കഴിഞ്ഞപ്പോൾ അവളുടെ സാന്തോഷവും ഇരട്ടിയായി. കിലുക്കാംപെട്ടിയിലെ തുള്ളിച്ചാടി നടക്കുന്ന പൂമ്പാറ്റകൾക്കൊപ്പം അവളും മനസുകൊണ്ട്‌ പാറി നടന്ന്‌ തന്റെ സ്കൂൾ ജീവിതം ആസ്വദിച്ചു.
കണ്ണെഴുതി പൊട്ടും തൊട്ട്‌
മറ്റുള്ള കുട്ടികൾ ചെയ്യുന്നതൊക്കെ സ്വന്തമായി ചെയ്യുന്നതിന്‌ കൺമണി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കണ്ണെഴുതുന്നതിനും, തലമുടി ചീകുന്നതിനും, പൊട്ടു തൊടുന്നതിനും അവൾ ആരുടേയും സഹായം തേടിയില്ല.
പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം അഞ്ചാം ക്ലാസ്‌ മുതൽ താമരക്കുളം വിവിഎച്ച്‌എസ്‌എസിൽ പഠനം ആരംഭിച്ചു. കലാപരമായി പ്രോൽസാഹനം നൽകുന്ന വിദ്യാലയമായതിനാൽ വീട്ടിൽ നിന്നും പതിനഞ്ച്‌ കിലോമീറ്റർ ദൂരമുണ്ടെങ്കിലും അവിടെ തന്നെ പഠിക്കാൻ തീരുമാനിച്ചു. പ്രതിസന്ധിയിൽ തളരാതെ മുന്നേറുന്ന വിദ്യാർഥിനിയ്ക്ക്‌ പരിപൂർണ്ണ പിന്തുണയാണ്‌ അധ്യാപകരിൽ നിന്നും ലഭിച്ചത്‌.
സ്കൂട്ടറിനു മുന്നിൽ ബെൽറ്റുകൊണ്ട്‌ മുറുക്കി വളരെ പ്രയാസപ്പെട്ടാണ്‌ ആ അമ്മ ആദ്യകാലങ്ങളിൽ കൺമണിയെ സ്കൂളിൽ എത്തിച്ചിരുന്നത്‌.സ്കൂളിലെ സംസ്കൃത അധ്യാപികയായ ബിന്ദു ടീച്ചർ സ്വന്തമായി കാർ ഓടിക്കാൻ പഠിച്ചതിനും ലൈസൻസ്‌ എടുക്കാൻ കാരണമായതും കൺമണിയുടെ യാത്രയുടെ ദൗത്യം ഏറ്റെടുക്കാനായി മാത്രമായിരുന്നു.
അവളെ സ്കൂളിൽ കൊണ്ടുവരാനായി കാർ ഓടിക്കാൻ പഠിച്ച ടീച്ചർ പിന്നീടങ്ങോട്ട്‌ അവളുടെ സാരഥിയായി മാറുകയായിരുന്നു. കൺമണിയുടെ ബുദ്ധിമുട്ടു കണ്ടറിഞ്ഞ തഴക്കര പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന്‌ സ്വന്തമായി കാർ വാങ്ങി നൽകിയത്‌ കൺമണിക്ക്‌ കൂടുതൽ സഹായകരമായി മാറി.
അതിജീവന താളമായി സംഗീതം
മകളുടെ, മാനസിക സംഘർഷങ്ങൾക്കും ഒറ്റപ്പെടലുകൾക്കും പരിഹാരമായി രക്ഷകർത്താക്കൾ കണ്ടെത്തിയത്‌ സംഗീതത്തെയാണ്‌.തുടക്കത്തിൽ കൺമണിയും സംഗീതവും രണ്ട്‌ വഴികളിലായിരുന്നു. പിന്നീടവർ ഒന്നിച്ച്‌ ജീവിതത്തിന്റെ അതിജീവന താളങ്ങളായി.സ്കൂളിലെ വീണ ടീച്ചറും, സുഗതൻ മാഷുമാണ്‌ എല്ലാത്തിനും ഒപ്പമുണ്ടായിരുന്നത്‌.
വർക്കല സി എസ്‌ ജയറാം മാസ്റ്ററായിരുന്നു ഗുരു. പത്ത്‌ വർഷമായി സംഗീതം അഭ്യസിക്കുന്ന കൺമണി കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ സംസ്കൃതം അഷ്ടപദി, ഗാനാലാപനം, എന്നിവയിൽ ഒന്നാം സ്ഥാനവും, ശാസ്ത്രീയ സംഗീതത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ജലഛായം,എണ്ണഛായം എന്നിവയിൽ ജില്ലയിൽ ഒന്നാം സ്ഥാനവും നേടി ഈ കൊച്ചു മിടുക്കി.
തുടർച്ചയായി നാലു തവണ ആലപ്പുഴ ജില്ലാ കലോൽസവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ എ ഗ്രേഡാടെ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്‌. ഇന്ന്‌ കേരളത്തിലും വിദേശത്തുമായി മുന്നൂറിലധികം വേദികളിൽ സംഗീതകച്ചേരി അവതരിപ്പിച്ച്‌ തന്റെ ശാരീരിക അവശതകളെ മറികടക്കുകയാണ്‌.
വരകളിൽ നിറഞ്ഞത്‌ ജീവിതം
സംഗീതത്തിൽ മാത്രമല്ല ചിത്രരചനയിലും സ്വന്തമായി മികവു തെളിയിക്കാൻ കൺമണിയ്ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഇരുന്നൂറിലധികം ജീവൻ തുടിയ്ക്കുന്ന ചിത്രങ്ങൾ അവളുടെ കാൽവിരലുകളാൽ പിറന്നു.
പ്രകൃതി ദൃശ്യങ്ങളും, ഗ്രാമീണ പശ്ചാത്തലവും, മരങ്ങളും, മലകളും, പക്ഷിമൃഗാദികളുമൊക്കെയും ചിത്ര ശേഖരത്തിലുണ്ട്‌. ചിത്രരചനയിലെ അസാമാന്യ പാടവം തിരിച്ചറിഞ്ഞ സ്കൂളിലെ അധ്യാപകർ തന്നെയാണ്‌ ശാസ്ത്രീയമായി ചിത്രകല അഭ്യസിപ്പിക്കണമെന്ന്‌ നിർദ്ദേശിക്കുകയും കഴിഞ്ഞ രണ്ട്‌ വർഷക്കാലമായി മാവേലിക്കര രാജാ രവിവർമ ഫൈൻ ആർട്ട്സ്‌ സൊസൈറ്റിയിലെ പ്രൊഫ. ഉണ്ണികൃഷ്ണൻ മാഷിന്റെ ശിഷ്യയാക്കി മാറ്റിയതും.
പഠനത്തിലും താരം
പാഠ്യവിഷയങ്ങളിലും ആർക്കു മുന്നിലും തോറ്റു കൊടുക്കാൻ കൺമണി തയ്യാറല്ല. വടിവൊത്ത കാലക്ഷരങ്ങൾകൊണ്ട്‌ മൂന്നുഭാഷകളിൽ മറ്റുള്ളവരേക്കാൾ അനായാസം എഴുതാൻ അവൾക്കിന്നു കഴിയുന്നു. എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്ന ഈ സമയത്തും ഭിന്നശേഷിക്കാർക്കായി അനുവദിക്കുന്ന അധിക സമയവും, സഹായിയേയും അവൾ വേണ്ടെന്നുവച്ചു. സ്കൂളിലെ മിന്നും താരമായി മാറിയ ഈ കൊച്ചു മിടുക്കിക്ക്‌ പരിപാടികളുടെ ബാഹുല്യം നിമിത്തം സ്കൂളിൽ എത്താൻ കഴിയുന്നില്ലെങ്കിലും പത്താം ക്ലാസിലെ രണ്ടുടേം പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌ തന്നെയാണ്‌. അവസാന പരീക്ഷയ്ക്കും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്‌ ഉറപ്പെന്ന്‌ അവൾക്ക്‌ ദൃഢനിശ്ചയമുണ്ട്‌.
ഒഴിവുള്ള സമയങ്ങൾ ചിത്രരചനയ്ക്കും സംഗീതാസ്വാദനത്തിനും സമയം കണ്ടെത്തുന്നതു പോലെ വായനയ്ക്കും സമയം നീക്കിവയ്ക്കാറുണ്ട്‌. പ്രതിസന്ധികളിലൂടെ ജീവിത വിജയം നേടിയ പ്രതിഭകളുടെ ആത്മകഥകൾ കൺമണിയ്ക്ക്‌ മുന്നോട്ടു പോകാൻ പ്രചോദനമായിട്ടുണ്ട്‌. ആൻ ഫ്രാങ്കിന്റെ ജീവിതകഥ, ഹെലൻ കെല്ലറുടെ അതിസാഹസികത, തുടങ്ങി നൂറിലധികം പുസ്തകങ്ങൾ ഇതിനോടകം വായിച്ചു കഴിഞ്ഞിട്ടുണ്ട്‌.
കാലുകൊണ്ട്‌ കമ്പ്യൂട്ടറിൽ ചിത്രം വരയ്ക്കുന്നതിനും, വേഗത്തിൽ ടൈപ്പ്‌ ചെയ്യുന്നതിനും ഇന്ന്‌ ഈ കലാകാരിയ്ക്ക്‌ പ്രയാസമില്ല. മൊബെയിൽ ഫോൺ പ്രവർത്തിപ്പിക്കാനും അതിലൂടെ സോഷ്യൽ മീഡിയയിൽ പങ്കാളിയാകാനും കഴിയുന്നുണ്ട്‌. ആവശ്യമായ പാഠഭാഗങ്ങൾ ഇന്റർനെറ്റിൽ നിന്നു ശേഖരിക്കുന്നതിനും പ്രയാസമില്ല.
കടൽ കടന്നും വേദികൾ
അമിതമായി സന്തോഷിക്കാതെ എല്ലാം ചെറു ചിരിയിൽ ഒതുക്കുന്നു കണ്മണി.
സംസ്ഥാന മെന്റൽ ന്യൂസ്‌ അവാർഡ്‌, സഫലമീ ബാല്യം ചിൽഡ്രൺസ്‌ മെമ്മോറിയൽ അവാർഡ്‌, തഴക്കര പഞ്ചായത്ത്‌ പ്രതിഭാ പുരസ്കാരം, സത്യം മിനിസ്റ്ററി ഏർപ്പെടുത്തിയ എബിലിറ്റി അവാർഡ്‌ ,മണക്കാട്‌ ദേവസ്വം ഏർപ്പെടുത്തിയ ബാലശ്രീ അവാർഡ്‌, പെരുന്തോട്ടുകര ദേവസ്വം അവാർഡ്‌, തുടങ്ങി നിരവധി അവാർഡുകൾ ഇതിനോടകം തന്നെ ഈ കലാകാരിയെ തേടിയെത്തി.
തന്റെ പരിമിതമായ കഴിവുകളിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചും വളരെ ക്ഷമയോടെയും സൂക്ഷ്മതയോടെയും, കൃത്യനിഷ്ഠയോടെയും തന്റെ പ്രവർത്തന മണ്ഡലത്തിൽ ശ്രദ്ധിക്കാനും അവൾക്ക്‌ ഇൻങ്കഴിയുന്നു. അച്ഛനമ്മമാരുടേയും അനുജൻ മണികണ്ഠന്റെയും നാടാകെ അവളെ സ്നേഹിക്കുന്ന ആയിരങ്ങളുടേയും നക്ഷത്രങ്ങളോളം സ്നേഹം ഏറ്റുവാങ്ങി നേട്ടങ്ങളുടെ പുതിയ ആകാശത്തിലേക്കുള്ള യാത്രയിലാണ്‌ കൺമണി.

  Categories:
view more articles

About Article Author