Tuesday
17 Jul 2018

കർക്കിടകചികിത്സ: ആവശ്യകതയും പ്രാധാന്യവും

By: Web Desk | Wednesday 19 July 2017 4:50 AM IST

ഡോ. കെ സുധാകരൻ
കർക്കിടകം പൊതുവേ ആയുർവേദ ചികിത്സയുടെ കാലമായാണ്‌ കേരളീയരുടെ മനസിൽ കുടികൊള്ളുന്നത്‌. പ്രത്യേകിച്ചും രോഗപ്രതിരോധശേഷി വർധിപ്പിച്ച്‌ നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കുന്ന ഒരു കാലമാണ്‌ കർക്കിടകമാസം. കാലാവസ്ഥാ വ്യതിയാനം മൂലവും പകർച്ചവ്യാധികൾ മൂലവും ആരോഗ്യവും പ്രതിരോധ ശക്തിയും മുൻ മാസങ്ങളെക്കാൾ കുറയുന്നതുമൂലം ശരീരത്തിന്റെ നിലനിൽപ്പ്‌ തന്നെ അപകടത്തിലാകുന്നൊരു സമയം കൂടിയാണ്‌ കർക്കിടകമാസം. ആയുർവേദ ശാസ്്ത്രത്തിൽ ഇതിനെ ആദാനകാലം എന്ന്‌ വ്യാഖ്യാനിക്കപ്പെടുന്നു. എല്ലാ മാസങ്ങളിലും എപ്പോഴായിരുന്നാലും ചെയ്യുന്ന ആയുർവേദ ചികിത്സയുടെ ഫലം രോഗശമനത്തോടൊപ്പം നഷ്ടപ്പെട്ട ആരോഗ്യവും പ്രതിരോധശേഷിയും വീണ്ടെടുത്ത്‌ നിലനിർത്തുക എന്നതാണ്‌. എന്നാൽ കർക്കിടകത്തിൽ മുൻമാസങ്ങളിൽ നിന്നും വ്യത്യസ്തമായി മേൽപ്പറഞ്ഞ കാരണങ്ങൾകൊണ്ട്‌ കൂടുതൽ ആരോഗ്യവും പ്രതിരോധവും നഷ്ടപ്പെടുന്നതുമൂലം ചികിത്സ അനിവാര്യമായി തീരുന്നു. കർക്കിടകത്തിലെ ആയുർവേദ ചികിത്സ മാത്രമേ ആരോഗ്യവും പ്രതിരോധശേഷിയും വീണ്ടെടുക്കാനുള്ള ഏകസമയം എന്ന ധാരണ തികച്ചും തെറ്റാണ്‌. കർക്കിടകത്തിൽ കർക്കിടക കഞ്ഞി കഴിച്ചാൽ ആയുർവേദ ചികിത്സയായി എന്ന ധാരണയും തെറ്റാണ്‌. ആയുർവേദ ഔഷധങ്ങൾ അവരവരുടെ യുക്തിക്കനുസരിച്ച്‌ വാങ്ങി ഉപയോഗിക്കുന്നതാണ്‌ ആയുർവേദ ചികിത്സ എന്ന്‌ പൊതുവെ ജനങ്ങൾക്ക്‌ ഒരു മിഥ്യാധാരണയും നിലവിലുണ്ട്‌. ആയുർവേദ ചികിത്സ വളരെ ലാഘവത്തോടെ കാണുന്ന അസംഖ്യം മനുഷ്യർ ഇന്നും നമ്മുടെ നാട്ടിലുണ്ട്‌. പിന്നെ ആശുപത്രിയിൽ പോയാൽ കുറേ എണ്ണ ഇടീലും ചികിത്സകളും. അത്‌ അവരുടെ വരുമാനമാർഗം എന്ന ധാരണയും ഇപ്പോഴും നിലവിലുണ്ട്‌. ഒരു നേരിയ ശതമാനം ആൾക്കാർക്ക്‌ മാത്രമാണ്‌ ചികിത്സയുടെ ശാസ്ത്രീയത അറിയാവുന്നത്‌.
ആദ്യം നമ്മൾ ഒന്നു മനസിലാക്കുക. ഓരോ ശരീരത്തിനും ഓരോ പ്രവർത്തനരീതിയുണ്ട്‌. അത്‌ ഓരോരുത്തരിലും ഓരോ പ്രായത്തിലും ഓരോ രീതിയിലായിരിക്കും പ്രവർത്തിക്കുന്നത്‌. ഇത്തരം പ്രവർത്തനങ്ങൾക്ക്‌ വൈകല്യം നേരിടുമ്പോൾ, ആ വൈകല്യം നേരെയാക്കാൻ ഓരോ പ്രായക്കാരിലും വിഭിന്ന ഔഷധങ്ങളായിരിക്കും ഉപയോഗിക്കേണ്ടത്‌. ആയുർവേദത്തിൽ പൊതുവേ ചെയ്യുന്ന മസാജ്‌ അഥവാ തിരുമൽ ചികിത്സ അത്‌ നിലവിലുള്ള അസുഖത്തിനും ശരീര പ്രകൃതത്തിനും അനുസരിച്ച്‌ ഓരോ പ്രായക്കാരിലും പ്രയോഗിക്കുന്ന ഔഷധങ്ങൾ പലതായിരിക്കും. അനവധി സന്ദർഭങ്ങളിൽ ഇത്തരം ചികിത്സയ്ക്ക്‌ പലതരം ഔഷധങ്ങൾ കൊണ്ടുള്ള ഒരു ചേരുവതന്നെ എടുക്കേണ്ടതായി വരും. എന്നാൽ ബാലൻമാർക്കും ഗർഭിണികൾക്കും വാർധക്യം അധികരിച്ചവരിലും മസാജ്‌ അഥവാ ഉഴിച്ചിൽ ഒഴിവാക്കേണ്ടതുണ്ട്‌. അതുപോലെ തന്നെ രക്തസമ്മർദം, ഹൃദ്രോഗം, കരൾരോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ ഉള്ളവർക്ക്‌ മസാജ്‌ ചെയ്യുന്ന സമയദൈർഘ്യം പലതായിരിക്കും. ശരീരത്തിൽ പ്രയോഗിക്കുന്ന മർദവും പലവിധത്തിലായിരിക്കും. ആയുർവേദ ചികിത്സയുടെ ആരംഭത്തിനുള്ള ഒരു തയ്യാറെടുപ്പ്‌ മാത്രമാണ്‌ മസാജ്‌ അഥവാ തിരുമൽ. അതൊരു പൂർണ ചികിത്സാവിധി അല്ല. മസാജ്‌ ശരീരത്തിന്റെ രക്തസഞ്ചാരത്തെ സുഗമമാക്കുകയും ധമനികളുടെയും സിരകളുടെയും വികാസ സങ്കോചശക്തിയെ വർധിപ്പിച്ച്‌ നിലനിർത്തുകയും ശരീരത്തിന്റെ ബാഹ്യഭാഗങ്ങളിലുള്ള കൊഴുപ്പിനെ ലയിപ്പിക്കുന്നതിനും ശരീരത്തിന്‌ ഒരു സ്നിഗ്ധത ഉണ്ടാക്കുന്നതുമാണ്‌. ഇതിനു ശേഷമേ ശാസ്ത്രീയമായ ആയുർവേദ ചികിത്സ ആരംഭിക്കാൻ സാധിക്കുകയുള്ളു. മസാജിനോടൊപ്പം ആദ്യ ദിവസങ്ങളിൽ ഔഷധങ്ങൾ ഇട്ട്‌ തിളപ്പിച്ച ആവി കൊടുത്ത്‌ ശരീരം വിയർപ്പിക്കുന്നത്‌ മേൽപ്പറഞ്ഞ മസാജിന്റെ ഗുണത്തെ വേഗത്തിലാക്കുന്നതിന്‌ സഹായകരമായിരിക്കും. ഒപ്പം ത്വക്കിന്‌ സംരക്ഷണവും നൽകുന്നു. അതിനുശേഷം വിവിധതരം ഔഷധങ്ങൾ കൊണ്ടുള്ള കിഴിയാണ്‌. അത്‌ തികച്ചും മേൽപ്പറഞ്ഞതുപോലെ പലർക്കും വ്യത്യസ്ത ഔഷധങ്ങളായിരിക്കും ഉപയോഗിക്കുന്നത്‌. സന്ധികളിൽ ഇത്തരം കിഴി കൊള്ളുമ്പോൾ സന്ധികളിലെ പല കാരണങ്ങൾ കൊണ്ടുള്ള നീർവീഴ്ച അഥവാ ഇൻഫ്ലമേഷൻസ്‌ ഇല്ലാതാക്കുന്നതും സന്ധികളിലെ സൈനോവിൽ ഫ്ലൂയിഡിന്റെ ഉൽപാദനത്തെ വർധിപ്പിക്കുകയും തന്മൂലം സന്ധികൾ ആയാസരഹിതമായി പ്രവർത്തിക്കാൻ സജ്ജമാകുകയും ചെയ്യും. ഒപ്പം സിരകളിലുണ്ടാകുന്ന ക്ഷതം, സന്ധികളെ ബാധിക്കുന്ന പലതരം വാതരോഗങ്ങൾക്ക്‌ പ്രതിരോധമാവുകയും ചെയ്യും. അസ്ഥികളുടെ ഡെൻസിറ്റി കൂടുന്നതുമൂലം കാൽസ്യം അപ്സോർപ്പ്ഷൻ വർധിക്കുന്നതുകൊണ്ട്‌ അസ്ഥികളുടെ തേയ്മാനം തുടങ്ങി പല മാരകമായ സന്ധി-അസ്ഥി രോഗങ്ങളുടെ ഉൽഭവത്തെ ഇല്ലാതാക്കും.
പിഴിച്ചിൽ രക്തസെല്ലുകളുടെ ഉൽപാദനത്തെയും പ്രവർത്തനത്തേയും സുഗമമാക്കുകയും മാംസപേശികളെ ദൃഡപ്പെടുത്തുകയും സിരകളുടെയും ധമനികളിലെയും രക്തസഞ്ചാരം സുഗമമാക്കുന്നതോടൊപ്പം ധമനികളുടെയും സിരകളുടെയും വികാസ സങ്കോചശക്തി നിലനിർത്തി ശ്വാസകോശം, ഹൃദയം, തലച്ചോറ്‌ തുടങ്ങിയ അതിപ്രധാന അവയവങ്ങളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയും തന്മൂലം ഹൃദ്രോഗം രക്താദിസമ്മർദം, പ്രമേഹം, ക്യാൻസർ, പലതരം മുഴകളുടെ ഉൽഭവം തുടങ്ങിയ പലതരം രോഗങ്ങളുടെ ഉൽഭവത്തെ ഇല്ലാതാക്കും.
ശിരോധാരയും, ശിരോവസ്തിയും, നസ്യവും തലച്ചോറിലെ അനാവശ്യ വസ്തുക്കളെ പുറത്തുകളയുകയും തലച്ചോറിലെ രക്ത സെല്ലുകളുടെ പ്രവർത്തനത്തെ സുഗമമാക്കി തലച്ചോറിനെ പൂർണ ആരോഗ്യത്തോടുകൂടി നിലനിർത്താൻ കഴിയുന്നതുമൂലം തലച്ചോറിനെ ബാധിക്കുന്ന ക്ഷയം, ക്യാൻസർ മറ്റ്‌ പലവിധ ട്യൂമറുകൾ, സ്ട്രോക്ക്‌, മറവി രോഗങ്ങൾ, പാർക്കി സോണിസം അഥവാ വിറയൽ രോഗങ്ങൾ എന്നിവയിൽ നിന്നും നമുക്ക്‌ ഒഴിവാകാം.
വസ്തികൾ: വസ്തികൾ ശരീരത്തിലെ മാലിന്യങ്ങളെ പുറത്തുകളഞ്ഞ്‌ പൂർണ പ്രവർത്തന സജ്ജമാക്കുന്നതുമൂലം ദഹനപ്രക്രിയ സുഗമമാകുന്നതും കരൾ പ്രവർത്തനത്തെ സജ്ജമാക്കുന്നതും രക്ത സെല്ലുകളുടെ ഉൽപാദനവും പ്രവർത്തനവും സുതാര്യമാകുന്നതുമൂലം പ്രമേഹം, പിത്താശയ ക്യാൻസർ, പിത്താശയകല്ല്‌ ഇവയുടെ ഉൽഭവം ഇല്ലാതാകുന്നു. അതോടൊപ്പം ക്യാൻസർ സെല്ലുകളുടെ ഉൽപ്പാദനത്തെയും ലൈഫ്‌ സ്റ്റെയിൽ രോഗങ്ങളുടെ ഉൽഭവത്തെയും പൂർണമായും ഇല്ലാതാക്കുന്നു.
വമനം: വമനം ആമാശയത്തെ ശുദ്ധീകരിച്ച്‌ പ്രവർത്തനക്ഷമമാക്കി ദഹന പ്രക്രിയ സുഗമമാക്കി അൾസർ, അസിഡിറ്റി തുടങ്ങിയ രോഗത്തെ ഇല്ലാതാക്കുന്നു. പൊതുവിൽ പഞ്ചകർമ്മ ചികിത്സ മാനസിക സംഘർഷത്തെ ഇല്ലാതാക്കി ശരീര പ്രവർത്തനത്തെ സുഗമമായി നിലനിർത്തി ആരോഗ്യത്തെയും പ്രതിരോധത്തെയും പ്രദാനം ചെയ്യുന്നു. കർക്കിടക കഞ്ഞി ഉപയോഗിക്കുന്നതിനുമുമ്പ്‌ ഒരു ഡോക്ടറെ കൺസൾട്ട്‌ ചെയ്ത്‌ ശരീരം പ്രവർത്തനം സുഗമമാക്കുന്ന ലഘുവായ ഏതെങ്കിലും ചികിത്സ ചെയ്ത ശേഷം കർക്കിടക കഞ്ഞി ഉപയോഗിക്കുന്നതായിരിക്കും അഭികാമ്യവും കൂടുതൽ ഫലപ്രദവും. അങ്ങനെയായാൽ ശരീരപ്രവർത്തനം സുഗമമായി നടക്കുകയും അത്‌ ആരോഗ്യവും പ്രതിരോധവുമായി ഭവിക്കുകയും ചെയ്യും.
കർക്കിടകത്തിലെ പോലെ തന്നെ മേറ്റ്ല്ലാ സന്ദർഭങ്ങളിലും ചെയ്യുന്ന ആയുർവേദ ചികിത്സയുടെ ഫലം രോഗശമനത്തോടൊപ്പം ശരീര പ്രവർത്തനം സുഗമമാക്കി നിലനിർത്തുന്നതിനോടൊപ്പം ആരോഗ്യവും പ്രതിരോധവും വീണ്ടെടുക്കുക എന്നതാണ്‌. ഇതിൽ പഞ്ചകർമ്മ ചികിത്സയ്ക്ക്‌ അതിപ്രധാന പങ്കാണുള്ളത്‌. മനുഷ്യന്റെ ആയുസ്‌ എന്നുവരെ ഉണ്ടാകുമെന്ന്‌ ഒരു ആധുനിക വൈദ്യശാസ്ത്രത്തിനും ഒരിക്കലും പ്രവചിക്കാൻ സാധ്യമല്ല.
ആയുർവേദം ഓരോ വർഷവും ശരീര പ്രവർത്തനത്തെ സുഗമമാക്കി ശരീരത്തെ ആരോഗ്യത്തോടും പ്രതിരോധത്തോടും കൂടി ജീവിച്ചിരിക്കുന്ന കാലം വരെ നിലനിർത്തുകയാണ്‌ ചെയ്യുന്നത്‌.
മാനുഫാക്ചറിങ്‌ ഡേറ്റിൽ തുടങ്ങി എക്സ്പിയറി ഡേറ്റിൽ ഉപയോഗശൂന്യമാകുന്ന ആധുനിക ഔഷധങ്ങളുടെ പ്രയോഗം കൊണ്ടുമാത്രം പ്രവചനാതീതമായ ജീവിതാവസാനം വരെ ആരോഗ്യവും പ്രതിരോധവും നിലനിർത്താൻ ഒരിക്കലും സാധിക്കുകയില്ല.