Saturday
26 May 2018

കർഷകസമരങ്ങൾ

By: Web Desk | Sunday 11 June 2017 4:55 AM IST

മധ്യപ്രദേശിൽ നടന്ന പൊലീസ്‌ വെടിവയ്പിൽ ആറ്‌ കർഷകർ നിഷ്ഠൂരമായി കൊല്ലപ്പെട്ടു. രണ്ട്‌ ദിവസം മുമ്പാണ്‌ മഹാരാഷ്ട്രയിൽ അഞ്ച്‌ കർഷകർ ആത്മഹത്യ ചെയ്തത്‌. ഗുജറാത്തിലെ വെനസ്കന്തയിലെ ഉരുളക്കിഴങ്ങ്‌ കർഷകർ കാർഷികോൽപന്നങ്ങളെ ട്രക്കുകളിൽ നിന്ന്‌ റോഡിൽ എടുത്തെറിഞ്ഞു പ്രതിഷേധിച്ചു. പഞ്ചാബിലെ കർഷകർ നേരത്തെ ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ നടത്തിയിരുന്നു. പഞ്ചാബിലെ കർഷകർ വീണ്ടും തെരുവിലിറങ്ങാനുള്ള തയാറെടുപ്പിലാണ്‌. ഈ മാസം ഒന്ന്‌ മുതൽ മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും കർഷകർ സമരത്തിലാണ്‌. തങ്ങളുടെ ആവശ്യങ്ങൾ സാക്ഷാത്കരിക്കുന്നതുവരേയ്ക്കും സമരം തുടരാനാണ്‌ ഇവരുടെ തീരുമാനം.
കാർഷിക വായ്പകൾ എഴുതിത്തള്ളുന്നതുൾപ്പെടെയുള്ള കർഷകരുടെ യഥാർഥ ആവശ്യങ്ങളോട്‌ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുഖം തിരിക്കുന്ന നിലപാടുകളാണ്‌ സ്വീകരിക്കുന്നത്‌. തങ്ങളുൽപാദിപ്പിക്കുന്ന കാർഷികോൽപന്നങ്ങൾക്ക്‌ ന്യായമായ വില ലഭിക്കുക, 60 വയസ്‌ കഴിഞ്ഞ കർഷകർക്ക്‌ പെൻഷൻ ലഭിക്കുക, സ്വാമിനാഥൻ കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ കർഷകരുടെ സമരം. കർഷകരുടെ വായ്പ എഴുതിത്തള്ളാൻ കഴിയില്ലെന്ന നിലപാടാണ്‌ കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്‌. കർഷകവായ്പ അടയ്ക്കാൻ കഴിയാത്തതിനെത്തുടർന്ന്‌ ലക്ഷക്കണക്കിന്‌ കർഷകരാണ്‌ ആത്മഹത്യ ചെയ്തത്‌. ശരാശരി 35 കർഷകരാണ്‌ ഓരോ ദിവസവും ആത്മഹത്യ ചെയ്യുന്നത്‌. ബാങ്കുകളും മറ്റ്‌ ധനകാര്യ സ്ഥാപനങ്ങളും കടക്കെണിയിലകപ്പെട്ട കർഷകരെ പീഡിപ്പിക്കുന്ന സമീപനമാണ്‌ തുടരുന്നത്‌. ഇവരുടെ വസ്തുവകകൾ കണ്ടുകെട്ടുന്നു. കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന വാഗ്ദാനം നൽകിയാണ്‌ കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തിയത്‌.
വായ്പകൾ എഴുതിത്തള്ളണമെന്ന കർഷകരുടെ ആവശ്യങ്ങളെ പുച്ഛിച്ചു തള്ളുമ്പോഴും കോർപ്പറേറ്റുകളും വൻ വ്യവസായികളും എടുത്ത കോടികളുടെ വായ്പകൾ കേന്ദ്രസർക്കാർ എഴുതിത്തള്ളുന്നു. കഴിഞ്ഞ മൂന്ന്‌ വർഷത്തിനിടെ വിവിധ വായ്പകൾ എഴുതിത്തള്ളിയിട്ടും അദാനി ബാങ്കുകൾക്ക്‌ നൽകാനുള്ളത്‌ 72,000 കോടി രൂപയാണ്‌. ഓസ്ട്രേലിയയിൽ കൽക്കരി ഖാനി വാങ്ങുന്നതിന്‌ ദശലക്ഷക്കണക്കിന്‌ കോടി രൂപ വായ്പയായി ലഭ്യമാക്കുമെന്ന ഉറപ്പും കേന്ദ്രസർക്കാരിൽ നിന്ന്‌ അദാനിക്ക്‌ ലഭിച്ചിട്ടുണ്ട്‌.
തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക്‌ ശരിയായ വില ലഭിക്കാത്തതാണ്‌ കർഷകർ കടക്കെണിയിലാകാനുള്ള കാരണം. കാർഷികോൽപന്നങ്ങൾക്ക്‌ കുറഞ്ഞ താങ്ങുവില ലഭ്യമാക്കണമെന്ന്‌ സ്വാമിനാഥൻ കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. തൊഴിലാളികളുടെ കൂലി, ഭൂമിയുടെ പാട്ടക്കൂലി, ഉൽപാദന ചെലവ്‌ എന്നിവയൊക്കെ കണക്കാക്കി താങ്ങുവില നിശ്ചയിക്കണമെന്ന ശുപാർശയാണ്‌ സ്വാമിനാഥൻ കമ്മിഷൻ മുന്നോട്ടുവച്ചത്‌. എന്നാൽ ഇത്‌ നടപ്പാക്കാൻ മാറിമാറി വന്ന സർക്കാരുകൾ തയാറായില്ല. കർഷകർക്ക്‌ ഈ വർഷം മെച്ചപ്പെട്ട വിളവ്‌ ലഭിച്ചുവെന്നും അതുകൊണ്ടുതന്നെ കഴിഞ്ഞ രണ്ട്‌ വർഷത്തിനിടെ ഉണ്ടായ നഷ്ടം ഇതിലൂടെ നികത്തപ്പെടുമെന്നാണ്‌ കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. 30 ലക്ഷം ടൺ ഗോതമ്പ്‌ ഇറക്കുമതി ചെയ്യാൻ കോർപ്പറേറ്റുകൾക്ക്‌ അനുവാദം നൽകി. ഇതിനെയും കേന്ദ്രസർക്കാർ തുരങ്കം വച്ചു. ഇവർക്കായി ഇറക്കുമതി നികുതി ഒഴിവാക്കിക്കൊടുത്തു. നാസിക്കിൽ ഉള്ളി വിളവെടുപ്പ്‌ സമയത്ത്‌ ഇതേ നിലപാടാണ്‌ മോഡി സർക്കാർ സ്വീകരിച്ചത്‌. ഉള്ളിക്കയറ്റുമതി നിരോധിച്ചു. ചില്ലറ വ്യാപാര മേഖലയിലെത്തിയ റിലയൻസ്‌ ഉൾപ്പെടെയുള്ള കോർപ്പറേറ്റുകളാണ്‌ ഈ കർഷക വിരുദ്ധ നിലപാടിലൂടെ കൊള്ളലാഭം കൊയ്തത്‌. കർഷകർക്ക്‌ അവരുടെ ഉൽപന്നങ്ങൾ വിൽക്കേണ്ടതായ സമയത്ത്‌ വില കുറയ്ക്കുന്നു. പിന്നീട്‌ ഉപഭോക്താക്കൾക്ക്‌ റിലയൻസ്‌ ഉൾപ്പെടെയുള്ള കോർപ്പറേറ്റ്‌ കൊള്ളക്കാർ നിശ്ചയിക്കുന്ന വൻവില നൽകേണ്ടതായും വരുന്നു. ഇതിലൂടെ കർഷകരും ഉപഭോക്താക്കളും ഒരേ സമയം വഞ്ചിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു.
നവഉദാരവൽക്കരണത്തിന്റെ നയങ്ങൾ പിന്തുടരുന്ന എല്ലാ പാർട്ടികളും ഈ ഇരട്ടക്കൊള്ളയ്ക്ക്‌ കൂട്ടുനിൽക്കുന്നു. വികസ്വര രാജ്യങ്ങൾ ഒരു നിശ്ചിത അളവ്‌ ഭക്ഷ്യവസ്തുക്കളും കാർഷികോൽപന്നങ്ങളും ഇറക്കുമതി ചെയ്യണമെന്നാണ്‌ നവ ഉദാരവൽക്കരണ സമ്പദ്‌വ്യവസ്ഥ മുന്നോട്ടുവയ്ക്കുന്ന നിർദേശം. ലോക വ്യാപാര സംഘടനയും ഇക്കാര്യം വ്യക്തമാക്കുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ലോകവ്യാപാര സംഘടനയുടെ കരാറിൽ ഒപ്പ്‌ വച്ചിട്ടുമുണ്ട്‌. കേന്ദ്രം ഭരിച്ചിരുന്ന മുൻ സർക്കാരുകളും ഈ വ്യവസ്ഥയ്ക്ക്‌ അനുസരിച്ചാണ്‌ പ്രവർത്തിച്ചിരുന്നത്‌.
നവ ഉദാരവൽക്കരണ അജൻഡകൾ നാണംകെട്ട വിധത്തിൽ വളരെവേഗത്തിൽ നടപ്പിലാക്കാനുള്ള തത്രപ്പാടിലാണ്‌ മോഡി സർക്കാർ. കർഷകരുടെ വോട്ടുകൾ നേടുന്നതിന്‌ കാർഷികവായ്പകൾ എഴുതിത്തള്ളുമെന്ന പ്രഖ്യാപിച്ച ബിജെപി മന്ത്രിമാരും നേതാക്കളും ഇപ്പോൾ അതിൽ നിന്ന്‌ ഒഴിഞ്ഞുമാറുന്നു. കർഷകർക്ക്‌ ന്യായവില ഉറപ്പാക്കേണ്ട നടപടികളും ഇവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. കാർഷിക മേഖലയെത്തന്നെ നാമമാത്രമാക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്‌ ഇവർ. ഗ്രാമങ്ങളിൽ നിന്ന്‌ നഗരങ്ങളിലേയ്ക്കുള്ള പലായനത്തെ ഇവർ പ്രോത്സാഹിപ്പിക്കുന്നു. ചെറുകിട നാമമാത്രമായ കർഷകരുടെ കൃഷിഭൂമിയെ കോർപ്പറേറ്റുകൾക്ക്‌ കൈക്കലാക്കാനുള്ള സഹായങ്ങളും ഒരുക്കുന്നു. കാർഷിക മേഖലയെത്തന്നെ തകർക്കുന്ന നിലപാടാണ്‌ മോഡി സർക്കാർ സ്വീകരിക്കുന്നത്‌. ഇത്‌ തികച്ചും ഗുരുതരവും ആശങ്കയുളവാക്കുന്നതുമായ സാഹചര്യമാണ്‌.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ നടക്കുന്ന കർഷക സമരങ്ങൾക്ക്‌ മറ്റ്‌ തൊഴിലാളികളുടെയും പിന്തുണ ലഭിക്കുന്നുവെന്നതാണ്‌ ഏറ്റവും അനുകൂലമായ വസ്തുത. മഹാരാഷ്ട്രയിൽ കർഷക സമരത്തിന്‌ പിന്തുണയുമായി വിവിധ ട്രേഡ്‌ യൂണിയനുകൾ രംഗത്തെത്തിയിട്ടുണ്ട്‌. മഹാരാഷ്ട്രയിലെ കർഷക സമരം രണ്ടാഴ്ച പിന്നിട്ടു. കോർപ്പറേറ്റു മുതലാളിമാരുടെ യഥാർത്ഥ കച്ചവടലക്ഷ്യങ്ങൾ വെളിച്ചത്തുകൊണ്ടുവരാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രത്യേകിച്ച്‌ ഇടതുപാർട്ടികൾ മുന്നിട്ടിറങ്ങേണ്ട സമയമാണ്‌. ഇവരെ രാഷ്ട്രീയമായി പിന്തുണയ്ക്കുന്നവരെയും പുറത്തുകൊണ്ടുവരണം. ഒരു രാജ്യത്തിന്റെ രാഷ്ട്രീയ സാമ്പത്തിക മേഖലകളിൽ മേൽക്കോയ്മ അടിച്ചേൽപ്പിക്കാനുള്ള ആഗോള സാമ്പത്തിക കുത്തകകളുടെ തന്ത്രങ്ങളും വെളിച്ചത്തുകൊണ്ടുവരാൻ തയാറാകണം.