Saturday
26 May 2018

കർഷക പ്രക്ഷോഭം: കേന്ദ്ര നിലപാട്‌ കടുത്ത കർഷകദ്രോഹം

By: Web Desk | Tuesday 13 June 2017 4:55 AM IST

കാർഷിക വായ്പകൾ എഴുതിത്തള്ളാൻ സംസ്ഥാന സർക്കാരുകൾ സ്വന്തം നിലയിൽ പണം കണ്ടെത്തണമെന്ന്‌ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി ആവർത്തിച്ചു പ്രഖ്യാപിക്കുന്നു. ഇന്നലെ മാധ്യമങ്ങളോട്‌ സംസാരിക്കവെ തന്റെ നിലപാട്‌ ആവർത്തിച്ച ജയ്റ്റ്ലി ഇക്കാര്യം മാർച്ച്‌ മാസത്തിൽ രാജ്യസഭയിലും പറഞ്ഞിരുന്നു. ജയ്റ്റ്ലിയുടെ ഈ പ്രഖ്യാപനം നിരുത്തരവാദപരവും നരേന്ദ്രമോഡി സർക്കാരിന്റെ കർഷക ദ്രോഹ നയങ്ങൾ തുറന്നുകാട്ടലുമാണ്‌. മധ്യപ്രദേശിലും മഹാരാഷ്ട്രയിലും പഞ്ചാബിലും തമിഴ്‌നാട്ടിലും കർണാടകത്തിലും കർഷക സമരങ്ങൾ കരുത്താർജിക്കുന്ന പശ്ചാത്തലത്തിലാണ്‌ കർഷകരോടുളള അവഗണനയും അവഹേളനവും ധനമന്ത്രിയുടെ വാക്കുകളിലൂടെ പുറത്തുവരുന്നത്‌. രാജ്യത്തെ ബാങ്കുകളിൽ നിന്ന്‌ ലക്ഷക്കണക്കിന്‌ കോടി രൂപ വായ്പയെടുത്ത്‌ കിട്ടാക്കടമാക്കി മാറ്റിയ വൻകോർപറേറ്റുകൾക്ക്‌ ആശ്വാസം നൽകാൻ റിസർവ്വ്‌ ബാങ്ക്‌ വഴി ശ്രമം നടക്കുന്ന വേളയിലാണ്‌ രാഷ്ട്ര സമ്പദ്ഘടനയുടെ അടിത്തറയായ കർഷകരോടുള്ള ഈ സമീപനം. രാജ്യത്തിന്റെ കാർഷിക സമ്പദ്ഘടനയും കർഷകരും നേരിടുന്ന ഇന്നത്തെ പ്രതിസന്ധിയുടെ മുഖ്യ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിന്റേതാണ്‌. കാർഷികോൽപന്നങ്ങൾക്ക്‌ എം എസ്‌ സ്വാമിനാഥൻ കമ്മിറ്റി ശുപാർശയനുസരിച്ച്‌ താങ്ങുവില നൽകുമെന്നത്‌ ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ വാഗ്ദാനമാണ്‌. ജനങ്ങൾക്ക്‌ നൽകിയ മറ്റ്‌ വാഗ്ദാനങ്ങൾ എന്നതുപോലെ മോഡി സർക്കാർ ഇതിൽ നിന്നും പിന്നോട്ടു പോയിരിക്കുന്നു. യു പി അസംബ്ലി തെരഞ്ഞെടുപ്പിൽ കർഷക വായ്പകൾ എഴുതിത്തള്ളുമെന്ന്‌ വാഗ്ദാനം നൽകിയത്‌ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുമാണ്‌. ഇപ്പോൾ അതിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ ചുമലിൽ അടിച്ചേൽപ്പിക്കുന്നത്‌ ഏറ്റവും മിതമായ ഭാഷയിൽ കടുത്ത കർഷക വഞ്ചനയാണ്‌. കാർഷികോൽപ്പന്നങ്ങൾ അനിയന്ത്രിതമായി ഇറക്കുമതി ചെയ്യാൻ അനുവദിക്കുക വഴി അവയുടെ വിലത്തകർച്ചയ്ക്ക്‌ ഇടയാക്കിയത്‌ കേന്ദ്ര സർക്കാർ നയമാണ്‌. ആ നയം തിരുത്താൻ വിസമ്മതിക്കുന്ന കേന്ദ്ര സർക്കാർ കർഷകരെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുകയാണ്‌. ഉൽപന്നങ്ങൾക്ക്‌ മിനിമം താങ്ങുവിലയും പൊതുസംഭരണ സംവിധാനങ്ങളും ഒരുക്കുന്നതിൽ കേന്ദ്ര സർക്കാർ അമ്പേ പരാജയപ്പെട്ടിരിക്കുന്നു.
കാർഷിക മേഖലയേയും കർഷകരേയും പ്രത്യക്ഷമായും പരോക്ഷമായും പ്രതിസന്ധിയിലേക്ക്‌ തള്ളിനീക്കിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും കേന്ദ്ര സർക്കാരിന്‌ കൈകഴുകാനാവില്ല. രാജ്യത്തുടനീളം കർഷകർ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നതിൽ നോട്ട്‌ അസാധൂകരണത്തിനുള്ള പങ്ക്‌ അംഗീകരിക്കാൻ അരുൺ ജയ്റ്റ്ലിയും നരേന്ദ്രമോഡിയും ഇനിയും സന്നദ്ധമല്ല. നോട്ട്‌ അസാധൂകരണ നടപടി രാഷ്ട്ര സമ്പദ്ഘടനയെ വർഷങ്ങളോളം പ്രതികൂലമായി ബാധിക്കുമെന്ന്‌ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ പഠനങ്ങൾ സൂചിപ്പിക്കുന്നു. അത്‌ ഏറ്റവുമധികം പ്രകടമാകുന്നത്‌ അസംഘടിത കാർഷിക സമ്പദ്ഘടനയിലാണ്‌. തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക്‌ പണത്തിനു പകരം ലഭിക്കുന്ന ചെക്കുകൾ പ്രയോജനപ്പെടുത്താൻ കർഷകന്‌ കഴിയുന്നില്ല. അത്‌ യഥാസമയം മാറ്റിയെടുക്കാൻ കഴിയുന്നില്ലെന്നതുതന്നെയാണ്‌ പ്രശ്നം. പ്രായംചെന്നും പ്രവർത്തനശേഷിയറ്റും ഭാരമായി മാറുന്ന കന്നുകാലികളെ കാലിച്ചന്തയിൽ വിൽക്കുന്നത്‌ നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ വിജ്ഞാപനം കർഷകനേറ്റ മറ്റൊരു കനത്ത ഇരുട്ടടിയാണ്‌. കടഭാരം കൊണ്ട്‌ പൊറുതിമുട്ടിയ കർഷകൻ പ്രയോജനശൂന്യമായ ഉരുക്കളെ പോറ്റേണ്ടിവരുന്നത്‌ അവന്റെ സാമ്പത്തിക നിലനിൽപിന്റെ അടിത്തറയിളക്കും. കർഷർക്ക്‌ പലിശരഹിത വായ്പ നൽകണമെന്ന അവരുടെ സംഘടനകളുടെ ദീർഘകാലമായുള്ള ആവശ്യത്തോടും കേന്ദ്ര സർക്കാർ നിഷേധാത്മക സമീപനമാണ്‌ തുടർന്നുവരുന്നത്‌. ഇത്തരത്തിൽ കർഷകർ ഇന്നു നേരിടുന്ന ഏതാണ്ട്‌ എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദിത്തം കേന്ദ്ര സർക്കാരിന്റെ നയപരിപാടികളുമായി ബന്ധപ്പെട്ടവയാണ്‌. ആ യാഥാർഥ്യം അംഗീകരിക്കാതെ കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ സംസ്ഥാന സർക്കാരുകൾ തന്നെ പണം കണ്ടെത്തണമെന്ന ധനമന്ത്രിയുടെ നിലപാട്‌ അപഹാസ്യവും കർഷക ജനതയോടുള്ള അക്ഷന്തവ്യമായ ക്രൂരതയുമാണ്‌.
കർഷക പ്രക്ഷോഭത്തെ തുടർന്ന്‌ പൊലീസ്‌ വെടിവെയ്പിൽ മധ്യപ്രദേശിൽ ആറുപേർ മരണമടഞ്ഞിട്ടും കർഷക ആത്മഹത്യകൾ തന്റെ തന്നെ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തുടർക്കഥയായിട്ടുപോലും പ്രധാനമന്ത്രി നരേന്ദ്രമോഡി നിശബ്ദത പാലിക്കുകയാണ്‌. കർഷക സമരങ്ങൾക്ക്‌ കാരണമായ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണുന്നതിനു പകരം ഇരുപത്തിനാല്‌ മണിക്കൂർ പോലും നീളാത്ത ഉപവാസ രാഷ്ട്രീയ നാടകവും ഭീഷണിയുമായി പ്രതികരിക്കുന്ന മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവ്‌രാജ്‌ സിങ്‌ ചൗഹാനും അരുൺ ജയ്റ്റ്ലിയും മറ്റും കർഷകരെ കൂടുതൽ കൂടുതൽ പ്രകോപിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഇത്തരം നിഷേധാത്മക സമീപനത്തിന്റെ പശ്ചാത്തലത്തിൽ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടികൾക്ക്‌ നിശബ്ദത പാലിക്കാനാവില്ല. രാജ്യത്തുടനീളം കർഷകർക്കിടയിൽ വളർന്നുവരുന്ന പ്രതിഷേധങ്ങൾക്ക്‌ പിന്തുണ നൽകാനും കാർഷിക പ്രതിസന്ധി രാഷ്ട്രീയ സമരത്തിന്റെ രൂപം കൈക്കൊള്ളാനുമുള്ള സാഹചര്യമാണ്‌ കേന്ദ്ര സർക്കാർ സൃഷ്ടിക്കുന്നത്‌.