ഖത്തറിൽ ഭക്ഷ്യ പ്രതിസന്ധി; സഹായവുമായി ഇറാൻ

ഖത്തറിൽ ഭക്ഷ്യ പ്രതിസന്ധി; സഹായവുമായി ഇറാൻ
June 12 04:45 2017
  • ഭക്ഷ്യവസ്തുക്കളുമായി അഞ്ച്‌ ഇറാൻ വിമാനങ്ങൾ ഖത്തറിലെത്തി
  • മൂന്ന്‌ കപ്പലുകൾകൂടി പുറപ്പെടും

ടെഹ്‌റാൻ: ഗൾഫ്‌ രാജ്യങ്ങളുടെ ഉപരോധത്തെതുടർന്ന്‌ ഖത്തറിൽ ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സഹായവുമായി ഇറാൻ. ഭക്ഷണസാധനങ്ങളടങ്ങിയ അഞ്ച്‌ വിമാനങ്ങൾ ഇറാൻ ഖത്തറിലേക്കയച്ചു. യുഎഇ, ബഹ്‌റൈൻ, സൗദി അറേബ്യ തുടങ്ങിയ ഗൾഫ്‌ രാഷ്ട്രങ്ങൾ ഖത്തറിന്‌ ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ്‌ ഇറാൻ ഭക്ഷണസാധനങ്ങൾ അയച്ചിരിക്കുന്നത്‌.
അത്യാവശ്യമായ ഭക്ഷണസാധനങ്ങളും പഴവർഗങ്ങളുമടക്കം 90 ടൺ വീതമുള്ള കാർഗോയാണ്‌ ഓരോ വിമാനത്തിലുമുള്ളതെന്ന്‌ ഇറാൻ വ്യോമയാന വക്താവ്‌ ഷാറൂഖ്‌ നൗഷാബാദി പറഞ്ഞു. ഇവയെല്ലാം സൗജന്യമായി നൽകുന്നതാണെന്നോ, പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ കയറ്റുമതി ചെയ്യുന്നതാണോ എന്നത്‌ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഖത്തർ ആവശ്യപ്പെടുന്നതനുസരിച്ച്‌ ആവശ്യമായ ഭക്ഷണ പദാർത്ഥങ്ങൾ നൽകുന്നത്‌ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
350 ടൺ ഭക്ഷണ വസ്തുക്കൾ നിറച്ച മൂന്ന്‌ കപ്പലുകൾ ഖത്തറിലേക്ക്‌ പുറപ്പെടാൻ തയ്യാറായി ഇറാൻ തുറമുഖത്ത്‌ സജ്ജമാണെന്നും ഷാറൂഖ്‌ നൗഷാബാദി അറിയിച്ചു. ഇറാനിലെ ദയ്യർ തുറമുഖമാണ്‌ ഖത്തറിനോട്‌ അടുത്തുള്ളത്‌.
ഖത്തർ ഭീകരവാദത്തെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച്‌ കഴിഞ്ഞ തിങ്കളാഴ്ചയാണ്‌ പ്രധാനപ്പെട്ട ഗൾഫ്‌ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയത്‌. ഈജിപ്ത്‌, യെമൻ തുടങ്ങിയ രാഷ്ട്രങ്ങളും ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. ഖത്തറുമായുള്ള നയതന്ത്ര ബന്ധവും വ്യോമയാന ബന്ധവുമടക്കമുള്ള സർവ ബന്ധങ്ങളും ഈ രാജ്യങ്ങൾ അവസാനിപ്പിച്ചിരിക്കുകയാണ്‌.
ഉപരോധത്തെ തുടർന്ന്‌ ഭക്ഷ്യക്ഷാമം ഉണ്ടായേക്കുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഖത്തർ ഇറാനുമായും തുർക്കിയുമായും ഭക്ഷണങ്ങളും വെള്ളവും വിതരണം ചെയ്യുന്നതു സംബന്ധിച്ചു ചർച്ചകൾ നടത്തിയിരുന്നു. രണ്ടര ദശലക്ഷമാണ്‌ ഖത്തറിലെ ജനസംഖ്യ. ഇവിടെ 80 ശതമാനം ഭക്ഷ്യവസ്തുക്കളും അയൽരാജ്യങ്ങളിൽനിന്നാണ്‌ ഇറക്കുമതി ചെയ്യുന്നത്‌.
പ്രതിസന്ധി പരിഹരിക്കാൻ അനുരഞ്ജന ചർച്ച നടത്തണമെന്ന്‌ ഖത്തറിനോടും ഗൾഫ്‌ രാജ്യങ്ങളോടും ഇറാൻ നിർദേശിച്ചിരുന്നു. ഈ രാജ്യങ്ങൾ വിമാന സർവീസ്‌ പിൻവലിച്ചതോടെ ഇറാനിൽനിന്നു ഖത്തറിലേക്കു നൂറോളം അധികവിമാനസർവീസ്‌ നടത്തിയിരുന്നു. ഇതോടെ ഇറാന്റെ വിമാനസർവീസിൽ 17 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്‌.

  Categories:
view more articles

About Article Author